July 31, 2014

മഴയാഗമനം

കിഴക്കോട്ടു തിരിഞ്ഞു സൂര്യനമസ്കാരം ചെയ്യുന്ന പുല്‍നാമ്പുകളില്‍ രാത്രിമഴ വിതറിയ ജലകണങ്ങള്‍ വജ്രക്കല്ലുകള്‍ പോലെ തിളങ്ങി നില്‍ക്കുന്നത് കണ്ടാണ്‌ ഞാന്‍ വീട്ടില്‍ നിന്നിറങ്ങിയത്. ജ്വലിക്കുന്ന ദീപനാളങ്ങള്‍ക്കു പകരം എണ്ണപ്പാട കലര്‍ന്ന മഴവെള്ളം കെട്ടിനില്‍ക്കുന്ന കല്‍ വിളക്കിനടുത്ത് നിന്ന് അമ്മതിരുവടിയെ വണങ്ങി ഊട്ടുപുര ചുറ്റി പകുതി പ്രദക്ഷിണം വെച്ച് കിഴക്കേ നടവഴി എത്തിയപ്പോഴേക്കും സൂര്യന്‍ ചാര നിറമാര്‍ന്ന മേഘക്കൂട്ടങ്ങള്‍ക്കിടയില്‍ മറഞ്ഞിരുന്നു. വഴിവക്കിലെ ആലും കടന്ന്‍ ബസ് സ്റ്റോപ്പില്‍ എത്തിയപ്പോള്‍ മുകളിലെ മേഘങ്ങള്‍ കുറച്ചു കൂടി കറുത്തു. ആന വണ്ടി വരാന്‍ അല്പനേരം കൂടി കഴിഞ്ഞു. വണ്ടി പെരുമ്പിള്ളിശ്ശേരിയില്‍ എത്തിയപ്പോഴേക്കും പുറത്ത് വെളിച്ചം നന്നേ കുറഞ്ഞിരുന്നു. ബലൂണ്‍ നിറയെ വെള്ളം നിറച്ച് സൂചികൊണ്ട് കുത്തിപ്പോട്ടിക്കാന്‍ വെമ്പല്‍ കൊള്ളുന്ന വികൃതിയെപ്പോലെ കാര്‍മേഘങ്ങള്‍ ആസന്നമായ വര്‍ഷത്തില്‍ നിന്നും രക്ഷപ്പെടാന്‍ പരക്കം പായുന്ന മനുഷ്യരുടെ തലക്കുമുകളില്‍ തങ്ങി നിന്നിരുന്നു. ചൊവ്വൂര്‍ കയറ്റം കയറുമ്പോള്‍ മഴ തുടങ്ങി. യാത്രക്കാര്‍ ഷട്ടറുകള്‍ താഴ്ത്തിയ അതെ സമയം വണ്ടിയിലെ ചെറു ട്യൂബ് ലൈറ്റുകള്‍ തെളിയക്കപ്പെട്ടു. പുറത്ത് മഴ തിമിര്‍ക്കുകയായിരുന്നു! 

July 22, 2014

നീന്തൽ കുളം

ചങ്ങനാശ്ശേരിയിൽ കിണറിന്നടുത്തായി ഒരു ടാങ്ക് ഉണ്ടായിരുന്നു. ഉൾഭാഗത്ത് വശങ്ങളിലായി ഈർപ്പം പറ്റി വളരുന്ന പായൽ ഉള്ളതിനാൽ വെള്ള പെയിന്റ് അപ്പാടെ മങ്ങിപ്പോയ ഒരു ടാങ്ക്. പഞ്ചായത്തിന്റെ ടാപ്പിൽ വായു അല്ലാതെ വെള്ളം വരുന്ന അവസരങ്ങളിൽ ഒരറ്റത്തു കറുത്ത പ്ലാസ്റ്റിക് പന്തു ഘടിപ്പിച്ച വാൽവിൽക്കൂടി വെള്ളം അറ്റമില്ലാത്ത ഒരു പാദസരം കണക്കെ ഒഴുകി ഇറങ്ങി ടാങ്കിൽ നിറയും. അദ്ഭുതമെന്നേ പറയേണ്ടു ടാങ്ക് നിറഞ്ഞാൽ വാൽവ് തന്നെ അടയും! അതുകൊണ്ട് വെള്ളം പുറത്തുപോകുമെന്ന പേടി വേണ്ട. അങ്ങനെ പല മാന്ത്രികവിദ്യകളും നീന്തിക്കളിക്കുന്ന ഈ ടാങ്ക് ആയിരുന്നു നീന്തലറിയാത്ത ഞങ്ങളുടെ ആദ്യ നീന്തൽ കുളം. 

അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ ഈ ടാങ്കിലാണ് ഞങ്ങൾ വേനലവധിക്കാലത്തെ വൈകുന്നേരങ്ങളിൽ 'ഉപ്പുമാങ്ങ' കണക്കെ മണിക്കൂറുകളോളം ഇറങ്ങിക്കിടന്ന് പല അഭ്യാസങ്ങളും പരീക്ഷിക്കാറ്. പിന്നീട് അവിടെ നിന്നും ഊരകത്തേക്ക് താമസം മാറ്റിയപ്പോൾ നഷ്ടങ്ങളുടെ കുഴിപ്പലകയിൽ ഏറ്റവും കൂടുതൽ മഞ്ചാടിക്കുരു വീണത് ഞങ്ങളുടെ ഈ നീന്തൽ കുളത്തിനായിരുന്നു. എന്നാൽ ഊരകത്ത് ഞങ്ങളെ കാത്തിരുന്നത് ശരിക്കും ഒരു കുളം ആയിരുന്നു; വെട്ടുകൽപ്പടവുകളുള്ള, വശങ്ങളിൽ ചുവന്ന ചെത്തിയും മറ്റു ചെടികളും വളരുന്ന, പൊത്തുകളിൽ വലിയ പോക്കാൻ തവളകളുള്ള, പുളിയിലകളും മാവിലകളും സംഘംചേർന്നൊഴുകി നടക്കുന്ന വെള്ളമുള്ള ഒരു കുളം! ഞങ്ങളുടെ രണ്ടാം നീന്തൽ കുളം! 

അതിന്റെ കഥ വേറെ ഒരു നാൾ, ഇപ്പോൾ ഞാനൊന്നു കുളിക്കട്ടെ ;)