June 29, 2013

റാസ്പ്ബെറി പൈ എന്ന കുഞ്ഞന്‍ കമ്പ്യൂട്ടര്‍

Pi Desktop 
പൈ എന്നു കേട്ടാല്‍ ബഹുഭൂരിപക്ഷം ആളുകള്‍ക്കും ആദ്യം മനസ്സില്‍ തെളിയുന്നത് പണ്ട് സ്കൂളിലെ ഗണിതക്ലാസ് ആകും. ലൈഫ്‌ ഓഫ് പൈ എന്നാ സിനിമയും ഓര്‍ത്തേക്കാം. എന്നാല്‍ ഇപ്പൊള്‍ കമ്പ്യൂട്ടര്‍ ലോകത്ത്‌ ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിക്കുന്ന ഒരു കമ്പ്യൂട്ടറിന്റെ ചുരുക്ക പേരാണ് പൈ എന്നു കൂടി അറിയുക. യു.കെയിലെ സ്കൂള്‍ വിദ്യാര്‍ദ്ധികളെ പ്രോഗ്രാമിംഗ് പഠിപ്പിക്കുന്നതിന് വേണ്ടി കേംബ്രിഡ്ജ് സര്‍വകലാശാലയിലെ വിദഗ്ധര്‍ രൂപ കല്പന ചെയ്ത, ഒരു ക്രെഡിറ്റ്‌ കാര്‍ഡിന്റെ വലുപ്പം മാത്രമുള്ള ഒരു കമ്പ്യൂട്ടര്‍ ആണ് റാസ്പ്ബെറി പൈ. ഏറ്റവും പുതിയ പൈ-മോഡല്‍ Bയുടെ വില കേവലം 35 യു.എസ്. ഡോളര്‍ (ഏകദേശം 3000 രൂപ). ഇന്ത്യയില്‍ ഇ-ബേ പോലുള്ള സൈറ്റുകളില്‍ നിന്നും പൈ വാങ്ങാവുന്നതാണ്. ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റോള്‍ ചെയ്യുന്നതിന് ഒരു SD കാര്‍ഡ് കൂടി (കുറഞ്ഞത് 4GB) പ്രത്യേകമായി വാങ്ങണം

ഹാര്‍ഡ്‌വെയര്‍ (പൈ-മോഡല്‍ ബി)
Raspberry Pi Components

700 Mhz ന്റെ ARMv6 പ്രൊസെസറും 512MB റാമും ആണ് പൈയുടെ തലച്ചോര്‍ . കീബോര്‍ഡ്‌, മൗസ്, പെന്‍ ഡ്രൈവ് മുതലായവ കണക്ട് ചെയ്യാന്‍ രണ്ടു USB ഡ്രൈവുകള്‍ ഉണ്ട്. മോണിട്ടര്‍ കണക്ട് ചെയ്യാന്‍ ഒരു HDMI പോര്‍ട്ടും, ഇന്റര്‍നെറ്റിനായി ഒരു ലാന്‍ പോര്‍ട്ടും ഉണ്ട്. അനലോഗ് വീഡിയോ-ഓഡിയോ  പോര്‍ട്ടുകളും പൈയുടെ ഇത്തിരി വലുപ്പത്തില്‍ കൊടുത്തിരിക്കുന്നു.  പ്രവര്‍ത്തിക്കാന്‍ ഒരു മൊബൈല്‍ ഫോണിനേക്കാള്‍ കുറവ് വൈദ്യതിയേ ഇതിനു ആവശ്യമുള്ളൂ. മൈക്രോ USB പോര്‍ട്ട്‌ വഴി ആണ് പവര്‍ ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ മിക്ക മൊബൈല്‍ ചാര്‍ജറുകളും പൈയുടെ ഒപ്പം ഉപയോഗിക്കാവുന്നതാണ്. HDMI/ അനലോഗ് വീഡിയോ കേബിളോ ഉപയോഗിച്ച് പൈയെ ഏതു ടി.വിയിലെക്കും കണക്ട് ചെയ്തു ടി.വി ഒരു മോണിട്ടര്‍ ആയി ഉപയോഗിക്കാം. 256 MB റാമോടു കൂടിയ, ലാന്‍ പോര്‍ട്ട്‌ ഇല്ലാത്ത പൈ-മോഡല്‍ Aയും വിപണിയില്‍ ലഭ്യമാണ്. 25 യു.എസ്. ഡോളര്‍ ആണ് മോഡല്‍ എയുടെ വില.
Pi Connected

ഓപ്പറേറ്റിംഗ് സിസ്റ്റം
സ്വന്തമായി ഹാര്‍ഡ്‌ ഡിസ്ക് ഇല്ലാത്തതിനാല്‍ SD കാര്‍ഡില്‍നിന്നാണ് പൈ ബൂട്ട് ചെയ്യുന്നത്. ഡെബിയന്‍ ലിനക്സില്‍ അധിഷ്ഠിതമായ 'റാസ്പ്ബിയന്‍' ആണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപെടുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം.  പൈയുടെ വെബ്‌ സൈറ്റില്‍ നിന്നും റാസ്പ്ബിയന്‍ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം. OS ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്യേണ്ട വിധം റാസ്‌പ്ബെറി പൈ വെബ്‌സൈറ്റില്‍ കൊടുത്തിട്ടുണ്ട്. റാസ്പ്ബിയന്‍ അല്ലാതെ ആര്‍ക് ലിനക്സ്, റിസ്ക്‌ എന്നീ OSകളും വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. റെഡ്‌ ഹാറ്റ്‌ അവരുടെ ഏറ്റവും പോപ്പുലര്‍ ആയ ലിനക്സ് ഡിസ്ട്രോ ഫെഡോറ ഈ അടുത്ത ദിവസം പൈക്കുവേണ്ടി 'പൈഡോര' എന്ന പേരില്‍ ഇറക്കുകയുണ്ടായി. ഫെഡോറ കൂടി ലഭ്യമായതോടെ പൈ ജനപ്രിയത വര്‍ധിക്കും എന്നതില്‍ തര്‍ക്കമില്ല.

അനന്ത സാധ്യതകളുടെ ലോകം 
വിദ്യാര്‍ഥികളെ മുന്നില്‍ കണ്ടാണ് പൈ രൂപകല്‍പന ചെയ്തതെങ്കിലും ലോകമെമ്പാടുമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പക്ഷക്കാരും ഇലക്ട്രോനിക്സ്‌ കുതുകികളും പൈയേ നെഞ്ചിലേറ്റി. ലിനക്സില്‍ പ്രവര്‍ത്തിക്കുന്ന ചിലവ് കുറഞ്ഞ ഒരു കമ്പ്യൂട്ടര്‍ അവരുടെ മുമ്പില്‍ സാധ്യതകളുടെ ഒരു ലോകം തന്നെയാണ് തുറന്നിട്ടത്. സി, പൈത്തണ്‍ പോലുള്ള പ്രോഗ്രാമിംഗ് ലാംഗ്വേജുകള്‍   ഉപയോഗിച്ച്  ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ്‌ പോലെ സങ്കീര്‍ണ്ണമായ പല പ്രോസസ്സുകള്‍ക്കും ഇന്ന് പൈയെ ഉപയോഗിക്കുന്നു. ഇതൊക്കെ ആണെങ്കിലും ത്രിമാന അനിമേഷന്‍, ഗേയ്മിംഗ് പോലെ ചില പ്രോസസ്സുകള്‍ക്ക്  പൈയുടെ പ്രോസെസിംഗ് ശേഷി അപര്യാപ്തമാണ് എന്ന് കൂടി പറയേണ്ടിയിരിക്കുന്നു.

ലിനക്സ് നല്‍കുന്ന പ്രോഗ്രാമിംഗ് സ്വാതന്ത്ര്യവും, വളരെ കുറഞ്ഞ വൈദ്യുതി ഉപഭോഗവും, സര്‍വോപരി വിലക്കുറവും വ്യത്യസ്തങ്ങളായ പല ആവശ്യങ്ങള്‍ക്കും പൈയേ അനുയോജ്യമാക്കുന്നു. ഈ അടുത്ത് നടന്ന ഗൂഗിള്‍ I/O 2013 കണ്‍വെന്‍ഷനില്‍ സമ്മേളനസ്ഥലത്തിന്റെ ആകാശ ദൃശ്യങ്ങള്‍ എടുക്കുന്നതിനു പൈ അടങ്ങിയ ബലൂണുകള്‍ ഉപയോഗിക്കുകയുണ്ടായി. ഭൂട്ടാനിലെ ഖാന്‍ അകാഡമി അവരുടെ സ്റ്റഡി മറ്റീരിയലുകള്‍ ഇന്റര്‍നെറ്റ്‌ ഇല്ലാത്ത സ്ഥലങ്ങളില്‍ ലഭ്യമാക്കുന്നതിന് പൈ അടിസ്ഥാനമാക്കിയുള്ള മൊബൈല്‍ സെര്‍വറുകള്‍ ഉപയോഗിക്കുന്നു. ഇതുപോലെ റാസ്പ്ബെറി പൈ ഉപയോഗിച്ചു ചെയ്യാവുന്ന അനേകം പ്രോജെക്ട്ടുകള്‍ ഇന്ന് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.  ഒരല്പം കമ്പ്യൂട്ടര്‍ പരിജ്ഞാനവും, ലിനക്സ് പരിചയവും ഉണ്ടെങ്കില്‍ ആര്‍ക്കും ഇവ പരീക്ഷിക്കാവുന്നതുമാണ്. XBMC മീഡിയ സെന്റെര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു പൈയെ ഒരു മീഡിയ ഹബ് ആക്കി മാറ്റാവുന്നതാണ്. മറ്റേതു ലിനക്സ് സോഫ്റ്റ്‌വെയരിനെയും പോലെ XBMCയും ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയതുകൊണ്ട് XBMC വെബ്സൈറ്റില്‍ നിന്നും സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. 

പൈ ഒരു വെബ്‌ സെര്‍വര്‍ ആക്കി മാറ്റി എന്റെ വെബ്സൈറ്റ് അതില്‍ ഹോസ്റ്റ് ചെയ്തിട്ടുണ്ട്. www.ranjithj.in/pi എന്ന അഡ്രസില്‍ ഈ സൈറ്റ് നിങ്ങള്‍ക്ക്‌ കാണാവുന്നതാണ്.
റാസ്പ്ബെറി പൈ വെബ്സൈറ്റ് : http://www.raspberrypi.org/

(ജൂണ്‍ 7ലെ 'ദീപിക' പത്രത്തില്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുകയുണ്ടായി. അത് ഇവിടെ വായിക്കാം)