March 23, 2014

പാര്‍ശ്വവല്‍കൃതം

ഭൂരിപക്ഷം എന്ന ഒരു പക്ഷം സത്യത്തിൽ ഭാരത രാഷ്ട്രീയത്തിലില്ല. ന്യൂനപക്ഷം എന്നു പറയുന്ന ചില കൂട്ടർക്കെതിരെ നിൽക്കുന്നവരൊക്കെ 'തീവ്രവാദ'പക്ഷം ആണ്.

അതുകൊണ്ട് തന്നെ ലോകസഭയിൽ ഏറ്റവും കൂടുതൽ സീറ്റ് കിട്ടിയ പാർട്ടിയെ സർക്കാർ ഉണ്ടാക്കുന്നതിനു ക്ഷണിക്കുന്ന മൂരാച്ചിത്വ-ചൂഷക നിയമം മാറ്റി ഏറ്റവും കുറവു സീറ്റു കിട്ടിയ സഭയിലെ ന്യൂനനെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ച് വിപ്ലവാത്മകവും സമത്വാധിഷ്ഠിതവുമായ ഒരു പുതിയ കീഴ്വഴക്കം സൃഷ്ടിക്കുന്നതിനെ പറ്റി
അരുന്ധതി റോയിയെ പോലുള്ള ചിന്താഭരണികൾക്ക് ചിന്തിക്കാവുന്നതാണ്.

പാര്‍ശ്വവല്‍കൃത വാല്‍ക്കഷ്ണം: ന്യൂനപക്ഷങളുടെ പാർശ്വവത്കരണം എന്നൊക്കെയുള്ള ഹിഡുംബൻ പ്രയോഗങൾ നടത്തുന്നവർ ഈ പറയുന്ന ന്യൂനന്മാർ ഭൂരിപക്ഷമായ രാജ്യങളിലേയും പ്രദേശങളിലേയും ന്യൂനപക്ഷങളുടെ അവസ്ഥ ഒന്നു നോക്കുന്നത് നല്ലതാകും. അതാണു ഹൈന്ദവ സംസ്കാരത്തിന്റെ വിത്യാസം. ഇസ്രായേലിനു പുറത്ത് സ്ഥിതി ചെയ്യുന്ന ഏറ്റവും പഴക്കമേറിയ ജൂത സിനഗോഗും, ഇസ്ലാം ക്രൈസ്തവ മതങളുടെ (ഏകദേശം) അത്രയും തന്നെ പഴക്കമുള്ള പള്ളികളും ഒക്കെ ഭാരതത്തിലാണെന്നു മറക്കരുത്. 

March 21, 2014

ആളെറങ്ങാന്‍ ണ്ടേ

"കേസാര്‍ടീസി, റെയില്‍വേ, വടക്കേ സ്റ്റാന്റ്, റൌണ്ട് ഒക്കെ ഇറങ്ങ്, റൌണ്ട് പോവില്ല ട്ടാ..റൌണ്ട് പോവില്ല.. വടക്കേ സ്റ്റാന്റ്, റൌണ്ട് ഒക്കെ ഇവിടെ ഇറങ്ങിക്കോ"

"......."


"ചേട്ടാ ആ വാതിലങ്ങു അടച്ചേക്ക്"
ടിംഗ്, ടിംഗ്


"അല്ലാ , അപ്പൊ റൌണ്ട് പോകില്ല അല്ലെ?"
"ഇല്ല..."
"ആളെറങ്ങാന്‍ ണ്ടേ!!"
"!!!!"


ടിംഗ്

March 20, 2014

തബൽ ചോംബ

ഇപ്പോള്‍ മണിപ്പൂരിൽ ഇപ്പോൾ 'തബൽ ചോംബ' എന്ന സ്വയംവര നൃത്തക്കാലം. ആണുങ്ങളും പെണ്ണുങ്ങളും കൈകോർത്ത് പിടിച്ച് നൃത്തം ചെയ്യുന്നു. പരസ്പരം ഇഷ്ടപ്പെട്ടവർക്ക് ഒളിച്ചോടാം, കല്യാണം കഴിക്കാം. എത്ര മനോഹരമായ ആചാരം, അല്ലെ?

ഇലക്ഷന്റെ ഫലം വരുമ്പോൾ മണിപ്പൂർ മാത്രമല്ല ഭാരതം മൊത്തം തബൽ ചോംബ കൊണ്ടാടുന്ന നയനാനന്തകരമായ കാഴ്ച നമുക്ക് എല്ലാവർക്കും കാണാം. പക്ഷെ ഒരു വിത്യാസം ഉണ്ടാകും: ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും പകരം രണ്ടിന്റേയും മദ്ധ്യേ വർത്തിക്കുന്ന രാഷ്ട്രീയക്കാരാകും ഈ നാഷണൽ ചോംബയുടെ താരങ്ങൾ.
 

ഫൈന്‍ പ്രിന്റ്‌: ഇതുപോലെ മനോഹരമായ ആചാരങ്ങൾ ഇനിയുമുണ്ടോ, ആവോ?

March 19, 2014

സ്മാര്‍ട്ടാകാന്‍ ആന്‍ഡ്രോയ്ഡ് വെയര്‍


സ്മാര്‍ട്ട് ഫോണുകള്‍ക്ക് ശേഷം ഇനി വരുന്നത് സ്മാര്‍ട്ട്‌-വെയറുകളുടെ തരംഗം ആണെന്ന് ഗൂഗിള്‍ ഗ്ലാസ്സിലൂടെയും സ്മാര്‍ട്ട് വാച്ചുകളിലൂടെയും വ്യതമാക്കപ്പെട്ടു കഴിഞ്ഞു. വരും മാസങ്ങളില്‍ ഉയര്‍ന്ന വളര്‍ച്ച പ്രതീക്ഷിക്കുന്ന ഈ വിപണി കയ്യടക്കാന്‍ ഗൂഗിള്‍ രംഗത്തിറങ്ങി കഴിഞ്ഞു, അതും ആപ്പിള്‍ അവരുടെ ഐ-വാച്ച് പുറത്തിറക്കുന്നതിനു മുമ്പ് തന്നെ. സ്മാര്‍ട്ട് വാച്ചുകള്‍ക്കും മറ്റു വെയറബിള്‍ (ധരിക്കാവുന്ന) ഗാഡ്ജെറ്റുകള്‍ക്കും വേണ്ടി ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ അധിഷ്ഠിതമായ ആന്‍ഡ്രോയ്ഡ് വെയര്‍ ഒ.എസ് ഇന്നലെ ഗൂഗിള്‍ അനാവരണം ചെയ്തു. ഗൂഗിളിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ മോട്ടോറോളയും എല്‍ജിയും ആന്‍ഡ്രോയ്ഡ് വെയറില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് വാച്ചുകള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം തന്നെ ഇവ വിപണിയില്‍ എത്തും.
 
എന്താണ് ആന്‍ഡ്രോയ്ഡ് വെയര്‍
ഫോണുകള്‍ക്ക് ആന്‍ഡ്രോയ്ഡ് എന്ന പോലെ സ്മാര്‍ട്ട് വാച്ചുകള്‍ക്കും മറ്റു സമാന ഗാഡ്ജെറ്റുകള്‍ക്കും വേണ്ടിയുള്ള ഓ.എസ്. ആണ് ആന്‍ഡ്രോയ്ഡ് വെയര്‍

വര്‍ത്തമാനം നിങ്ങളുടെ കയ്യില്‍
ഏറ്റവും പ്രസക്തമായ വിവരം ഉചിതമായ സമയത്ത് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ഗൂഗിള്‍ പുറത്തിറക്കിയ 'ഗൂഗിള്‍ നൌ' ആണ് വെയറിന്റേയും നട്ടെല്ല്. ഫോണുമായി കണക്ട് ചെയ്യുക വഴി ഏറ്റവും പ്രധാന നോട്ടിഫിക്കേഷനുകള്‍ വാച്ചിലൂടെ ലഭ്യമാക്കുന്നു. ഇതുകൂടാതെ തന്നെ വോയ്സ് ഇന്‍പുട്ട് (ഓക്കെ ഗൂഗിള്‍ ) സ്വീകരിക്കാനും വെയറില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ വാച്ചുകള്‍ക്ക് സാധിക്കും. ഇതിലൂടെ റിമൈന്‍ഡറുകള്‍ സെറ്റ് ചെയ്യാനും, മെസ്സേജ് അയക്കാനും ഒക്കെ സാധിക്കും. ഇതുകൂടാതെ തന്നെ ഒരു ഫിട്നെസ്സ് ട്രാക്കര്‍ (പെഡോമീറ്റര്‍, സഞ്ചരിച്ച ദൂരം മുതലായ വിവരങ്ങള്‍) എന്ന നിലയിലും ഇത്തരം സ്മാര്‍ട്ട്‌ വാച്ചുകള്‍ പ്രവര്‍ത്തിക്കുന്നു.

ഇന്റര്‍ഫേസ് ഫീച്ചറുകള്‍
  • ഗൂഗിള്‍ നൌവിന്റെ പോലെ വിവിധ ഇന്‍ഫര്‍മേഷനുകള്‍ കാണിക്കുന്ന കാര്‍ഡുകള്‍ - കോണ്‍ടെക്സ്റ്റ് സ്ട്രീം
  • സമയോചിതമായ നോട്ടിഫിക്കേഷനുകള്‍ പേജുകളും സ്റ്റാക്കുകളും 
  • വോയ്സ് ഇന്‍പുട്ട്, സെര്‍ച്ച്‌ 
  • ഫോണുമായുള്ള കണക്റ്റിവിറ്റി 

ഇതൊരു തുടക്കമാണ്. ഡിവൈസ് നിര്‍മ്മാതാക്കളും, ഫാഷന്‍ ബ്രാന്‍ഡുകളും, ആപ്പ് ഡെവലപ്പേഴ്സും അടങ്ങുന്ന ഒരു സഖ്യമാണ് വെയറിനു വേണ്ടി ഗൂഗിള്‍ വിഭാവനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ വരുംനാളുകളില്‍ വെയറില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ ആപ്പുകളും മറ്റു ഗാഡ്ജെറ്റുകളും വിപണിയില്‍ പ്രതീക്ഷിക്കാം!



March 18, 2014

എക്സര്‍സൈസ്

ബുധഗ്രഹം മെലിഞ്ഞത്രേ! 4880 കിലോമീറ്റർ ചുറ്റളവുള്ള ഗ്രഹം 7 കിലോമീറ്റർ മെലിഞ്ഞു എന്നാണ് ഇപ്പോൾ ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്.

ഇതാണ് ഞാന്‍ എക്സര്‍സൈസ് ചെയ്യാത്തെ. 450 കോടി വര്‍ഷമായി സൂര്യന് ചുറ്റും നോണ്‍-സ്റ്റോപ്പ്‌ ഓടിയിട്ട് ആകെ കുറഞ്ഞത് വെറും 7 കിലോമീറ്റര്‍; അതായത് വെറും 0.14%!! പിന്നെ ഞാന്‍ രാവിലെ അര മണിക്കൂര്‍ ഓടിയിട്ടു വല്ല കാര്യോമുണ്ടോ?

March 17, 2014

പെബ്ബിളിന്റെ സമയം!

പണ്ട് ദൂരദര്‍ശനില്‍ കുട്ടികള്‍ക്കായി പ്രക്ഷേപണം ചെയ്തിരുന്ന 'ജയന്റ് റോബോട്ട്' എന്ന പരമ്പരയില്‍ റിസ്റ്റ് വാച്ചിലൂടെ റോബോട്ടിനെ വിളിക്കുന്നത് അദ്ഭുതപൂര്‍വ്വം കണ്ടിരുന്നിട്ടുണ്ട്. പിന്നീട് ജെയിംസ്‌ ബോണ്ട്‌ സിനിമകളിലും സയന്‍സ് ഫിക്ഷന്‍ സിനിമകളും ഇത്തരത്തിലുള്ള ഗാഡ്ജെറ്റ്സ് നമ്മള്‍ കണ്ടിട്ടുണ്ട്. എല്ലാം സ്മാര്‍ട്ട്‌ ആയിക്കൊണ്ടിരിക്കുന്ന ഈ ഇലക്ട്രോണിക് യുഗത്തില്‍ റിസ്റ്റ് വാച്ച്ചുകളും സ്മാര്‍ട്ട്‌ ആയില്ലെന്കിലെ അദ്ഭുതമുള്ളൂ. സോണിയും സാംസങ്ങും അടക്കമുള്ള  വന്‍കിട കമ്പനികള്‍ ആധിപത്യത്തിന് വേണ്ടി മത്സരിക്കുന്ന ഈ പുതുവിപണിയിലെ ഇത്തിരിക്കുഞ്ഞനാണ് പെബ്ബിള്‍ : പൊതുജനങ്ങളില്‍ നിന്നും പണം പിരിച്ചു നിര്‍മ്മിക്കപ്പെട്ട, ആപ്പിള്‍ ഐ.ഒ.എസ്/ആന്‍ഡ്രോയ്ഡ്‌ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളുമായി സംവദിക്കാന്‍ സാധിക്കുന്ന ഒരു റിസ്റ്റ് വാച്ച്.

എന്താണ് പെബ്ബിള്‍ ?
സ്മാര്‍ട്ട് ഫോണുമായി സംവദിക്കാന്‍ സാധിക്കുന്ന സ്മാര്‍ട്ട്‌ വാച്ച് ആണ് പെബ്ബിള്‍. പ്ലാസ്റ്റിക് ബോഡിയിലുറപ്പിച്ച, സൂര്യപ്രകാശത്തിലും തെളിമയോടെ നില്‍ക്കുന്ന 144X168 പിക്സല്‍ റെസൊലൂഷന്‍ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ്  ഇ-ഇങ്ക് ഡിസ്പ്ലേ ആണ് പെബ്ബിളിന്റെ സ്ക്രീന്‍. വാച്ചിന്റെ വശങ്ങളില്‍ ഉള്ള നാല് ബട്ടണുകള്‍ വഴിയാണ് നാവിഗേഷന്‍ സാധ്യമാകുന്നത്. യു,എസ്.ബി കേബിള്‍ വഴി റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ബാറ്ററി വഴി ഒരു റീചാര്‍ജില്‍ അഞ്ചുമുതല്‍ ഏഴു ദിവസം വരെ ഉപയോഗിക്കാന്‍ സാധിക്കുന്നു. സ്റ്റീല്‍ ബോഡിയും ഗോറില്ലാ ഗ്ലാസ്സോടും കൂടിയ പെബ്ബിള്‍ സ്റ്റീല്‍ എന്ന പുതിയ മോഡലും ഈ അടുത്തായി കമ്പനി പുറത്തിറക്കിയിട്ടുണ്ട്.




എന്തിനു പെബ്ബിള്‍ ?
അടിസ്ഥാനപരമായി ഫോണിലെ നോട്ടിഫിക്കേഷനുകള്‍ ലഭ്യമാകുന്ന (കാള്‍/മെസ്സേജ്/ഇമെയില്‍) ഒരു ഗാഡ്ജെറ്റ് ആണ് പെബ്ബിള്‍. പെബ്ബിള്‍ ഉപയോഗിച്ചു കാള്‍ ചെയ്യാനോ മെസ്സേജ് അയക്കാനോ സാധിക്കില്ല.എന്നാല്‍ ഇതിലുപരി പെബിളില്‍ ഇന്‍സ്റ്റോള്‍ ചെയ്യാവുന്ന ആപ്പുകളും ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. ഇത്തരം ആപ്പുകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്ന പെബ്ബിള്‍ ആപ്പ് സ്റ്റോറും, പെബ്ബിളിന്റെ നവീകരിച്ച ഒ.എസും (വേര്‍ഷന്‍ രണ്ട്) പുറത്തിറക്കുംഈ മാസം അവസാനത്തോടെ ലോഞ്ച് ചെയ്യും. കേവലം സമയം പറയുകയും, നോട്ടിഫിക്കേഷനുകള്‍ കാണിക്കുകയും ചെയ്യുക എന്നതിലുപരി പെബ്ബിളിന്റെ സാധ്യതകള്‍ വിപുലീകരിക്കാന്‍ സഹായിക്കുന്നതാണ് പുതിയ ഒ.എസ്. ഉദാഹരണത്തിന് ബെന്‍സിന്റെ പെബ്ബിള്‍ അപ്പ് വഴി കാറിലെ ഇന്ധനത്തിന്റെ അളവ്, ടയര്‍ പ്രഷര്‍, പാര്‍ക്ക് ചെയ്ത സ്ഥലം മുതലായ കാര്യങ്ങള്‍ വാച്ചില്‍ ലഭ്യമാകും.

എങ്ങിനെ വാങ്ങാം?
പെബ്ബിളിന്റെ വെബ്സൈറ്റില്‍ നിന്നും ആര്‍ക്കും വാച്ച് ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. 150 അമേരിക്കന്‍ ഡോളര്‍ (പുതിയ മോഡല്‍ ആയ പെബ്ബിള്‍ സ്റ്റീലിനു 250 അമേരിക്കന്‍ ഡോളര്‍) ആണ് വില. ഇന്ത്യയിലേക്ക്‌ ഷിപ്പിംഗ് സൌജന്യമാനെങ്കിലും ഇറക്കുമതിച്ചുങ്കമായി ഏകദേശം 4000 രൂപ കൂടി നല്‍കേണ്ടി വരും.

അവസാനവാക്ക് 
പുതു ടെക്നോളജി സാമാന്യ ജനങ്ങള്‍ക്ക് താങ്ങാവുന്ന വിലക്ക് ലഭ്യമാക്കണം എന്ന ഉദ്ദേശത്തില്‍ രൂപകല്‍പന ചെയ്ത ഒരു ഗാഡ്ജെറ്റ് ആണ് പെബ്ബിള്‍ എങ്കിലും ഐ-ഫോണ്‍ പോലെയോ, ആന്‍ഡ്രോയ്ഡ്‌ പോലെയോ സ്വീകാര്യത നേടാന്‍ പെബ്ബിളിനു സാധ്യമായിട്ടില്ല. ഒരു വര്‍ഷം കൊണ്ട് മൂന്നു ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയെങ്കിലും ടെക്നോളജി ഗീക്കുകളാണ് പെബ്ബിള്‍ വാങ്ങിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. എങ്കിലും പുതിയ ടെക്നോളോജി ഇഷ്ടമുള്ളവര്‍ക്ക് പെബ്ബിള്‍ സ്മാര്‍ട്ട് ആയിക്കൊണ്ടിരിക്കുന്ന ഭാവിയുടെ ഒരേട്‌ സമ്മാനിക്കുമേന്നതില്‍ സംശയമില്ല!
(ദീപികയുടെ 'ടെക്@ദീപിക' കോളത്തില്‍ സ്വ:ലേയുടെയായി പ്രസിദ്ധീകരിച്ചത്. അതു ഇവിടെ വായിക്കാം)

March 13, 2014

ആന്‍ഡ്രോയ്ഡില്‍ മലയാളം!

ഫോണുകള്‍ സ്മാര്‍ട്ട്‌ ആയി വരുന്ന ഇക്കാലത്ത്  എളുപ്പത്തില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ സാധിക്കുന്ന ഒരു ആപ്പിന്റെ അഭാവം പ്രകടമായിരുന്നു.  ഇന്നിതാ (കുറഞ്ഞ പക്ഷം ആന്‍ഡ്രോയ്ഡ്  ഫോണുകളിലെങ്കിലും) ആ ഒരു കുറവ്  ഇല്ലാതായിരിക്കുന്നു.  സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് ആണ് മലയാളത്തില്‍ ടൈപ്പ് ചെയ്യാവുന്ന ഇന്‍ഡിക് കീ ബോര്‍ഡ്‌ പ്ലേ സ്റ്റോറില്‍ ലഭ്യമാക്കിയിരിക്കുന്നത്.  ഈ കീ ബോര്‍ഡ്‌ ഉപയോഗിച്ചു ഏതു ആപ്പില്‍ വേണമെങ്കിലും നേരിട്ട് മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ സാധിക്കും.




ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ ഫോണ്‍ സെറ്റിംഗ്സിലെ ലാംഗ്വേജ് ടൂള്‍സ് വഴി ഇന്‍ഡിക് കീ ബോര്‍ഡ്‌ ആഡ് ചെയ്യണം.  അതിനു ശേഷം ശേഷം ഇന്‍ഡിക് കീ ബോര്‍ഡ്‌ സെറ്റിംഗ്സ് എടുത്ത് മലയാളം സെലക്ട്‌ ചെയ്യുക (ചിത്രം നോക്കുക)

ഇത്രയും ആയാല്‍ ഫോണ്‍ കീ ബോര്‍ഡ്‌ ഉപയോഗിക്കാന്‍ സജ്ജമായിക്കഴിഞ്ഞു.  ടൈപ്പ് ചെയ്യുന്ന സമയത്ത് ഇന്‍ഡിക് കീ ബോര്‍ഡ്‌ സെലക്ട്‌ ചെയ്യാന്‍ നോട്ടിഫിക്കേഷന്‍ ഡ്രോയാറിലെ "കീബോര്‍ഡ്‌" ഐക്കണില്‍ ക്ലിക്ക് ചെയ്യുക.  നിങ്ങള്‍ ഗൂഗിള്‍ കീ ബോര്‍ഡ്‌ ആണ് ഉപയോഗിക്കുന്നത് എങ്കില്‍ സ്പേസ് ബാര്‍ പ്രസ്‌ ചെയ്തു പിടിച്ചാലും ഇന്‍ഡിക് കീ ബോര്‍ഡ്‌ സെലക്ട്‌ ചെയ്യാവുന്നതാണ്.



March 10, 2014

ലോങ്ങ്‌ ജമ്പ്

"സീറ്റ് തന്നില്ലേല്‍ ഞാന്‍ പോകും"
"ഓ"
"ശരിക്കും പോകും"
"ഹും"
"മാവോയാണേ സത്യം, ഞാന്‍ ചാടും ട്ടാ"
"ഉവ്വ"
"ചാടാന്‍ പോകുന്നു..3"
"ഓ ഓ"
"2"
"...."
"1"
"..."
"൦"
"എന്താ?"
"മാര്‍ക്സേ ലെനിനെ ഗൌരിയമ്മേ, ഞാന്‍ ഇതാ ചാടുന്നേ........ബ്ലും"
 
----

"അതേ, അവന്‍ ശരിക്കും ചാടി ട്ടാ.. ഇനി ഇപ്പൊ എന്ത് ചെയ്യും?"
"ചാട്യാ?"
"ഉവ്വ"
"അയ്യോ, എന്നാ പിന്നാലെ ചാടെടോ ചാക്കുമായി.. അവന്‍ തമാശ പറയാന്നല്ലേ ഞാന്‍ നിരൂപിച്ചേ"
"അപ്പൊ കൊല്ലം?"
"കൊടുക്കാം, എന്തും കൊടുക്കാം.. അവന്‍ ചാടീന്നറിഞ്ഞാല്‍ വല്യേട്ടന്‍ എന്നെ കൊല്ലും"
"കൊച്ചാട്ടനില്ലാത്ത പാര്‍ട്ടി എനിക്കാലോചിക്കാന്‍ കൂടി പറ്റില്ല. വഴി തെറ്റിയ കുഞ്ഞാടിനെ നമുക്ക് തിരിച്ചു കൊണ്ടുവരാം ചാട്ടാ"
"നിന്ന് കഥാപ്രസംഗം പറയാതെ ചാടെടോ"
"സഖാവമ്മോ......ബ്ലും"

March 07, 2014

നിക്ഷ്പക്ഷാന്വേഷണം

ഇത്ര 'കൃത്യ'മായി പൊതുജനത്തിനു മുമ്പില്‍ യാതൊരു സ്വമനസ്സാലെ അവതരിപ്പിച്ച പാര്‍ട്ടിക്കഭിവാദ്യങ്ങള്‍ !! ഇതൊക്കെ എങ്ങനെ സാധിക്കുന്നു? കണ്ടുപിടിച്ച തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു അന്യായമായി ശിക്ഷിച്ച പ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു.

വരുമാന സ്രോതസ്സ് ഇല്ലാതാക്കാന്‍ നോക്കിയ ആളോട് തോന്നിയ വ്യക്തിവൈരാഗ്യം കാരണം ഒരു വണ്ടി നിറയെ ക്വോട്ടേഷന്‍ ആള്‍ക്കാരെ (അവര്‍ക്കെങ്ങനെ കാശ് കൊടുത്തോ എന്തോ?) ഇറക്കിയ നരാധമനെ പാര്‍ട്ടിയില്‍ പുറത്താക്കിയ പ്രവര്‍ത്തി മാതൃക തന്നെ!

-ഹോ എന്താ ല്ലേ!

March 04, 2014

ആധാര്‍ ലിങ്ക്ഡ് വോട്ടിംഗ്

"നമസ്കാരം, എന്നെ ഓര്‍മയില്ലേ?"
"എവിടെയോ കണ്ടു പരിചയം... ഓര്‍മ്മ കിട്ടുന്നില്ല"
"ഞാനാ ഈ മണ്ഡലത്തിലെ സിറ്റിംഗ് എം.പി"
"ഓ, ഓര്‍മ്മ വന്നു. അഞ്ചു കൊല്ലം മുമ്പ് കണ്ടതല്ലേ, അതാ മനസ്സിലാകാഞ്ഞേ. ഒന്നും തോന്നരുത്"
"ഏയ്, എനിക്കിതില്‍ പുതുമ ഒന്നുമില്ല. പിന്നെ ഈ ഇലക്ഷനും എനിക്ക് തന്നെ ചെയ്യണം, വോട്ട്"
"അതിനെന്താ, ഒരു മിനിറ്റ്.. ഈ ഫോം ഒന്ന് പൂരിപ്പിച്ചു തരു"
"ഇതെന്താ?"
"ഇതാണ് സരള്‍ - വോട്ട് റെക്വിസിഷന്‍ ഫോം"
"ഇതെന്തിനാ?"
"ഇത് രണ്ടു കോപ്പി പൂരിപ്പിച്ചു തരണം. ഒപ്പം നേതാവിന്റെ ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൌണ്ട് പാസ്ബുക്ക്‌ (കഴിഞ്ഞ ഒരു വര്‍ഷത്തെ), ഇലക്ഷന്‍ ഐ.ഡി കാര്‍ഡ് എന്നിവയുടെ അറ്റസ്റ്റ് ചെയ്ത കോപ്പികള്‍, വില്ലേജില്‍ നിന്നും ജാതിയും വരുമാനവും തെളിയുക്കന്ന സര്‍ട്ടിഫിക്കറ്റ്, വീടിന്റെ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ നിന്നും എസ്.ഐയില്‍ കുറയാത്ത റാങ്കുള്ള ഉദ്യോഗസ്ഥന്‍ തന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റ്, പുതിയ പ്രകടന പത്രികയുടെ സെല്‍ഫ് അറ്റസ്റ്റ് ചെയ്ത കോപ്പി, പഴയ പ്രകടനപത്രികയും അത് നടപ്പില്‍ വരുത്തി എന്ന് തെളിയിക്കുന്ന പത്ര ക്ളിപ്പിങ്ങുകളും, ഏറ്റവും പുതിയ രണ്ടു പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോകള്‍ എന്നിവ കൂടി വെക്കണം"
"എന്നിട്ട്?"
"അപേക്ഷ പരിശോധിച്ചതിനു ശേഷം വോട്ട് കിട്ടാന്‍ അര്‍ഹന്‍ ആണെന്ന് തോന്നിയാല്‍ അര്‍ഹമായ വോട്ടുകള്‍ ഇന്‍കം ടാക്സ് പിടിച്ചതിനു ശേഷം നേരിട്ട് നേതാവിന്റെ ബാങ്ക് അക്കൌണ്ടിലേക്ക് നെഫ്റ്റ് വഴി അയക്കുന്നതാണ്"
"അയ്യോ!! അതു ശരിയാവില്ല. ഇലക്ഷന്‍ അടുത്ത ആഴ്ചയാ. പിന്നെ ബാങ്കില്‍ കിട്ടീട്ട് എന്താ കാര്യം?"
"ഇതാണ് നിയമം. പറ്റില്ലെങ്കില്‍ ഒന്ന് പോടപ്പാ"

March 03, 2014

ഞായര്‍

വരനും വധുവിനും സന്തോഷകരമായ ദാമ്പത്യജീവിതം ആശംസിച്ച് ഇറങ്ങിയപ്പോള്‍ സമയം മൂന്നു മണി കഴിഞ്ഞിരുന്നു. അപ്പോഴും വീട്ടിലെ തിരക്കൊഴിഞ്ഞിട്ടുണ്ടായിരുന്നിട്ടില്ല. അങ്ങനെ അവന്റെ കത്തിക്കലും കഴിഞ്ഞു; ജോഷി ഒരു ചെറു ചിരിയോടെ ആത്മഗതം പോലെ പറഞ്ഞു. കല്യാണ വീടിന്റെ അടുത്ത് തന്നെയാണ് പഴുവില്‍ പള്ളി. പുരാതനമായ ഒരു ആരാധനാലയം. "പള്ളിയില്‍ പോയാലോ?" പഴമയില്‍ എനിക്കുള്ള താല്പര്യം അറിയാവുന്ന ജോഷി ചോദിച്ചു. കാറിനെ പാര്‍ക്ക് ചെയ്ത സ്ഥലത്ത് തന്നെ വിട്ടു ഞങ്ങള്‍ പള്ളി ലക്ഷ്യമാക്കി നടന്നു. ഒന്‍പതാം നൂറ്റാണ്ടില്‍ സ്ഥാപിതമായ പള്ളിയാണ് പഴുവിലെ സെന്റ്‌. അന്റണീസ് ദേവാലയം. പതിനാറാം നൂറ്റാണ്ടില്‍ ഗോത്തിക് ശൈലിയില്‍ പുതുക്കിപണിതു. അതിനു ശേഷവും പുതിയ എടുപ്പുകള്‍ പള്ളിയോട് കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. എങ്കിലും പഴമയുടെ സൌന്ദര്യം ആ ദേവാലയത്തിന് ഒരു പ്രത്യേക സൌന്ദര്യം തന്നെ നല്‍കുന്നു.

ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ പള്ളിയില്‍ ആരുമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മനസ്സിനെ ശാന്തമാക്കുന്ന ഒരു നിശ്ശബ്ദത അവിടമാകെ തങ്ങി നിന്നു. ബൈബിളിലെ കഥാ സന്ദര്‍ഭങ്ങളുടെ കൊത്തുപണികളാല്‍ അലംകൃത്യമായ വലിയ ഒരു ദാരുശില്‍പം അള്‍ത്താരയെ പ്രൌഢമാക്കുന്നു. മധ്യത്തില്‍ മടക്കാവുന്ന രീതിയിലാണ് ഈ ശില്‍പം നിര്‍മ്മിച്ചിരിക്കുന്നത്. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ആക്രമണം ഭയന്ന് ഇത് മടക്കി വെക്കുകയുണ്ടായത്രേ. അതിനു മുന്‍പോ, അതിനു ശേഷമോ ഒരിക്കല്‍ പോലും ഈ ശില്‍പം മടക്കി വെച്ചിട്ടില്ല എന്ന് ജോഷി പറഞ്ഞു. അള്‍ത്താരക്ക് അഭിമുഖമായി നില്‍ക്കുമ്പോള്‍ വലതു ഭാഗത്തായി ക്രൂശിതനായ യേശുവിന്റെ ഒരു ശില്‍പം സ്ഥിതി ചെയ്യുന്നു. ശിപത്തിനു നേരെ എതിരെ വൈദികന് പ്രസംഗിക്കാനായി 'പള്‍പിറ്റ്' എന്നറിയപ്പെടുന്ന പുരാതനമായ ഒരു പ്ലട്ഫോരം സ്ഥിതിചെയ്യുന്നു. അള്‍ത്താരയിലെ ദാരുശില്പങ്ങളെ അനുസ്മരിപ്പിക്കുന്ന കൊത്തുപണികള്‍ ഇവിടെയും നമുക്ക് കാണാവുന്നതാണ്. ആനവാതിലിന്നു മുകളില്‍ കന്യാസ്ത്രീകള്‍ക്കായി നിര്‍മ്മിച്ചിരിക്കുന്ന ബാല്‍ക്കണിയിലും ഇതേ മട്ടിലുള്ള ശില്പങ്ങള്‍ കാണാവുന്നതാണ്. ഇപ്പോള്‍ ഈ ബാല്‍ക്കണി ഒരു ചെറിയ മ്യൂസിയമാക്കി മാറ്റിയിട്ടുണ്ട്.

ഇപ്രകാരം പഴമയുടെ അടയാളങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്ന, യുഗങ്ങളുടെ പ്രാര്‍ത്ഥനകള്‍ അലയടിക്കുന്ന ആ അള്‍ത്താരയ്ക്കുമുമ്പില്‍ നിശ്ശബ്ദനായി കുറച്ചു നേരം ഞാന്‍ നിന്നു. സ്വന്തം ചെയ്തികളിലെ നന്മ-തിന്മകള്‍ കണ്ടെത്താനും, ശാന്തമായ മനസോടെ ചിന്തിക്കാനും ആ ഒരു അന്തരീക്ഷം നമ്മെ സഹായിക്കുന്നു. ഒരു പക്ഷെ ആരാധനാലയങ്ങളുടെ ഉദ്ദേശവും അത് തന്നെയാകണം.

പള്ളിയില്‍ നിന്നും ഇറങ്ങിയപ്പോഴേക്കും സമയം നാലിനോടടുത്തുതുടങ്ങിയിരുന്നു. ജോഷിയുടെ വീട്ടില്‍ പോയി കുറച്ചു നേരം അവിടെ സംസാരിച്ചിരുന്നു. അഞ്ചുമണി കഴിഞ്ഞപ്പോള്‍ അവിടെ നിന്നും ഇറങ്ങി. തായംകുളങ്ങരയില്‍ ബസ്‌ ഇറങ്ങി പെരുവനം അമ്പലത്തെ ചുറ്റിയുള്ള വഴിയിലൂടെ വീട്ടിലേക്ക്‌ നടന്നു. 

അമ്പലത്തിന്റെ തെക്കേ നട തുറന്നു കിടന്നിരുന്നു. സായഹ്നത്തില്‍ അരയാലിലകളെ പോലും പ്രാര്‍ത്ഥനാ നിര്‍ഭരമാക്കുന്ന ഇളം കാറ്റുമാസ്വദിച്ച് അല്പസമയം നടയിലെ അരമതിലില്‍ വിശ്രമിച്ച് നടത്തം തുടര്‍ന്നു.

March 02, 2014

നീലയും ഓറഞ്ചും - രണ്ടു മാക്രോ പടങ്ങള്‍




രണ്ടു മാക്രോ പടങ്ങള്‍. നെക്സസ് അഞ്ചില്‍ മാക്രോ ലെന്‍സ്‌ ഘടിപ്പിച്ചു എടുത്തത്. എഡിറ്റിംഗ്: സ്നാപ്സ്പീഡ് ആപ്പ്

March 01, 2014

മലമ്പുഴ ഡാം (ഫോട്ടോ)


മലമ്പുഴ ഡാമിന്റെ ഒരു വിദൂര ദൃശ്യം.
 ക്യാമറ: നെക്സസ് 5, എഡിറ്റ്‌: സ്നാപ് സ്പീഡ്