December 31, 2013

കാലത്തിന്റെ അളവുകോലുകള്‍

ജിജ്ഞാസ പ്രതീക്ഷയും, പ്രതീക്ഷ ആഗ്രഹവും, ആഗ്രഹം ദുരാഗ്രഹവുമാകുന്നത് കാലത്തിന്റെ ഒരു കളിയാണ്. ഒരു പക്ഷെ മനുഷ്യകുലത്തിന്റെ നിലനില്പിന് തന്നെ കാരണം ഈ ഒരു കളിയാകണം. അതുകൊണ്ടാണല്ലോ കാലത്തെ അളക്കാന്‍ നമ്മള്‍ തുടങ്ങിയത്. പ്രാദേശികമായി അളവുകോലുകള്‍ പലതുണ്ടായി. തോത് എന്തുതന്നെ ആയാലും ഓരോ പ്രഭാതവും മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ ആഗ്രഹപ്രാപ്തിക്കുള്ള ഒരായിരം വാതായനങ്ങളാണ് തുറന്നിടുന്നത്. ജീവിതാന്ത്യം വരെ തുടരുന്ന ഈ യാത്രക്കിടയില്‍ തന്റെ ചെയ്തികളെക്കുറിച്ചും ലക്ഷ്യങ്ങളെ കുറിച്ചും ഒരു പുനര്‍വിചിന്തനം നടത്താന്‍ ഒരു സൂചിക മനുഷ്യന്‍ സൃഷ്ടിച്ചു: പുതുവത്സരം.

ഗ്രിഗോറിയന്‍ കലണ്ടറില്‍ നാളത്തെ പ്രഭാതം നവ വര്‍ഷത്തെ കുറിക്കുന്ന വേളയില്‍ എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ശോഭനമായ പുതുവത്സരം ആശംസിക്കുന്നു!

December 30, 2013

പിന്മാറ്റം

ക്ലിഫ് ഹൌസ് ഉപരോധം, കരിങ്കൊടി പ്രതിഷേധം, ബഹിഷ്കരണം എന്നിങ്ങനെ മുഖ്യമന്ത്രിക്കെതിരെ രാജി ആവശ്യപ്പെട്ടു കഴിഞ്ഞ കുറച്ചു കാലമായി നടത്തി വന്നിരുന്ന എല്ലാ സമര മാരണങ്ങളും ബോറടിയെ തുടര്‍ന്ന്‍ ഇതിനാല്‍ നിര്‍ത്തിവെക്കാന്‍ മുന്നണി ഒന്നായ് തിരുമാനിച്ചിരിക്കുന്നു!

ഇനി പ്രതിഷേധം കാവിലെ പാട്ടുമത്സരത്തില്‍,സോറി, നിയമസഭയില്‍ ആയിരുക്കുമത്രെ! എന്ന് വെച്ചാല്‍ ഈ നിയമസഭയിലും എല്ലാ ദിവസവും വാക്ക് ഔട്ട്‌ തന്നെ എന്ന് സാരം!

പുതുവത്സരാനിമേഷന്‍ - 2014

പുതുവത്സരാനിമേഷന്‍ ഇതാ അഞ്ചാം വര്‍ഷവും!
(ഫ്ലാഷില്‍ ഉണ്ടാക്കിയത്)

December 29, 2013

മലബോര്‍ ആഭരണപ്പരസ്യം!

"ചേച്ചി, ഞാന്‍ സുന്ദരി ആയിട്ടില്ലേ?

"പിന്നേ... എന്താ ജ്വല്ലറി ഒന്നുമില്ലേ?"

"ഏയ്..ഞാന്‍ ഇട്ടില്ല. അതൊന്നും കൂള്‍ അല്ല. ഫ്രണ്ട്സ് കളിയാക്കും"

 

"ഭ ... നിന്നോടാരാടീ പറഞ്ഞെ കൂള്‍ അല്ലാന്നു? പിന്നെ ഞാന്‍ എന്തിനാ ജ്വല്ലറീം തുറന്നു ഇരിക്കണേ? %&#$ മോളെ, നീ ആരാന്നാ നിന്റെ വിചാരം? ശരിയാക്കി തരാം. നീ ഇങ്ങു വന്നേ. ഈ ഇരിക്കുന്ന രണ്ടു കിലോ മൊത്തം നിന്റെ കഴുത്തില്‍ ഇട്ടിട്ടേ നിന്നെ ഞാന്‍ വിടു! കൂള്‍ അല്ല പോലും. പെണ്ണിന്റെ സൌന്ദര്യം മൊത്തം ആഭരണങ്ങളില്‍ അല്ലെ. നിന്റെ വിവരദോഷി ഫ്രണ്ട്സിനോട് പോയി പണി നോക്കാന്‍ പറ"

 

"അയ്യോ, ചേച്ചി കൊല്ലല്ലേ, അയ്യോ ചേച്ചി കൊല്ലല്ലേ"

"അങ്ങനെ വഴിക്ക് വാ"

 

---(പാര്‍ട്ടിക്ക് ശേഷം)---

 

"ഇപ്പൊ എങ്ങനെ?"

"ശരിയാ ചേച്ചി, ഇപ്പൊ നല്ല ചേഞ്ച്‌"

"അതാണ്‌. കുറച്ചു ആഭരണം ഇട്ടാല്‍ ഉള്ള ഗുണം"

"ശരിയാ, (കല്യാണം കഴിച്ചാല്‍ ഇതടിച്ചു മാറ്റാമല്ലോ എന്ന് വിചാരിച്ച് ) എത്ര പേരാ പിന്നാലെ കൂടിയെന്ന് ചേച്ചിക്കറിയോ?"

"അതാണ്‌ ഈ ചേച്ചി!"

 

December 27, 2013

ആര്‍ യു ലോണ്‍സം ടുനൈറ്റ്‌?

"ആര്‍ യു ലോണ്‍സം ടുനൈറ്റ്‌.."

ലാപ്‌ടോപിലൂടെ ഒഴുകി വന്ന എല്‍വിസ്‌ ഗാനവും കേട്ട് അവളെ ഓര്‍ത്ത്‌ ഇരിക്കുന്നത് വേദനയുള്ള ഒരു സുഖമാണ്. ഇന്നേക്ക് മൂന്നുവര്‍ഷം ആയിരിക്കുന്നു അവളെ അവസാനമായി കണ്ടിട്ട്. എത്ര വലിയ പൂട്ടുകൊണ്ട് ബന്ധിച്ചാലും  ഓര്‍മ്മകളുടെ സഞ്ചാരം തടയാന്‍ സാധിക്കുമോ?

അവളുടെ ഒരു ചിരിക്കായ്‌ പറഞ്ഞ തമാശകളും, മണിക്കൂറുകള്‍ നീണ്ട ഫോണ്‍ വര്‍ത്തമാനത്തിന് ശേഷം അവളുടെ ശബ്ദം കേട്ട് മയങ്ങിയ അസംഖ്യം രാത്രികളും എങ്ങനെ മറക്കും? പരസ്പരം ചിരികള്‍ പങ്കിട്ടു വടക്കുംനാഥനെ പ്രദക്ഷിണം വെച്ച് നടന്ന അസംഖ്യം സായാഹ്നങ്ങളും, അവളുടെ കണ്ണുകളില്‍ നോക്കി മനസ്സിലെ പ്രണയം പറയാതെ പറഞ്ഞ അസംഖ്യം നിമിഷങ്ങളും എങ്ങനെ മറക്കും? 

പ്രണയത്തേക്കാള്‍ വില സൌഹൃദത്തിന് നല്‍കിയ ഒരു വിഡ്ഢി ആയിരുന്നു ഞാന്‍.

യെസ്, ഐ ആം ലോണ്‍ സം ടുനൈറ്റ്.... 

 

December 25, 2013

ക്രിസ്മസ് ഓഫര്‍

ലോകമെമ്പാടുമുള്ള മനുഷ്യര്‍, വിശിഷ്യാ മലയാളികള്‍ നാളെ ക്രിസ്തുമസ് ആഘോഷിക്കുന്ന ഈ അവസരത്തില്‍ ഉല്ലാസവേളകള്‍ കൂടുതല്‍ ആനന്ദകരമാക്കാന്‍ ഒരിറ്റു പ്രാണജലത്തിനായി കേരളത്തിന്റെ മുക്കിലും മൂലയിലുമുള്ള ബിവറേജസ് കോര്‍പ്പറേഷന്‍ വഹ മദ്യ ഷാപ്പുകളിലെ നീണ്ട ക്യൂകളില്‍ അകപെട്ടുപോയ ഹതഭാഗ്യരേ, നിങ്ങളെ ഭാഗ്യദേവത കടാക്ഷിച്ചിരിക്കുന്നു: തുച്ഛമായ നിരക്കില്‍ നിങ്ങള്‍ക്ക് പകരം ക്യുവില്‍ നിക്കാന്‍ മദ്യപിക്കാത്ത ബംഗാളികളുടെയും ബീഹാറികളുടെയും കമനീയ ശേഖരം ഞങ്ങള്‍ ഒരുക്കിയിരിക്കുന്നു!

ക്യൂവില്‍ നിക്കാന്‍ ഞങ്ങള്‍ തയ്യാര്‍, കാശ് തരാന്‍ നിങ്ങളോ?

-- കേരള ബംഗാളി - ബീഹാറി തൊഴിലാളി സമാജം, ക്ലിപ്തം നമ്പ്ര് 0000
ഹെഡ് ഓഫീസ്: ആലുവ, ബ്രാഞ്ച്:ഫരീദാബാദ്!

December 20, 2013

ഫുള്‍ ഫോം

 "ബിഎസ്സെന്നല്‍ എക്സ്ചേഞ്ച് അല്ലെ?"
"അതെ"
"എക്സ്ചേഞ്ച് ഇന്‍ ചാര്‍ജിന്റെ പേരും, ഡെസിഗ്നെഷനും അഡ്രസും ഒന്ന് വേണം"
"ഒരു മിനിറ്റ്"
"ഓക്കേ"
"എഴുതി എടുത്തോ, ശ്രീ ധൃതരാഷ്ട്രര്‍, എസ്.ഡി.ഓ, ഹസ്തിനപുരം എക്സ്ചേഞ്ച്"
"എസ്.ഡി.ഓ യുടെ ഫുള്‍ ഫോം ഒന്നു പറയാമോ?"
"അതു വേണോ?"
"വേണം"
"എസ്.ഡി.ഓ അല്ലെ...... ഫുള്‍ ഫോം ഒക്കെ ചോദിച്ചാല്‍..."
"????"
"അതു എസ്.ഡി ഓ എന്ന് തന്നെ എഴുതിയാല്‍ മതി. അതിനങ്ങനെ ഫുള്‍ ഫോം ഒന്നുമില്ല"
"!!!! ശരി മാഡാം"
"അല്ല, ഇതൊക്കെ എന്തിനാ?"
"ഒരു വക്കീല്‍ നോട്ടീസ് അയക്കാനാ"
"!!!!"

December 13, 2013

ഉപരോധം

"സലാം, സഖാവേ"
"ആം"
"സഖാവെന്താ ദില്ലീ പോയി തൊപ്പിയിട്ടോ?"
"ഇപ്പൊ എല്ലാ, അടുത്ത ഇലക്ഷന്‍ കഴിഞ്ഞാല്‍ ചിലപ്പോ വേണ്ടി വരും"
"അതു ശരിയാ"
"എന്തിനാ വന്നത്?"
"അല്ല, മുഖ്യമന്ത്രി രാജി വെച്ചിട്ടില്ല. രാജി വെച്ചില്ലേല്‍ വഴി നടത്തില്ല എന്നൊക്കെ നമ്മള്‍ പറഞ്ഞിരുന്നു"
"അതുകൊണ്ട്?"
"ആള്‍ വഴി നടക്കുന്നുണ്ട്, ഇപ്പോഴും"
"എന്നാ ഒരു കാര്യം ചെയ്യ്‌, നാളെ പോയി പുള്ളീടെ വീട് ഉപരോധിച്ചോ"
"അതിനു മുഖ്യന്‍ അങ്ങ് കാസരഗോടാ. മറ്റേ ജനസമ്പര്‍ക്കം. അപ്പൊ പിന്നെ വീടിന്റെ മുന്നില്‍ കിടന്നിട്ട് എന്താ കാര്യം?"
"ഇതാണ് താന്‍ സ്റ്റഡി ക്ലാസ്സ്‌ അറ്റന്‍ഡ് ചെയ്യാത്തത്തിന്റെ കുഴപ്പം"
"എന്താ സഖാവേ?"
"എടൊ, ഈ മുഖ്യനെ തിരഞ്ഞെടുത്തത് ആരാ?"
"ജനങ്ങള്‍"
"നമ്മള്‍ വഴി തടഞ്ഞാല്‍ പണി കിട്ടുന്നതാര്‍ക്കാ?"
"ജനങ്ങള്‍ക്ക്"
"ഈ മുഖ്യന്‍ എന്നാല്‍ ബൂര്‍ഷ്വാകളായ ജനങ്ങളുടെ പ്രതിനിധി ആണ്. അതുകൊണ്ട് നമ്മള്‍ മുഖ്യനെ തടഞ്ഞട്ട് കാര്യമില്ല.വിവരം കേട്ട ജനങ്ങളെ തടയണം. ബൂര്‍ഷ്വാകള്‍ പോയി തുലയട്ടെ"
"അപ്പൊ അടുത്ത തിരഞ്ഞെടുപ്പില്‍ ??"
"മറ്റേ തൊപ്പിക്കാര്‍ വന്നില്ലേല്‍ നമ്മുടെ കേരളം വീണ്ടും ഒരു രക്ത പങ്കില പൂങ്കാവനം ആകും"
"ഉവ്വ. പിള്ളാരേം വിളിക്കട്ടെ? സംയുക്തം ആക്കാം"
"അതു വേണോ?"
"അല്ല, പോലീസ് ഉള്ളതല്ലേ. അടി വീണാല്‍ അവര്‍ കൊണ്ടോളും"
"ഓ.. എന്നാ വിളിച്ചോ"
"സലാം സഖാവേ!