February 28, 2014

പ്രകാശത്തുണ്ടുകള്‍

പൊടിക്കാറ്റു വീശുന്ന വഴിയിലൂടെ ബസ് പഞ്ഞുകൊണ്ടിരുന്നു. വലതുഭാഗത്ത് ആകാശത്തില്‍ ജ്വലിക്കുന്ന സൂര്യന്റെ തീക്ഷ്ണരശ്മികള്‍ ഉയര്‍ത്തി വെച്ച ഷട്ടറുകള്‍ ഉള്ള ജനലുകളില്‍ കൂടി സീറ്റുകളില്‍ ഇരുന്നുറങ്ങുന്നവരുടെ കൈകളിലെ ഘടികാര ചില്ലുകളില്‍ പതിക്കുകയും ബസിന്റെ ചുമരുകളില്‍ വെളിച്ചത്തിന്റെ പാറിക്കളിക്കുന്ന തുണ്ടുകള്‍ സൃഷ്ടിക്കുകയും ചെയ്തു. ബസില്‍ ഉറങ്ങാതിരിക്കുന്നവര്‍ ചിന്തകളിലും പുറത്തെ കാഴ്ചകളിലും ആണ്ടുപോയതിനാല്‍ അവരാരും പ്രകാശത്തിന്റെ ഈ കളി കണ്ടില്ല. ജീവിതം പാഞ്ഞു പോകുമ്പോള്‍ അവിചാരിതമായി വീണുകിട്ടുന്ന പ്രകാശത്തുണ്ടുകള്‍ അല്‍പനേരത്തേക്ക് മനസ്സിന്റെ പ്രകാശമാനമാക്കുമെങ്കിലും അവ കാണാന്‍ നമുക്ക് കണ്ണുകള്‍ ഉണ്ടോ?

February 24, 2014

സത്വം - കുത്തിവര


കുത്തിവര സ്കെച്ച് ബുക്കിന്റെഒന്നാം പേജ്!
ജെല്‍പേനഉപയോഗിച്ചു വരച്ചത്.

February 23, 2014

ഇടുക്കി ഗോള്‍ഡ്‌

ആഷിക് അബുവിന്റെ 'ഇടുക്കി ഗോള്‍ഡ്‌' കണ്ടു. വായിച്ചറിഞ്ഞ അഭിപ്രായങ്ങള്‍ പോലെ അത്ര മോശം ആയി തോന്നിയില്ല; കഞ്ചാവിന്റെ സാന്നിധ്യം ഒഴിച്ച്. എന്നാല്‍ കഞ്ചാവിനു പകരം സൗഹൃദം എന്ന് വായിച്ചാല്‍, ഇടുക്കി ഗോള്‍ഡ്‌ എന്നത് ലഹരിയുടെ ഒരു സ്വര്‍ണ്ണപ്പുകയില്‍ നിന്നും സൌഹൃദത്തിന്റെ ഇളം ചൂടുമായി എത്തുന്ന പ്രഭാതത്തിലെ സ്വര്‍ണ്ണ കിരണങ്ങള്‍ ആയി മാറും. ഒരര്‍ത്ഥത്തില്‍ അങ്ങനെ ഒരു ഒത്തുകൂടലിനേക്കാള്‍ ലഹരി തരാന്‍ വേറെ എന്തിനു സാധിക്കും? കാലാന്തരത്തില്‍ ഒരു നേര്‍ത്ത പുകയായി അലിഞ്ഞില്ലാതായ ആ ഒരു ബന്ധം പുതുക്കാന്‍ ആഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടോ? നൊസ്റ്റാള്‍ജിയ എന്ന് പറഞ്ഞു തരം താഴ്ത്താമെങ്കിലും കഴിഞ്ഞു പോയ ആ സ്വര്‍ണ്ണ കാലഘട്ടവും ഇടുക്കി ഗോള്‍ഡ്‌ തന്നെയാണ്. ഓര്‍മ്മകളില്‍ മാത്രം അവശേഷിക്കുന്ന ഒരു സുവര്‍ണ്ണ കാലം.

ഇത് സൌഹൃദത്തിനു വേണ്ടി!

ഓരോരുത്തരും അവരുടെ മനസ്സില്‍ ഉള്ളതല്ലേ കാണുക. ഈ സിനിമയില്‍ ഞാന്‍ കണ്ടത് ഇതാണ്, അല്ലാതെ ശിവനും ചെഗുവേരയും വലിച്ച ആ സ്വര്‍ണ്ണപ്പുക അല്ല!

സിനിമയില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ചെറിയ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ആസ്വദിച്ചു. കുട്ടികള്‍ക്ക് കാണാന്‍ പറ്റിയ ഒരു സിനിമയായി തോന്നിയില്ല (ആദ്യം പറഞ്ഞ കഞ്ചാവിന്റെ അതിപ്രസരം തന്നെ കാരണം). എങ്കിലും ബാല്യത്തിലോ കൌമാരത്തിലോ സൌഹൃദം ആഘോഷമാക്കിയവര്‍ക്ക് (അതിനു കഞ്ചാവ് വലിക്കണം എന്നില്ലല്ലോ) ഇത് ഇഷ്ടപ്പെടും എന്ന് വിശ്വസിക്കുന്നു.

February 21, 2014

ലോക മാതൃഭാഷ ദിനം

ഇന്ന് ലോക മാതൃഭാഷ ദിനം. എന്റെ രണ്ടു അമ്മമാര്‍ക്കും ഈ ചിത്രം സമര്‍പ്പിക്കുന്നു.

--
ഫ്ലാഷ് CS6, ഫോണ്ട്: അഞ്ജലി ന്യു ലിപി

February 20, 2014

വാട്ട്‌സാപ്പവര്‍

"ഹലോലോലോ"
"ഹെലോ, വാട്ട്‌സപ്പ്?"
"മൊതലാളി ഇല്ലേ?
"വാട്ട്‌?"
"ഈ മറുനാടനോടു മൊതലാളി ഇല്ലേ എന്ന് എങ്ങനെ ചോദിക്കുമെന്റെപിബീ"
"വാട്ട്‌?"
"ഒലക്ക, ഈസ്‌ മൊതലാളിജി ദേര്‍ ?"
"ഐ കാണ്ട് അണ്ടര്‍സ്റ്റാന്റ് യു"
"ഹലോ, യുവര്‍ ഓണര്‍ ദേര്‍ ? വാട്ട്സ് ആപ്പ് ഓണര്‍ജി ദേര്‍ ?"
"വാട്ട്‌ ആര്‍ യു സേയിംഗ്? ഹു ആര്‍ യു?
"ഹലോ
ഐ ആം സീയൈഡി ഫ്രം..കോപ്പ്, ഇന്ന് നാക്കില്‍ വീയെസ് ആണല്ലോ..ഐ... ആം... മീഡിയ പെര്‍സണ്‍ ഫ്രം ഇന്ത്യ....ഐ അം ആള്‍സോ ഫ്രണ്ട് ഓഫ് മൊതലാളിജി ഓഫ് വാട്സാപ്പ്"
"ആപ്? ആര്‍ യു കേജ്രിവാള്‍? ഐ കാണ്ട് അണ്ടര്‍സ്റ്റാന്റ് യു"
"കോപ്പിലെ സായിപ്പ്.. ഡോ ഐ ആം മീഡിയ പെര്‍സണ്‍ ഫ്രം പാറശാല,കേരള, ഇന്ത്യ"
"ഫ#* ഓഫ് മാന്‍, ഐ ഡോണ്ട് ഹാവ് ടൈം ഫോര്‍ ദിസ്‌"


ബീപ് ബീപ്


ഫോണ്‍ ഡിസ്കണക്ട് ചെയ്തിരിക്കുകയാണ്. പൂപ്പല്‍ ചാനലിനോട് സംസാരിക്കാന്‍ വിസമ്മതിച്ചിലൂടെ കേവലം നാല്‍പ്പത്തിരണ്ടു ഡോളറിനു നമ്മളെ ഫേസ്ബുക്കിനു വിറ്റതില്‍ പരോക്ഷമായി കുറ്റസമ്മതം നടത്തിയിരിക്കുകയാണ് വാട്ട്സാപ്പ് മുതലാളി. ഇനി ന്യൂസ് ഓവറില്‍, അല്ല, അവറില്‍ ഒരു ഇടവേള"

February 19, 2014

വീര കിഴുക്ക്!

"ഇന്നലെ എവിടെ പോയി?"
"മടി, ലീവ് എടുത്തു"
"താന്‍ ആളു ശരിയല്ല"
"അതെ"
"ഉവ്വവ്വ, നല്ല കിഴുക്കു കിട്ടിയാല്‍ താനേ ശരിയായിക്കോളും"
"ഓ, അതൊക്കെ പണ്ട് കുറെ കിട്ടിയതാ"
"ഈശ്വരാ, തന്റെ തലയില്‍ പതിച്ചു വീരചരമമടഞ്ഞ അസംഖ്യം കിഴുക്കുകളെ, നിങ്ങളുടെ ജീവത്യാഗം വ്യര്‍ത്ഥമായിപോയല്ലോ!"
"എന്തോന്ന്?"
"ഒന്നുമില്ലേ, യു സില്ലി മണ്ടി!"

February 15, 2014

വാലന്റൈന്‍ വിരഹിതന്‍!

"ഡാ പഹയാ, ഹാപ്പി ബര്‍ത്ത്ഡേ"
"ഓ കിട്ടി ബോധിച്ചിരിക്കുന്നു"
"എന്തൊക്കെ ഉണ്ട് വിശേഷങ്ങള്‍ ? ജോലി എങ്ങനെ പോകുന്നു?"
"സുഖം. പണിക്കൊരു കുറവുമില്ല"
"നിന്റെ അനിയത്തി ഫൈനല്‍ ആയില്ലേ?
"അടുത്ത മെയ്‌ എക്സാം ഫസ്റ്റ് ചാന്‍സ്"
"കൊള്ളാം"
"നിന്റെ കല്യാണാലോചനകള്‍ എന്തായി?"
"എന്താകാന്‍? ജാതകത്തില്‍ ബുധന്‍ ശുക്രനേയും, വ്യാഴം ശനിയേയും, രാഹു ചൊവ്വയേയും ഒക്കെ നോക്കുന്നുണ്ട്. ഞാനും കുറെ പെമ്പിള്ളേരേ നോക്കുന്നുണ്ട്. പക്ഷെ അവരാരും തിരിച്ചു നോക്കുന്നില്ല!"
"!!!"

February 12, 2014

അയ്യാര്‍ട്ടീസി

യുഗങ്ങള്‍ നീണ്ട തപസിന്റെ ശക്തികൊണ്ട് ഈരേഴു പതിന്നാലു ലോകങ്ങളും ജ്വലിച്ചു തുടങ്ങിയപ്പോള്‍ ഇഷ്ടവരം നല്‍കാന്‍ പ്രത്യക്ഷപ്പെട്ട ബ്രഹ്മാവിനെ പോലെയാണ് IRCTC വെബ്‌ സൈറ്റ്. റിഫ്രഷ്‌ അടിച്ചടിച്ച് ലാപ്ടോപ് ജ്വലിച്ചു തുടങ്ങിയാല്‍ മാത്രമേ വരം (ടിക്കറ്റ്‌) നല്‍കാന്‍ ആദ്യം ഒന്ന് പ്രത്യക്ഷപ്പെടൂ!

February 11, 2014

ദില്ലിയിലേക്ക്!

ഉച്ചക്ക് പന്ത്രണ്ടു മണി കഴിഞ്ഞു മുപ്പത്തിയാറാം മിനിറ്റില്‍ ജെറ്റ് എയര്‍വെയ്സിന്റെ വിമാനം ദില്ലി വിമനാത്താവളത്തിലെ ടെര്‍മിനല്‍ മൂന്നില്‍ ഇറങ്ങിയപ്പോള്‍ നിര്‍ദ്ദിഷ്ട ലാണ്ടിംഗ് സമയം കഴിഞ്ഞു ഇരുപത്തഞ്ചു മിനിറ്റുകള്‍ കൂടി പിന്നിട്ട് കഴിഞ്ഞിരുന്നു. ബാഗു കിട്ടി പുറത്ത് കടന്നു ടാക്സി പിടിച്ചപ്പോഴേക്കും ഒരു മണി കഴിഞ്ഞു. വിമാനത്താവളത്തിലെ തിരക്കുകള്‍ പിന്നിട്ട് വീതിയേറിയ പാതയിലൂടെ കാര്‍ പാഞ്ഞു. പാതയുടെ ഇരു ഭാഗത്തും പച്ച പുല്‍ത്തകിടി; അതില്‍ നിര നിരയായി പലതരം മരത്തൈകള്‍ വെച്ചു പിടിപ്പിച്ചിരിക്കുന്നു. ദില്ലിയുടെ സമ്പത്തില്‍ സ്വപ്‌നങ്ങള്‍ നെയ്യാന്‍ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നും കുടിയേറിയ തൊഴിലാളികള്‍ ഈ മരത്തൈകളുടെ ഇത്തിരി തണലില്‍ ഇരുന്നു റൊട്ടി ഭക്ഷിക്കുന്നത് കാണാം. പാതയുടെ വലതു ഭാഗത്ത് കൂറ്റന്‍ കണ്ണാടി ബഹുനില മന്ദിരങ്ങള്‍ ഉയരുകയാണ്. പാതക്കപ്പുറത്ത് മരത്തൈകളുടെ തണലില്‍ ഇരുന്നു റൊട്ടി തിന്നുന്ന പാവങ്ങളുടെ അധ്വാനത്തെക്കാള്‍ അവയില്‍ പ്രതിഭലിക്കുന്നത് പണത്തിന്റെ ഹുങ്ക് ആണ്. വിമാനത്താവളത്തിന്റെ പരിധി വിട്ടാല്‍ പാതയുടെ ഇരു വശവുമുള്ള പച്ചപ്പുല്‍ത്തകിടി കുറ്റിക്കാടുകള്‍ക്ക് വഴിമാറും; തിളങ്ങുന്ന സ്ഫടിക ഗോപുരങ്ങള്‍ വൃത്തിഹീനമായ ധാബകള്‍ക്കും കടകള്‍ക്കും വഴിമാറും. ഇനി അങ്ങോട്ട്‌ നീണ്ടു കിടക്കുന്നതാണ് ദില്ലി: ഇന്ത്യാ മാഹരാജ്യം ഭരിക്കാന്‍ സായിപ്പുണ്ടാക്കിയ ന്യൂ ദില്ലിയും, മുഗളന്മാര്‍ ഉണ്ടാക്കിയ ഓള്‍ഡ്‌ ദില്ലിയും, ഇവയെ ബന്ധിപ്പിക്കാന്‍ ഒരു മലയാളി മുന്‍കൈ എടുത്തുനിര്‍മ്മിച്ച, പത്താം നൂറ്റാണ്ടിലെ ജനങ്ങള്‍ക്ക് ഇരുപൊത്തോന്നാം നുറ്റാണ്ടിന്റെ യാത്ര എന്ന് വിദേശികള്‍  പാടിയ വിഖ്യാതമായ ദില്ലി മെട്രോയും.ഇവിടെ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ ഒരു യാത്ര ആണ്: സ്വപ്നങ്ങളിലേക്കുള്ള യാത്ര.

February 06, 2014

ചായക്കോപ്പ (ഓയില്‍ പെയിന്റിംഗ്)



(ഓയില്‍ കളര്‍+പേപ്പര്‍)

ഓയില്‍ പെയിന്റിംഗ് പഠിക്കുന്നത്തിന്റെ ഭാഗമായി വരച്ച സ്റ്റില്‍ ലൈഫ് സ്റ്റഡി. എന്റെ രണ്ടാമത്തെ പെയിന്റിംഗ്. പെയിന്റിംഗിന്റെ പല സ്റ്റേജുകള്‍ താഴെ കൊടുത്തിരിക്കുന്നു.

February 03, 2014

രാമോജി ഫിലിം സിറ്റി - ഫോട്ടോസ്ഫിയര്‍


രാമോജി ഫിലിം സിറ്റിയില്‍നിന്നും നെക്സസ് നാല് ഉപയോഗിച്ചു എടുത്ത ഒരു ഫോട്ടോസ്ഫിയര്‍

February 01, 2014

ചിത്രകാരന്‍

പുസ്തകത്തിന്റെ തടവില്‍ നിന്നും മോചിതമാക്കപ്പെട്ട തൂവെള്ള കടലാസില്‍ നീല മഷി രേഖകള്‍ ആദ്യം വിചിത്രങ്ങളായ പൂക്കളെയും പിന്നെ പാറി കളിക്കുന്ന പൂമ്പാറ്റകളെയും പറക്കും പക്ഷികളെയും സൃഷ്ടിച്ചു. അതിനു ശേഷം മനുഷ്യരെയും അവര്‍ക്ക് പാര്‍ക്കാന്‍ മരവീടുകളെയും സൃഷ്ടിച്ചു. ഉയരങ്ങളിലിരുന്നു തന്റെ സൃഷ്ടിയെ നിരീക്ഷിച്ചപ്പോള്‍ പേനക്ക്  ആദ്യം സന്തോഷവും പിന്നെ അഹങ്കാരവും തോന്നി. അഹങ്കാരിയായ പേന കടലാസില്‍ ഒരു ആരാധനാലയവും അതിനുള്ളില്‍ തന്റെ രൂപവം വരച്ചു ചേര്‍ത്തു മനുഷ്യരോട് തന്നെ ആരാധിക്കാന്‍ ഉത്തരവിട്ടു. എന്നാല്‍ മനുഷ്യര്‍ പേനയെ അനുസരിക്കാന്‍ വിസമ്മതിച്ചു. മനുഷ്യരുടെ ധാര്‍ഷ്ട്യത്തില്‍ കുപിതനായ പേന അവരെ ശിക്ഷിക്കാനായി ഭീകര രൂപികളായ നരഭോജികളെ വരച്ചു ചേര്‍ത്തു. പതിയെ പതിയെ സുന്ദരമായ ആ ചിത്രത്തില്‍ രക്തവര്‍ണ്ണം പടര്‍ന്ന്‍ മഷിരേഖകള്‍ മായുകയും മനുഷ്യരുടെ വിലാപങ്ങള്‍ അതോടൊപ്പം അലിഞ്ഞു ഇല്ലാതാകുകയും ചെയ്തു. 

ഭംഗി നഷ്ടപ്പെട്ടു ആ ചിത്രത്തെ ചുരുട്ടി ചവറ്റുകുട്ടയിലെക്കിട്ട് ഞാന്‍ പുതിയ ഒരു താളില്‍ വീണ്ടും ചിത്രം വരക്കാന്‍ തുടങ്ങി.