December 02, 2014

ബാങ്കുതൊഴിലാളി സംഘടനകള്‍ക്ക് എന്റെ അഭിവാദ്യങ്ങള്‍!

കാലാവധി കഴിഞ്ഞു രണ്ടുവര്‍ഷത്തിലധികമായിട്ടും പുതുക്കാത്ത ശംബളക്കരാര്‍ പുതുക്കണമെന്ന ആവശ്യവുമായി പണിമുടക്കുന്ന തൊഴിലാളി സംഘടനകള്‍ മാതൃകയാകുന്നു. ബാങ്കുകള്‍ ഒരു രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നെടുംതൂണുകളാണ് എന്നത് സംശയമില്ലാത്ത കാര്യമാണ്. അങ്ങനെയുള്ള ബാങ്കുകള്‍ തുടര്‍ച്ചയായി അടഞ്ഞു കിടന്നാല്‍ രാജ്യത്തിനു വരുന്ന നഷ്ടം ശതകോടികള്‍ കവിയും. ഇത് തിരിച്ചറിഞ്ഞു ഒരു മാസത്തിലധികം മുന്‍‌കൂര്‍ നോട്ടീസ് നല്‍കി, അവധി ദിനങ്ങളോടു അടുത്തല്ലാതെ, ഇടപാടുകാര്‍ക്ക് ഏറ്റവും കുറച്ചു മാത്രം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്ന രീതിയില്‍, ഒരു ദിവസത്തെ ശമ്പളം ത്യജിച്ച്, സമരം ചെയ്യുന്ന ബാങ്ക് തൊഴിലാളികള്‍ മറ്റ് സമാന സംഘടനകള്‍ക്ക് ഒരു പാഠമാണ്. എന്നിട്ടും രാജ്യവ്യാപകമായി നടത്താതെ ഘട്ടം ഘട്ടമായി നടത്തുക വഴി പൊതു ഖജനാവിനുണ്ടാകാവുന്ന നഷ്ടം കുറയ്ക്കാനും ഇവര്‍ മറന്നില്ല എന്നു കൂടി ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കുമ്പോഴാണ് ഇവരുടെ ത്യാഗത്തിന്റെ വില നമ്മുടെ മുന്നില്‍ തെളിയുന്നത്.

വ്യവസ്ഥയില്ലാത്ത ജോലി സമയവും, ഇടപാടുകാര്‍ ചെയ്യുന്ന കുസൃതികള്‍ക്ക് വന്നു ചേരാവുന്ന സാമ്പത്തിക/നിയമ ബാദ്ധ്യതകളും വകവെക്കാതെ ഇത്രയും 'കസ്റ്റമര്‍ ഫ്രണ്ട്ലി' ആയി സമരം ചെയ്യുന്ന വേറെ ഏതു സംഘടന ഉണ്ട് നമ്മുടെ ഈ ഭാരതത്തില്‍? ജോലി ചെയുന്നത് ഉപഭോക്താവിനു വേണ്ടിയാകണം എന്ന ഗാന്ധിയന്‍ ആദര്‍ശത്തെ സ്വന്തം അവകാശ സമരങ്ങളിലും ഉള്‍പ്പെടുത്തിയ ഇവരാണ് യഥാര്‍ത്ഥ  ഗാന്ധിയന്മാര്‍ എന്ന് ഈ അവസരത്തില്‍ ഊന്നിപ്പറഞ്ഞില്ലെങ്കില്‍ അത് ലേഖകന്റെ ഒരു വലിയ വീഴ്ച തന്നെയാകും.

മിണ്ടിയാല്‍ അനിശ്ചിതകാല സമരം എന്നൊക്കെ പറയുന്നവര്‍ ബാങ്ക് തൊഴിലാളി സംഘടനകളെ കണ്ട് മാനസാന്തരപ്പെടട്ടെ എന്ന് ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് ലേഖകന്‍ നിര്‍ത്തുന്നു.

November 14, 2014

കുട്ടിത്തം കൈമോശം വന്ന കുട്ടികള്‍ക്കൊരു കുട്ടിക്കവിത

കടലാസു വിമാനങ്ങള്‍ പറത്തി,
കടലാസു തോണികള്‍ ഒഴുക്കി,
കടലാസു കാറ്റാടിയുമായ് ഓടി,
കടലാസു ചുരുട്ടി ഏറുമ്പന്തു കളിച്ച്,
കടലാസു പോലെ ഭാരമില്ലാതെ
കളിച്ചുനടന്നൊരാ കുട്ടിക്കാലമിന്നൊരു
കിനാവുമാത്രമായ കുട്ടികളെ,
കുറവേതുമില്ലാതെ ആശംസിക്കുന്നു
കളങ്കമില്ലാത്ത ശിശു ദിനം!

November 03, 2014

കൂതറ ഭാരത സംസ്കാരം:ഫീലിങ് പുഛം!


ഭാരതീയ സംസ്കാരം എന്നു വെച്ചാ എന്താ? കാമസൂത്രയും ഖജുരാഹോയും ഒക്കെ ഉണ്ടായതിവിടെ തന്നെ അല്ലെ? കറണ്ടു മുതൽ കക്കൂസ് വരെ യൂറോപ്പിന്റെ വേണം. എന്നിട്ടിപ്പൊ ഇതിനു മാത്രം സംസ്കാരവും പൊക്കിപ്പിടിച്ചു വരുന്നു. ഫീലിങ് പുഛം.

ശരിയാണ്. ഇപ്പറഞ്ഞതൊക്കെ ശരിയാണ്. യൂറോപ്പ്യന്‍ സംസ്കാരം എന്തുകൊണ്ടും നല്ലത് തന്നെ. യൂറോപ്പിൽ ഉള്ള പോലെ സ്വന്തമായി പണിചെയ്തുണ്ടാക്കുന്ന കാശുകൊണ്ട് കോളേജ് വിദ്യാഭ്യാസം (അല്ലാതെ വീടു പണയം വെച്ച് വിദ്യാഭ്യാസ ലോൺ എടുത്തല്ലാതെ) പൂർത്തിയാക്കി, ജോലി സമ്പാദിച്ച്, ഒരു ബൈക്കൊ കാറൊ ഒക്കെ വാങ്ങി അതിൽ കാമുകിയുമായി കറങ്ങുമ്പോ എന്തു വേണെ ആയിക്കോ! അല്ലാതെ അഛനമ്മമാരെ ബ്ലാക്ക്മെയിൽ ചെയ്ത് വാങ്ങിയ ബൈക്കുമായി, അവരുടെ വിയർപ്പിന്റെ നനവുള്ള കാശുകൊണ്ട് കാമുകിക്ക് പിസ്സയും ഡ്രെസ്സും വാങ്ങിക്കൊടുക്കാൻ നടക്കുന്ന യുവ വിപ്ലവകാരികൾക്ക് ഇന്നലെ കിട്ടിയത് കുറച്ചുകൂടിയ അളവിൽ കിട്ടേണ്ടതാണ് എന്ന് മാത്രം പറയുന്നു.

കൂതറ ഭാരത സംസ്കാരം നമ്മള്‍ ഒരു കാലത്തും പിന്തുടരുത്. നമ്മള്‍ എല്ലാം ജാതി-മത ഭേദമന്യേ മനുഷ്യരാണ്. അതുകൊണ്ട് നമ്മള്‍ വിശ്വ മാനവ സംസ്കാരം പിന്തുടര്‍ന്നാല്‍ മതി. നഗ്നരായി നടന്ന ചരിത്രമാണ് നമുക്കുള്ളത്. അതുകൊണ്ട് അടുത്ത സമരം വസ്ത്രങ്ങള്‍ ഉപേക്ഷിക്കുനതിനു വേണ്ടി ഉള്ളതാകട്ടെ!

November 01, 2014

കേരളപ്പിറവി ആശംസകള്‍

മലയാളികളെ ആകെ മൊത്തം ചില്ലറയായി ഭരിച്ചനുഗ്രഹിച്ചുകൊണ്ടിരിക്കുന്ന വലതും, ഇവർക്ക് മനസമാധാനം കൊടുക്കില്ലെന്ന വാശിയുമായി ദുർഗന്ധപൂരിതമായ പദപ്രയോഗങ്ങൾ കൊണ്ട് അടവുകൾ പതിനെട്ടും പയറ്റി നടക്കുന്ന ഇടതും, ഇരുകൂട്ടരേയും ചവിട്ടിതാഴ്ത്തണമെന്ന ലക്ഷ്യവുമായി അങ്ങ് കേന്ദ്രത്തിൽ വിരിഞ്ഞ താമരകളും, എന്നന്നേക്കുമായി മണിചിത്രത്താഴിട്ടുപൂട്ടാൻ സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്ന ബാറുകളും, അങ്ങനെ പൂട്ടാന്‍ സമ്മതിക്കാത്ത കോടതിയും, പൂട്ട്യാല്‍ പുട്ടടി മുടങ്ങുമെന്ന ഭീതിയില്‍ വാഴുന്ന സര്‍ക്കാര്‍ ജോലിക്കാരും, പുട്ടടി മുടങ്ങ്യാല്‍ കൈമടക്ക് കൂട്ടൂലോ എന്ന ഭീതിയില്‍ സാദാ ജനങ്ങളും, ഇനി എങ്ങാനും പൂട്ട്യാലൊ എന്ന ഭീതിയിൽ ബിവറേജസ് മുന്നിൽ വിരി വെക്കുന്ന സേവകരും, തുറന്നിട്ടാൽ വഴി തെറ്റി വന്ന ബണ്ടി ചോർ പോലും കയറാത്ത ഖജനാവും, വീട്ടിൽ സ്ഥലമില്ലാത്തതുകൊണ്ട് പൊതുസ്ഥലത്ത് ഉമ്മവെച്ചുകളിക്കുന്ന മനുഷ്യാവകാശ വാദികളും, ഇത്തരം ചൂടാറിയതും ഏറിയതുമായ സംഗതികൾ വാട്ട്സാപ്പിലും ഫേസ്ബുക്കിലും ഷെയർ ചെയ്തു കളിക്കുന്നവരും, സംഗതികളുടെ ചൂടിന്റെ 'ഒരിത്' ജഡ്ജ് ചെയ്ത് ഷെയർ ചെയ്തവരേയും, കണ്ടവരേയും പൊക്കാൻ നടക്കുന്ന പോലീസും, ടീവീയിൽ മരുമക്കളെ എങ്ങനെ വധിക്കണമെന്നാലോചിച്ചുനടക്കുന്ന പവനായി അമ്മായിഅമ്മമാരും, അമ്മായിഅമ്മയെ കൊല്ലാൻ പുതിയ തന്ത്രങ്ങൾ മെനയുന്ന ന്യൂജനറേഷൻ ജോൺ ഹോനായ് മരുമക്കളും, നൃത്തം കളിക്കുന്ന സോളാറും, ടീവിക്കാരെ നൃത്തം കളിപ്പിച്ച നാസയിലെ ഡൂപ്ലി ശാസ്ത്രജ്ഞനും, ഭാരതത്തിന്റെ സ്വന്തം മംഗൽയാൻ വിജയകരമായി ചൊവ്വയിലെത്തിയപ്പോൾ ആഹ്ലാദ നൃത്തമാടിയ ഐഎസ്സാറോയിലെ ഒറിജിനൽ ശാസ്ത്രജ്ഞരുമടങ്ങുന്ന കേരളത്തിനു ശ്രേഷ്ഠ മലയാളത്തില്‍ പിറന്നാളാശംസകൾ!!

പൊക്കിൾക്കൊടി: പരശുരാമനു പകരം ശ്വേതാ മേനോനായിരുന്നു മഴു എറിഞ്ഞിരുന്നതെങ്കിൽ കേരളപ്പിറവി നാലു ക്യാമറ വെച്ചു ഷൂട്ട് ചെയ്തു യുട്യൂബിലിട്ടേനെ ! മിസ്സ്ഡിറ്റ്!!

ആശംസകള്‍ ഇന്‍ ആര്‍ക്കൈവ്2013 | 2012

October 30, 2014

ചുംബന സമരം വിജയിപ്പിക്കാന്‍ പതിനഞ്ച് മാര്‍ഗ നിര്‍ദേശങ്ങള്‍

രണ്ടാന്തി കൊച്ചിയില്‍ നടത്താന്‍ പോകുന്ന ചുംബന സമരത്തിനെതിരെ പിന്തിരിപ്പന്‍ സദാചാര വാദിഗുണ്ടകളും, പോലീസും എതിര്‍പ്പുമായി വന്ന സാഹചര്യത്തില്‍ പരിപാടി നടക്കേണ്ടത് ഏറണാകുളത്തേക്ക് ആള്‍റെഡി ടിക്കറ്റ് ബുക്ക്‌ ചെയ്ത അസദാചാര വാദി എന്ന നിലയില്‍ എന്റെ എന്നതുപോലെ തന്നെ സമാനാവസ്ഥയിലുള്ള സഹപ്രതിഷേധക്കാരുടേയും ആവശ്യമായത് കൊണ്ട് ടി പരിപാടി സുഗമമായി നടക്കുന്നതിലേക്കായി ചില നിര്‍ദേശങ്ങള്‍ താഴെ കുറിക്കുന്നു:

മുന്നൊരുക്കം 

1. പങ്കെടുക്കാന്‍ വരുന്നവര്‍ അവരുടെ സ്വാതന്ത്ര്യ ബോധമനുസരിച്ച് സ്വന്തം കുട്ടികളെകൂടി (പ്രായപൂര്‍ത്തി ആയിട്ടില്ലെങ്കില്‍) കൊണ്ടുവരിക. അവര്‍ക്കും പ്രതികരിക്കാന്‍ അവകാശമുണ്ടല്ലോ.

2. പ്രായപൂര്‍ത്തി ആയ മക്കളെ അവരുടെ ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാന്‍ അനുവദിക്കുക. പരിപാടിക്ക് വരേണ്ട എന്ന് തിരുമാനിക്കുന്ന കുട്ടികളെ ഉടന്‍ തന്നെ കൌണ്‍സിലിംഗിന് വിടുന്നത് അഭികാമ്യമാകും.

3. പങ്കെടുക്കുന്ന കുട്ടികള്‍ സ്വന്തം മാതാ പിതാക്കന്മാരേയും സഹോദരങ്ങളേയും കൂടി കൊണ്ടുവരാന്‍ ശ്രദ്ധിക്കുക.

(ഇപ്രകാരം മൊത്തം കുടുംബം പങ്കെടുക്കുന്നതിലൂടെ ഇതൊരു ഫാമിലി ഇവന്റ് ആകുകയും പ്രതിഷേധക്കാര്‍ കേരളത്തിലെ ഒരു എംപി ആകുകയും ചെയ്യും)

4. പരിപാടിക്ക് മുന്നോടിയായി ഹൌസിംഗ് സൊസൈറ്റികളിലും മറ്റും കുടുംബ കൂട്ടായ്മകള്‍ സംഘടിപ്പിച്ച് മേഘലയിലെ പുതുമുഖങ്ങള്‍ക്ക് കോച്ചിംഗ് കൊടുക്കുക. പരിപാടി വെടുപ്പാകട്ടെ.

5. സ്വതന്ത്രമാക്കുന്ന ഉമ്മകള്‍ക്ക് രണ്ടു ദിവസം മുമ്പ് നാസ വിക്ഷേപിച്ച റോക്കറ്റിന്റെ ഗതി ആകാതിരിക്കാന്‍ വായനാറ്റം ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുക. അതിലേക്കായി ഇന്നുമുതല്‍ പരിപാടി കഴിയുന്ന വരെ വെളുത്തുള്ളി, മത്സ്യം, സിഗരറ്റ്, മദ്യം മുതലായവ ഒഴിവാക്കി ദിനവും മൂന്നു നേരം ക്ലോസ് അപ്പ്‌ ഉപയോഗിച്ച്ല്ല് പല്ല് തേക്കുക/തേപ്പിക്കുക.

6. നാളെ മുതലെങ്കിലും രാവിലെ എഴുന്നേറ്റ് രണ്ടു കിലോമീറ്റര്‍ ഓടുക. ഇനി അഥവാ വല്ല പിന്തിരിപ്പന്മാരും വടിയുമായി തല്ലാന്‍ വന്നാല്‍ തടി കേടാതാകെ രക്ഷപ്പെടാന്‍ ഈ ഓട്ടം സഹായിച്ചേക്കാം.

7. 'റെവോലൂഷനറി' എന്ന വാക്കിന്റെ സ്പെല്ലിംഗ് പഠിച്ചു വെക്കുക.

പ്രതിഷേധ ദിനം

8. ആക്സ് ഡിയോ മൂന്നു കുപ്പി കുളിക്കുന്ന വെള്ളത്തില്‍ കലക്കുക.

9. കുളിക്കുക

10. 'ചേ' അല്ലെങ്കില്‍ 'ബോബ് മാര്‍ലി' എന്നിവരുടെ പടം പതിപ്പിച്ച ടീ ഷര്‍ട്ട്‌ ധരിക്കുക. ഇവരാണ് വിപ്ലവത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍.

11. സമയത്ത് എത്തി ചേരുക.

12. പ്രതിഷേധിക്കുന്നതിന്റെ സെല്‍ഫികള്‍ എടുക്കുക, ഫേസ്ബുക്കില്‍ പോസ്റ്റി ടാഗ് ചെയ്യുക. "ഫീലിംഗ് റെവോലൂഷനറി" എന്നു കൊടുക്കാന്‍ മറക്കരുത്. 

പ്രതിഷേധത്തിനു ശേഷം

13. അവിടെ വെച്ചു പരിചയപ്പെട്ടവരെ ചേര്‍ത്ത് വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി മുകളില്‍ പറഞ്ഞ സെല്‍ഫികള്‍ ഷെയര്‍ ചെയ്യുക.

14. നേരെ സിസിഡിയില്‍ പോയി കാപ്പി കുടിച്ചു കൊണ്ട് പ്രതിഷേധം കൊച്ചിയില്‍ മാത്രം ഒതുക്കി നിര്‍ത്താതെ കേരളത്തിന്റെ മുക്കിലും മൂലയിലും നടത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുക.

15. സമാന പ്രതിഷേധങ്ങള്‍ ഇനിയും നടത്തുക.

കാപ്പിക്കുരു: പോതുവഴിയില്‍ മൂത്രം ഒഴിക്കുന്നവരെ ആരും കയ്യേറ്റം ചെയ്യാത്തത് നന്നായി. ചെയ്തിരുന്നെങ്കില്‍ വഴിവക്കിലെ ചെടികള്‍ക്ക് രാസവളം തളിക്കുക എന്നത് ജന്മാവകാശമാണെന്ന് പ്രഖ്യാപിച്ചു കൊണ്ടു കൂട്ട മൂത്രമൊഴി പ്രതിഷേധം കാണേണ്ടി വന്നേനെ!

October 29, 2014

വാട്സാപ്പ്!!


വാട്സാപ്പ് ഗ്രൂപ്പുകൾ രാഷ്ട്രീയപാർട്ടികളെ പോലെയാണ്

കാക്കത്തൊള്ളായിരം ഗ്രൂപ്പുകൾ: ഇഷ്ടമുള്ളപ്പോൾ ചേരാം, ഇഷ്ടമുള്ളപ്പോൾ വിടാം. പഴയ ഫോൺ കമ്പനി പരസ്യം പോലെ സംഖ്യകൾക്കുപിന്നിലെ അരൂപിയായ നിഴലുകൾ. ആരൊക്കെയാണ് ഗ്രൂപ്പിലുള്ളതെന്ന് ദൈവം തമ്പുരാനുകൂടി അറിയില്ല.

ആർക്കും എന്തും പറയാം: ചളി തമാശകൾ മുതൽ ഉദാത്തമായ സാഹിത്യം വരെ, ലോകത്തിന്റെ ഏതു കോണിൽ നിന്നുമുള്ള തമാശ ക്ലിപ്പുകൾ തൊട്ട് ദൈവത്തിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന അസുരകൃത്യങ്ങളുടെ വരെ. ആർക്കും എന്തും പറയാം. പിന്നാലെ പ്രതികരണ ഓലപ്പടക്കസ്ഫോടനങ്ങളുടെ തീയും, പുകയും, കോലം കത്തിക്കലും, ലാത്തിച്ചാർജും. എതിരാളികൾ പിളർന്ന് പുതിയ ഗ്രൂപ്പും തുടങ്ങിയേക്കാം.

തുടങ്ങുമ്പോൾ എല്ലാരും ഭയങ്കര ഉത്സാഹകമിറ്റിയാണ്. ഇലക്ഷനു മുമ്പുള്ള ദിനങ്ങളിലേതുപോലെ. ലോക സമാധാനവും രക്ത ദാനവും തൊട്ട് ദാരിദ്ര്യ നിർമാജനം വരെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. എന്നാൽ ദിവസങ്ങൾ കഴിയുമ്പോൾ ഇലക്ഷൻ ജയിച്ച ജനപ്രതിനിധിമാരെ പോലെ മഷിയിട്ടുനോക്ക്യാ പോലും ആരേം കാണില്ല. വിപ്ലവതത്വചിന്തകൾ ഫോർവേർഡ് വന്ന സ്ഥലത്ത് ഗുഡ് മോണിംഗാഫ്റ്റർനൂൺനൈറ്റുകൾ മാത്രം.

അവസാനം ഗ്രൂപ്പിൽ പാറ്റകൾ വിലസി തുടങ്ങുമ്പോൾ ദയാവധം. അടുത്ത നിമിഷം പുതിയ പേരിൽ, പുതിയ ചിഹ്നത്തിൽ പുനർജനനം!! ചക്രം വീണ്ടും കറങ്ങട്ടെ!!

October 10, 2014

പൂജ

"പുസ്തകം പൊതിഞ്ഞൊ? ഇല്ലെങ്കിൽ വേഗം എടുത്ത് അമ്പലത്തീപ്പൊ", മുത്തശ്ശിയുടെ ഭക്തി കലർന്ന ഉപദേശം. 

പൂജക്ക് ചേർപ്പിലായിരുന്നപ്പോൾ പൂജക്ക് പുസ്തകം അമ്പലത്തിലാണ് വെക്കുക പതിവ്.പൂജവെപ്പിന്റെ അന്ന് വൈകുന്നേരം ചേട്ടന്റേം എന്റേം തിരഞ്ഞെടുത്ത (പഠിക്കാൻ ഏറ്റവും വിഷമമുള്ളവ) ടെക്സ്റ്റ് പുസ്തകങ്ങളും, കാലപ്പഴക്കം കൊണ്ട് മഞ്ഞ നിറമായ, അരികുകൾക്ക് ചുവപ്പ് രാശിയുള്ള, വല്യ മുത്തശ്ശൻ വരച്ച ചിത്രങ്ങൾ അടങ്ങിയ താളുകളോടു കൂടിയ, ഭാഗവതത്തിന്റെ പഴയ ഒരു പതിപ്പും, താരതമ്യേന പുതിയ രാമായണവും ചേർത്ത് വെച്ച് പഴയ പത്രക്കടലാസുകൊണ്ട് പൊതിയും. മുകൾ വശം പരന്ന ഒരു പിരമിഡ് പോലെയുള്ള ഈ പുസ്തക പൊതിയിൽ സ്കെച്ചു പേന കൊണ്ട് 'ടിപിഎസ്ഡബ്ല്യു - ടിപി ശങ്കരവാര്യർ' എന്നു വലിയ അക്ഷരങ്ങളിൽ എഴുതി അമ്പലത്തിലേക്ക് ഒരോട്ടമാണ്. അമ്പലത്തിലെ സരസ്വതി മണ്ഡപത്തിൽ തൊഴുത്, പുസ്തകപ്പൊതിയവിടെ നിക്ഷേപിച്ച് തിരിച്ചൊരോട്ടം. ഇനി പുസ്തകം എടുക്കുന്ന വരെ ഒന്നും വായിക്കാൻ പാടില്ല, എഴുതാൻ പാടില്ല, വരക്കാൻ പാടില്ല. എന്തു സുഖം! 

"ഡാ കുറച്ചു മണലാ ചിരട്ടേലെടുത്ത് കൊണ്ടുവാ", മുത്തശ്ശന്റെ ആധികാരിക കല്പന. 

ചേർപ്പിൽ പടിഞ്ഞാറു ഭാഗത്ത് അമ്പല മതിലിനോട് ചേർന്ന് ഞാനും ചേട്ടനും ഉണ്ടാക്കുന്ന തുണി പന്തുകൾ തിന്നു വളർന്ന പൊട്ടക്കിണറിന്റെ വശത്തായി മുറി ഇഷ്ടികകൾ തീർത്ത സംരക്ഷണ വലയത്തിൽ, പ്ലാസ്റ്റിക് ചാക്കുകൾ പുതച്ച് ഒരു കൂന മണൽ ഉണ്ടാകും. ഇതിൽ നിന്നും ഒരു ചിരട്ട നിറയെ മണൽ വാരി കൊണ്ടുവന്ന് അതിലെ ഇലകളും ചെറിയ കല്ലിൻ കഷണങ്ങളും ഒക്കെ എടുത്ത് കളഞ്ഞ് വൃത്തിയാക്കേണ്ട ചുമതലയും ഞങ്ങൾക്കാണ്. മഹാനവമി ദിവസം വൈകുന്നേരം തന്നെ ഈ ചുമതല ഞങ്ങൾ മനസ്സില്ലാ മനസ്സോടെ നിർവഹിക്കും. എത്ര പെട്ടെന്നാണ് ഒരു ദിവസം പോയത്? 

"ദേ പുസ്തകം കൊടുത്തു തുടങ്ങി. പോയി വാങ്ങിവാ", അമ്മയുടെ തലോടൽ പോലെയുള്ള നിർദ്ദേശം. 

വിദ്യാരംഭത്തിന്റെ കാർമ്മികൻ മുത്തശ്ശനാണ്. നടുവിലെ മുറിയുടെ ഒരു മൂലക്ക് വസിക്കുന്ന കൃഷ്ണവിഗ്രഹത്തിന്റെ മുമ്പിൽ നിലവിളക്കു തെളിച്ച് ചിരട്ടയിലെ മണൽ വിളക്കിന്നടുത്തായ് വിരിച്ച്, അമ്പലത്തിൽ നിന്നും ആൾക്കാർ പുസ്തകവുമായി പോകുന്നുണ്ടൊ എന്നു നോക്കി ഉമ്മറത്തിങ്ങനെ ഇരിക്കും. പുസ്തകം വാങ്ങേണ്ട ചുമതലയും ഞങ്ങൾക്കാണ്. സരസ്വതി മണ്ഡപത്തിൽ അച്ചുമ്മാൻ എല്ലാർക്കും പുസ്തകങ്ങൾ പേരു നോക്കി കൊടുക്കുന്നുണ്ടാകും. 

"അവിടെ ഉണ്ടാകും. നോക്കി എടുത്തൊ", അച്ചുമ്മാന്റെ സ്നേഹം കലർന്ന ആജ്ഞ! 

പൊതി അഴിച്ച് രാമായണം വിളക്കിന്നടുത്ത് വെച്ച് മുത്തശ്ശൻ ആദ്യം മണലിൽ അക്ഷരങ്ങളെഴുതും. പിന്നെ രാമായണം തുറന്ന് നാലുവരി വായിക്കും. ശേഷം ഞങ്ങളും.

October 01, 2014

മുതലക്കണ്ണീര്‍

ഒരു മണിക്കൂറിലധികം നീണ്ടു നിന്ന പ്രസംഗത്തിലെ ഒരു ചെറിയ പിഴ മാത്രം തോണ്ടി എടുത്ത് മോഡിയെ വിമര്‍ശിക്കുന്നവരോട്: നിങ്ങളില്‍ എത്ര പേര്‍ക്ക് നമ്മുടെ ദേശീയ ഗാനം ഏതാണെന്ന് (മുഴുവന്‍ ചൊല്ലാന്‍ പറയുന്നില്ല) അറിയാം? എത്ര പേര്‍ക്ക് ഗാന്ധിജിയുടെ മുഴുവന്‍ പേര്‍ ഗൂഗിളിനോട് ചോദിക്കാതെ പറയാന്‍ അറിയാം?

എന്നിട്ട് ഗാന്ധിയെ മറന്നു എന്ന് മുതലക്കണ്ണീര്‍ ഒഴുക്കുന്നു. മുന്‍കൂട്ടി എഴുതി തയ്യാറാക്കാത്ത പ്രസംഗത്തിലെ ബാക്കി ഭാഗങ്ങള്‍ എന്തെ അനലൈസ് ചെയ്യാത്തെ?പിന്നെ കോണ്‍ഗ്രസ്സുകാരോടായി: മാഡം ജിയോട് ഒരു തവണ എങ്കിലും എഴുതി തയ്യാറാക്കിയ പ്രസംഗം നോക്കി വായിക്കാതെ ഇന്ത്യന്‍ ചരിത്രത്തെ കുറിച്ച് ഒന്ന് പ്രസംഗിക്കാന്‍ (ഇംഗ്ലീഷ് ആയാലും മതി) പറയണം. നോക്കട്ടെ!

September 30, 2014

ചെറ്യമ്മാൻ

ഒരു ദേശത്ത് ഒരമ്മയും രണ്ടുമക്കളും ഉണ്ടായിരുന്നു. ആ കുട്ടികളും, കുടുംബം അല്ലലില്ലാതെ കൊണ്ടുനടക്കാവുന്ന ജോലിയും, വീട്ടുപണികളുമായിരുന്നു അമ്മയുടെ ജീവിതം. അളന്നുകിട്ടുന്ന ശമ്പളത്തിൽ നിന്നും മിച്ചം പിടിക്കുന്ന ചില്ലറകൾ അലമാരയിലെ ഒരു പഴയ പെട്ടിയിൽ ഭാവിയിലേക്കുള്ള കരുതലായി ആ അമ്മ സൂക്ഷിച്ചു വെക്കുമായിരുന്നു. പണപ്പെട്ടിക്കു സംസാരിക്കാൻ സാധിക്കുമായിരുന്നെങ്കിൽ അമ്മ നോറ്റ പഞ്ചാംഗത്തിലില്ലാത്ത വ്രതങ്ങളെക്കുറിച്ചതു പറഞ്ഞേനെ.

ഇപ്രകാരം ദിനങ്ങൾ പോകെയാണ് അമ്മയുടെ അനിയൻ അടുത്തുള്ള അമ്പലത്തിലെ പൂരത്തിനു പോകുന്ന വഴി അവിടെ കേറിയത്. പൂരമെന്നു കേട്ടപ്പോൾ കുട്ടികൾക്കും പോകാനൊരാഗ്രഹം. അങ്ങനെ ചെറ്യമ്മാവനും കുട്ട്യോളും പൂരത്തിനു പുറപ്പെട്ടു.

അമ്മാവൻ അമ്മയെപ്പോലെ ആയിരുന്നില്ല.വയറു നിറയെ അലുവയും,ഈന്തപ്പഴവും, അനിയത്തിക്കുട്ടീടെ കൈ നിറയെ കരി വളകളും, വികൃതിക്ക് കളിപ്പാട്ടങ്ങളുമൊക്കെ വാങ്ങിച്ചു കൊടുത്തു. ഈ അമ്മ ചീത്ത അമ്മ തന്നെ, അവർ ഉറപ്പിച്ചു. അങ്ങനെ പൂരമൊക്കെ കൂടി, കുട്ടികളെ വീട്ടിലാക്കി ചെറ്യമ്മാൻ മടങ്ങി. പിള്ളേരുടെ സന്തോഷം കണ്ടപ്പോൾ അമ്മക്കും സന്തോഷമായി.

അന്നുരാത്രി രണ്ടാൾക്കും ദീനമായി. പൂരപ്പറമ്പിലെ അലച്ചിലും മധുരപലഹാരങ്ങളും തന്നെ കാരണം, അമ്മ ഉറപ്പിച്ചു. ആശുപത്രിയിൽ പോകണം. ഡോക്ടർക്കും മരുന്നിനും കൊടുക്കുന്നതിനുള്ള കാശെടുക്കാൻ അലമാരി തുറന്ന അമ്മ കണ്ടത് കാലിയായ പണപ്പെട്ടിയാണ്. ഇതേ സമയം പൂരപ്പറമ്പിൽ നിന്നും വാങ്ങിയ വളകളും മാലയും ഭാര്യയെ അണിയിച്ച് ചേച്ചീടെ കുട്ട്യോൾടെ കൊതിയെ പറ്റി പറഞ്ഞു ചിരിക്കുകയായിരുന്നു ചെറ്യമ്മാൻ.

September 27, 2014

പടിഞ്ഞാറന്‍ വിലാപങ്ങള്‍!

മംഗല്‍യാന്‍ തന്റെ മുന്നൂറു ദിവസം നീണ്ട യാത്രക്കു ശേഷം ചൊവ്വാഗ്രഹത്തില്‍ എത്തിയതിനു പുറകെയാണ് നമ്മുടെ പ്രധാനമന്ത്രി അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലേക്ക് തിരിച്ചത്. പുറമേ നിന്ന് നോക്കിയാല്‍ അത്ര ബന്ധമില്ലാത്ത ഈ രണ്ടു യാത്രകളും പക്ഷെ പടിഞ്ഞാറന്‍ ദേശങ്ങളുടെ ഇരട്ടത്താപ്പും, വിവരമില്ലായ്മയും, വംശവെറിയും തീന്മേശകളിലെ അടക്കം പറിച്ചിലുകളില്‍ നിന്നും അന്താരാഷ്ട്ര മാധ്യമങ്ങളുടെ ന്യൂസ് റൂമുകളിലേക്ക് പറിച്ചു നട്ടിരിക്കുകയാണ്.

കക്കൂസ് കഴുകേണ്ട ശാസ്ത്രജ്ഞര്‍ 
മംഗല്‍യാന്‍ ഭാരതത്തിന്‍റെ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ള ബഹിരാകാശ ഗവേഷണ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ രേഘപ്പെടുത്തേണ്ട ഒരു ദൌത്യമാണ് എന്നത് തര്‍ക്കമില്ലാത്ത ഒരു വസ്തുതയാണ്.  അമേരിക്കക്കും റഷ്യക്കും ശേഷം ചൊവ്വാ ദൌത്യം ഏറ്റെടുത്ത് വിജയപ്പിക്കുന്ന മൂന്നാം രാജ്യമാണ് ഭാരതം.  അതില്‍ തന്നെ പ്രഥമ ദൌത്യം വിജയപ്പിച്ച പ്രഥമ രാജ്യം! എന്തുകൊണ്ടും അഭിമാനിക്കേണ്ട നേട്ടം തന്നെ!

പരിമിതികള്‍ക്കിടയില്‍ നിന്നുകൊണ്ട് ലഭ്യമായ വിഭവങ്ങള്‍ കാര്യക്ഷമമായി ഉപയോഗിക്കുകവഴി ചെലവ്  ഏറ്റവും  കുറച്ച് ലക്ഷ്യത്തില്‍ എത്താന്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ പ്രകടിപ്പിച്ച ചാതുര്യം ശ്ലാഘനീയം തന്നെ. എന്നാല്‍ കാര്യക്ഷമതയുടെ പര്യായമായി ഭാരതവാസികള്‍ വാഴ്ത്തിയ മംഗല്‍യാന്‍ ദൌത്യത്തിന്‍റെ സ്ഥാനം ചവറ്റുകുട്ടയിലാണെന്നു സൂചിപ്പിച്ചുകൊണ്ടാണ് പാശ്ചാത്യ മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.  ദൌത്യത്തിനു പുറകിലുള്ള സയന്‍സ് വിശദീകരിക്കുന്നതിനേക്കാള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്  ഇന്ത്യയിലെ ദാരിദ്ര്യവും, കുഷ്ഠ രോഗികളും, കക്കൂസുകളുമാണ്. ഭാരതം പോലെയുള്ള ദരിദ്ര രാജ്യം സാങ്കേതികമായി മേല്‍ക്കൈ നേടുന്നത് സഹിക്കാന്‍ വയ്യാതെ ഐഎസ്ആര്‍ഓ പിരിച്ചുവിട്ടു ശാസ്ത്രജ്ഞരെ കക്കൂസുണ്ടാക്കാന്‍ വിടുകയാണ് ഭാരതത്തിനഭികാമ്യം എന്ന് ഉപദേശിക്കാനും ചില മാധ്യമങ്ങള്‍ മറന്നില്ല! ഭാരതത്തിലെ പട്ടിണിയും രോഗങ്ങളും മാറ്റിയിട്ടു മതി ബഹിരാകാശം എന്നാണ് അവരുടെ കാഴ്ചപ്പാട്. പടിഞ്ഞാറിനു സ്തുതി പാടുന്ന ചില എന്‍ജിഓ കോമാളികളും ഈ പല്ലവി ആവര്‍ത്തിക്കാന്‍ ഇവിടെ ഉണ്ടായി എന്നത് ഭാരതത്തിന്‍റെ വൈരുദ്ധ്യത്തിലോന്നു മാത്രം!

സാങ്കേതികമായി ഭാരതം വളര്‍ന്നാല്‍ ഏറ്റവം കോട്ടം തട്ടുക പടിഞ്ഞാറിന്റെ കൂറ്റന്‍ ആയുധ ശാലകള്‍ക്കാകും എന്നത് അവര്‍ക്ക് നന്നായി അറിയാം. ഇരുനൂറു വര്‍ഷം കൊണ്ട് കിട്ടാവുന്നതെല്ലാം ഊറ്റി കൊണ്ടുപോയി അവസാനം നിക്കക്കളി ഇല്ലാതെ  ഓടിപ്പോകുമ്പോള്‍ രാജ്യത്തെ വിഭജിച്ച് പാകിസ്താന്‍ ഉണ്ടാക്കിയതിനു പിന്നില്‍ ഒരു പ്രത്യേക മത വിഭാഗത്തോടുള്ള അനുകമ്പയേക്കാള്‍ പ്രതിഭലിക്കുന്നത് ഭാരതത്തെ ശാശ്വതമായി യുദ്ധത്തില്‍ തളച്ചിടാമെന്ന വക്രബുദ്ധിയാണ്.  പാകിസ്ഥാനും ചൈനയും ഉയര്‍ത്തുന്ന സൈനിക വെല്ലുവിളി നേരിടാന്‍ ഭാരതത്തിനു ആയുധങ്ങള്‍ കൂടിയെ കഴിയു. ഉയര്‍ന്ന സാങ്കേതിക വിദ്യ ആവശ്യമായ ആയുധങ്ങള്‍ ഇന്ന് കൈവശം വെക്കുന്നത് അമേരിക്കയും യൂരോപ്പുമാണ്.  എന്നാല്‍ ഭാരതം സാങ്കേതികമായി പുരോഗമിച്ചാല്‍ നമ്മുടെ ബഹിരാകാശ ദൌത്യങ്ങള്‍ പോലെ ആയുധനിര്‍മ്മാണത്തിലും സ്വയം പര്യാപ്തമാകും എന്ന് അവര്‍ ഭയക്കുന്നു. സ്വന്തം കാലില്‍ നിവര്‍ന്നു നില്‍ക്കുന്ന ഭാരതത്തെ അവര്‍ ഭയപ്പെടുന്നു. അതുകൊണ്ട് കോടിക്കണക്കിനു ഡോളറിന്റെ ആയുധക്കച്ചവടം നടക്കുമ്പോള്‍ മിണ്ടാതെ നില്‍ക്കുന്ന മാധ്യമങ്ങള്‍ അതിന്റെ നൂറിലൊരു ശതമാനം ചെലവ് വരുന്ന സാങ്കേതിക ദൌത്യങ്ങള്‍ സ്വപ്രയത്നം കൊണ്ട് വിജയിപ്പിക്കുംപോള്‍ പട്ടിണിപ്പാവങ്ങളെ കുറിച്ച് വാചാലരാകുന്നത്! ഭാരതത്തിലെ ശാസ്ത്രജ്ഞര്‍ കക്കൂസ് കഴുകിയില്ലെങ്കില്‍ അടുത്ത ഇരുപതു വര്‍ഷങ്ങള്‍ക്കുള്ളില്‍ വെള്ളക്കാര്‍ ജീവിക്കാന്‍ വേണ്ടി അതിനു ഇറങ്ങേണ്ടി വരുമെന്ന് അവര്‍ക്കറിയാം.

കറുപ്പിനറപ്പ് 
സംസ്കാര സമ്പന്നത എന്നാല്‍ പടിഞ്ഞാറിന്റെ കുത്തകയാണെന്നും സാങ്കേതിക മേല്‍ക്കോയ്മ പടിഞ്ഞാറിന്റെ ജന്മാവകാശമാണെന്നും ഉറച്ചു വിശ്വസിക്കുന്ന ഒരു ജനതക്കു ആറുപതിറ്റാണ്ടുകള്‍ക്കു മുമ്പ് വരെ അവര്‍ ഒരവകാശം പോലെ ചവുട്ടിയരച്ച സംസ്കാര ശൂന്യരായ കറുത്തവര്‍ പുരോഗതിയുടെ പാതയില്‍ സഞ്ചരിക്കുന്നത് കാണുമ്പോള്‍ അദ്ഭുതത്തെക്കാള്‍ കൂടുതല്‍ അവജ്ഞ തോന്നുന്നത് ഒരു തരത്തില്‍ സ്വാഭാവികമാണ്. ഭാരതത്തിന്‍റെ ജ്ഞാന സമ്പത്ത് ചോര്‍ത്തി പടിഞ്ഞാറിന്റെ ലേബല്‍ ഒട്ടിച്ച് വിപണനം ചെയ്തത് ജീവ സന്ധാരണം ചെയ്യുന്നവര്‍ക്ക് ഇതൊന്നും ദഹിക്കില്ല. വര്‍ഷങ്ങയി "വൈറ്റ്ക സുപ്രിമസി'യില്‍ അധിഷ്ടിതമായ കണ്ടീഷനിംഗ് മറിച്ചു ചിന്തിക്കാന്‍ അവരെ അശക്തരാക്കുന്നു. പടിഞ്ഞാറന്‍ വിദ്യാഭ്യാസ സംവിധാനങ്ങളുടെ ഉത്പന്നങ്ങളായ ഭൂരിഭാഗം ഭാരതീയരും ചിതലരിച്ചു തുടങ്ങിയ ചരിത്രത്താളുകളില്‍ രേഘപ്പെടുത്തിയ ജ്ഞാനസംപന്നമായ ഭൂതകാലം ഓര്‍ക്കേണ്ട സമയമായിരിക്കുന്നു.

വിവരമില്ലായ്മ ഭൂഷണമാക്കുന്ന പടിഞ്ഞാറന്‍ നീതിപീഠങ്ങള്‍
ശ്രീ. നരേന്ദ്ര മോഡി (നമോ) അമേരിക്കയില്‍ കാലു കുത്തുന്നതിനു മുമ്പ് തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചത് ഒരു കോടതി സമ്മന്‍സിലൂടെയാണ്. പന്ത്രണ്ടു വര്‍ഷം മുമ്പ് നടന്ന ഗുജറാത്ത് കലാപത്തിന്‍റെ രണ്ടു ഇരകള്‍ എന്ന് അവകാശപ്പെടുന്ന (ഒന്നാമന്‍ ഒരു 'ആസിഫ്'. കൂട്ടാളി പേര് വെളിപ്പെടുത്തിയിട്ടില്ല) രണ്ടു പേര്‍ക്കു വേണ്ടി അമേരിക്കയിലെ രണ്ടു മനുഷ്യാവകാശ സംഘടനകളാണ് 1789ലെ 'ഏലിയന്‍ ടോര്‍ട്ട് നിയമ'പ്രകാരം നമോക്കെതിരെ ന്യു യോര്‍ക്കിലെ ഒരു കീഴ്ക്കോടതിയില്‍ പരാതി കൊടുത്തിരിക്കുന്നത്. ജനങ്ങളാല്‍ എഴുതപ്പെട്ട ഭരണഘടന പ്രകാരം സ്ഥാപിതമായ സ്വയംഭരണ-സ്വതന്ത്ര രാഷ്ട്രമായ ഭാരതത്തിന്‍റെ അഭ്യന്തരകാര്യങ്ങളില്‍ അമേരിക്കയുടെ കോടതിക്ക് ഇടപെടുന്നത് കാണുമ്പോള്‍ പൂച്ചക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം എന്ന പഴഞ്ചൊല്ല് ഓര്‍മ്മ വരുന്നു. 

വിവരമില്ലായ്മ ഭൂഷണമാക്കുന്ന പടിഞ്ഞാറന്‍ നീതിപീഠങ്ങളോടു ഭാരത രാജ്യത്തിലെ ഒരു പ്രവിശ്യയിലെ മനുഷ്യാവകാശത്തെ കുറിച്ച് അന്വേഷിക്കുന്നതിനു മുമ്പ് സ്വന്തം രാജ്യത്തിലെ യഥാര്‍ത്ഥ അവകാശികളായ റെഡ് ഇന്ത്യാക്കാര്‍ക്കെതിരെയും, വര്‍ണ്ണവിവേചനം വിഭജിച്ച കറുത്ത വര്‍ഗക്കാര്‍ക്കെതിരെരെയും, തോലി ഇരുണ്ട മറ്റു ജനവിഭാഗങ്ങള്‍ക്കെതിരെയും നടന്നതും ഇപ്പോള്‍ നടക്കുന്നതും, ഇതെല്ലാം കഴിഞ്ഞു സമയമുണ്ടെങ്കില്‍ തീവ്രവാദം എന്ന പേരില്‍ അമേരിക്കന്‍ സര്‍ക്കാരും, പട്ടാളവും, ചാരസംഘടനകളും, മറ്റു രാജ്യങ്ങളില്‍ കാട്ടിക്കൂട്ടുന്ന മനുഷ്യാവകാശ  ധ്വംസനങ്ങള്‍ അന്വേഷിക്കണമെന്നും മാത്രമേ ഇതൊക്കെ കാണുമ്പോള്‍ പറയാനുള്ളൂ.

കണ്ണടച്ചു പാല്‍ കുടിക്കുന്ന പൂച്ചകള്‍ 
ഗുജറാത്ത് കലാപത്തിനു ശേഷം അതെ കാരണം പറഞ്ഞു നമോക്ക് വിസ നിഷേധിച്ച അമേരിക്കന്‍ സര്‍ക്കാര്‍ , പ്രധാനമന്ത്രിയായപ്പോള്‍ നമോക്ക് മുന്നില്‍ പട്ടുപരവതാനി വിരിക്കാന്‍ കാണിച്ച തിടുക്കം തന്നെ അവരുടെ വാദങ്ങളിലെ പൊള്ളത്തരം തെളിയിക്കുന്നതാണ്. വിസ നിഷേധിക്കാന്‍ ഒമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് നിരത്തിയ കാരണങ്ങളില്‍ ഏതൊക്കെയാണ് ഈ വര്‍ഷം മേയ് മാസത്തോടെ പൊടുന്നനെ ഇല്ലാതെ ആയതു എന്ന് അവര്‍ വിശദീകരിക്കട്ടെ. അമേരിക്കയുടെ അവസരവാദ രാഷ്ട്രീയത്തിന് ഇതിലും വലിയ ഒരു ഉദാഹരണമില്ല എന്നതാണ് വാസ്തവം.

നാനൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് ലോക സമ്പത്തിന്റെ കാല്‍ ഭാഗവും കയ്യടിക്കിയിരുന്ന ഭാരതം ഒരു ഇരുണ്ട കാലഘട്ടത്തിനു ശേഷം ഉണര്‍ന്നെഴുന്നെല്‍ക്കുമ്പോള്‍ നിലനില്‍പ്പിനായി മുറവിളി കൂട്ടുന്ന പടിഞ്ഞാറന്‍ ശക്തികളുടെ ഓരിയിടലുകള്‍ വെള്ളത്തില്‍ വരച്ച രേഘകലാകുമെന്നു കാലം തെളിയിക്കും. മനുഷ്യ സംസ്കാരത്തിന്റെ ഗുരുസ്ഥാനത്തെക്കുള്ള പ്രയാണം ഭാരതം തുടങ്ങിക്കഴിഞ്ഞു. പൂച്ചകള്‍ കരയട്ടെ. എങ്കില്‍ മാത്രമേ സിംഹഗര്‍ജനം എട്ടു ദിക്കിലും കൂടുതല്‍ ശക്തിയില്‍ പ്രതിധ്വനിക്കു!

വന്ദേ മാതരം!



September 26, 2014

ഫയര്‍ കമ്മിറ്റി

"ഇന്ന് ഫയര്‍ കമ്മിറ്റിയുടെ മീറ്റിംഗ് ഉണ്ട്
"ഫയര്‍ കമ്മിറ്റി?"
"അതേന്ന്‍. എല്ലാ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും രണ്ടു പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. തീ പിടിച്ചാല്‍ എല്ലാരേം ഒഴിപ്പിക്കാന്‍. പ്രത്യേകം  യൂണിഫോം ഒക്കെ ഉണ്ട്"
"അതിനു തീ പിടിക്കുമ്പോള്‍ അതൊക്കെ ഇടാന്‍ ഉള്ള സമയം കിട്ടോ?"
"!!!!"

September 25, 2014

മാപ്പ്!

കൂട്ടിയ നികുതിക്ക് പകരം അനാവശ്യ ചിലവുകള്‍ കുറക്കാനും, അടിക്കടി ഇന്ധന/ഓട്ടോ/ടാക്സി/ബസ് ചാര്‍ജുകള്‍ കൂട്ടി, വാഹനങ്ങള്‍ ഉപേക്ഷിച്ച് സ്വന്തം കാലുകളെയോ, സൈക്കിള്‍ പോലുള്ള ഇന്ധനരഹിത വാഹനങ്ങളേയോ ആശ്രയിക്കാനും ജനങ്ങളെ പ്രേരിപ്പിക്കുക വഴി ഞങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്ന സര്‍ക്കാരെ, മാപ്പ്!! 

നിങ്ങളുടെ ദീര്‍ഘവീക്ഷണം ഞങ്ങള്‍ മനസ്സിലാക്കാന്‍ വൈകിപ്പോയി! 

മാപ്പ്! സമസ്താപരാധവും പൊറുക്കണം! മാപ്പ്!

September 24, 2014

മംഗളമായി മംഗൾയാൻ

ആകാശം എന്നും നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഭൂമിയെ പുതച്ചുകിടക്കുന്ന മേഘങ്ങൾ തൊട്ട് ദശലക്ഷക്കണക്കിനു യോജനകൾക്കപ്പുറം ജ്വലിക്കുന്ന നക്ഷത്രഗണങ്ങളെവരെ തെല്ലൊരദ്ഭുതത്തോടെയല്ലാതെ ആർക്കും നോക്കിക്കാണാനാവില്ല. നിയതമായ പഥത്തിലൂടെ, മനുഷ്യനു ഇനിയും അപ്രാപ്യമായ അദൃശ്യ ശക്തികൾ മടിത്തട്ടിലൊളിപ്പിച്ച്, കാലാന്തരങ്ങളുടെ ഉദയാസ്തമനങ്ങൾക്കു സാക്ഷിയായി, അനന്തമായ ഈ പ്രപഞ്ചത്തിന്‍റെ ശൂന്യതയാകുന്ന തണുപ്പിലൂടെ സഞ്ചരിക്കുന്ന ഈ ആകാശഗോളങ്ങളാണ് എന്നും നമ്മുടെ ചിന്തകളെ ജ്വലിപ്പിച്ചിട്ടുള്ളത്.

ഭാരതത്തിന്‍റെ പ്രഥമ ഗോളാന്തര പര്യടന വാഹനമായ മംഗൾയാൻ ഇന്നു ചൊവ്വാഗ്രഹത്തിൽ എത്തിയിരിക്കുന്നു: പ്രഥമ ദൗത്യം വിജയപ്പിച്ച പ്രഥമരാജ്യം.

ഇതൊരു തുടക്കമാകട്ടെ. ജാതിയും, മതവും, അഴിമതിയും, ചൂഷണവും, ദാരിദ്ര്യവും വിരിഞ്ഞു മുറുക്കിയ നമ്മുടെ മാതൃരാജ്യത്തിന്‍റെ നെറ്റിയില്‍ തെളിഞ്ഞ സിന്ദൂരതിലകമാകട്ടെ ഈ വിജയം! അമ്മയെ ബന്ധനസ്ഥയാക്കിയ പാശങ്ങളെ നശിപ്പിക്കുന്ന പാശുപതമാകട്ടെ ഈ വിജയം!

പരിമിതികള്‍ക്കിടയില്‍ നിന്നുംകൊണ്ട് ഒരു ജനതക്കു മുന്നില്‍ അറിവിന്‍റെ വാതായനങ്ങള്‍ തുറന്നിടാന്‍ അഹോരാത്രം പരിശ്രമിക്കുന്ന ശാസ്ത്രജ്ഞരെ നമിച്ചുകൊണ്ട്,

വന്ദേ മാതരം!

September 14, 2014

പറവകളോടൊരു സ്വകാര്യം

കറുകറെ കറുത്തൊരു മഴയുടെ കാറുകള്‍
കുടുകുടെ തുള്ളികളായ് വീഴുമ്പോള്‍,
പലവര്‍ണ്ണങ്ങളില്‍ കുടകള്‍ ചൂടി
ഓടുന്നു ജനം, മറയുന്നു ജനം
ഒരിടത്തണയാന്‍ പായുന്നു ജനം!
ചേക്കേറാന്‍ പല ചില്ലകള്‍ തേടി
പറവകളെങ്ങും പാറി നടക്കെ,
പറയണമെനിക്കാ ചിറകുകളോടാ-
പച്ചപ്പെല്ലാം ഓര്‍മ്മയില്‍ മാത്രം,
തണലുകളെല്ലാം മനസ്സില്‍ മാത്രം!

September 07, 2014

ഹാപ്പി ഓണം

സമയം തെറ്റിയ ചിങ്ങക്കാറുകൾ
അർക്കനെയങ്ങുമറച്ചൊരുനേരം,
ചറപറ പെയ്തൊരുമഴയിൽ
കുളിച്ചൊരുങ്ങിയ പൂക്കൾകൊണ്ട്
ഓണത്തപ്പനെ ഒന്നെതിരേൽക്കാൻ
പൂക്കളമൊന്നൊരൊക്കിയ നേരം,
തുമ്പപ്പൂവും മുക്കുറ്റിയുമാ പൂക്കളനടുവിലിറങ്ങിയിരിക്കെ,
ഓണസദ്യയും പായസോമുണ്ടാ-
കുമ്മാട്ടിക്കളിയതൊന്നു കണ്ടാ-
കോലായിലങ്ങവിടെയിരിക്കെ,
സ്വീകരണ മുറിയുടെ മൂലക്കിരിക്കും
ടിവിപ്പെട്ടിയിൽ തെളിഞ്ഞൊരു
പരസ്യമെന്നോടായിങ്ങനെ മൊഴിഞ്ഞു:
"ഹാപ്പി ഓണം, ഹാപ്പി ഓണം
വിഷ് യു ഓൾ എ ഹാപ്പി ഓണം*"

*കണ്ടീഷൻസ് അപ്ലൈ

August 17, 2014

പുതുവര്‍ഷത്തിനൊരുണര്‍ത്തുപാട്ട്

കിഴക്കു തെളിഞ്ഞൊരു ദീപമത്രെ
ചിങ്ങപ്പുലരിതൻ സൂര്യോദയം
കർക്കിടകത്തിന്നന്ധകാരം
കശക്കിയെറിഞ്ഞിടും ദീപനാളം
പഞ്ഞമാസത്തിലൊഴിഞ്ഞറകൾ
പലകുറിനിറക്കുമീചിങ്ങമാസം
ഇന്നിന്റെ കളവും ചതിയുമെല്ലാ
മില്ലാതെയാക്കുമീ മൃഗരാജമാസം.
ഓണവും കാണണം, വീട്ടിലും കൂടണം
ബന്ധങ്ങളെല്ലാം വിളക്കി ചേർക്കാൻ,
ഒരുമയോടങ്ങനെ നീങ്ങിടേണമീ
പുതുവർഷം സമ്പൽ സമൃദ്ധമാകാൻ
നാടിനും വീടിനും നന്മപകരാനൊ
രുമിക്കണം മാലോകരീ ചിങ്ങമാസം!

August 15, 2014

സ്വാതന്ത്ര്യ ദിനം

ഇന്ന് സ്വാതന്ത്ര്യ ദിനം. പടിഞ്ഞാറിന്‍റെ അടിമത്തത്തെ ഭസ്മമാക്കിയിട്ടു ഇന്നേക്ക് അറുപത്തേഴാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. എന്നാല്‍ സത്യത്തില്‍ നമ്മള്‍ സ്വതന്ത്രരാണോ? അക്രമത്തില്‍ അധിഷ്ഠിതമായ വൈദേശികചിന്താധാരകള്‍ സഹസ്രാബ്ദത്തിലധികമായി ഭാരത ദര്‍ശനങ്ങളെ ഉമിത്തീയില്‍ ജ്വലിപ്പിച്ചു കൊണ്ടിരിക്കുന്നു. അവരുടെ വാക്കുകള്‍ സൃഷ്ടിച്ച മൂഢസ്വര്‍ഗത്തില്‍ നാം നമ്മുടെ അമ്മയെ തള്ളിപ്പറയുന്നു. സമ്പത്തിനും ശാരീരിക സുഖങ്ങള്‍ക്കും വേണ്ടി കാലത്തിന്റെ മടിത്തട്ടിലെ വജ്രം പോലെ അമൂല്യമായ നമ്മുടെ വിശ്വാസങ്ങളെ പണയം വെക്കുന്നു. ഇതാണോ സ്വാതന്ത്ര്യം? തലച്ചോറും ചിന്തകളും അസ്തമനസൂര്യന്റെയോപ്പം പടിഞ്ഞാറിന്റെ കാല്‍ക്കല്‍ പരവതാനി കണക്കെ വിരിച്ചിട്ട് അവരുടെ മാനസിക അടിമകളായി ജീവിക്കുവാനോ ജനലക്ഷങ്ങള്‍ ഏറ്റവും മഹത്തായ ജീവത്യാഗം ചെയ്ത് അറുപത്തേഴാണ്ടുകള്‍ മുമ്പ് ഭാരതത്തിനു സ്വാതന്ത്യം നേടി തന്നത്? 

കണ്ണു തുറന്നു നോക്കു: യൂറോപ്പില്‍, അമേരിക്കന്‍ ഭൂഘണ്ടങ്ങളില്‍, അറേബ്യയിലെ മരുഭൂമിയില്‍, ആഫ്രിക്കയില്‍, ചൈനയില്‍, എവിടെയാണ് സമാധാനം? അക്രമത്തിലും നശീകരനത്തിലും വിശ്വസിക്കുന്ന പടിഞ്ഞാറന്‍ ചിന്തകള്‍ മനസ്സുകളെ ബാധിക്കുന്ന ഒരു ക്യാന്‍സറാണ്. ചെന്നെത്തിയ സ്ഥലങ്ങളിലെല്ലാം പരമ്പരാഗത വിശ്വാസങ്ങളെ രക്തത്താല്‍ തുടച്ചുമാറ്റിയ ഒരു ക്യാന്‍സര്‍. സഹസ്രാബ്ദത്തിലധികമായി തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഉണ്ടായിട്ടും ഭാരതം ഇത്രയും കാലം നിലനിന്നത് നമ്മുടെ വിസ്വാസപ്രമാണങ്ങളുടെ കെട്ടുറപ്പുകൊണ്ടൊന്നു മാത്രമാണ്. എന്നാല്‍ ഭാരതത്തെ സംരക്ഷിക്കാന്‍ ഈ കോട്ട ആചന്ദ്രതാരം ഉണ്ടാകില്ല. ശത്രുക്കള്‍ ശക്തരാണ്. ഇനിയും നമ്മളിതു തിരിച്ചറിഞ്ഞില്ലെങ്കില്‍ വരും തലമുറ കിഴക്കിന്റെ സൂര്യോദയം ഒരിക്കലും കാണില്ല.

വീണ്ടുമൊരു സ്വാതന്ത്ര്യ സമരത്തിനു നേരമായിരിക്കുന്നു: പടിഞ്ഞാറന്‍ ചിന്തകളില്‍നിന്നുള്ള സ്വാതന്ത്ര്യം. 

August 04, 2014

ഒരു നദിയുടെ കഥ

ദൂരെ ദൂരെ ഏഴുമലകൾക്കുമപ്പുറം ഒരു രാജ്യത്ത് ഒരു നദി ഉണ്ടായിരുന്നു. സ്വഛമായി ഒഴുകിയിരുന്ന ആ നദിയുടെ തീരത്ത് കൃഷിയിടങ്ങളും, സ്വാദൂറുന്ന ഫലമൂലാദികളും, ജനപദങ്ങളും, നല്ലചിന്തകളും ഉണ്ടായി. സന്തോഷവും, ഐക്യവും ഉണ്ടായി.

അവരുടെ സന്തോഷത്തിൽ അസൂയപൂണ്ട അയൽ രാജ്യത്തെ രാജാവ് വെള്ളത്തിൽ വളരുന്ന നല്ല ഭംഗിയുള്ള പൂവുണ്ടാകുന്ന ഒരു തരം പായൽ നദിയുടെ പലഭാഗങ്ങളിൽ ചാരന്മാർ വഴി വിതറി. പായലിന്‍റെ  ഭംഗിയിൽ മതിമറന്ന ജനങ്ങള്‍ അവയെ നദിയിൽ വളരാൻ സമ്മതിച്ചു.

നദിയിലെ സ്വഛമായ ജലത്തിൽ പായൽ വളരെ വേഗത്തിൽ വളർന്ന് പെറ്റുപെരുകി. ക്രമേണ നദിയുടെ ഒഴുക്കു കുറഞ്ഞുവന്നു, മത്സ്യങ്ങൾ ചത്തുപൊന്തി, പലഭാഗങ്ങളും വരൾച്ചയുടെ പിടിയിലായി. കൃഷിയിടങ്ങൾ തരിശായി. ആടുമാടുകൾ മരിച്ചുവീണു. ശേഷിക്കുന്ന ജലത്തിനായി ജനങ്ങൾ തമ്മിൽ തമ്മിലടിച്ചു തുടങ്ങി.ധാന്യങ്ങള്‍ക്കുവേണ്ടി കൊള്ളയും കൊള്ളിവെപ്പും തുടങ്ങി. സമാധാനവും സന്തോഷവും ഇല്ലാതായി.

പ്രശ്നങ്ങളുടെ മൂലകാരണം മനസ്സിലാക്കിയ ചിലർ വിഷലിപ്തമായ നദിയിൽ ഇറങ്ങി പായൽ നീക്കം ചെയ്യാൻ തുടങ്ങി. എന്നാല്‍ അയൽ രാജ്യത്തെ ചാരന്മാർ എറിഞ്ഞുകൊടുത്ത കിഴിപ്പണത്തിനുവേണ്ടി നദിയിലിറങ്ങിയവർക്കെതിരെ ശബ്ദമുയർത്താനും ചിലരുണ്ടായി. ഉയര്‍ന്നുകേട്ടത് അവരുടെ ഒരിയിടലുകളായിരുന്നു.

കലിയുഗത്തിലെ ഈ സത്യയുദ്ധത്തിൽ ജയിച്ചത് പണക്കിഴികളായിരുന്നു. സത്യവും ധര്‍മ്മവും നിലനിര്‍ത്താന്‍ ഒരു ദൈവവും അവതാരമെടുത്തില്ല. പരാജയപ്പെട്ടവരുടെ കണ്ണുനീരിന്‍റെയൊപ്പം അന്ധകാരത്തിലാണ്ട ഭൂമിയിൽ ഒരു ദീപനാളം പോലെ ജ്വലിച്ചു പ്രഭ ചൊരിഞ്ഞിരുന്ന ആ രാജ്യത്തിന്‍റെ സമ്പന്നമായ ഭൂതകാലവും നദിയുടെ വിഷജലത്തിൽ കാലാന്തരത്തിലലിഞ്ഞില്ലാതായി.

August 01, 2014

രണ്ടു വാക്ക്

"ഇനി ഇന്ന് പിരിഞ്ഞു പോകുന്ന ജോര്‍ജ്ജിനെ  പറ്റി രണ്ടു വാക്ക് പറയാന്‍ പങ്കജാക്ഷനെ ക്ഷണിക്കുന്നു"
..
"ജോര്‍ജ്ജിനെ പറ്റി രണ്ടു വാക്ക് പറയണമെന്നുണ്ട്. പക്ഷെ എനിക്ക് പറയാന്‍ ഉള്ള രണ്ടു വാക്ക് പുറത്ത് പറയാന്‍ പറ്റാത്തതായതുകൊണ്ട് ചുരുക്കുന്നു, ജയ്‌ ഹിന്ദ്‌"

July 31, 2014

മഴയാഗമനം

കിഴക്കോട്ടു തിരിഞ്ഞു സൂര്യനമസ്കാരം ചെയ്യുന്ന പുല്‍നാമ്പുകളില്‍ രാത്രിമഴ വിതറിയ ജലകണങ്ങള്‍ വജ്രക്കല്ലുകള്‍ പോലെ തിളങ്ങി നില്‍ക്കുന്നത് കണ്ടാണ്‌ ഞാന്‍ വീട്ടില്‍ നിന്നിറങ്ങിയത്. ജ്വലിക്കുന്ന ദീപനാളങ്ങള്‍ക്കു പകരം എണ്ണപ്പാട കലര്‍ന്ന മഴവെള്ളം കെട്ടിനില്‍ക്കുന്ന കല്‍ വിളക്കിനടുത്ത് നിന്ന് അമ്മതിരുവടിയെ വണങ്ങി ഊട്ടുപുര ചുറ്റി പകുതി പ്രദക്ഷിണം വെച്ച് കിഴക്കേ നടവഴി എത്തിയപ്പോഴേക്കും സൂര്യന്‍ ചാര നിറമാര്‍ന്ന മേഘക്കൂട്ടങ്ങള്‍ക്കിടയില്‍ മറഞ്ഞിരുന്നു. വഴിവക്കിലെ ആലും കടന്ന്‍ ബസ് സ്റ്റോപ്പില്‍ എത്തിയപ്പോള്‍ മുകളിലെ മേഘങ്ങള്‍ കുറച്ചു കൂടി കറുത്തു. ആന വണ്ടി വരാന്‍ അല്പനേരം കൂടി കഴിഞ്ഞു. വണ്ടി പെരുമ്പിള്ളിശ്ശേരിയില്‍ എത്തിയപ്പോഴേക്കും പുറത്ത് വെളിച്ചം നന്നേ കുറഞ്ഞിരുന്നു. ബലൂണ്‍ നിറയെ വെള്ളം നിറച്ച് സൂചികൊണ്ട് കുത്തിപ്പോട്ടിക്കാന്‍ വെമ്പല്‍ കൊള്ളുന്ന വികൃതിയെപ്പോലെ കാര്‍മേഘങ്ങള്‍ ആസന്നമായ വര്‍ഷത്തില്‍ നിന്നും രക്ഷപ്പെടാന്‍ പരക്കം പായുന്ന മനുഷ്യരുടെ തലക്കുമുകളില്‍ തങ്ങി നിന്നിരുന്നു. ചൊവ്വൂര്‍ കയറ്റം കയറുമ്പോള്‍ മഴ തുടങ്ങി. യാത്രക്കാര്‍ ഷട്ടറുകള്‍ താഴ്ത്തിയ അതെ സമയം വണ്ടിയിലെ ചെറു ട്യൂബ് ലൈറ്റുകള്‍ തെളിയക്കപ്പെട്ടു. പുറത്ത് മഴ തിമിര്‍ക്കുകയായിരുന്നു! 

July 22, 2014

നീന്തൽ കുളം

ചങ്ങനാശ്ശേരിയിൽ കിണറിന്നടുത്തായി ഒരു ടാങ്ക് ഉണ്ടായിരുന്നു. ഉൾഭാഗത്ത് വശങ്ങളിലായി ഈർപ്പം പറ്റി വളരുന്ന പായൽ ഉള്ളതിനാൽ വെള്ള പെയിന്റ് അപ്പാടെ മങ്ങിപ്പോയ ഒരു ടാങ്ക്. പഞ്ചായത്തിന്റെ ടാപ്പിൽ വായു അല്ലാതെ വെള്ളം വരുന്ന അവസരങ്ങളിൽ ഒരറ്റത്തു കറുത്ത പ്ലാസ്റ്റിക് പന്തു ഘടിപ്പിച്ച വാൽവിൽക്കൂടി വെള്ളം അറ്റമില്ലാത്ത ഒരു പാദസരം കണക്കെ ഒഴുകി ഇറങ്ങി ടാങ്കിൽ നിറയും. അദ്ഭുതമെന്നേ പറയേണ്ടു ടാങ്ക് നിറഞ്ഞാൽ വാൽവ് തന്നെ അടയും! അതുകൊണ്ട് വെള്ളം പുറത്തുപോകുമെന്ന പേടി വേണ്ട. അങ്ങനെ പല മാന്ത്രികവിദ്യകളും നീന്തിക്കളിക്കുന്ന ഈ ടാങ്ക് ആയിരുന്നു നീന്തലറിയാത്ത ഞങ്ങളുടെ ആദ്യ നീന്തൽ കുളം. 

അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ ഈ ടാങ്കിലാണ് ഞങ്ങൾ വേനലവധിക്കാലത്തെ വൈകുന്നേരങ്ങളിൽ 'ഉപ്പുമാങ്ങ' കണക്കെ മണിക്കൂറുകളോളം ഇറങ്ങിക്കിടന്ന് പല അഭ്യാസങ്ങളും പരീക്ഷിക്കാറ്. പിന്നീട് അവിടെ നിന്നും ഊരകത്തേക്ക് താമസം മാറ്റിയപ്പോൾ നഷ്ടങ്ങളുടെ കുഴിപ്പലകയിൽ ഏറ്റവും കൂടുതൽ മഞ്ചാടിക്കുരു വീണത് ഞങ്ങളുടെ ഈ നീന്തൽ കുളത്തിനായിരുന്നു. എന്നാൽ ഊരകത്ത് ഞങ്ങളെ കാത്തിരുന്നത് ശരിക്കും ഒരു കുളം ആയിരുന്നു; വെട്ടുകൽപ്പടവുകളുള്ള, വശങ്ങളിൽ ചുവന്ന ചെത്തിയും മറ്റു ചെടികളും വളരുന്ന, പൊത്തുകളിൽ വലിയ പോക്കാൻ തവളകളുള്ള, പുളിയിലകളും മാവിലകളും സംഘംചേർന്നൊഴുകി നടക്കുന്ന വെള്ളമുള്ള ഒരു കുളം! ഞങ്ങളുടെ രണ്ടാം നീന്തൽ കുളം! 

അതിന്റെ കഥ വേറെ ഒരു നാൾ, ഇപ്പോൾ ഞാനൊന്നു കുളിക്കട്ടെ ;)

May 30, 2014

ഒരു വേനല്‍സന്ധ്യമഴ

വെള്ളാനവണ്ടി വളവു തിരിഞ്ഞ് കണിമംഗലം പാടത്തെ രണ്ടാക്കി കടന്നുപോകുന്ന പാതയിലേക്ക് എത്തിയപ്പോഴേക്കും കാർമേഘങ്ങൾ ഒരു ചാരനിറമാർന്ന കുട കണക്കെ ആകാശമാകെ പടർന്നിരുന്നു. പാടത്തിന്റെ കിഴക്കെ അറ്റത്ത് ഒരു മൂടൽമഞ്ഞുപോലെ വേനൽ മഴ പടർന്നുകയറുന്നതുംകൊണ്ടാണ് ബസ് ഗ്രാമഹൃദയത്തിലേക്ക് പ്രവേശിച്ചത്. നിമിഷങ്ങൾക്കുള്ളിൽ മഴയിങ്ങെത്തി. തുറന്ന ജനലുകളില്‍ കൂടി മഴത്തുള്ളികള്‍ തണുപ്പിന്റെ തലോടലുകള്‍ സമ്മാനിക്കവേ യാത്രക്കാർ ബസിന്റെ ഷട്ടറുകൾ തിരക്കിട്ടു താഴ്ത്തുകയും അന്തർഭാഗത്തെ ഇരുട്ടിനു കനം കൂടുകയും ചെയ്തു. പുറത്ത് മഴ കനക്കുകയായിരുന്നു; തകരമേൽക്കൂരയിൽ തുള്ളികൾ വീണുടയുന്ന ശബ്ദം റോഡിലെ വാഹനങ്ങളുടെ ആക്രോശങ്ങളേക്കാൾ വ്യക്തമായി കേൾക്കാം. പാതയിലെ വെളിച്ചങ്ങള്‍ ബസിന്റെ ചില്ലില്‍ ഒരു വാന്‍ ഗോഗ് ചിത്രം പോലെ കാണപ്പെട്ടു: എ സ്റ്റാറി നൈറ്റ്‌! 

നിമിഷങ്ങള്‍ക്കുമുമ്പ് വേനല്‍ ചൂടിനെ പഴിപറഞ്ഞവര്‍ ചിലര്‍ ഇപ്പോള്‍ അപ്രതീക്ഷിതമായി വന്ന മഴയെപറ്റി അടക്കിയ സ്വരത്തില്‍ പരാതി പറയുന്നുണ്ടായിരുന്നു. അടുത്ത സ്റ്റോപ്പുകളില്‍ ഇറങ്ങേണ്ടവര്‍ ഷട്ടറുകള്‍ പാതി ഉയര്‍ത്തി സ്ഥലം എത്തിയോ എന്ന് ഇടക്കിടക്ക് പരിശോധിച്ചുകൊണ്ടിരുന്നു. 

ഊരകത്തിറങ്ങേണ്ട സമയം ആയപ്പോഴേക്കും മഴ ഒന്നുകൂടി ശക്തിപ്രാപിച്ചിരുന്നു. കൂട്ടിനു നല്ല ഇടിയും മിന്നലും. ഇറങ്ങി നേരെ സ്റ്റോപ്പിലെ ഷെല്‍ട്ടറിലേക്ക് ഓടിക്കയറി. സ്റ്റാന്‍ഡില്‍ ഒരോട്ടോ പോലുമില്ല; എല്ലാവരും മഴയോട്ടച്ചാകര കൊയ്യുന്നതിന്റെ തിരക്കിലാണ്. ഇനിയിപ്പോള്‍ മഴ കുറയുന്നവരെ കാക്കുക തന്നെ. കടകളുടെ വരാന്തകളില്‍ അക്ഷമ മനുഷ്യരുടെ രൂപത്തില്‍ കൂട്ടം കൂടി മഴയെ ശപിച്ചുകൊണ്ട് നില്‍ക്കുന്നുണ്ടായിര്‍ന്നു. കവലയിലെ കപ്പലണ്ടി വില്‍പനക്കാരന്‍ ഇതെല്ലം അവഗണിച്ച് ഉന്തുവണ്ടിയിലെ പെട്രോമാക്സിന്റെ വെളിച്ചത്തില്‍, ടാര്‍പോളിന്റെ സുരക്ഷയില്‍ ഇടപാടുകാരെ പ്രതീക്ഷിച്ച് കപ്പലണ്ടി വറുക്കുന്ന ചീനച്ചട്ടിയില്‍ ഇടക്കിടക്ക് ചട്ടുകം കൊണ്ട് തട്ടി ണിം-ണിം ശബ്ദം ഉണ്ടാക്കിക്കൊണ്ടിരുന്നു. കിഴക്കന്‍ ആകാശത്ത് മിന്നല്‍പിണരുകള്‍ വെള്ളി ഞരമ്പുകള്‍ തീര്‍ക്കുകയും, ഇടി ഹുംകാരശബ്ദം മുഴക്കി മഴയ്ക്ക് വീര്യം പകരുകയും ചെയ്തു. അങ്ങനെ ദിക്കെങ്ങും മുഴങ്ങിയ ഒരു ഇടിയില്‍ കറണ്ടും പോയി; ഊരകം സിറ്റി ഇരുട്ടിലാണ്ടു. വാഹനങ്ങളുടെ ഹെഡ്ലൈറ്റിന്റെ പ്രകാശത്തില്‍ മഴത്തുള്ളികള്‍ ചിലന്തിവല നാരുകളെ പോലെ കാണപ്പെട്ടു. അതായിരുന്നു ഇരുട്ടിലെ മഴമാപിനി. മഴ കുറയുന്നതും നോക്കി ഞാനും ആ ഇരുട്ടില്‍ നിലയുറപ്പിച്ചു.

സമയം കടന്നുപോകുന്നതനുസരിച്ച് വരാന്തകളിലെ ജനത്തിരക്കും വര്‍ദ്ധിച്ചു: വൈകുന്നേരം ബാറില്‍ മിനുങ്ങാന്‍ പോയവരും, ഓഫീസില്‍ നിന്നും മടങ്ങുന്നവരും, സന്ധ്യക്ക് 'ഷോപ്പിങ്ങിനു' ഇറങ്ങിയവരുമൊക്കെ ആ കൂട്ടത്തില്‍ പെടും. അര മണിക്കൂര്‍ കഴിഞ്ഞിട്ടും മഴ കുറയുന്ന ലക്ഷണം ഒന്നും കാണാനുമില്ല. ക്ഷമ നശിച്ച ചിലര്‍ വരുന്നത് വരട്ടെ എന്ന മട്ടില്‍ വരാന്തയുടെ സുരക്ഷ വിട്ടു പുറത്തേക്ക് ഇറങ്ങി. രണ്ടും കല്പിച്ചു ഞാനും കുട നിവര്‍ത്തി ഇറങ്ങി: നനഞ്ഞ ഇരുട്ടിലേക്ക്, അളന്നു വെക്കുന്ന ചുവടുകളുമായി മൊബൈലിന്റെ ഫ്ലാഷ് വെളിച്ചത്തില്‍ മഴത്തുള്ളി നാരുകളുടെ ഇടയിലൂടെ വീട്ടിലേക്ക്..

May 05, 2014

കല്യാണപ്പാട്ട്

ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയിലെ കല്യാണപ്പാട്ട് കണ്ടു. സത്യൻ അന്തിക്കാടിനെ എന്തിനു കുറ്റം പറയണം? സെറ്റ് മുണ്ട് ഉടുത്ത് നൃത്തം ചെയ്യുന്ന പെൺ കിടാങ്ങൾ, മുക്കും മൂലയും വരെ കുരുത്തോലകോണ്ടലങ്കരിച്ച വീട്, നോഹയുടെ പെട്ടകത്തെ അനുസ്മരിപ്പിക്കുന്ന പ്രധാനപച്ചക്കറികളുടെ രണ്ടുവീതം  സ്പെസിമനുകൾ നിരത്തി വെച്ച മേശ, പടവലം കൊണ്ട് വാൾപ്പയറ്റ്, അങ്ങനെ കേരളത്തനിമ മുറ്റി നിക്കല്ലേ! ഒരാനേം കൂടി ആകാമായിരുന്നു..



April 30, 2014

പുറം കരാര്‍

"അപ്പൊ എനിക്ക് ബാങ്കിംഗ് ലൈസന്‍സ് ഇല്ലേ? കണ്ട അണ്ടനും അടകോടനും കൊടുക്കാന്‍ ലൈസന്‍സ് ഉണ്ട്.എനിക്ക് തരാന്‍ ഇല്ല. നിങ്ങള്‍ക്ക് കൈക്കൂലി തരുന്നത് ഞാനോ അതോ അവരോ? ഇപ്പൊ പറയണം"
"കരയല്ലേ, മോന് തന്നാല്‍ ആ പത്രക്കാരും മോദീം വെറുതെ ഇരിക്കില്ല. പോരാത്തതിന് ഇലക്ഷനും"
"അതൊന്നും എനിക്ക് കേള്‍ക്കണ്ട. അവര്‍ക്ക് കൊടുത്തതില്‍ കൂടുതല്‍ എനിക്ക് കിട്ടണം"
"ശരി. തരാം. ഒന്നടങ്ങെന്‍റെ കരളേ!"
"എന്തു തരും?"
"എസ്.ബി.ഐ മതിയോ?"
"!!!!!"
"കള്ളന്‍, സന്തോഷം കണ്ടോ! ആ വായ ഒന്ന് അടച്ചു വെക്ക്, ഈച്ച കേറും"
"പക്ഷെ അതെങ്ങനെ?"
"അതൊക്കെ ഉണ്ട്. അപ്പം തിന്നാ പോരെ, കുഴി എണ്ണണോ?"
"വേണ്ട, അയാം നോട്ട് കൌണ്ടിന്‍ഗ് ദി കുഴീസ്. എന്നാലും..."
"അതിനല്ലേ പുറം കരാര്‍ "
"ഹോ, പാജി രാവണന്‍ തന്നെ. പത്തു തലയല്ലേ!"
"കാണാന്‍ ഒരു ഗ്ലാമര്‍ ഇല്ലാന്നേ ഉള്ളു, തല മൊത്തം (കു)ബുദ്ധ്യാ!"


അടുത്ത ദിവസത്തെ പത്രവാര്‍ത്ത: റിലയന്‍സ് മണി ഇന്‍ഫ്രയെ ബാങ്കിംഗ് ജോലികള്‍ ചെയ്യുന്നതിന് എസ്.ബി.ഐ  ബിസിനസ് കറസ്പോണ്ടെന്റ് ആയി നിയമിച്ചു.


April 24, 2014

അല്പനു അര്‍ത്ഥം കിട്ട്യാല്‍!

ബസ് ഷെൽറ്റർ മുതൽ ആശുപത്രി കെട്ടിടം വരെ സ്വന്തം കുടുംബത്തീന്നു കൊണ്ടുവന്ന കാശോണ്ടാ പണിതെ എന്ന മട്ടിൽ ഫലകം സ്ഥാപിക്കുന്ന ജനപ്രതിനിധികളുടെ നെറ്റിയിൽ മത്തങ്ങാ അക്ഷരത്തിൽ ഇങ്ങനെ എഴുതി വെക്കണം: "ജനങ്ങളുടെ നികുതിപ്പണം തിന്നുണ്ടായ തടി"

സ്വന്തം കാശോണ്ടാ കുട വാങ്ങുന്നതെങ്കിൽ അല്പനു അർദ്ധരാത്രിയിലും കുടപിടിക്കാം. അല്ലാതെ നാട്ടുകാരുടെ കാശോണ്ട് ഈ വക കോപ്രായം ചെയ്താൽ അതിനെ വിശേഷിപ്പിക്കാൻ 'അല്പത്തരം' എന്ന വാക്കു പോരാതെ വരും.

April 18, 2014

സ്വർഗ്ഗം

സദാ ചലിച്ചിട്ടും എങ്ങുമെത്താൻ പറ്റാതെ പഴയ ഘടികാരത്തിന്റെ മരക്കൂടിനുള്ളിൽ ഒരു കാഴ്ചവസ്തുവായ് തടവിലാക്കപ്പെട്ട പെൻഡുലം പോലെ അശക്തനാകുക എന്നതിൽ കവിഞ്ഞൊരു ദുരവസ്ഥയില്ല, ഈ ഭൂമിയിൽ.

ഒഴിവുദിവസം വീട്ടിൽനിന്നും കിലോമീറ്ററുകൾ അകലെ ഇരുട്ടുമൂടിയ ഹോട്ടൽമുറിയിൽ പുറത്തു വഴിയിലൂടെ പോകുന്ന വണ്ടികളുടെ ശബ്ദവും കേട്ട് തനിച്ചിരിക്കുക എന്നതിൽ കവിഞ്ഞൊരു ശിക്ഷയില്ല, ഈ ഭൂമിയിൽ.

ആ വാഹനങ്ങൾ യാത്രയിലാണ്. ലക്ഷ്യം ഏതാണ് എന്നറിയില്ലെങ്കിലും അവരൊക്കെ സ്വന്തം വീടിന്റെ സുരക്ഷയിലേക്കും സ്നേഹച്ചൂടിലേക്കുമാണ് തിരക്കിട്ടുപോകുന്നതെന്ന് ചിന്തിക്കാനാണെന്റെ മനസ്സു സ്വകാര്യം പറയുന്നത്. ശബ്ദങ്ങളുടെ നിശ്ശബ്ദമായ ഇടവേളകളിൽ ഈ ചിന്ത എന്നിൽ അസൂയ നിറക്കുന്നു. എന്നാണ് എന്നെ വീട്ടിൽ കൊണ്ടുപോകാൻ മുഴങ്ങുന്ന ശബ്ദത്തിന്റെ അകമ്പടിയോടെ സന്തോഷത്തിന്റെ ഏഴുകുതിരകളെ പൂട്ടിയ രഥം വരുക? ഈ ഒരു അനിശ്ചിതത്വത്തേക്കാൾ വലിയ വിഷമവുമില്ല, ഈ ഭൂമിയിൽ.

ഏതു വലിയ കോട്ട സ്വന്തമായാലും, എത്ര സമ്പന്നമായ കൊട്ടാരം പ്രാപ്യമായാലും,ഞാൻ മടങ്ങും; 
എന്റെ വീട്ടിലേക്ക്,എന്റെ സ്വർഗത്തിലേക്ക്.
തിരികെ ചെല്ലുമ്പോൾ അമ്മയുടെ കണ്ണിൽ സന്തോഷം ഒരു തുള്ളിയായ് നിറയുന്നതും, 
അഛന്റെ മുഖത്ത് അടക്കിപിടിച്ച ഒരു കുഞ്ഞില വിരിയുന്നതും, 
മുത്തഛന്റെ ആ വലിയ ചിരിയും, 
യാത്രയുടെ വിവരം അറിയിക്കാത്തതിനു ചേട്ടന്റെ വക കിട്ടുന്ന ശകാരത്തിന്റെ തഴുകലുകളും അല്ലാതെ ഒരു സ്വർഗവും ഇല്ല, ഈ ഭൂമിയിൽ.

April 15, 2014

പപ്പുവിന്‍റെ വിഷു

"രാഹു ജി,വിഷു ആശംസകൾ"
"താങ്ക്യു. എല്ലാർക്കും എന്റെ വിഷാശംസകൾ"
"(!!!!! എന്തോന്ന്?) താങ്കളുടെ വിഷു ഓർമ്മകൾ പ്രേക്ഷകരുമായി പങ്കിടാമൊ?"
"അതൊക്കെ ഞങ്ങടെ കുട്ടിക്കാലത്തെ വിഷു. വിഷൂന്റെ അന്നു രാവിലെ ഞാനും ബിയാങ്കയും തൊടിയിലേക്ക് ഇറങ്ങും. തുമ്പയും മുക്കുറ്റീം ചെമ്പരത്തീം എന്നു വെണ്ട പൂവായ പൂവൊക്കെ പറിക്കും. പിന്നെ പൂക്കളം ഇടും...."
"അയ്യൊ സർ കടലാസ് മാറിപ്പോയെന്നു തോന്നുന്നു, പൂക്കളം ഓണത്തിനല്ലെ? ഇതു വിഷു; കണി,കൈനീട്ടം ഒക്കെ ഉള്ള"
"സൊ വാട്ട്? ഞങ്ങൾ വിവരാവകാശനിയമം കൊണ്ടുവന്നില്ലെ? പിന്നെ സ്ത്രീകളൂടെ ശാക്തീകരണം, യുവജനങ്ങളൂടെ...."
"സാർ, അതല്ല സർ, വിഷു അതല്ല സാർ"
"മമ്മീീീീ, ഇയാൾ എന്നെ സംസാരിക്കാൻ സമ്മതിക്ക്ണില്ലാ"
"അയ്യൊ വേണ്ട, മോൻ സംസാരിച്ചൊ. അപ്പൊ വിഷുവിനാണ് മോന്റെ അഛൻ രാജാവും മുത്തശ്ശി മഹാറാണീം നാടുകാണാൻ വരുന്നത്, അല്ലെ?"
"കറക്റ്റ്. ഞാൻ വിചാരിച്ച അത്രേം മൂത്തട്ടില്ല. ഇനീം രക്ഷപ്പെടാൻ ചാൻസ് ഉണ്ട്"
"താങ്ക്യു മ്പ്രാ"
"അപ്പൊ പറഞ്ഞുവന്നത് അങ്ങനെ ഞങ്ങൾ അന്നു പല നിറങ്ങൾ കലക്കിയ വെള്ളം എല്ലാർടേം ദേഹത്തൊഴിക്കും"
"ഹൊ മ്പ്രാനെ സമ്മതിക്കണം"
"പിന്നല്ല!!!"
---
"ഇന്റെർവ്യു തന്നതിനു നന്ദി സർ. ഞാൻ ഇറങ്ങട്ടെ"
"അല്ല അപ്പൊ കൈനീട്ടം ഇല്ലെ?"
"അതു പെട്ടീലിട്ട്ണ്ട്. ഒരു മാസം കഴിയുമ്പൊ അങ്ങുന്നിനു കിട്ടും. കൈ നീട്ടി തന്നെ കിട്ടും"
"അതു മതി. കിട്ട്യാ മതി"
"കിട്ടും ന്നെ. ഉറപ്പ്"
"എന്നാ വേഗം സ്കൂട്ടായെ. നിക്ക് അമൃതേത്തിനു സമയം ആയി"

*രാഹു എന്നൊരു ഗ്രഹം ഉണ്ടെന്നു ഞാൻ വിശ്വസിച്ചിരുന്നില്ല. പക്ഷെ ഇപ്പൊ വിശ്വാസമായി!

April 12, 2014

ആറാട്ടുപുഴ പൂരം

പുലര്‍ച്ചെ മൂന്നിന് എഴുന്നേറ്റ് മേല്‍ കഴുകി ഒരു കട്ടന്‍ കാപ്പിയും കുടിച്ച് നേരെ അമ്പലത്തിലേക്ക് ഇറങ്ങി. അമ്മതിരുവടി എഴുന്നള്ളി പോകുന്നതിന്റെ പുറകെ ആറാട്ടുപുഴയിലേക്ക് വെച്ചു പിടിച്ചു. അവിടെ ചെറുപൂരങ്ങള്‍ കണ്ടു, ദേവി- ദേവന്മാരെ കണ്ടു, ജനസമുദ്രം കണ്ടു, തട്ടകക്കാരെ കണ്ടു, വഴി വാണിഭക്കാരെ കണ്ടു, ആനകളെ കണ്ടു, കൂട്ടി എഴുന്നള്ളിപ്പ് കണ്ടു.

കതിനകള്‍ പൊട്ടുന്ന ശബ്ദം കേട്ടു, ചേര്‍പ്പിന്‍റെ മേളം കേട്ടു, ഊരകത്തിന്‍റെ കലാശിക്കുന്നത് കേട്ടു, ദേവീ ദേവന്മാര്‍ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിനോട് ഓചാരം ചൊലുന്നത് കേട്ടു, തേവരെ യാത്ര അയക്കുന്ന വേളയില്‍ അടുത്ത വര്‍ഷത്തെ പൂരം മീനം പന്ത്രണ്ടിനെന്നു വിളംബരം ചെയ്യുന്നതും കേട്ടു.

തലയ്ക്കു മുകളില്‍ കത്തി നിക്കുന്ന സൂര്യനെ വക വെക്കാതെ കണ്ട കാഴ്ചകളും കേട്ട ശബ്ദങ്ങളും മനസ്സില്‍ സൂക്ഷിച്ച് വഴിയിലെ കടയില്‍ നിന്നും ഒരു സോഡയും വാങ്ങി കുടിച്ചു മീനം പന്ത്രണ്ടെന്നു ഉരുവിട്ട് തിരികെ വീട്ടിലേക്ക് നടന്നു.

ശേഷം സുഖമായി ഉറങ്ങി.

March 23, 2014

പാര്‍ശ്വവല്‍കൃതം

ഭൂരിപക്ഷം എന്ന ഒരു പക്ഷം സത്യത്തിൽ ഭാരത രാഷ്ട്രീയത്തിലില്ല. ന്യൂനപക്ഷം എന്നു പറയുന്ന ചില കൂട്ടർക്കെതിരെ നിൽക്കുന്നവരൊക്കെ 'തീവ്രവാദ'പക്ഷം ആണ്.

അതുകൊണ്ട് തന്നെ ലോകസഭയിൽ ഏറ്റവും കൂടുതൽ സീറ്റ് കിട്ടിയ പാർട്ടിയെ സർക്കാർ ഉണ്ടാക്കുന്നതിനു ക്ഷണിക്കുന്ന മൂരാച്ചിത്വ-ചൂഷക നിയമം മാറ്റി ഏറ്റവും കുറവു സീറ്റു കിട്ടിയ സഭയിലെ ന്യൂനനെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ച് വിപ്ലവാത്മകവും സമത്വാധിഷ്ഠിതവുമായ ഒരു പുതിയ കീഴ്വഴക്കം സൃഷ്ടിക്കുന്നതിനെ പറ്റി
അരുന്ധതി റോയിയെ പോലുള്ള ചിന്താഭരണികൾക്ക് ചിന്തിക്കാവുന്നതാണ്.

പാര്‍ശ്വവല്‍കൃത വാല്‍ക്കഷ്ണം: ന്യൂനപക്ഷങളുടെ പാർശ്വവത്കരണം എന്നൊക്കെയുള്ള ഹിഡുംബൻ പ്രയോഗങൾ നടത്തുന്നവർ ഈ പറയുന്ന ന്യൂനന്മാർ ഭൂരിപക്ഷമായ രാജ്യങളിലേയും പ്രദേശങളിലേയും ന്യൂനപക്ഷങളുടെ അവസ്ഥ ഒന്നു നോക്കുന്നത് നല്ലതാകും. അതാണു ഹൈന്ദവ സംസ്കാരത്തിന്റെ വിത്യാസം. ഇസ്രായേലിനു പുറത്ത് സ്ഥിതി ചെയ്യുന്ന ഏറ്റവും പഴക്കമേറിയ ജൂത സിനഗോഗും, ഇസ്ലാം ക്രൈസ്തവ മതങളുടെ (ഏകദേശം) അത്രയും തന്നെ പഴക്കമുള്ള പള്ളികളും ഒക്കെ ഭാരതത്തിലാണെന്നു മറക്കരുത്. 

March 21, 2014

ആളെറങ്ങാന്‍ ണ്ടേ

"കേസാര്‍ടീസി, റെയില്‍വേ, വടക്കേ സ്റ്റാന്റ്, റൌണ്ട് ഒക്കെ ഇറങ്ങ്, റൌണ്ട് പോവില്ല ട്ടാ..റൌണ്ട് പോവില്ല.. വടക്കേ സ്റ്റാന്റ്, റൌണ്ട് ഒക്കെ ഇവിടെ ഇറങ്ങിക്കോ"

"......."


"ചേട്ടാ ആ വാതിലങ്ങു അടച്ചേക്ക്"
ടിംഗ്, ടിംഗ്


"അല്ലാ , അപ്പൊ റൌണ്ട് പോകില്ല അല്ലെ?"
"ഇല്ല..."
"ആളെറങ്ങാന്‍ ണ്ടേ!!"
"!!!!"


ടിംഗ്

March 20, 2014

തബൽ ചോംബ

ഇപ്പോള്‍ മണിപ്പൂരിൽ ഇപ്പോൾ 'തബൽ ചോംബ' എന്ന സ്വയംവര നൃത്തക്കാലം. ആണുങ്ങളും പെണ്ണുങ്ങളും കൈകോർത്ത് പിടിച്ച് നൃത്തം ചെയ്യുന്നു. പരസ്പരം ഇഷ്ടപ്പെട്ടവർക്ക് ഒളിച്ചോടാം, കല്യാണം കഴിക്കാം. എത്ര മനോഹരമായ ആചാരം, അല്ലെ?

ഇലക്ഷന്റെ ഫലം വരുമ്പോൾ മണിപ്പൂർ മാത്രമല്ല ഭാരതം മൊത്തം തബൽ ചോംബ കൊണ്ടാടുന്ന നയനാനന്തകരമായ കാഴ്ച നമുക്ക് എല്ലാവർക്കും കാണാം. പക്ഷെ ഒരു വിത്യാസം ഉണ്ടാകും: ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും പകരം രണ്ടിന്റേയും മദ്ധ്യേ വർത്തിക്കുന്ന രാഷ്ട്രീയക്കാരാകും ഈ നാഷണൽ ചോംബയുടെ താരങ്ങൾ.
 

ഫൈന്‍ പ്രിന്റ്‌: ഇതുപോലെ മനോഹരമായ ആചാരങ്ങൾ ഇനിയുമുണ്ടോ, ആവോ?

March 19, 2014

സ്മാര്‍ട്ടാകാന്‍ ആന്‍ഡ്രോയ്ഡ് വെയര്‍


സ്മാര്‍ട്ട് ഫോണുകള്‍ക്ക് ശേഷം ഇനി വരുന്നത് സ്മാര്‍ട്ട്‌-വെയറുകളുടെ തരംഗം ആണെന്ന് ഗൂഗിള്‍ ഗ്ലാസ്സിലൂടെയും സ്മാര്‍ട്ട് വാച്ചുകളിലൂടെയും വ്യതമാക്കപ്പെട്ടു കഴിഞ്ഞു. വരും മാസങ്ങളില്‍ ഉയര്‍ന്ന വളര്‍ച്ച പ്രതീക്ഷിക്കുന്ന ഈ വിപണി കയ്യടക്കാന്‍ ഗൂഗിള്‍ രംഗത്തിറങ്ങി കഴിഞ്ഞു, അതും ആപ്പിള്‍ അവരുടെ ഐ-വാച്ച് പുറത്തിറക്കുന്നതിനു മുമ്പ് തന്നെ. സ്മാര്‍ട്ട് വാച്ചുകള്‍ക്കും മറ്റു വെയറബിള്‍ (ധരിക്കാവുന്ന) ഗാഡ്ജെറ്റുകള്‍ക്കും വേണ്ടി ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ അധിഷ്ഠിതമായ ആന്‍ഡ്രോയ്ഡ് വെയര്‍ ഒ.എസ് ഇന്നലെ ഗൂഗിള്‍ അനാവരണം ചെയ്തു. ഗൂഗിളിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ മോട്ടോറോളയും എല്‍ജിയും ആന്‍ഡ്രോയ്ഡ് വെയറില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് വാച്ചുകള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം തന്നെ ഇവ വിപണിയില്‍ എത്തും.
 
എന്താണ് ആന്‍ഡ്രോയ്ഡ് വെയര്‍
ഫോണുകള്‍ക്ക് ആന്‍ഡ്രോയ്ഡ് എന്ന പോലെ സ്മാര്‍ട്ട് വാച്ചുകള്‍ക്കും മറ്റു സമാന ഗാഡ്ജെറ്റുകള്‍ക്കും വേണ്ടിയുള്ള ഓ.എസ്. ആണ് ആന്‍ഡ്രോയ്ഡ് വെയര്‍

വര്‍ത്തമാനം നിങ്ങളുടെ കയ്യില്‍
ഏറ്റവും പ്രസക്തമായ വിവരം ഉചിതമായ സമയത്ത് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ഗൂഗിള്‍ പുറത്തിറക്കിയ 'ഗൂഗിള്‍ നൌ' ആണ് വെയറിന്റേയും നട്ടെല്ല്. ഫോണുമായി കണക്ട് ചെയ്യുക വഴി ഏറ്റവും പ്രധാന നോട്ടിഫിക്കേഷനുകള്‍ വാച്ചിലൂടെ ലഭ്യമാക്കുന്നു. ഇതുകൂടാതെ തന്നെ വോയ്സ് ഇന്‍പുട്ട് (ഓക്കെ ഗൂഗിള്‍ ) സ്വീകരിക്കാനും വെയറില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ വാച്ചുകള്‍ക്ക് സാധിക്കും. ഇതിലൂടെ റിമൈന്‍ഡറുകള്‍ സെറ്റ് ചെയ്യാനും, മെസ്സേജ് അയക്കാനും ഒക്കെ സാധിക്കും. ഇതുകൂടാതെ തന്നെ ഒരു ഫിട്നെസ്സ് ട്രാക്കര്‍ (പെഡോമീറ്റര്‍, സഞ്ചരിച്ച ദൂരം മുതലായ വിവരങ്ങള്‍) എന്ന നിലയിലും ഇത്തരം സ്മാര്‍ട്ട്‌ വാച്ചുകള്‍ പ്രവര്‍ത്തിക്കുന്നു.

ഇന്റര്‍ഫേസ് ഫീച്ചറുകള്‍
  • ഗൂഗിള്‍ നൌവിന്റെ പോലെ വിവിധ ഇന്‍ഫര്‍മേഷനുകള്‍ കാണിക്കുന്ന കാര്‍ഡുകള്‍ - കോണ്‍ടെക്സ്റ്റ് സ്ട്രീം
  • സമയോചിതമായ നോട്ടിഫിക്കേഷനുകള്‍ പേജുകളും സ്റ്റാക്കുകളും 
  • വോയ്സ് ഇന്‍പുട്ട്, സെര്‍ച്ച്‌ 
  • ഫോണുമായുള്ള കണക്റ്റിവിറ്റി 

ഇതൊരു തുടക്കമാണ്. ഡിവൈസ് നിര്‍മ്മാതാക്കളും, ഫാഷന്‍ ബ്രാന്‍ഡുകളും, ആപ്പ് ഡെവലപ്പേഴ്സും അടങ്ങുന്ന ഒരു സഖ്യമാണ് വെയറിനു വേണ്ടി ഗൂഗിള്‍ വിഭാവനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ വരുംനാളുകളില്‍ വെയറില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ ആപ്പുകളും മറ്റു ഗാഡ്ജെറ്റുകളും വിപണിയില്‍ പ്രതീക്ഷിക്കാം!



March 18, 2014

എക്സര്‍സൈസ്

ബുധഗ്രഹം മെലിഞ്ഞത്രേ! 4880 കിലോമീറ്റർ ചുറ്റളവുള്ള ഗ്രഹം 7 കിലോമീറ്റർ മെലിഞ്ഞു എന്നാണ് ഇപ്പോൾ ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്.

ഇതാണ് ഞാന്‍ എക്സര്‍സൈസ് ചെയ്യാത്തെ. 450 കോടി വര്‍ഷമായി സൂര്യന് ചുറ്റും നോണ്‍-സ്റ്റോപ്പ്‌ ഓടിയിട്ട് ആകെ കുറഞ്ഞത് വെറും 7 കിലോമീറ്റര്‍; അതായത് വെറും 0.14%!! പിന്നെ ഞാന്‍ രാവിലെ അര മണിക്കൂര്‍ ഓടിയിട്ടു വല്ല കാര്യോമുണ്ടോ?

March 17, 2014

പെബ്ബിളിന്റെ സമയം!

പണ്ട് ദൂരദര്‍ശനില്‍ കുട്ടികള്‍ക്കായി പ്രക്ഷേപണം ചെയ്തിരുന്ന 'ജയന്റ് റോബോട്ട്' എന്ന പരമ്പരയില്‍ റിസ്റ്റ് വാച്ചിലൂടെ റോബോട്ടിനെ വിളിക്കുന്നത് അദ്ഭുതപൂര്‍വ്വം കണ്ടിരുന്നിട്ടുണ്ട്. പിന്നീട് ജെയിംസ്‌ ബോണ്ട്‌ സിനിമകളിലും സയന്‍സ് ഫിക്ഷന്‍ സിനിമകളും ഇത്തരത്തിലുള്ള ഗാഡ്ജെറ്റ്സ് നമ്മള്‍ കണ്ടിട്ടുണ്ട്. എല്ലാം സ്മാര്‍ട്ട്‌ ആയിക്കൊണ്ടിരിക്കുന്ന ഈ ഇലക്ട്രോണിക് യുഗത്തില്‍ റിസ്റ്റ് വാച്ച്ചുകളും സ്മാര്‍ട്ട്‌ ആയില്ലെന്കിലെ അദ്ഭുതമുള്ളൂ. സോണിയും സാംസങ്ങും അടക്കമുള്ള  വന്‍കിട കമ്പനികള്‍ ആധിപത്യത്തിന് വേണ്ടി മത്സരിക്കുന്ന ഈ പുതുവിപണിയിലെ ഇത്തിരിക്കുഞ്ഞനാണ് പെബ്ബിള്‍ : പൊതുജനങ്ങളില്‍ നിന്നും പണം പിരിച്ചു നിര്‍മ്മിക്കപ്പെട്ട, ആപ്പിള്‍ ഐ.ഒ.എസ്/ആന്‍ഡ്രോയ്ഡ്‌ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളുമായി സംവദിക്കാന്‍ സാധിക്കുന്ന ഒരു റിസ്റ്റ് വാച്ച്.

എന്താണ് പെബ്ബിള്‍ ?
സ്മാര്‍ട്ട് ഫോണുമായി സംവദിക്കാന്‍ സാധിക്കുന്ന സ്മാര്‍ട്ട്‌ വാച്ച് ആണ് പെബ്ബിള്‍. പ്ലാസ്റ്റിക് ബോഡിയിലുറപ്പിച്ച, സൂര്യപ്രകാശത്തിലും തെളിമയോടെ നില്‍ക്കുന്ന 144X168 പിക്സല്‍ റെസൊലൂഷന്‍ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ്  ഇ-ഇങ്ക് ഡിസ്പ്ലേ ആണ് പെബ്ബിളിന്റെ സ്ക്രീന്‍. വാച്ചിന്റെ വശങ്ങളില്‍ ഉള്ള നാല് ബട്ടണുകള്‍ വഴിയാണ് നാവിഗേഷന്‍ സാധ്യമാകുന്നത്. യു,എസ്.ബി കേബിള്‍ വഴി റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ബാറ്ററി വഴി ഒരു റീചാര്‍ജില്‍ അഞ്ചുമുതല്‍ ഏഴു ദിവസം വരെ ഉപയോഗിക്കാന്‍ സാധിക്കുന്നു. സ്റ്റീല്‍ ബോഡിയും ഗോറില്ലാ ഗ്ലാസ്സോടും കൂടിയ പെബ്ബിള്‍ സ്റ്റീല്‍ എന്ന പുതിയ മോഡലും ഈ അടുത്തായി കമ്പനി പുറത്തിറക്കിയിട്ടുണ്ട്.




എന്തിനു പെബ്ബിള്‍ ?
അടിസ്ഥാനപരമായി ഫോണിലെ നോട്ടിഫിക്കേഷനുകള്‍ ലഭ്യമാകുന്ന (കാള്‍/മെസ്സേജ്/ഇമെയില്‍) ഒരു ഗാഡ്ജെറ്റ് ആണ് പെബ്ബിള്‍. പെബ്ബിള്‍ ഉപയോഗിച്ചു കാള്‍ ചെയ്യാനോ മെസ്സേജ് അയക്കാനോ സാധിക്കില്ല.എന്നാല്‍ ഇതിലുപരി പെബിളില്‍ ഇന്‍സ്റ്റോള്‍ ചെയ്യാവുന്ന ആപ്പുകളും ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. ഇത്തരം ആപ്പുകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്ന പെബ്ബിള്‍ ആപ്പ് സ്റ്റോറും, പെബ്ബിളിന്റെ നവീകരിച്ച ഒ.എസും (വേര്‍ഷന്‍ രണ്ട്) പുറത്തിറക്കുംഈ മാസം അവസാനത്തോടെ ലോഞ്ച് ചെയ്യും. കേവലം സമയം പറയുകയും, നോട്ടിഫിക്കേഷനുകള്‍ കാണിക്കുകയും ചെയ്യുക എന്നതിലുപരി പെബ്ബിളിന്റെ സാധ്യതകള്‍ വിപുലീകരിക്കാന്‍ സഹായിക്കുന്നതാണ് പുതിയ ഒ.എസ്. ഉദാഹരണത്തിന് ബെന്‍സിന്റെ പെബ്ബിള്‍ അപ്പ് വഴി കാറിലെ ഇന്ധനത്തിന്റെ അളവ്, ടയര്‍ പ്രഷര്‍, പാര്‍ക്ക് ചെയ്ത സ്ഥലം മുതലായ കാര്യങ്ങള്‍ വാച്ചില്‍ ലഭ്യമാകും.

എങ്ങിനെ വാങ്ങാം?
പെബ്ബിളിന്റെ വെബ്സൈറ്റില്‍ നിന്നും ആര്‍ക്കും വാച്ച് ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. 150 അമേരിക്കന്‍ ഡോളര്‍ (പുതിയ മോഡല്‍ ആയ പെബ്ബിള്‍ സ്റ്റീലിനു 250 അമേരിക്കന്‍ ഡോളര്‍) ആണ് വില. ഇന്ത്യയിലേക്ക്‌ ഷിപ്പിംഗ് സൌജന്യമാനെങ്കിലും ഇറക്കുമതിച്ചുങ്കമായി ഏകദേശം 4000 രൂപ കൂടി നല്‍കേണ്ടി വരും.

അവസാനവാക്ക് 
പുതു ടെക്നോളജി സാമാന്യ ജനങ്ങള്‍ക്ക് താങ്ങാവുന്ന വിലക്ക് ലഭ്യമാക്കണം എന്ന ഉദ്ദേശത്തില്‍ രൂപകല്‍പന ചെയ്ത ഒരു ഗാഡ്ജെറ്റ് ആണ് പെബ്ബിള്‍ എങ്കിലും ഐ-ഫോണ്‍ പോലെയോ, ആന്‍ഡ്രോയ്ഡ്‌ പോലെയോ സ്വീകാര്യത നേടാന്‍ പെബ്ബിളിനു സാധ്യമായിട്ടില്ല. ഒരു വര്‍ഷം കൊണ്ട് മൂന്നു ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയെങ്കിലും ടെക്നോളജി ഗീക്കുകളാണ് പെബ്ബിള്‍ വാങ്ങിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. എങ്കിലും പുതിയ ടെക്നോളോജി ഇഷ്ടമുള്ളവര്‍ക്ക് പെബ്ബിള്‍ സ്മാര്‍ട്ട് ആയിക്കൊണ്ടിരിക്കുന്ന ഭാവിയുടെ ഒരേട്‌ സമ്മാനിക്കുമേന്നതില്‍ സംശയമില്ല!
(ദീപികയുടെ 'ടെക്@ദീപിക' കോളത്തില്‍ സ്വ:ലേയുടെയായി പ്രസിദ്ധീകരിച്ചത്. അതു ഇവിടെ വായിക്കാം)