May 31, 2012

റിട്ടയര്‍മെന്റ് പാര്‍ട്ടി

"മെയ്‌ മുപ്പതിനാണ് പരിപാടി, വരണം" രവി സര്‍ പറഞ്ഞു.

ഞാന്‍ ബാങ്കില്‍ ചേര്‍ന്നതിനു ശേഷം രണ്ടു കൊല്ലം എന്റെ ഗുരു ആയിരുന്നു രവി സര്‍. മെയ്‌ മുപ്പത്തൊന്നിന്നു അദ്ദേഹം വിരമിക്കുകയാണ്. അതിന്റെ പാര്‍ട്ടി ആണ് മുപ്പതിന്. പാലക്കാട്‌ വെച്ചാണ്. ഓഫീസില്‍ നിന്ന് കുറച്ചു പേര്‍ ഒരു വണ്ടി വിളിച്ചു പാലക്കാട്ടേക്ക് പോകാന്‍ തിരുമാനമായി. അങ്ങനെയാണ് ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ഞാനടക്കം എട്ടുപേര്‍ പാലക്കാട്ട് റോബിന്‍സണ്‍ റോഡിലെ ഹോട്ടലില്‍ എത്തിയത്. ഞങ്ങള്‍ എത്തുമ്പോള്‍ രവി സാറും പിന്നെ പാലക്കാട്‌ ഓഫീസിലെ ചുരുക്കം ചിലരും മാത്രമേ എത്തിയിട്ടുണ്ടായിരുന്നുള്ളൂ. മുഖത്ത് സ്വതസിദ്ധമായ ചിരിയുമായി രവി സര്‍ വാതില്‍ക്കല്‍ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. പതിയെ പതിയെ മറ്റു ബ്രാഞ്ചുകളില്‍ നിന്നും ആള്‍ക്കാര്‍ എത്തി തുടങ്ങിയപ്പോള്‍  ആ സായാഹ്നം ഹസ്തദാനങ്ങളുടെയും, പൊട്ടിച്ചിരികളുടെയും, ഗതകാലസ്മരണകളുടെ പങ്കുവെക്കലിന്റെതുമായി മാറുകയായിരുന്നു. പത്തോ ഇരുപതോ വര്‍ഷങ്ങളായി അറിയുന്നവര്‍, ഒരുമിച്ചു ജോലി ചെയ്തവര്‍, ഒരു മുറി പങ്കിട്ടവര്‍, ജോലിയും മറ്റു തിരക്കുകളുമായപ്പോള്‍ വഴി പിരിഞ്ഞു പോയവര്‍, ബാങ്കിംഗ് എന്നാല്‍ ഒരു കമ്പ്യൂട്ടര്‍ സ്ക്രീനോ, എ.ടി.എം മെഷീനോ, ഫോണിന്റെ അങ്ങേ അറ്റത്തെ കിളിമോഴിയോ ആയി മാറുന്നതിനു മുമ്പ് തടിച്ച ലെഡ്ജറുകളിലും രജിസ്റ്ററുകളിലും ഒരു ജനതയുടെ സമ്പാദ്യത്തിന്റെ കണക്കുകള്‍ ഒരു പൈസ പോലും വ്യത്യാസമില്ലാതെ എഴുതി സൂക്ഷിച്ചവര്‍ :അവര്‍ അവിടെ ഒത്തു കൂടി പഴയ തമാശകളും ഓര്‍മകളും പങ്കു വെച്ചപ്പോള്‍ കൂട്ടത്തില്‍ ഏറ്റവും ഇളയ അംഗം ആയ ഞാന്‍ മാത്രം കാണിയായി ഹോട്ടലിനു മുമ്പിലെ ജലധാരക്ക് മുമ്പില്‍ നിലയുറപ്പിച്ചു, ഒരു കാഴ്ചക്കാരനായി. ആ കാഴ്ചക്കും ഒരു സൌന്ദര്യമുണ്ടായിരുന്നു; സൌഹൃദത്തിന്റെ സൌന്ദര്യം. ആ സായഹ്നതിനു ഒരു സുഗന്ധമുണ്ടായിരുന്നു; സ്നേഹത്തിന്റെ സുഗന്ധം. ആ നിമിഷങ്ങള്‍ അമൂല്യങ്ങളായിരുന്നു; മനുഷ്യബന്ധങ്ങള്‍ പോലെ.

May 27, 2012

വിക്രമാദിത്യന്‍

ശ്മശാനം: മനുഷ്യര്‍ പാപങ്ങള്‍ ചാരമാക്കാന്‍ വരുന്ന സ്ഥലം. അങ്ങോട്ടാണ് പോകേണ്ടത്‌, വിക്രമാദിത്യന്‍ സ്വയം ഓര്‍മിപ്പിച്ചു. അര്‍ദ്ധരാത്രിയുടെ നിശബ്ദതയില്‍ ഇടയ്ക്കു കേട്ടിരുന്ന നായ്ക്കളുടെ ഒരിയിടലുകളോ, കാറ്റിലെ ഇലയനക്കങ്ങളോ വീരനായ ആ രാജാവിനെ ഭയപ്പെടുത്തിയില്ല. ശ്മശാനത്തില്‍ താവളം ഉറപ്പിച്ച ഒരു വേതാളത്തെ പറ്റി പ്രജകള്‍ പരാതി പറഞ്ഞപ്പോള്‍ തന്റെ ധീരനായ സൈന്യാധിപന്‍ പോലും ഭയപ്പെട്ടു പിന്മാറിയ ആ നിമിഷം അതിനെ ഇല്ലാതാക്കാനുള്ള ചുമതല സ്വയം ഏറ്റെടുത്തിട്ട് അന്നേക്ക് 30 ദിവസമായിരിക്കുന്നു. ഇതുവരെ സൂത്രശാലിയായ ആ വേതാളം രക്ഷപ്പെട്ടു. ഇന്ന് എന്തായാലും അതുണ്ടാകില്ല. വിക്രമാദിത്യന്‍ മനസ്സില്‍ ഉറപ്പിച്ചു. മുന്നോട്ട് നടന്നു.
അന്നും രാജനെ കണ്ട മാത്രയില്‍ വേതാളം കീഴടങ്ങി. അതിനെ തോളത്തിട്ട് വിക്രമാദിത്യന്‍ തിരിച്ചു നടക്കാന്‍ തുടങ്ങി. അന്നും പതിവുപോലെ വേതാളം കഥ പറയാന്‍ തുടങ്ങി....
.....അവള്‍ കത്തി ചാമ്പലാക്കിയ പ്രേമത്തിന്റെ അരൂപിയായ പ്രേതത്തെ മനസ്സില്‍ നിന്നും ഹൃദയത്തില്‍ നിന്നും ഇല്ലാതാക്കാന്‍ സ്വയം തലയില്‍ ആണി അടിച്ചിറക്കിയ ഭ്രാന്തനെ കല്ലെറിഞ്ഞു കൊല്ലാന്‍ ചില്ലുമേടകളിലും രാജകൊട്ടാരങ്ങളിലും മൂഢത്വത്തിന്റെ സിംഹാസനങ്ങള്‍ അലങ്കരിക്കുന്ന പ്രഭുക്കള്‍ ഉത്തരവിട്ടപ്പോള്‍ ഇല്ലാതായത്‌ ജ്ഞാനമോ, പ്രണയമോ അതോ നീതിയോ? വേതാളം വിക്രമാദിത്യനോട് ചോദിച്ചു. ഉത്തരം പറഞ്ഞില്ലെങ്കില്‍ വേതാളം തന്നെ വധിക്കും. എന്നാല്‍ മൌനം ഭാന്ജിച്ചാല്‍ വേതാളം ബന്ധനത്തില്‍ നിന്ന് മോചിതനാകും. രാജന്‍ ഓര്‍ത്തു. ഉത്തരം പറയാതെ പറ്റില്ല. ചിന്തകളെ മാറ്റി നിര്‍ത്തി  'മനുഷ്യത്വം' എന്ന് വിക്രമാദിത്യന്‍ പറയുമ്പോഴേക്കും ഭൂതകാലമാകുന്ന വേതാളം അങ്ങകലെ ശ്മശാനത്തിലെ മരങ്ങള്‍ക്കിടയിലേക്ക് മറഞ്ഞു കഴിഞ്ഞിരുന്നു. രാവിന്റെ നിശ്ശബ്ദ യാമത്തില്‍ അതിന്റെ അട്ടഹാസത്തിന്റെ പ്രതിധ്വനികള്‍ അവിടമെങ്ങും അലയടിച്ചലിഞ്ഞില്ലാതായി.

ക്ഷീണിച്ച ശരീരവും, തളര്‍ന്ന മനസും, തോല്‍വിയുടെ ഭാരം കൊണ്ട് താഴ്ന്ന മുഖവുമായി വിക്രമാദിത്യന്‍ തിരികെ കൊട്ടാരത്തിലേക്ക് യാത്രയായി. കഴിഞ്ഞ 30 രാവുകളായി വേതാളത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. ഇന്നത്തെ പോലെ എല്ലാ തവണയും അവസാന നിമിഷം വീരനായ തന്നെ പരാജയപ്പെടുത്തി രക്ഷപ്പെടാന്‍ എങ്ങനെ അതിനു സാധിക്കുന്നു? 30 രാവുകളില്‍ ഒരിക്കല്‍ പോലും തന്റെ ജീവന് ഭീഷണി ഉണ്ടായിട്ടില്ല. വിക്രമാദിത്യന്റെ സാന്നിധ്യം അറിയുന്ന മാത്രയില്‍ തന്നെ വേതാളം കീഴടങ്ങിയിരുന്നു. പിന്നെ എന്തുകൊണ്ടാണ് ജനങ്ങള്‍ വേതാളത്തെ ഭയപ്പെടുന്നത്? ഒരിക്കലും പിടി തരാതെ മനസ്സിന്റെ ഇരുള്‍ വീണ കോണുകളില്‍ ഇരുന്ന് ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ചോദിക്കുന്ന ഭൂതകാലമാകുന്ന വേതാളത്തെ വിക്രമാദിത്യനെ പോലെയുള്ള സജ്ജനങ്ങള്‍ക്ക് മാത്രമേ ഭയമില്ലാതിരിക്കു എന്ന് മനസ്സിലാക്കാന്‍ ആ മഹാനായ രാജാവിന് സാധിച്ചില്ല. സ്വയം ആ തിരിച്ചറിവ് വരുന്ന വരെ വിക്രാമാദിത്യന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. ഒരുപക്ഷെ അതായിരിക്കും വിക്രമാദിത്യന്റെ ജന്‍മോദ്ദേശം.

May 22, 2012

അഹമ്മദാബാദ്‌ യാത്രയും ഒരു അസ്തമനവും

അങ്ങോട്ട്‌ 

ഈ കഴിഞ്ഞു പോയത്‌ വീകെണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഒരു സൂപ്പര്‍ വീകെണ്ട് ആയിരുന്നു. ശനിയാഴ്ച ഐ.എസ്.എ പരീക്ഷ ആയിരുന്നെങ്കില്‍ ഞായറാഴ്ച (ഇന്നലെ) ഐ.ഐ.ബി.എഫ് നടത്തുന്ന ജെ.എ.ബി കോഴ്സിന്റെ ആദ്യ പരീക്ഷ ആയിരുന്നു. ഇന്നലെ തന്നെയാണ് ഞാന്‍ അഹമ്മദാബാദിലേക്ക് പോന്നതും.വിചാരിച്ചതില്‍ കൂടുതല്‍ തിരക്കായിരുന്നു നെടുംബാശ്ശേരിയിലെ ബോര്‍ഡിംഗ് ഏരിയയില്‍. ഒരു ഇരിപ്പടം കിട്ടാന്‍ ഒന്ന് കറങ്ങേണ്ടി വന്നു. ആള്‍കൂട്ടത്തില്‍ അവിടെ ഇവിടെ ആയി കയ്യിലിരിക്കുന്ന ടാബ്ലെറ്റും തലോടി ചിലര്‍ ഇരിക്കുന്നു. നിക്കര്‍ ഇട്ടു നടക്കുന്ന സായിപ്പന്മാര്‍ പതിവുപോലെ കുറച്ചുണ്ട്. വന്നിറങ്ങിയ വിമാനങ്ങള്‍ തൃശ്ശൂര്‍ സ്വരാജ് റൌണ്ടില്‍ പാര്‍ക്കിങ്ങിനു സ്ഥലം കിട്ടാന്‍ കാറുകാര്‍ കിടന്നു കറങ്ങുന്ന പോലെ പുറത്തു കിടന്നു കറങ്ങുന്നു. എന്തായാലും എനിക്ക് പോകേണ്ട വിമാനം കൃത്യ സമയത്ത് തന്നെ പുറപ്പെട്ടു. രാത്രിയാത്ര ആദ്യമായല്ലെന്കിലും രാത്രികാഴ്ച എനിക്കെന്നും പുതുമയായിരുന്നതുകൊണ്ട് വിന്‍ഡോ സീറ്റില്‍ ഒന്ന് അമര്‍ന്നിരുന്ന് ഇയര്‍ ഫോണ്‍ ചെവിയില്‍ തിരുകി പാട്ടില്‍ മയങ്ങി ജനലിന്റെ ചതുരത്തിലൂടെ പുറം കാഴ്ചകള്‍ നോക്കി ഇരുപ്പുറപ്പിച്ചു. ഉയരങ്ങളില്‍ നിന്ന് താഴേക്ക്‌ നോക്കുമ്പോള്‍ മിന്നാമിന്നികളെ പോലെ മിന്നുന്ന ഗ്രാമങ്ങളും നഗരങ്ങളും കാണാന്‍ ഒരു പ്രത്യേക രസമാണ്. ലാന്‍ഡ്‌ ചെയ്യാന്‍ താഴ്ന്നു പറക്കുമ്പോള്‍ ബഹുനില മന്ദിരങ്ങള്‍ തീപ്പെട്ടി കൂടുകള്‍ പോലെ നിരത്തി വെച്ചിരിക്കുന്നത് കാണാം. ഉറുമ്പുകളെ പോലെ പോകുന്ന വണ്ടികള്‍ കാണാം. ഹെഡ് ലൈറ്റ് കത്തിച്ചു പോകുന്ന വണ്ടികള്‍ കണ്ടാല്‍ ചിത്രങ്ങളില്‍ കണ്ടിട്ടുള്ള വാല്‍നക്ഷത്രങ്ങള്‍ റിവേഴ്സില്‍ പോകുന്ന പോലെ തോന്നും. കുറച്ചുകൂടി താഴ്ന്നു പറന്നു തുടങ്ങുമ്പോള്‍ നൂറുകൂട്ടം ചിന്തകളുമായി വീടണയാന്‍ ഓടുന്ന മനുഷ്യരെ കാണാം. ഇതൊക്കെ കണ്ടുകൊണ്ടുയരങ്ങളില്‍ ഇരിക്കുമ്പോള്‍ ഒരു നിമിഷ നേരത്തേക്ക്‌ ഞാനും ദൈവം ആയെന്നു തോന്നും. ഉയരങ്ങളില്‍ ഇരുന്നു ഉറുമ്പുകളായ മനുഷ്യരുടെ ഭാവിയും ഭൂതവും വര്‍ത്തമാനവും നിശ്ചയിക്കുന്ന ദൈവം. വേണമെങ്കില്‍ കയ്യിലെ ലെന്‍സ് കൊണ്ട് ഭാസ്മമാക്കം, അല്ലെങ്കില്‍ പോക്കറ്റില്‍ നിന്ന് ജീരക മിഠായി എടുത്തെറിഞ്ഞു തരാം. അതെ, ഞാനും ദൈവം. നിമിഷാര്‍ദ്ധ ദൈവം. 

എന്തായാലും കൂടുതല്‍ ചിന്തിച്ചു കാട് കയറി വേറെ ഒരു മാത്തുക്കുട്ടി അച്ചായനാകുന്നതിന് മുമ്പ്‌ വിമാനം അഹമ്മദാബാദിലെത്തുകയും താവളത്തില്‍ ഞങ്ങളെ കാത്തു കിടന്നിരുന്ന ഹോട്ടലുകാര്‍ അയച്ച വണ്ടിയില്‍ കയറി നവരംഗ്പുരയിലെ ഹോട്ടലില്‍ എത്തുകയും പാതി രാത്രി കഴിഞ്ഞതിനാല്‍ ചെക്ക്‌ ഇന്‍ പരിപാടികള്‍ കഴിഞ്ഞു റൂമില്‍ എത്തിയ ഉടനെ തന്നെ കേറി കിടന്നുറങ്ങുകയും ചെയ്തു.

ഇങ്ങോട്ട് 

ചെന്നൈ എത്താറായപ്പോഴാണ് കണ്ണു തുറന്നത്. അഹമ്മദാബാദില്‍ നിന്നും പറന്നു പോന്തിയപ്പോള്‍ ഇയര്‍ ഫോണ്‍ തിരുകി പാട്ട് വെച്ചത് ഓര്‍മയുണ്ട്. സുഖമായി ഉറങ്ങി. "നിങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്ന (ഇലക്ട്രോണിക്) ഉപകരണങ്ങള്‍ ഓഫ്‌ ചെയ്യുക" എന്ന എയര്‍ ഹോസ്റ്റെസിന്റെ അന്നൌണ്‍സ്മെന്ട് (ഈ ഡയലോഗ് വേറെ എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്ന് എനിക്കും തോന്നി; ഇംഗ്ലീഷില്‍ പറഞ്ഞാല്‍ 'ഡേജാ വൂ')  ആണ് ഉറക്കത്തില്‍ നിന്നെഴുന്നെല്‍പ്പിച്ചത്. അര മണിക്കൂറിനുള്ളില്‍ ചെന്നൈ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ്‌ ചെയ്യും എന്നും, കാര്‍മേഘങ്ങള്‍ ഉള്ളതിനാല്‍ 'ടര്‍ബ്യുലന്‍സ്' ഉണ്ടാകാന്‍ സാദ്ധ്യത ഉണ്ടെന്നും ഉള്ള പൈലറ്റിന്റെ അന്നൌണ്‍സ്മെന്ട് പുറകെ വന്നു. ചെന്നൈ അടുത്തുതുടങ്ങിയപ്പോള്‍  പൈലറ്റ് പറഞ്ഞ കാര്‍മേഘങ്ങള്‍ വിമാനത്തിന് മുകളിലായി  കണ്ടുതുടങ്ങി. സന്ധ്യാസമയം ആയിരുന്നതിനാല്‍ കാര്‍മേഘങ്ങള്‍ അസ്തമന സൂര്യന്റെ പ്രകാശത്തില്‍ അഗ്നിയില്‍ ജ്വലിക്കുന്നപോലെ കാണപ്പെട്ടു. ഇളം നീലയും ചുവപ്പും മഞ്ഞയും ചക്രവാളത്തിന് ഒരു പിക്കാസോ ചിത്രത്തിന്റെ ഭംഗി നല്‍കി. എന്നെ ഉറക്കത്തില്‍ നിന്നുണര്‍ത്തിയ എയര്‍ ഹോസ്റ്റെസ്സിനെ മനസ്സാ നന്ദി പറഞ്ഞതുകൊണ്ട് ഞാന്‍ ക്യാമറ പുറത്തേക്ക് തിരിച്ചുംകൊണ്ട് ആ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങി. എന്നാല്‍ പ്രകൃതി ഒരുക്കിയ ആ ദൃശ്യവിരുന്നിലെ നിറങ്ങള്‍ ഒപ്പിയെടുക്കാന്‍ എന്റെ മൊബൈല്‍ ക്യാമറയുടെ പരിമിതികള്‍ എന്നെ അനുവദിച്ചില്ല. പൊടി അടിഞ്ഞുകൂടിയ ജനല്‍ ചില്ലുകളും എന്റെ ഉദ്യമത്തിന് തടസ്സം നിന്നു. പതിയെ പതിയെ വിമാനത്തെ പൊതിഞ്ഞ മേഘങ്ങള്‍ ആ ദൃശ്യങ്ങള്‍ എന്നില്‍ നിന്നു മറച്ചു. പിന്നെ കുറച്ചു നേരത്തേക്ക്‌ ഒന്നും കാണാന്‍ സാധിച്ചില്ല.

മേഘത്തില്‍ നിന്നു പുറത്തുകടന്നപ്പോഴേക്കും കുറച്ചകലെ ആയി ബംഗാള്‍ ഉള്‍ക്കടലും പുറങ്കടലില്‍ നന്കൂരമിട്ടു കിടക്കുന്ന വമ്പന്‍ ചരക്കു കപ്പലുകളും കണ്ടുതുടങ്ങി. വിമാനം ഇപ്പോള്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലൂടെ ആയിരുന്നു പറക്കുന്നുണ്ടായിരുന്നത്. കപ്പലുകള്‍ കുറച്ചുകൂടി വ്യക്തമായി കാണാം. അസ്തമന സൂര്യന്‍ ഒരു തീഗോളം കണക്കെ ചക്രവാളത്തില്‍ തിളങ്ങി നിന്നു. വിമാനം ലാന്‍ഡ്‌ ചെയ്യുന്നതിന് വേണ്ടി പതിയെ താഴ്ന്നു തുടങ്ങി. ബംഗാള്‍ ഉള്‍ക്കടലിന്റെ നീലിമ പിന്നിലാക്കി ചെന്നൈ എന്ന മഹാനഗരത്തിലേക്ക് കടന്നു. പണി പുരോഗമിക്കുന്ന പുതിയ മെട്രോ ലൈനും, വാഹന തിരക്കേറിയ രാജപാതകളും, ബഹുനില മന്ദിരങ്ങളും, പച്ച പുതപ്പ് പോലെ മരത്തലപ്പുകളും നിറഞ്ഞ ചെന്നൈ നഗരം. അഹമ്മാദാബാദിന്റെ ആകാശകാഴ്ചയില്‍ ഹരിതവര്‍ണ്ണം ഇല്ലായിരുന്നു എന്ന് അപ്പോഴാണെനിക്ക് ഓര്‍മ്മ വന്നത്. ആറുമണിക്ക് ഞങ്ങളുടെ വിമാനം ചെന്നൈ തൊട്ടു.

ഞങ്ങള്‍ വീണ്ടും മേഘങ്ങളുടെ ഇടയിലേക്ക്‌ എത്തിയപ്പോഴേക്കും നിര്‍ദിഷ്ട സമയത്തേക്കാള്‍ അര മണിക്കൂര്‍ പിന്നിലായിരുന്നു. സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞിരുന്നു. പുറത്തെ കാഴ്ചകള്‍ ഇരുട്ടില്‍ മറഞ്ഞിരുന്നു. മിന്നാമിന്നികളെ പ്രതീക്ഷിച്ചുകൊണ്ട് ചെവിയില്‍ മുഴങ്ങിയിരുന്ന ബീറ്റില്‍സ് സംഗീതവും ശ്രവിച്ച് ഞാന്‍ പുറത്തേക്കു തന്നെ നോക്കിയിരുന്നു. പുറത്തെ ഇരുട്ടിന് അകത്തെ കൃതിമ വെളിച്ചത്തേക്കാള്‍ ഭംഗി ഉണ്ടായിരുന്നു.

നെടുമ്പാശ്ശേരിയില്‍ പതിവിലും വിപരീതമായി എയര്‍ ട്രാഫിക്‌ കൂടുതലായതുകൊണ്ട് ലാന്‍ഡിംഗ് അനുമതി കിട്ടാന്‍ അരമണിക്കൂര്‍ ആകാശത്ത് കിടന്നുകറങ്ങി. താഴെ മിന്നാമിന്നി ഗ്രാമങ്ങള്‍ ഇരുട്ടില്‍ തിളങ്ങി നിന്നു: മേഘങ്ങള്‍ ഒഴിഞ്ഞ രാത്രിയിലെ നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം പോലെ. വിദൂരതയില്‍ ഒരു പള്ളിയും, പള്ളിയുടെ ഏറ്റവും മുകളിലായി ചുവന്ന നിയോണ്‍ വെളിച്ചത്തില്‍ തിളങ്ങുന്ന കുരിശും ഇടക്കെപ്പോഴോ കണ്ടു. ഞങ്ങളുടെ വിമാനത്തിന് മുകളിലായി ലാന്‍ഡിംഗ് അനുമതി കാത്ത്‌ വേറെ ഒരു വിമാനവും വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു. എട്ടുമണിക്ക്‌ ഞങ്ങളുടെ വിമാനം ലാന്‍ഡ്‌ ചെയ്തു. താവളത്തില്‍ നിന്നൊരു ടാക്സി വിളിച്ച് വീട്ടിലെത്തിയപ്പോഴേക്കും സമയം ഒന്‍പതു കഴിഞ്ഞു.. പിന്നെ അമ്മ ഉണ്ടാക്കിയ ദോശ മാങ്ങാക്കറിയും കൂട്ടി ആറേഴണ്ണം അകത്താക്കി. ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ഇതാണ്, ഇതാണ് ഇതാണ് എന്ന് ആരോ എന്റെ മനസ്സില്‍ മന്ത്രിച്ചില്ലേ എന്ന് എനിക്കപ്പോള്‍ തോന്നാതിരുന്നില്ല.
a