August 13, 2013

നുണ

നാലാം ക്ലാസിലെ വല്യ വെക്കേഷന്‍ മുതല്‍ എന്നെ ഹിന്ദി-സംസ്കൃത ഭാഷകള്‍ പഠിപ്പിക്കുന്ന ചുമതല മുത്തശ്ശന്‍ സ്വമേധയാ ഏറ്റെടുത്തതിനെ പറ്റി മുമ്പൊരുനാള്‍ ഞാന്‍ ഇവിടെ പറഞ്ഞിട്ടുണ്ട്. അന്ന് മുതല്‍ SSLC പരീക്ഷ കഴിയുന്ന വരെ മുത്തശ്ശന്‍ തന്നെ ആയിരുന്നു ഈ വിഷയങ്ങളില്‍ എന്റെ പ്രധാന അദ്ധ്യാപകന്‍. ഈ വര്‍ഷങ്ങളില്‍ ഓരോ പരീക്ഷക്കും മുമ്പ്‌ ഒന്നോ രണ്ടോ ദിവസം മുത്തശ്ശന്റെ വക റിവിഷന്‍ ഉണ്ടാകും. ഹിന്ദി ഗ്രാമ്മറും, പദ്യം ചൊല്ലലും, വിവര്‍ത്തനവും, സംസ്കൃതം ശ്ലോകങ്ങളുടെ അന്വയവും അര്‍ഥവും, ഒക്കെ ആയി ആകെ മൊത്തം ജഗ പോഗ. ഹിന്ദി-സംസ്കൃതം പരീക്ഷകളില്‍ അമ്പതില്‍ അമ്പതല്ലാത്ത ഒരു മാര്‍ക്കും മുത്തശ്ശനു സ്വീകാര്യമായിരുന്നില്ല. ഇളയ കുട്ടി എന്ന പരിഗണന ഉള്ളതുകൊണ്ടോ അതോ ഓരോ വര്‍ഷം കഴിയുമ്പോഴും മുത്തശ്ശന്റെ കാര്‍ക്കശ്യത്തില്‍ വന്നിരുന്ന കുറവുകൊണ്ടോ, എന്താണെന്നറിയില്ല, എനിക്ക് ചേട്ടന് കിട്ടിയ പോലെ അടി-എത്തമിടല്‍ ശിക്ഷകള്‍ വളരെ വളരെ അപൂര്‍വമായെ ഈ കാലയളവില്‍ കിട്ടിയിട്ടുള്ളൂ. അതിനു പകരം ഇമ്പോസിഷന്‍ ആണ് എനിക്ക് വിധിച്ചിരുന്ന ശിക്ഷാമുറ. രാവിലെ പ്രാതലിന് ശേഷം തുടങ്ങുന്ന പഠനം വൈകുന്നേരം ആറു മണി വരെ തുടരും. ഇടയ്ക്കു ഉച്ച ഭക്ഷണത്തിനും വൈകുന്നേരം ഉള്ള ചായക്കും മാത്രമാണ് ഒരു ഇടവേള ലഭിക്കുക. ഊരകത്തെ വല്യമ്മാന്‍ രാവിലെ വന്നാല്‍ ഒരു എക്സ്ട്രാ അര മണിക്കൂര്‍ കൂടി കിട്ടും. എന്നാല്‍ ഏഴാം ക്ലാസ്സിലെ കാക്കൊല്ല പരീക്ഷക്ക്‌ മുമ്പ്‌ ഈ പതിവ് തെറ്റി; അത്തവണ മുത്തശ്ശന്റെ ഹിന്ദി-സംസ്കൃതം ശിക്ഷണം ഉണ്ടായില്ല. അതിന്റെ അനന്തരഭലങ്ങള്‍ എന്റെ ജീവിതം തന്നെ മാറ്റി മറിച്ചു എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തി ആകില്ല. 

എന്തുകൊണ്ടാണ് ഏഴാം ക്ലാസ്സിലെ കാക്കൊല്ല പരീക്ഷക്ക്‌ മുത്തശ്ശന്‍ എന്നെ പഠിപ്പിക്കാതിരുന്നത് എന്നതിന് ഒരു ഉത്തരം നല്‍കാന്‍ എനിക്ക് ഇപ്പോഴും സാധിക്കില്ല. അത്തവണ എന്തുകൊണ്ടോ ആ പതിവ് തെറ്റി. ഏതായാലും അവിചാരിതമായി കിട്ടിയ ആ സ്വാതന്ത്ര്യം ഞാന്‍ ആഘോഷിച്ചു. മുത്തശ്ശന്റെ സഹായമില്ലാതെ തന്നെ എനിക്ക് പഠിക്കാന്‍ പറ്റും എന്ന അഹങ്കാരവും എനിക്കുണ്ടായിരുന്നു. അങ്ങനെ ഞാന്‍ തന്നെ രണ്ടു വിഷയങ്ങളും പഠിച്ച് പരീക്ഷ എഴുതി.  

ഓണം/ക്രിസ്തുമസ് അവധികള്‍ക്ക് ശേഷം സ്കൂള്‍ തുറക്കുന്ന സമയത്തെ ആണ് സ്കൂള്‍ ജീവിതത്തില്‍ ഒരു വിദ്യാര്‍ത്ഥി ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് എന്ന് ഞാന്‍ ആ കാലഘട്ടത്തില്‍ നടത്തിയ നിരീക്ഷണങ്ങളിലൂടെ മനസ്സിലാക്കിയിരുന്നു. അക്കൊല്ലത്തെ ഓണം അവധിക്ക് ശേഷം സ്കൂളില്‍ മടങ്ങി എത്തിയ ഞാനും മേല്പറഞ്ഞ ഭയത്തിനു അടിമയായിരുന്നു. ക്ലാസ്സ്‌ എടുക്കേണ്ട ടീച്ചര്‍മാര്‍ വരുമ്പോള്‍ അവരുടെ കൈകളില്‍ നടുവേ മടക്കിയ പേപ്പറുകളുടെ കേട്ട് ഉണ്ടോ എന്നാണ് എല്ലാവരും നോക്കുക; ഇല്ലെങ്കില്‍ ക്ലാസ്സില്‍ ഒരു കൂട്ട നിശ്വാസം ഉയരും (ഭാഗ്യം, ഇനി നാളെ നോക്കിയാല്‍ മതീലോ). ടീച്ചര്‍മാരും ഈ അവസരം നന്നായി മുതലാക്കുമായിരുന്നു. ചിലപ്പോള്‍ അവര്‍ വേറെ ക്ലാസ്സിന്റെ പേപ്പര്‍ കൊണ്ടുവരും. ഒരു പിരീഡ് മൊത്തം എല്ലാവരുടെയും കണ്ണുകള്‍ മേശപ്പുറത്തിരിക്കുന്ന ആ കെട്ടിലാകും. അവസാനം ബെല്ലടിക്കുമ്പോള്‍ ഡെമോക്ലീസിന്റെ വാളുമായി ടീച്ചര്‍ മടങ്ങും. ഇപ്രകാരമുള്ള സൈക്കോളോജിക്കള്‍ യുദ്ധ മുറകള്‍ ആ വര്‍ഷവും അരങ്ങേറിയിരുന്നു. 

സ്കൂള്‍ തുറന്നു ആദ്യ ദിവസങ്ങളില്‍ തന്നെ ഇംഗ്ലീഷ്, സയന്‍സ്, സാമൂഹ്യ പാഠം എന്നിങ്ങനെ ഓരോരോ വിഷയങ്ങളായി ഉത്തരക്കടലാസുകള്‍ കിട്ടി. എന്നാല്‍ ഹിന്ദിയും സംസ്കൃതവും അത്തവണ ഏറ്റവും അവസാനമായാണ് കിട്ടിയത്. രണ്ടു വിഷയത്തിനും 45നുമീതെ മാര്‍ക്ക്‌ പ്രതീക്ഷിച്ച എനിക്ക് കിട്ടിയ മാര്‍ക്ക്‌ 40ലും കുറവായിരുന്നു. നാല്പതില്‍ താഴെ എന്ന് വെച്ചാല്‍ മുത്തശ്ശനെ സംബന്ധിച്ചു തോല്‍ക്കുന്നതിനു സമമാണ്. വീട്ടില്‍ ചെന്നാല്‍ എല്ലാവരുടെയും വക ചീത്ത ഉറപ്പ്. അതുകൊണ്ട് അന്ന് ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍ ഈ രണ്ടു ഉത്തരക്കടലാസുകള്‍ കിട്ടിയില്ല എന്ന് കള്ളം പറഞ്ഞു. തത്കാലത്തേക്ക് ചീത്തയില്‍ നിന്ന് രക്ഷപ്പെടാമല്ലോ എന്നായിരുന്നു എന്റെ ചിന്ത.  

ചേര്‍പ്പിലെ തെക്കുഭാഗത്തെ ഹാളിന്റെ ഒരു മൂലയായിരുനു അക്കാലത്ത് എന്റെ പഠന 'മുറി'. അവിടെ ഇരുന്നാല്‍ ഫ്രിഡ്ജും അടുക്കളയും എന്റെ കൈയ്യെത്തും ദൂരത്തായിരുന്നു. മേശയുടെ ഒരു ഭാഗത്ത്‌ എല്ലാ വിഷയങ്ങളുടെയും ടെക്സ്റ്റ്‌ ബുക്കുകള്‍ അടുക്കി വെച്ചിരിക്കും. ഹിന്ദി-സംസ്കൃതം ഉത്തരക്കടലാസുകള്‍ ഒളിപ്പിച്ചു വെക്കാന്‍ ഞാന്‍ കണ്ടെത്തിയ സ്ഥലം ഈ ടെക്സ്റ്റ്‌ ബുക്ക്‌ ഗോപുരം ആയിരുന്നു. താരതമ്യെന കനം കുറഞ്ഞ ഈ രണ്ടു ടെക്സ്റ്റുകള്‍ ഏറ്റവും താഴെ വെച്ച് അതിനുള്ളില്‍ ആണ് ഞാന്‍ ഉത്തരക്കടലാസുകള്‍ ഒളിപ്പിച്ചു വെച്ചത്. ആദ്യ മൂന്നു ദിവസങ്ങള്‍ വല്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ കടന്നു പോയി. എന്നാല്‍ നാലാം ദിവസം എല്ലാം മാറി മറിഞ്ഞു! 

ഞാന്‍ ഏഴാംതരത്തില്‍  എത്തിയപ്പോള്‍ ചേട്ടന്‍ തൃശ്ശൂരിലുള്ള സെന്റ്‌.തോമസ്‌ കോളേജില്‍ ചേര്‍ന്ന് പ്രീഡിഗ്രിക്ക് പഠിക്കുകയായിരുന്നു. കിഴക്കേ മുറിയാണ് ചേട്ടന്റെ 'ആപ്പീസ്' എങ്കിലും വല്ലപോഴുമൊക്കെ ചേട്ടന്‍ എന്റെ മേശപ്പുറം പരിശോധിക്കുന്ന ഒരു ചടങ്ങ്‌ അക്കാലത്ത് ഉണ്ടായിരുന്നു. പരിശോധന എന്ന് പറഞ്ഞാല്‍ ചില സിനിമകളിലെ 'ഇന്‍കം ടാക്സ്‌' റേയ്ഡ് പോലെ ആണ്: ഒരിഞ്ചു സ്ഥലം പോലും വെറുതെ വിടില്ല.എന്റെ കഷ്ടകാലത്തിനു നാലാം ദിവസം വൈകുന്നേരം പതിവ് പരിശോധന നടത്താന്‍ ചേട്ടന്‍ തിരുമാനിച്ചു.  

പരിശോധന തുടങ്ങിയപ്പോള്‍ തന്നെ എല്ലാം കൈവിട്ടുപോയി എന്ന് ഉറപ്പായിരുന്നു. ഒളിപ്പിച്ചു വെച്ച പേപ്പറുകള്‍ ചേട്ടന്‍ എന്തായാലും കണ്ടുപിടിക്കും; എന്റെ കള്ളി വെളിച്ചത്താകും. പേടികൊണ്ട് എന്റെ ഹൃദയം വേഗത്തില്‍ മിടിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ പതുക്കെ മുറ്റത്തേക്ക് വലിഞ്ഞു. ചേട്ടന്‍ ഉത്തരക്കടലാസുകള്‍ കണ്ടു പിടിക്കല്ലേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് നിലത്ത് നിന്നും ചെറിയ കല്ലുകള്‍ പെറുക്കി ഉമ്മറത്തെ തെങ്ങിന്മേല്‍ എറിഞ്ഞു കൊള്ളിച്ചു ഉന്നം പരീക്ഷിച്ചു നില്‍ക്കുന്ന സമയത്ത്‌ ഉയര്‍ന്നു കേട്ട ചേട്ടന്റെ ഉച്ചത്തിലുള്ള വിളി എന്റെ എല്ലാ പ്രതീക്ഷകളും ക്ഷണനേരത്തില്‍ ഇല്ലാതാക്കി. ഒരു കുറ്റവാളിയെ പോലെ താഴ്ത്തിയ മുഖവുമായി ശിക്ഷ ഏറ്റുവാങ്ങാന്‍ ഞാന്‍ പതുക്കെ ചെട്ടന്റെ അടുത്തേക്ക് നടന്നു. 

ഞാന്‍ എന്റെ 'മുറി'യില്‍ എത്തുമ്പോള്‍ ഒളിപ്പിച്ചു വെച്ച രണ്ടു ഉത്തരക്കടലാസുകള്‍ കയ്യില്‍ പിടിച്ച് ക്രോധം കൊണ്ട് ജ്വലിക്കുന്ന കണ്ണുകളുമായി ചേട്ടന്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. 

"എന്താടാ ഇത്?"
"ആന്‍സര്‍ .... പേപ്പര്‍... ആണ്"
"ഏതിന്റെ?"
"ഹിന്ദീം സംസ്ക്രുതോം"
"ഇത് എന്ന് കിട്ടിയതാ?"
"നാലഞ്ചു ദിവസം ആയി"
"എന്നിട്ടെന്താ നീ പറയാഞ്ഞെ?
"മാര്‍ക്ക്‌ കുറവാ...പേടിച്ചിട്ടാ"

അപ്പോഴേക്കും അമ്മയും മുത്തശ്ശിയും അവിടെ എത്തി. കാര്യം അറിഞ്ഞപ്പോള്‍ കയ്യോടെ തന്നെ അമ്മേടെ കയ്യില്‍ നിന്നും ഒരെണ്ണം കിട്ടി. മാര്‍ക്ക്‌ കുറഞ്ഞതിനായിരുന്നില്ല ചീത്ത, നുണ പറഞ്ഞതിനായിരുന്നു. മുത്തശ്ശനാണ് എന്നെ കൂടുതല്‍ ശിക്ഷണ മുറകളില്‍ നിന്നും അന്ന് എന്നെ രക്ഷിച്ചത്. ഒച്ചയും ബഹളവും അടങ്ങിയപ്പോള്‍ വല്ലാത്ത ഒരു കുറ്റബോധവും, ലജ്ജയും എന്നെ കീഴടക്കിയിരുന്നു. അത് പൂര്‍ണ്ണമായും മാറാന്‍ ദിവസങ്ങള്‍ എടുത്തു.

അതിനു ശേഷം ഇതുവരെ ഉള്ള ജീവിതത്തില്‍ ഞാന്‍ നുണ പറഞ്ഞിട്ടേ  ഇല്ല എന്ന് പറയാന്‍ ഞാന്‍ ഹരിശ്ചന്ദ്രനോ, മഹാത്മ ഗാന്ധിയോ ഒന്നുമല്ല. നിര്‍ദോഷങ്ങളായ നുണകള്‍ പറയേണ്ടി വന്നിട്ടുണ്ട്. എങ്കിലും പല അവസരങ്ങളിലും സത്യം പറയാന്‍, അതിന്റെ പരിണിതഫലം എന്ത് തന്നെ ആയിരുന്നാലും, എനിക്ക് ശക്തി തരുന്നത് ഈ ഒരു സംഭവത്തിന്റെ ഓര്‍മ്മകള്‍ ആണ് എന്ന് നിസ്സംശ്ശയം എനിക്ക് പറയാം.


August 10, 2013

എന്‍.ഐ.ബി.എമ്മില്‍ ഒരു ട്രെയ്നിംഗ് കാലത്ത്‌

പൂനെയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്‌മന്റ്‌ നടത്തുന്ന അഞ്ചു ദിവസത്തെ ഒരു ട്രെയിനിങ്ങില്‍ പങ്കെടുക്കുന്നതിനു പോകുന്നതിനു വേണ്ടിയാണ് ഞാന്‍ ഇന്ന് ഉച്ചക്ക്‌ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്‌. ഉച്ചസമയം ആയതുകൊണ്ടാകണം ഡിപ്പാര്‍ച്ചര്‍ ലോഞ്ചില്‍ തിരക്ക് കുറവായിരുന്നു. സ്ഥിരം കാണാറുള്ള കഥാപാത്രങ്ങള്‍ (മുഖം മാത്രമേ മാറു) അങ്ങിങ്ങായി ചിതറിക്കിടക്കുന്നുണ്ടായിരുന്നു.

ഒരു ഭാഗത്ത്‌ കുട്ടിപ്പട്ടാളം ലോഞ്ചിലെ കടകളിലെ പലതരം മിട്ടായികള്‍ നോക്കി നടക്കുന്നു. അംബാനിരോഗം ബാധിച്ച ചില ജൂനിയര്‍ - മിഡില്‍ ലെവല്‍ വെള്ളക്കോളര്‍ അടിമകള്‍ ലാപ്ടോപ് തലോടി കൂലങ്കഷമായി ചിന്തിക്കുന്നു. സീനിയര്‍ വെള്ളക്കോളറുകള്‍ ബിസിനസ് പത്രങ്ങള്‍ വായിക്കുന്ന തിരക്കിലാണ്. ന്യൂ ജനറേഷന്‍ പെമ്പിള്ളേര്‍ ചിലര്‍ മൊബൈലില്‍ അമേരിക്കന്‍ ആക്സന്റില്‍ സോള്ളുന്നു; മറ്റു ചിലര്‍ കൂട്ടം കൂടി നിന്ന് ഉച്ചകോടി നടത്തുന്നു. ഇതിന്റെ ഇടക്ക് ബാക്ക്പാക്കും തൂക്കി ചില ന്യൂ ജനറേഷന്‍ ആംപിള്ളേര്‍ വള്ളിക്കളസം ഇട്ടു തേരാപാര നടക്കുന്നുണ്ട്.ഇക്കൂട്ടരും ഇടക്കിടക്ക്‌ ഫോണ്‍ എടുത്തു നോക്കുന്നുണ്ട്. ഇങ്ങനെ തെണ്ടി തിരിഞ്ഞു നടക്കാത്ത ഒരു ഉപവിഭാഗം ടാബ്ലെറ്റില്‍ ദൃഷ്ടിയാഴ്ത്തി ഇരിക്കുന്നുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മധുവിധു ആഘോഷിച്ചു തിരിച്ചു പോകുന്ന വടക്കേ ഇന്ത്യന്‍ നവ-യുവ-മിധുനങ്ങള്‍ ഇനിയും പങ്കു വെച്ചുകഴിഞ്ഞിട്ടില്ലാത്ത തങ്ങളുടെ മനസ്സുകള്‍ പരസ്പരം പങ്കുവെച്ചു പരിസരം മറന്നു ഇരിക്കുന്നുണ്ട്. കേരലയുടെ ആത്മാവ് അഥവാ സോള്‍ കണ്ടുമനസ്സിലാക്കാന്‍ വന്ന സായിപ്പ്സ് ആന്‍ഡ്‌ മദാമ്മാസ്‌ കൂട്ടം കൂടി ഇരുന്നു ഏതൊക്കെയോ ഭാഷകളില്‍ തമാശകള്‍ പറഞ്ഞു ചിരിക്കുന്നു. ആകാശാഥിതേയകള്‍  വയര്‍ലെസ്സ്‌ സെറ്റും കയ്യില്‍ പിടിച്ചു പട്ടാളക്കാര്‍ മാര്‍ച്ച് ചെയ്യുന്ന പോലെ കടാ-പടാ ശബ്ദം ഉണ്ടാക്കി നടക്കുന്നു. വിമാനത്താവളത്തിന്റെ കാവല്‍ഭടന്മാര്‍ അവരവരുടെ പോസ്റ്റുകളില്‍ കര്മ്മനിരതരായി നിലകൊള്ളുന്നു. ഇതിലൊന്നും പെടാത്ത എന്നെ പോലെ ഉള്ള ചിലകൂട്ടര്‍ ചുറ്റുപാടും എന്ത് നടക്കുന്നു എന്ന് ശ്രദ്ധിച്ചു ചെവിയില്‍ ഇയര്‍ ഫോണും തുരുകി തലയാട്ടി ഇരിക്കുന്നുണ്ട്.

കൃത്യ സമയത്ത് തന്നെ പൂനെയിലെക്കുള്ള വിമാനം പുറപ്പെട്ടു. ബാങ്ങ്ലൂര്‍ വഴി ആയതുകൊണ്ട് ഏകദേശം മൂന്നു മണിക്കൂര്‍ എടുത്തു പൂനെ എത്താന്‍. പൂനെ വിമാനത്താവളം ഒരു സൈനിക താവളമാണ്. അതുകൊണ്ട് തന്നെ വളരെ ചെറിയ ഒരു എയര്‍പോര്‍ട്ട് ആണ് പൂനെ. വിമാനത്താവളത്തില്‍ നിന്നും എന്‍.ഐ.ബി.എമ്മിലേക്ക് ഒരു ടാക്സി പിടിച്ചു. താവളത്തിന്റെ അതിരുകള്‍ വിട്ടു പുറത്ത് കടന്നാല്‍ ചുറ്റും സൈനിക ബാരക്കുകളും ക്യാമ്പുകളും കാണാം. ഡിഫെന്‍സ് മെഡിക്കല്‍ കോളേജ്, ആര്‍മി പബ്ലിക്‌ സ്കൂള്‍ മുതലായവയും ഇതില്‍ പെടുന്നു. വായു സേനയുടെയും പല ക്യാമ്പുകള്‍ പൂനെയില്‍ ഉണ്ട്. വിമാനത്താവളത്തില്‍ നിന്ന് ഏകദേശം പതിനാറു കിലോമീറ്റര്‍ സഞ്ചരിക്കണം എന്‍.ഐ.ബി.എമ്മില്‍ എത്തി ചേരാന്‍. താര തമ്യേനെ നല്ല വഴി ആയതുകൊണ്ട് ആ യാത്ര അധികം സമയം എടുത്തില്ല.

എന്‍.ഐ.ബി.എമ്മില്‍ എത്തുമ്പോള്‍ സന്ധ്യ മാഞ്ഞു ഇരുട്ട് പടര്‍ന്നു തുടങ്ങിയിരുന്നു. പലയിനം പക്ഷികളുടെ കല-പില ശബ്ദമാണ് എന്റെ ശ്രദ്ധയെ ആദ്യം ആകര്‍ഷിച്ചത്. പുറത്തെ ഇരുട്ടില്‍ അവ്യക്തമായി കണ്ടത്തില്‍ നിന്നും ക്യാമ്പസ്‌ മോടിപിടിപ്പിക്കപ്പെട്ട ഒരു കാടിനെ അനുസ്മരിപ്പിക്കുന്നു. ക്യാമ്പസിലെ നാലാം നമ്പര്‍ ഹോസ്റ്റലില്‍ ആയിരുന്നു എനിക്ക് താമസം ഏര്‍പ്പടാക്കിയിരുന്നത്. ദീര്‍ഘചതുരാകൃതിയിലുള്ള ഒരു പുല്‍ത്തകടിക്ക് ചുറ്റുമായാണ് നാലുഹോസ്റ്റലുകളും ഡൈനിംഗ് ഹാളും സ്ഥിതി ചെയ്യുന്നത്. ഡൈനിംഗ് ഹാളിന്റെ വലതു ഭാഗത്തായി വൈകുന്നേരം ഏഴുമണി വരെ പ്രവര്‍ത്തിക്കുന്ന ഒരു ഇന്റര്‍നെറ്റ്‌ കഫെ ഉണ്ട്. ഡൈനിംഗ് ഹാളില്‍ ഭക്ഷണം ലഭിക്കുന്ന സമയക്രമം ഹോസ്റ്റലിന്റെ നോട്ടീസ് ബോര്‍ഡില്‍ ഇട്ടിരിന്നു. രാത്രി എട്ടുമുതല്‍ ഒന്‍പതര വരെ ആണ് ഭക്ഷണം ലഭിക്കുക. മുറിയില്‍ ചെന്ന് ചൂട് വെള്ളത്തില്‍ ഒരു കുളി പാസാക്കി ഡൈനിംഗ് ഹാളില്‍ ചെന്ന് ഭക്ഷണം കഴിച്ചു. അപ്പോഴേക്കും ഇരുട്ടു പടര്‍ന്നതിനാല്‍ കൂടുതല്‍ യാത്രകള്‍ക്ക് മുതിരാതെ തിരികെ റൂമിലേക്ക്‌ തന്നെ വന്ന് അന്നത്തെ അനുഭവങ്ങള്‍ എവര്‍നോട്ടില്‍ കുറിച്ച് അല്‍പനേരം പുസ്തകം വായിച്ചു (ഖാലെദ്‌ ഹുസ്സൈ നിയുടെ 'ആന്‍ഡ്‌ ദി മൌണ്ടന്‍സ് എക്കോഡ്‌") ഉറങ്ങാന്‍ കിടന്നു. 

രാവിലെ ഒന്‍പതുമണിക്കാണ് ട്രെയ്നിംഗ് തുടങ്ങുന്നത്. ട്രെയിനിംഗ് നടക്കുന്ന ലെക്ചര്‍ ഹാളിലേക്ക് അല്പം നടക്കണം. ആറുഹാളുകള്‍ അടങ്ങുന്ന ഒരു വലിയ നിര്‍മ്മിതി. ഒരേ സമയം പല വിഷയങ്ങളില്‍ ട്രെയ്നിംഗ് നടക്കുന്നു. ലെക്ചര്‍ ഹാളിന്റെ അടുത്ത് തന്നെ ലൈബ്രയിയും ഒരു ചെറിയ കാഫറ്റീരിയും സ്ഥിതി ചെയ്യുന്നു. എന്‍.ഐ.ബി.എമ്മിലെ എല്ലാ കെട്ടിടങ്ങളും കരിങ്കല്ല് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. പൂനെ നഗരത്തില്‍ ആണ് സ്ഥിതി ചെയ്യുന്നത് എങ്കിലും ക്യാമ്പസിലെ മരങ്ങള്‍ വളരെ സ്വച്ഛമായ ഒരന്തരീക്ഷം പ്രദാനം ചെയ്യുന്നു. വിദ്യാഭ്യാസത്തിനു യോജിച്ച ഒരന്തരീക്ഷം തന്നെ! ഞങ്ങളുടെ ബാച്ചില്‍ ഇരുപത്താറു പേരാണ് പങ്കെടുക്കുന്നത്. അതില്‍ എന്നെ കൂടാതെ മൂന്നു മലയാളികളും ഉണ്ട്, അതില്‍ തന്നെ രണ്ടു പേര്‍ വടക്കുംനാഥന്റെ തട്ടകക്കാരും! ലോകത്തിന്റെ എവിടെ പോയാലും മലയാളികളെ കാണാം എന്ന് പണ്ട് എസ്.കെ പറഞ്ഞത് എത്ര വാസ്തവം!

രാവിലെ ഒന്‍പതു മണിക്ക് തുടങ്ങിയ ക്ലാസ്സ്‌ അവസാനിച്ചപ്പോള്‍ വൈകുന്നേരം അഞ്ചുമണി കഴിഞ്ഞിരുന്നു. തിരികെ റൂമില്‍ എത്തി കുളിച്ച് നടക്കാനിറങ്ങി. മഴക്കാര്‍ മൂടിനിന്നിരുന്നതിനാല്‍ ഒട്ടും തന്നെ ചൂട് ഉണ്ടായിരുന്നില്ല. ഹോസ്റ്റലിനു പുറത്തേക്കിറങ്ങി പ്രധാന പാതയിലൂടെ ഏകദേശം ഒരു കിലോമീറ്റര്‍ അകലെയുള്ള ഗേറ്റിനെ ലക്ഷ്യമാക്കി ഞാന്‍ പതുക്കെ നടന്നു. ഇന്നലെ പ്രഥമ ദൃഷ്ടിയില്‍ 'കാട്' പോലെ തോന്നി എങ്കിലും ക്യാംപസിന് അതിലും ചേരുന്ന ഉപമ 'ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍' എന്നതാകും. ഭാരതീയ സംസ്കാരത്തിലെ അവിഭാജ്യ ഘടകങ്ങളായ അരയാലും ആര്യവേപ്പും മുതല്‍ റഷ്യന്‍ നാടോടി കഥകളില്‍ വായിച്ചു കേട്ട ഓക്കും പൈനും പോലുള്ള പലതരം മരങ്ങള്‍ ക്യാമ്പസ്സില്‍ വെച്ചു പിടിപ്പിച്ചിരിക്കുന്നു. ഓരോ മരത്തിലും അതിന്റെ പേര് പതിച്ചു വെച്ചിട്ടുണ്ട്. എന്‍.ഐ.ബി.എമ്മിലെ അധ്യാപകര്‍ക്കുള്ള ഭവനങ്ങളും, വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റലുകളും ക്യാമ്പസ്സില്‍ ചിതറി കിടക്കുന്നു. ബാങ്കുദ്യോഗസ്ഥര്‍ക്കായുള്ള ട്രെയിനിംഗ് അല്ലാതെ രണ്ടു /ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളും എന്‍.ഐ.ബി.എം നടത്തുന്നുണ്ട്. ഏകദേശം ഒരു മണിക്കൂറോളം ക്യാംപസ്സിലൂടെ നടന്നു തിരികെ മുറിയിലേക്ക് നടക്കുമ്പോഴും വിയര്‍പ്പിന്റെ ഒരു ചെറിയ കണിക പോലും പൊടിഞ്ഞിരുന്നില്ല. 

രാത്രി ഡൈനിംഗ് ഹാളില്‍ ചെന്നപ്പോള്‍ മലയാളികള്‍ (എന്റെ ബാച്ചില്‍ ഉള്ള മൂന്നു പേര്‍ അല്ലാതെ വേറെ രണ്ടു പേര്‍ കൂടി ഉണ്ടായിരുന്നു. വേറെ വിഷയത്തില്‍ ആണ് അവര്‍ക്ക്‌ ട്രെയിനിംഗ്. അതിലെ ഒരാള്‍ എന്റെ തന്റെ ബാങ്കിന്റെ വേറെ ഒരു ശാഘയില്‍ നിന്നാണ്!) എല്ലാവരും ഒരു മേശക്ക് ചുറ്റും ഇരുന്നു തമാശകള്‍ പങ്കുവെക്കുകയായിരുന്നു. ഞാനും ഭക്ഷണം എടുത്ത്‌ അവരുടെ ഒപ്പം ചേര്‍ന്നു.