November 28, 2016

കറന്‍സി രഹിത ലോകം

യൂറോപ്യന്‍ രാജ്യമായ സ്വീഡന്‍ 2020ആകുമ്പോഴേക്കും ലോകത്തിലെ ആദ്യ കറന്‍സി രഹിത രാജ്യമായി മാറാന്‍ തയ്യാറെടുക്കുകയാണ്. ബിറ്റ് കോയിന്‍ പോലുള്ള രാജ്യാന്തര-സ്വതന്ത്ര ക്രിപ്ടോകറന്‍സികളും വേരുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. തുടങ്ങിയിരിക്കുന്നു. ഇടപാടുകള്‍ അതിവേഗം നൂതനസംവിധാനങ്ങലിലെക്ക് മാറുകയാണ്. ഇതെല്ലാം കാണാതെ നാം കണ്ണടച്ചു ഇരുന്നാല്‍ രണ്ടോ മൂന്നോ ദശാബ്ദങ്ങള്‍ കൊണ്ട് നമ്മുടെ ലോകം പൊട്ടക്കിണര്‍ മാത്രമായി ചുരുങ്ങും. അതുകൊണ്ട് തന്നെ കറന്‍സി രഹിത സമ്പദ് വ്യവസ്ഥ എന്നത് വിപ്ലവകരമായ, നല്ല ഒരാശയാമാണ്.

ഇന്ത്യയെ പോലെ ഭൂമിശാസ്ത്രപരമായും, ജനസംഘ്യാപരമായും, സാംസ്കാരികമായും വൈവിധ്യമുള്ള ഒരു രാജ്യത്ത് ഇരുപതോ-ഇരുപത്തഞ്ചോ വര്‍ഷംകൊണ്ട് മാത്രമേ ഇത്തരമൊരു നീക്കം സാധ്യമാകു. കൃത്യമായ തയ്യാറെടുപ്പോടെ നടത്തേണ്ട ഒരു വലിയ എക്സര്‍സൈസ് ആണ് കറന്‍സി ഡിജിറ്റൈസേഷന്‍.

എന്താണ് ഈ ഡിജിറ്റല്‍ കറന്‍സി? കറന്‍സി രഹിതം എന്ന് പറയുമ്പോള്‍ 'രൂപ' അപ്രത്യക്ഷമാകാന്‍ പോകുന്നില്ല. ഇപ്പോള്‍ കറന്‍സി നോട്ടായും നാണയങ്ങളായും ഉള്ള പണത്തിന്‍റെ വിനിമയം കുറയ്ക്കുകയാണ് (ആത്യന്തികമായി പൂര്‍ണ്ണമായും ഇല്ലാതാക്കുക) 'കറന്‍സി രഹിതം' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് ഇടപാടുകള്‍ മുഴുവന്‍ ബാങ്ക് അക്കൌണ്ടുകള്‍ വഴിയാകും നടക്കുക. ഇടപാടുകള്‍ നടത്താന്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ മുതല്‍ ഇന്‍റര്‍നെറ്റും, മൊബൈല്‍ ഫോണുകളും, ബയോമെട്രിക് ഉപകരണങ്ങളും ഉപയോഗിക്കുന്നു.

സ്വാഭാവികമായും ഇപ്പോള്‍ വ്യപമായുള്ള പണ-കവര്‍ച്ച ഇല്ലാതാകും എങ്കിലും പുതിയ ഒരു കൂട്ടം സുരക്ഷാ കവചങ്ങള്‍ ഡിജിറ്റല്‍ കറന്‍സിയുടെ രക്ഷക്കായി ഉണ്ടാക്കേണ്ടി വരും. ഹാക്കര്മാരില്‍ നിന്നും കമ്പ്യൂട്ടര്‍ വൈറസുകളില്‍ നിന്നും സാമ്പത്തിക വിവരങ്ങള്‍ സംരക്ഷിക്കുക എന്നതാകും രാജ്യങ്ങളുടെ മുമ്പിലുള്ള ഏറ്റവും വലിയ ജോലി.

പണത്തിന്‍റെ ഒഴുക്കിന് കണക്കുണ്ടാകും എന്നതാണ് ഈ മാറ്റം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ ഗുണം. പണം നല്‍കുന്ന പരിരക്ഷ അതിന്‍റെ അനോണിമിറ്റിയില്‍ അധിഷ്ഠിതമാണ്. അതിന്‍റെ ഒഴുക്ക് പിന്തുടരാന്‍ സാധിക്കുമെന്ന് വന്നാല്‍ അതുപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ക്കും ഒരു പരിധിവരെ വംശനാശം സംഭവിക്കും. എങ്കിലും ചില ടാക്സ്-ഹെവന്‍ രാജ്യങ്ങള്‍ ഇപ്പോഴും അനോണിമസ് ബാങ്ക് അക്കൌണ്ടുകള്‍ അനുവദിക്കുന്നു. എങ്കിലും ഈ ഒരു പ്രാക്ടീസ് ലോക രാജ്യങ്ങള്‍ ഒറ്റക്കെട്ടായി എന്ന് ഇല്ലാതാക്കുന്നുവോ, അന്ന് മാത്രമേ വന്‍തോതിലുള്ള 'നിഴല്‍'പണമിടപാടുകള്‍ ഇല്ലാതാകു.

എല്ലാ പണവും ബാന്കുകളിലെത്തി അതുമുഴുവന്‍ കോര്‍പ്പറേറ്റുകള്‍ക്ക് ലോണ്‍ കൊടുത്തു മുടിപ്പിക്കാനാണ് ഈ പ്ലാന്‍ എന്നൊക്കെ കരുതുന്നത് ശുദ്ധ മണ്ടത്തരമാണ്. പിന്നെ പത്തിരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കമ്പ്യൂട്ടര്‍ വല്‍ക്കരണം തുടങ്ങിയ അവസരത്തില്‍ ഇതൊക്കെ എന്തിനാ എവിടെ എന്ന് പറഞ്ഞു സമരം നടത്തിയവര്‍ ഒക്കെയാണ് ഈ ഒരു ആശയത്തെ എതിര്‍ക്കുന്നത്. അവരുടെ രീതി അനുസരിച്ചു എല്ലാം പ്രവര്‍ത്തിയില്‍ വന്നു ഒരു പത്തുവര്‍ഷം കഴിയുമ്പോള്‍ പഴയ നിലപാടുകള്‍ ശരിയല്ലായിരുന്നു എന്ന് പറഞ്ഞു കൈ കഴുകും.

ഇന്ത്യ കൃത്രിമ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു അവസാനം ചൊവ്വ പര്യവേഷണം നടത്തിയപ്പോള്‍ 'വികസിത' രാജ്യങ്ങളുടെ പ്രതികരണവും സമാനമായിരുന്നു. ഒരമേരിക്കന്‍ പത്രത്തില്‍ ഇന്ത്യന്‍ ബഹിരാകശ പദ്ധതിയെ കളിയാക്കി വന്ന കാര്‍ട്ടൂണ്‍ ഓര്‍മയുണ്ടാകുമല്ലോ. ഇന്നു ലോകത്തിലെ തന്നെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഏക ബഹിരാകശ ഏജന്‍സിയാണ് ഐ.എസ്.ആര്‍.ഒ. ലാഭം മാത്രമല്ല, സാമാന്യ ജങ്ങള്‍ക്ക് ഉപകാരമുള്ള പദ്ധതികള്‍ക്കാണ് അവര്‍ മുന്‍തൂക്കം നല്‍കുന്നത്. പറഞ്ഞു വന്നത് പുതിയ സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുക എന്നത് അതിജീവനത്തിന്‍റെ ആവശ്യകതയാണ്; അതൊരിക്കലും ഒരു ധൂര്ത്തല്ല.

ലോകം മാറുകയാണ്. മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതിരിക്കുന്നതും അതിനെ എതിര്‍ക്കുന്നതും മനുഷ്യ സഹജമാണ്; വിശിഷ്യാ നാം ശീലിച്ചതെല്ലാം അമ്പേ പൊളിച്ചെഴുതപ്പെടുമ്പോള്‍. ഒരു രാജ്യത്തെ മൊത്തത്തില്‍ ബാധിക്കുന്ന തിരുമാനങ്ങള്‍ നടപ്പിലാക്കുമ്പോള്‍ കുറച്ചു ദീര്‍ഘവീക്ഷണമാണ് നേതാക്കള്‍ക്ക് വേണ്ടത്. അന്ധമായ വിശ്വാസവും അന്ധമായ അവിശ്വാസവും നന്നല്ല. സമൂഹനന്മാക്കായി ഒരുമിച്ചു പ്രവര്‍ത്തിക്കാനുള്ള 'ഗ്രേസ്' നമ്മുടെ നേതാക്കന്മാര്‍ക്ക് ഉണ്ടാകട്ടെ.

November 23, 2016

November 21, 2016

വൈ.ഭൌ.വാ

"സഘാവേ, എന്താണീ വൈരുദ്ധ്യാത്മക ഭൌതിക വാദം?"
"അതായത് നമ്മള്‍ ഇപ്പോള്‍ ബി.ജെ.പി അടക്കമുള്ള സംഘ പരിവാര്‍ സവര്‍ണ്ണ ഹൈന്ദവ ഭീകരതക്കെതിരെയും, അവകാശ നിഷേധങ്ങള്‍ക്കെതിരെയും, എതിര്‍പ്പിന്റെ സ്വരങ്ങളെ അടിച്ചമര്‍ത്തുന്നതിനെതിരേയും പടപൊരുതുകയാണല്ലോ"
"അതെ"
"ഈ അവസരത്തില്‍ ആരെങ്കിലും ഒരാള്‍ നമ്മളെ വിമര്‍ശിച്ചാല്‍ അല്ലെങ്കില്‍ നമ്മുടെ ശത്രുക്കളെ പിന്തുണച്ചാല്‍ അവര്‍ക്കെതിരെ നമ്മള്‍ പോരാടണം. പറ്റുമെങ്കില്‍ അയാളെ മ്മടെ മണിയാശാന്റെ ലിസ്റ്റില്‍ കേറ്റണം. ഇതാണ് വൈ.ഭൌ.വാ."
"ഇപ്പൊ മനസ്സിലായി. ഇനി ഹൈപ്പോതെട്ടിക്കല്‍ ആയി ഒരു സംശയം കൂടി ഉണ്ട് സഘാവേ. നമ്മുടെ നിലപാട് തെറ്റായിരുന്നു എന്ന് വന്നാല്‍ നമ്മള്‍ എന്ത് ചെയ്യും?"
"ഇതിലെന്താ ഇത്ര ഹൈപ്പോതെറ്റിക്കല്‍? ഒരു പത്തോ പന്ത്രണ്ടോ വര്‍ഷം കഴിഞ്ഞു നാം നമ്മുടെ തെറ്റ് തിരുത്തും. നമ്മളെ പോലെ പക്വതയുള്ള പാര്‍ട്ടി വേറെ ഉണ്ടോ?"
"ഇല്ല സഘാവേ ഇല്ല. സിംഗിള്‍ പീസ്‌ ഐറ്റം അല്ലെ!"

November 16, 2016

‘പിടി’തരാത്ത കിട്ടാക്കടങ്ങള്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഏഴായിരം കോടി എഴുതി തള്ളി എന്നതാണല്ലോ ഇപ്പോഴത്തെ വിഷയം. ഇന്നു രാജ്യസഭയില്‍ ശ്രീ യെച്ചൂരി ലോണ്‍ "വെയ്വ്"ചെയ്തു എന്നു പറഞ്ഞപ്പോള്‍ ജെറ്റ്ലി അത് തിരുത്തി "ടെക്നികല്‍ റൈറ്റ് ഓഫ്" ആണ് ചെയ്തത് എന്ന് പറയുകയുണ്ടായി. ഇതിനു യെച്ചൂരിയുടെ മറുപടി "അതെന്താ" എന്നായിരുന്നു. വല്യ നേതാക്കള്‍ക്ക് തന്നെ കൃത്യത ഇല്ലാത്ത ഈ വിഷയത്തില്‍ എനിക്കറിയാവുന്ന ചില കാര്യങ്ങള്‍ പങ്കുവെക്കുന്നു:

എന്താണ് കിട്ടാക്കടം?
ആര്‍.ബി.ഐ നിര്‍ദേശിചിട്ടുള്ള 'പ്രുഡെന്‍ഷ്യല്‍ നോംസ്' അനുസരിച്ച് തിരച്ചടവില്‍/പലിശയില്‍  നിര്‍ദ്ധിഷ്ട (സാധാരണ 90 ദിവസത്തില്‍ കൂടുതല്‍) കാലയളവിനേക്കാള്‍ കൂടുതല്‍ മുടക്കം വരുത്തിയ അക്കൌണ്ടുകളെ കിട്ടാക്കടം ആയി തരം തിരിച്ചു കാണിക്കണം. മുടക്കം വന്ന കാലയളവിനു അനുസരിച്ചു ഇവയെ പല ഗ്രേഡുകള്‍ ആയി തിരിച്ചിട്ടുണ്ട്. 
 
ഒരു ലോണിനെ കിട്ടാക്കടം ആയി തരം തിരിച്ചുകഴിഞ്ഞാല്‍ എന്താണ് ഉണ്ടാകുക?
1. കിട്ടാനുള്ള സംഘ്യയുടെ നിശ്ചിത ശതമാനം (കടത്തിന്റെ ഗ്രേഡ് അനുസരിച്ച്) കരുതല്‍ ഫണ്ടിലേക്ക്, ബാങ്കിന്‍റെ ലാഭത്തില്‍ നിന്നും, മാറ്റി വെക്കണം.
2. സര്‍ഫേസി നിയമപ്രകാരം (SARFAESI Act 2002) മുതലും പലിശയും തിരിച്ചുപിടിക്കാനുള്ള നടപടികള്‍ ബാങ്ക് സ്വീകരിക്കും.
3. പ്രസ്തുത ലോണില്‍ ഈടാക്കുന്ന പലിശ പിനീട് വരുമാനത്തില്‍ എടുക്കുകയില്ല. 

എന്താണ് ലോസ് അസറ്റ്?
ഒരു ലോണിന്റെ തുകയില്‍ കിട്ടാന്‍ സാധ്യത കുറവ് കല്പിക്കുന്ന ഭാഗമാണ് ലോസ് അസറ്റ്. ഇതിന്റെ മൂല്യത്തിനു തത്തുല്യമായ സംഘ്യ മുമ്പ് പറഞ്ഞ കരുതല്‍ ഫണ്ടിലേക്ക് മാറ്റെണ്ടാതാണ്.

റിക്കവറി തുടങ്ങുമ്പോള്‍ എന്താണ് സംഭവിക്കുന്നത്?
റിക്കവറി കോടതിയില്‍ (ഡി.ആര്‍.ടി - ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍)   എത്തുമ്പോള്‍  ലോണ്‍ അക്കൌണ്ടിലെ ബാലന്‍സ് ഒരു പ്രത്യേക "സ്യൂട്ട് ഫയല്‍ഡ്" അക്കൌണ്ടിലേക്ക് മാറ്റുന്നു. കോടതി വിധി വരുന്ന കാലം വരെയും തുക അതില്‍ കിടക്കേണ്ടതാണ്.

എന്താണ് ടെക്നിക്കല്‍ റൈറ്റ് ഓഫ്?
ബാലന്‍സ് ഷീറ്റ് എന്നാല്‍ ഒരു പ്രത്യേക ദിവസത്തെ സ്ഥാപനത്തിന്റെ ആസ്തികളും, ബാധ്യതകളും കാണിക്കുന്ന ഒരു സ്റ്റേറ്റ്മെന്റ് ആണ്. ബാങ്കിന്‍റെ ബാലന്‍സ് ഷീറ്റ് ഉണ്ടാക്കുമ്പോള്‍ ആര്‍.ബി.ഐ നിര്‍ദേശങ്ങളും, ഇന്‍സ്ടിട്ട്യൂറ്റ് ഓഫ് ചാര്‍ട്ടേഡ് അക്കൌണ്ടന്റ്സ് ഓഫ് ഇന്ത്യ നിര്‍ദേശിച്ചിട്ടുള്ള അക്കൌണ്ടിംഗ് സ്റ്റാന്‍ഡേര്‍ഡുകളും (എ.എസ്), കമ്പനി നിയമവും പാലിക്കേണ്ടതുണ്ട്.  ഇവ പ്രകാരം കാലങ്ങളായി കിട്ടാക്കടമായി ബാലന്‍സ് ഷീറ്റില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ലോണുകള്‍ സമയാ സമയം പരിശോധിച്ച് തിരിച്ചു കിട്ടാന്‍ സാധ്യത കുറവ്/തീരെ ഇല്ലാത്ത സംഘ്യകള്‍ അവക്കെതിരെ വെച്ചിട്ടുള്ള കരുതല്‍ ഫണ്ടുമായി തട്ടികിഴിക്കുന്നു. ബാലന്‍സ് ഷീറ്റിനു കുറച്ചുകൂടി കൃത്യതയും വ്യക്തതയും വരാന്‍ ആണ് ഇത് ചെയ്യുന്നത്.
 
എന്താണ് ഇങ്ങനെ ചെയ്യുന്നതിന്റെ ഫലം?
ഒരു കിട്ടാക്കടം ഇപ്രകാരം ടെക്നിക്കല്‍ റൈറ്റ് ഓഫ് ചെയ്തുകഴിഞ്ഞാല്‍ ബാങ്കിന്‍റെ ആസ്തികളില്‍ നിന്നും അത് നീക്കം ചെയ്യപ്പെടുന്നു. ഒപ്പം തന്നെ അതിനെതിരെ ബാധ്യതായി വെച്ചിട്ടുള്ള കരുതല്‍ ഫണ്ടും ഇല്ലാതാകുന്നു.

കോടതിയിലെ കേസുകള്‍?
ടെക്നിക്കല്‍ റൈറ്റ് ഓഫ് ചെയ്താലും കിട്ടാക്കടം തിരിച്ചു പിടിക്കാനും, കടക്കാരന്‍ ഈടായി തന്നിട്ടുള്ള വസ്തുവഹകളില്‍ നിന്നും ഈടാക്കാനും ഉള്ള ബാങ്കിന്റെ അവകാശങ്ങള്‍ ഇല്ലാതാകുന്നില്ല. പിന്നീട് ഏതെങ്കിലും വര്‍ഷം ഇപ്രകാരം തിരിച്ചു പിടിക്കുന്ന തുക ആ വര്‍ഷത്തെ വരുമാനമായി ബാങ്ക് കണക്കില്‍ പെടുത്തുന്നു.

എന്താണ് ടെക്നിക്കലല്ലാത്ത റൈറ്റ് ഓഫ്?
സാധാരണക്കാരന്റെ ഭാഷയില്‍ എഴുതി തള്ളുക. ഇവിടെ കിട്ടാനുള്ള തുക എഴുതി തള്ളുന്നതിനോടൊപ്പം കടം തിരിച്ചു പിടിക്കാനുള്ള അവകാശങ്ങളും ഉപേക്ഷിക്കുന്നു. പിന്നീട് അയാളില്‍ നിന്നും കടം ഈടാക്കാന്‍ ബാങ്കിന് സാധ്യമല്ല.   


സാധാരണ നിലയില്‍ ഒരു ലോണ്‍ "ടെക്നിക്കല്‍ റൈറ്റ് ഓഫ്" വരെ എത്താന്‍ വര്‍ഷങ്ങള്‍ എടുക്കും. ഇപ്പോള്‍ വാര്‍ത്ത ആയിരിക്കുന്ന എസ്.ബി.ഐയുടെ ഏഴായിരം കോടി ടെക്നിക്കല്‍ റൈറ്റ് ഓഫ് ശരിക്കും മനസ്സിലാക്കാന്‍ ഈ ലോണുകള്‍ ആര്‍ക്ക്, എപ്പോള്‍, എന്തു രേഖ പ്രകാരം കൊടുത്തു എന്ന് പരിശോധിക്കണം. ലോണ്‍ കൊടുക്കുന്ന വേളയില്‍ എഴുതപ്പെടുന്ന കരാറുകള്‍ പ്രകാരമാണ് ബാങ്കിന് കടക്കാരന്റെ വസ്തുവഹകളില്‍ അധികാരം വരുന്നത്. ഈ കരാറുകള്‍ പ്രകാരമുള്ള അധികാരത്തിനപ്പുറം പ്രവര്‍ത്തിക്കാന്‍ ബാങ്കുകള്‍ക്ക് സാധ്യമല്ല. 

എന്റെ പരിമിതമായ അറിവില്‍ നിന്നുമാണ് ഞാന്‍ ഇത്രയും പറയുന്നത്. തെറ്റുകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുമല്ലോ. ഡെബിറ്റും, ക്രെഡിറ്റും, ഡബിള്‍ എന്ട്രിയും എന്താണ് എന്നറിയുന്നവര്‍ക്ക് കുറച്ചു കൂടി വ്യക്തമായി മനസ്സിലാകും എന്ന് കരുതുന്നു. 

    

November 13, 2016

അര്‍ദ്ധരാത്രിയിലെ 'നോട്ട'ടി - 2



നോട്ടു നിരോധനം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുന്ന ഈ അവസരത്തില്‍ നവമാധ്യമാങ്ങളിലും, പത്ര മാധ്യമങ്ങളിലും ഉയര്‍ന്നു കേള്‍ക്കുന്ന ചില അഭിപ്രായങ്ങള്‍ ഒന്ന് പരിശോധിക്കാം:

ദിവസവും നാലായിരം രൂപ മാറ്റാം എന്ന നിയമം പൊടുന്നനെ മാറ്റി ഒരാള്‍ക്ക് നാലായിരം മാത്രമേ ഡിസംബര്‍ മുപ്പത് വരെ മാറ്റാന്‍ സാധിക്കു എന്നാക്കി.
തെറ്റ്. ഒമ്പതാം തീയാതി റിസര്‍വ് ബാങ്കിന്റെ സൈറ്റില്‍ പ്രസിദ്ധീകരിച്ച എഫ്.എ.ക്യുവില്‍ 'ഒരാള്‍ക്ക് നാലായിരം' എന്ന് വ്യക്തമായി നല്‍കിയിരുന്നു. പത്രമാദ്ധ്യമങ്ങള്‍ റിപ്പോട്ട് ചെയ്തത് പ്രതിദിനം നാലായിരം എന്നാണ്. 

ജൂണ്‍-സെപ്തംബര്‍ മാസങ്ങളില്‍ ബാങ്ക് ഡിപ്പോസിട്ടില്‍ വന്ന വര്‍ദ്ധന നോട്ടു മാറ്റ നീക്കം ചോര്‍ന്നതിന്റെ ഫലമാണ്.
തെറ്റ്. കേജ്രിവാള്‍ പറഞ്ഞ പോലെ ജൂണ്‍-സെപ്തംബര്‍ മാസങ്ങളില്‍ ബാങ്ക് ഡിപ്പോസിട്ടില്‍ വളരെ വലിയ ഒരു കുതിച്ചു ചാട്ടം ഉണ്ടായിട്ടുണ്ട്. ഈ കാലയളവിലാണ് ആദായ നികുതി വകുപ്പിന്റെ വരുമാനം വെളിപ്പെടുത്താനുള്ള സ്കീം നടന്നിരുന്നത്. ഇതുപ്രകാരം ഏകദേശം അറുപതിനായിരം കോടി രൂപയാണ് പുറത്ത് വന്നത്.ഇനി അഥവാ കള്ളപ്പണം തന്നെയാനനെകില്‍ ബാങ്കില്‍ നിക്ഷേപിക്കുക വഴി അതും സിസ്റ്റത്തിന്റെ ഭാഗമാകുകയാണ്.കള്ളപ്പണം കയ്യില്‍ ഉള്ളവര്‍ അത് മറക്കാന്‍ സ്വമേധയാ ബാങ്കില്‍ നിക്ഷേപിക്കുകയില്ലലോ.

ബിജെപി ബംഗാള്‍ ഘടകം രണ്ടുകോടിയില്‍ താഴെ തുക എട്ടിന് തന്നെ ബാങ്കില്‍ നിക്ഷേപിച്ചു/പിന്‍വലിച്ചു 
വീണ്ടും പറയട്ടെ, കള്ളപ്പണം വെളുപ്പിക്കണം എന്നുള്ളവര്‍ ഒരിക്കലും അത് ബാങ്കില്‍ ഇടില്ല. ഇനി വേറെ വല്ലവരുടെയും പണം നിക്ഷേപിച്ചു പിന്നീട് പുതിയ നോട്ടായി തിരിച്ചു നല്‍കാനാണ് എന്നാണെങ്കില്‍ കൂടി ഈ ട്രാന്‍സാക്ഷന്‍ സിസ്റ്റത്തില്‍ വന്നു കഴിഞ്ഞു. അതുകൊണ്ട് തന്നെ വ്യക്തമായ കാരണം ഇല്ലാതെയുള്ള നിക്ഷേപവും/പിന്‍വലിക്കലും ചോദ്യം ചെയ്തേക്കാം. (ബിജെപി എന്നല്ല ഇന്ത്യയില്‍ ഒരു പാര്‍ട്ടിയും വ്യക്തമായ കണക്കുകള്‍ വെക്കുന്നില്ല എന്നത് ഈ അവസരത്തില്‍ ഓര്‍മപ്പെടുത്തുന്നു)

കാശില്ലാതെ കിടന്ന ജന്‍-ധന്‍ യോജന അക്കൌണ്ടുകളും മറ്റു അക്കൌണ്ടുകളും കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിക്കുന്നു.
സത്യം. ആരാണിതിനു കൂട്ട് നില്‍ക്കുന്നത്? ആരാണ് ഇത് ചെയ്യുന്നത്? നമ്മുടെ അക്കൌണ്ടിലൂടെ കള്ളപ്പണം വെളുപ്പിക്കാന്‍ നമ്മള്‍ സമ്മതിക്കുന്നത് എന്തിനു? ഡിസംബര്‍ മുപ്പതു വരെയുള്ള നിക്ഷേപങ്ങള്‍ ആദായ നികുതി വകുപ്പ് നിരീക്ഷിക്കും എന്നത് സംശയമില്ലാത്ത കാര്യമാണ്. അടുത്ത ആറു-പന്ത്രണ്ട് മാസങ്ങളില്‍ ആദായ നികുതി വകുപ്പ് എങ്ങനെയാണ് ഇവര്‍ക്കെതിരെ നോട്ടീസ് അയക്കുന്നത് എന്ന് കാത്തിരുന്നു കാണാം! 
ഇന്ത്യക്ക് പുറത്തേക്ക് അയക്കാന്‍ സാധിക്കുന്ന തുകയില്‍ ആര്‍.ബി.ഐ വന്‍ വര്‍ദ്ധന അനുവദിച്ചു.
തെറ്റ്. ഇന്ത്യന്‍ റസിഡന്റായ ഒരു വ്യക്തിക്ക് അനുവദിച്ചിട്ടുള്ള കാര്യങ്ങള്‍ക്കായി 2.50 ലക്ഷം അമേരിക്കന്‍ ഡോളര്‍ വരെ പുറത്തേക്ക് അയക്കാം. ഈ തുകയില്‍ അവസാനമായി വിത്യാസം വന്നത്  2015 മേയ് 26നാണ്. കൂടാതെ ഈ സ്കീം കമ്പനികള്‍ക്കോ/പാര്‍ട്ട്ണര്‍ഷിപ്‌ സ്ഥാപനങ്ങള്‍ക്കോ/മറ്റു സ്ഥാപനങ്ങള്‍ക്കോ ലഭ്യമല്ല. (RBI/FED/2015-16/3 FED Master Direction No. 7/2015-16 dt January 1, 2016). ഹവാല ഇടപാടില്‍ കൂടെ അല്ലാതെ ഔദ്യോഗിക ചാനലുകളില്‍ കൂടി പണം വിദേശത്ത് എത്തിക്കണം എങ്കില്‍ ബാങ്കുകളെ ആശ്രയിക്കെണ്ടതുണ്ട്. വലിയ തുകകള്‍ ഇപ്രകാരം മാറ്റണം എങ്കില്‍ സി.എ തരുന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. കൂടാതെ ഇത്തരം ട്രാന്‍സാക്ഷനുകള്‍ ആദായ നികുതി വകുപ്പും ആര്‍.ബി.ഐയും നിരീക്ഷിക്കുന്നതുമാണ്. അതുകൊണ്ട് തന്നെ കള്ളപ്പണം വെളുപ്പിക്കാന്‍ ആരും ഈ മാര്‍ഗം തിരഞ്ഞെടുക്കില്ല.
 
കോ-ഓപ്പറേറ്റിവ് ബാങ്കുകളില്‍ കള്ളപ്പണം ഉണ്ട് എന്ന് പറയുന്നത് ഈ മേഘലയെ തകര്‍ക്കാനാണ്.     
തെറ്റ്.ഇത്തരം ബാങ്കുകളില്‍ കള്ളപ്പണം ഇല്ല എന്ന് വിശ്വസിക്കുന്നവര്‍ ദയവു ചെയ്ത് പരിചയമുള്ള ഒരു ചാര്‍ട്ടേഡ് അക്കൌണ്ടന്റിനോട് ചോദിക്കാന്‍ അപേക്ഷ. കോട്ടയത്തുള്ള ഒരു കോ-ഓപ് ബാങ്കില്‍ നിക്ഷേപകരുടെ വിവരം ശേഖരിക്കാന്‍ വന്ന ആദായ നികുതി ഉദ്യോഗസ്ഥരെ യൂണിയന്‍ തൊഴിലാളികളെ ഉപയോഗിച്ചു തടഞ്ഞ ഒരു വാര്‍ത്ത വന്നിട്ട് അധികം കാലമായിട്ടില്ല. നമ്മുടെ ഇന്ത്യാ മഹാരാജ്യത്തിലെ നിയമം അനുസരിച്ചു പ്രവര്‍ത്തികേണ്ട ബാങ്കുകള്‍ തന്നെ നിക്ഷേപകരുടെ വിവരങ്ങള്‍ നല്‍കാതിരിക്കുമ്പോള്‍ വിദേശ ബാങ്കുകളില്‍ നിന്നും വിവരം ലഭിക്കാത്തതില്‍ അദ്ഭുതമുണ്ടോ?     

മുപ്പതിനായിരം കോടി രൂപയുടെ ആയിരം രൂപ കറന്‍സി ആര്‍.ബി.ഐ തന്നെ തെറ്റി പ്രിന്റ്‌ ചെയ്യുകയുണ്ടായി. ഇവ മാറ്റുന്നതിന് വേണ്ടിയാണ് ഈ പരിപാടി.
തെറ്റ്. മുപ്പതിനായിരം കോടി എന്ന സംഘ്യ സത്യമാണെങ്കില്‍ തന്നെ ഇന്ത്യയില്‍ മൊത്തം സര്‍ക്കുലേഷനില്‍ ഉള്ള പണത്തിന്‍റെ രണ്ടു ശതമാനത്തില്‍ താഴെയാണ് ഈ തുക. തെറ്റി പ്രിന്റ്‌ ചെയ്ത നോട്ടുകളുടെ സീരീസ് ബാങ്കുകളെ അറിയിച്ചിരുന്നു. ഇവ ബാങ്കില്‍ വരുന്ന മുറക്ക് കീറിയ നോട്ടുകള്‍ മാറ്റുന്ന പോലെ ആര്‍.ബി.ഐയെ തിരിച്ചേല്‍പ്പിക്കാന്‍ ഒരു നിര്‍ദേശം നല്‍കാവുന്നതാണ്.  
 
രണ്ടായിരം നോട്ടിലെ അക്ഷരതെറ്റ്.
ഇതിന്‍റെ സത്യാവസ്ഥ ഇപ്പോള്‍ പുറത്തുവന്നു. ദേവനാഗിരി ലിപിയില്‍ ഹിന്ദി/സംസ്കൃതം ഭാഷകള്‍ മാത്രമേ ആലേഖനം ചെയ്യു എന്ന തെറ്റിധാരണയും, സര്‍ക്കാരിനെ താറടിക്കാനുള്ള ധൃതിയും മാത്രമാണ് ഇത്തരമൊരു വാര്‍ത്തക്ക് കളമൊരുക്കിയത്.  

കള്ളപ്പണക്കാരും, സിനിമാക്കാരും, വന്‍കിട മുതലാളിമാരും എവിടെയാണ് ക്യൂവില്‍ നില്‍ക്കുന്നത്? ക്യൂവില്‍ നില്‍ക്കുന്നത് സാധാരണക്കാര്‍ മാത്രമാണ്.
സത്യം. അത് തന്നെയാണ് ഈ നീക്കത്തിന്റെ ഉദ്ദേശവും. കള്ളപ്പണം കയ്യില്‍ ഉള്ളവര്‍ ഒരിക്കലും ബാങ്കില്‍ കൊണ്ട് നിക്ഷേപിക്കില്ലല്ലോ. അതുകൊണ്ട് തന്നെ അവര്‍ ക്യൂവില്‍ നില്‍ക്കാന്‍ വരുകയുമില്ല,

ജിയോ സിം എടുക്കുമ്പോള്‍ വാങ്ങിയ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് അംബാനി കോടികള്‍ വെളുപ്പിക്കും
തെറ്റ്. തിരിച്ചറിയല്‍ രേഖയുടെ ഒപ്പം അയാളുടെ ഒപ്പോടുകൂടിയ അപേക്ഷ ഫോം കൂടി വെക്കണം. ഇത് വ്യാജ്യമായി ഇട്ടാല്‍ തന്നെ ആധാര്‍ കാര്‍ഡിന്റെ യഥാര്‍ത്ഥ ഉടമക്ക് പിന്നീട് പണം മാറ്റാന്‍ സാധിക്കാതെ വരും (കൊടുക്കുന്ന പ്രൂഫ്‌ ബാങ്കുകാര്‍ സിസ്റ്റത്തില്‍ രേഖപ്പെടുത്തുന്നുണ്ട് എന്നാണു ഞാന്‍ മനസ്സിലാക്കിയത്). അതുകൊണ്ട് തന്നെ ലക്ഷക്കണക്കിന്‌ ആള്‍ക്കാരുടെ ആദര്‍ കാര്‍ഡ് ഇപ്രകാരം ഉപയോഗിക്കപ്പെട്ടാല്‍ അത് വാര്‍ത്ത ആകും എന്നതും പുറം ലോകം അറിയും എന്നതും തര്‍ക്കമില്ലാത്ത കാര്യമാണ്.  

ബാങ്കുകളിലെ തിരക്ക് കുറക്കാന്‍ നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കും?
1. കയ്യിലുള്ള പഴയ നോട്ടുകള്‍ മാറ്റാന്‍ അടുത്ത മാസം മുപ്പത് വരെ സമയമുണ്ട്. അതുകൊണ്ട് തന്നെ നോട്ടു മാറ്റാന്‍ ധൃതി വെക്കേണ്ട ആവശ്യമില്ല. നിക്ഷേപകരുടെ അളവ് കുറഞ്ഞാല്‍ ബാങ്ക് ജോലിക്കാര്‍ക്ക് അവരുടെ ജോലികള്‍ (പണം എടുക്കാന്‍ ചെസ്റ്റ്/വേറെ ബാങ്കില്‍ പോകുക, എ.ടി.എമ്മില്‍ പണം സമയാസമയം നിറക്കുക, ആവശ്യക്കാര്‍ക്ക് പുതു നോട്ടുകള്‍ നല്‍കുക) കുറച്ചുകൂടി നന്നായി ചെയ്യാന്‍ സാധിക്കും.  
2. എ.ടി.മ്മില്‍ നിന്നും ഒരു കാര്‍ഡില്‍ ലഭിക്കുന പരമാവധി തുക ഒരു ദിവസം രണ്ടായിരം ആണെന്നിരിക്കെ ചിലര്‍ ഒരേ സമയം രണ്ടും മൂന്നും കാര്‍ഡ് ഇട്ടു പണം എടുക്കുന്നു. ഇത് ചെയ്യതിരികുക.വരിയില്‍ നില്‍ക്കുന്നവരും നിങ്ങളെ പോലെ പണത്തിനു അത്യാവശ്യം ഉള്ളവരാണ്. നിങ്ങള്‍ക്ക് രണ്ടായിരത്തില്‍ കൂടുതല്‍ പണം ആവശ്യമെങ്കില്‍ ബാങ്കില്‍ പോയി രണ്ടായിരത്തിന്റെ നോട്ടുകള്‍ (ചെക്ക് ഉപയോഗിച്ച്) വാങ്ങാമല്ലോ.
3. നെറ്റ് ബാങ്കിങ്ങും ഡെബിറ്റ് കാര്‍ഡും മറ്റും ഉള്ളവര്‍ സാധിക്കാവുന്ന പേമെന്റുകള്‍ ഓണ്‍ലൈന്‍ വഴി നടത്തുക. കാര്‍ഡ് സ്വീകരിക്കുന്ന കടകളില്‍ കാര്‍ഡ് ഉപയോഗിച്ച് സംഘ്യ നല്‍കുക. ചെക്ക് സ്വീകരിക്കുന്ന സ്ഥാപനങ്ങളില്‍ ചെക്ക് വഴി പേമെന്റ് നടത്തുക.
4. കയ്യില്‍ ചില്ലറ (നൂറിന്റെ നോട്ടുള്ളവര്‍) ഉള്ളവര്‍ ഒന്ന് സ്വയം ചിന്തിക്കുക. കയ്യിലുള്ള പണം കൊണ്ട് എത്ര ദിവസത്തെ ചിലവുകള്‍ നടത്താന്‍ സാധിക്കും? അടിയന്തര ആവശ്യങ്ങള്‍ ഇല്ലാത്തവര്‍ ഒന്ന് നിയന്ത്രണം പാലിച്ചാല്‍ ബാങ്കിലെ തിരക്കിനൊരു ശമനം വരും.
5. നോട്ടു മാറ്റുന്നതിനെ പറ്റി ആരെങ്കിലും സംശയം ചോദിച്ചാല്‍ പറഞ്ഞുകൊടുക്കുക.വ്യക്തമായി അറിയില്ലെങ്കില്‍ അറിയില്ല എന്ന് തന്നെ പറയുക. 

സര്‍ക്കാരിന്റെ വീഴ്ചകള്‍ 
സര്‍ക്കാരിന് ഈ തിരുമാനം നടപ്പിലാക്കുന്നതില്‍ പറ്റിയ ഏറ്റവും വലിയ വീഴ്ച ബാങ്കുകളില്‍ നൂറിന്റെ നോട്ടുകളുടെ ലഭ്യത ഉറപ്പുവരുത്തിയില്ല എന്നതാണ്. ഈ മാസം രണ്ടിന് ആര്‍.ബി.ഐ എ.ടി.എമ്മുകളില്‍ നൂറിന്റെ നോട്ടുകള്‍ കൂടുതലായി വെക്കാന്‍ നിര്‍ദേശം നല്കിയിരുന്നു എങ്കിലും പ്രസ്തുത നിര്‍ദേശം നടപ്പിലാക്കാന്‍ രണ്ടാഴ്ച സമയം ബാങ്കുകള്‍ക്ക് നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ കംപോളത്തില്‍ ഇപ്പോള്‍ നൂറിന്റെ നോട്ടുകള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. ഒപ്പം തന്നെ അഞ്ഞൂറിന്റെ പുതിയ നോട്ടിന്റെ ലഭ്യതയും സര്‍ക്കാര്‍ ഉറപ്പു വരുത്തണമായിരുന്നു.
  

ഞാന്‍ ഈ പറയുന്നതില്‍ പലതും ഒരു ഐഡിയല്‍ പരിഹാരം അല്ല എന്നെനിക്കറിയാം. എന്നാല്‍ ഇതുകൊണ്ട് കുറെ കള്ളപ്പണക്കാരുടെ ഉറക്കം നഷ്ടപ്പെട്ടത് നേരിട്ടറിയുന്ന ഒരു വ്യക്തി എന്ന നിലയില്‍ ഇത്തരം ചില മിതത്വങ്ങള്‍ പാലിച്ചാല്‍ വല്യ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സാധിക്കും. എരിതീയില്‍ എണ്ണകോരി ഒഴിക്കുന്ന മാധ്യമ വാര്‍ത്തകളില്‍, അക്ഷരാഭ്യാസവും ലോകവിവരവും ഉള്ളവരെങ്കിലും,  തെറ്റിദ്ധരിക്കപ്പെടാതിരിക്കുക. നോട്ടുമാറ്റം കൊണ്ട് ഭൂരിപക്ഷം ജനങ്ങള്‍ക്കും താത്കാലികമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകും എങ്കിലും ന്യൂനപക്ഷമായ കള്ളപ്പണ/ഹവാലക്കാര്‍ക്ക് അതിലും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത് (കള്ളപ്പണം മുഴുവന്‍ സ്വിസ്സ് ബാങ്കിലാണ് ഇവിടെ ഒന്നുമില്ല എന്ന് പറയുന്നവരോട് എനിക്കും ഒന്നും പറയാന്‍ ഇല്ല).

November 11, 2016

കേരളത്തിലെ സ്വിസ് ബാങ്കുകള്‍

എന്താണ് കമ്മേര്‍ഷ്യല്‍ ബാങ്കുകള്‍?
കാലാകാലങ്ങളില്‍ ഭാരതത്തില്‍ നിലവിലുള്ള കമ്പനി നിയമപ്രകാരം, കേന്ദ്ര ഗവണ്മെന്റിന്റെ കമ്പനി കാര്യാലയത്തില്‍ കീഴില്‍,   പബ്ലിക് ലിമിറ്റഡ് കമ്പനിയായി സ്ഥപിക്കപ്പെട്ട്, റിസര്‍വ് ബാങ്കില്‍ നിന്നും ബാങ്കിംഗ് റെഗുലേഷന്‍ നിയമപ്രകാരം ബാങ്കിംഗ് ലൈസന്‍സ് കരസ്ഥമാക്കി ബാങ്കിംഗ് പ്രവര്‍ത്തികള്‍ നടത്തുന്ന സ്ഥാപനങ്ങളാണ് കമ്മേര്‍സ്യല്‍ ബാങ്കുകള്‍. ഇവയുടെ ബാങ്കിംഗ് പ്രവര്‍ത്തികള്‍ റിസര്‍വ് ബാങ്കും, സാധാരണ പ്രവര്‍ത്തനങ്ങള്‍/മാനെജ്മെന്റ് മുതലായ കാര്യങ്ങള്‍ കമ്പനി നിയമപ്രകാരവും നിയന്ത്രിക്കപ്പെടുന്നു.  

എന്താണ് സഹകരണ ബാങ്കുകള്‍?
സഹകരണ ബാങ്കുകള്‍ അധികവും (ഒരു സംസ്ഥാനത്ത് മാത്രം പ്രവര്‍ത്തിക്കുന്ന) അതാതു സംസ്ഥാനങ്ങളില്‍ നിലവിലുള്ള കോ-ഓപ്പരേറ്റീവ് സൊസൈറ്റി നിയമപ്രകാരം സ്ഥാപിതമായി റിസര്‍വ് ബാങ്കില്‍ നിന്നും ബാങ്കിംഗ് റെഗുലേഷന്‍ നിയമപ്രകാരം ബാങ്കിംഗ് ലൈസന്‍സ് കരസ്ഥമാക്കി ബാങ്കിംഗ് പ്രവര്‍ത്തികള്‍ നടത്തുന്ന സ്ഥാപനങ്ങളാണ്. ഇവ തന്നെ രണ്ടു തരമുണ്ട്: അര്‍ബന്‍ ബാങ്കുകളും, റൂറല്‍ ബാങ്കുകളും. അര്‍ബന്‍ ബാങ്കുകള്‍ റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ക്കു വിധേയമാനെങ്കിലും കമ്മേര്‍സ്യല്‍ ബാങ്കുകളുടെ അത്ര നിബന്ധനകള്‍ ഇവക്കു ബാധകമല്ല.റൂറല്‍ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍  റിസര്‍വ് ബാങ്കും പരിശോധിക്കുമെങ്കിലും ഇവ പ്രധാനമായും നബാര്‍ഡിന്റെ നിയന്ത്രണത്തിലാണ്. ബാങ്കിംഗ് അല്ലാത്ത പ്രവര്‍ത്തനങ്ങള്‍ അതാതു സംസ്ഥാനത്തെ കോ-ഓപ്പരേറ്റീവ് സൊസൈറ്റി നിയമപ്രകാരം റെജിസ്ട്രാര്‍ ഓഫ് കോ-ഓപ്പരേറ്റീവ് സൊസൈറ്റി നിയന്ത്രിക്കുന്നു.
 
പലിശയിന്മേല്‍ ഉള്ള  ഇന്‍കം ടാക്സ് നിയമങ്ങള്‍ 
ഈ അടുത്തകാലം വരെ കോ-ഓപ്പരേറ്റീവ് ബാങ്കുകളെ അവര്‍ നല്‍കുന്ന പലിശയിന്മേല്‍ ടാക്സ് പിടിക്കുന്നതില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ 2015 ബജറ്റില്‍ ഈ നിയന്ത്രണം എടുത്തു കളഞ്ഞു. ജൂണ്‍ ഒന്ന്‍, 2015 മുതല്‍ ഇത്തരം ബാങ്കുകളും ഇന്‍കം ടാക്സ് നിയമത്തിലെ 194A വകുപ്പ് പ്രകാരം പതിനായിരം രൂപയില്‍ കൂടുതല്‍ ഒരു വര്‍ഷം പലിശ കൊടുക്കെണ്ടാവരില്‍ നിന്നും പത്ത് ശതമാനം നികുതി പിടിക്കേണ്ടതാണ്‌. എന്നാല്‍ 'പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റി' എന്ന കാറ്റഗറിയില്‍ വരുന്ന  കോ-ഓപ്പരേറ്റീവ് ബാങ്കുകള്‍ക്കും റൂറല്‍ ലാന്‍ഡ് മോര്‍ട്ട്ഗേജ് സൊസൈറ്റികള്‍ക്കും ഈ നിയമം ബാധകമല്ല.  
 
നികുതി വെട്ടിപ്പ്
കോ-ഓപ്പരേറ്റീവ് ബാങ്കുകളുടെ നിയന്ത്രണം കയ്യാളുന്നത് രാഷ്ട്രീയപാര്‍ട്ടികള്‍ ആണ് എന്നതുകൊണ്ട്‌ തന്നെ ആദ്യകാലങ്ങളില്‍ ഇവക്കുണ്ടായിരുന്ന നികുതി ഇളവുകള്‍ മുതലെടുത്ത്‌ കൊണ്ട് വന്‍ തോതില്‍ കള്ളപ്പണം നിക്ഷേപിക്കുന്നതിന് ഇത്തരം ബാങ്കുകളെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 2015ല്‍ ടി.ഡി.എസ് ഇളവുകള്‍ എടുത്തുകളഞ്ഞു എങ്കിലും അമ്പതിനായിരത്തില്‍ താഴെയുള്ള തുകകള്‍ കെ.വൈ.സി നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി,   പല പേരുകളില്‍ നിക്ഷേപിക്കുന്നതിനുള്ള 'സൌകര്യം' ഇത്തരംബാങ്കുകള്‍ ചെയ്തുകൊടുക്കുന്നു.  ഇതുകൂടാതെ 'പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റി' എന്ന കാറ്റഗറിയില്‍ വരുന്ന  കോ-ഓപ്പരേറ്റീവ് ബാങ്കുകള്‍ മുതല്‍പേര്‍ അവര്‍ക്ക് അനുവദിച്ചു കൊടുത്തിട്ടുള്ള 'ടി.ഡി.എസ്' ഇളവുകള്‍ ഉപയോഗിച്ച് കള്ളപ്പണം നിക്ഷേപമായി സ്വീകരിച്ചു പോരുന്നു.

ആരാണ് ഇവയില്‍ നിക്ഷേപിക്കുന്നത്?
റിയല്‍ എസ്റ്റേറ്റ്‌ കച്ചവടക്കാര്‍, കൈക്കൂലിക്കാര്‍, രാഷ്ട്രീയ നേതാക്കള്‍, വരുമാനം ബാങ്കില്‍ കൂടെ അല്ലാതെ കറന്‍സി ആയി വാങ്ങുന്നവര്‍ (വക്കീലന്മാര്‍/ഡോക്ടര്‍മാര്‍ മുതല്‍പേര്‍) മുതലായവരാണ് അധികവും ഇത്തരം സൊസൈറ്റികളില്‍ നിക്ഷേപിക്കുന്നത്.

കള്ളപ്പണത്തിന്റെ വ്യാപ്തി
കേരളത്തില്‍ മാത്രം ഏറ്റവും കുറഞ്ഞത് മുപ്പതിനായിരം കോടി രൂപ ഇപ്രകാരം പല സോസൈട്ടികളില്‍ നിക്ഷേപമായി ഉണ്ട് എന്നാണു ഇന്‍കം ടാക്സി വകുപ്പ് പറയുന്നത്. യഥാര്‍ത്ഥ സംഖ്യം ഇതിലും എത്രയോ മടങ്ങാകും എന്ന് ഊഹിക്കവുന്നതേ ഉള്ളു.

എന്താകും സര്‍ക്കാറിന്റെ നടപടികള്‍?
കള്ളപ്പണത്തിനു എതിരായുള്ള നടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇത്തരം സൊസൈറ്റികള്‍ക്കുള്ള ടാക്സ് ഇളവുകള്‍, പ്രധാനമായും ടി.ഡി.എസ് സംബന്ധിച്ചുള്ള, എടുത്തു മാറ്റാന്‍ സാധ്യതയുണ്ട്. ഇതുകൂടാതെ ഇത്തരം സൊസൈറ്റികളില്‍ നിക്ഷേപമുള്ളവരുടെ വിവരങ്ങള്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റ് ശേഖരിക്കുന്നതാണ് (അവര്‍ ഈ ഒരു എക്സര്‍സൈസ് ഇപ്പോള്‍ തന്നെ തുടങ്ങി എന്നാണു സ്ഥിതീകരിക്കാത്ത വിവരം). ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ ഇവര്‍ ഫയല്‍ ചെയ്ത/ചെയ്യുന്ന ടാക്സ് റിട്ടേനുമായി താരതമ്യം ചെയ്ത് വരുമാനത്തിലുള്ള വിത്യാസം കണ്ടുപിടിക്കാവുന്നതാണ്.
 
കൃഷിയുടെയും മറ്റു ചെറുകിട വ്യവസായങ്ങളുടേയും ഉന്നമനത്തിനായി നല്‍കുന്ന നികുതി ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നത്‌ നിയമത്തിന്റെ ഉദ്ദേശത്തെ തന്നെ വെല്ലുവിളിക്കുന്നതിനു സമമാണ്. അല്ലാ സൊസൈറ്റികളും ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നില്ല എങ്കിലും നല്ലൊരുഭാഗം ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് അറിഞ്ഞുകൊണ്ടുതന്നെ കൂട്ട്നില്‍ക്കുന്നു. വമ്പന്‍ ബിസിനെസ്സുകാരും രാഷ്ട്രീയക്കാരും ഇന്ത്യക്ക് പുറത്തേക്ക് കള്ളപ്പണം കടത്തുമ്പോള്‍ ഇത്തരം ഇടപാടുകള്‍ നടത്താന്‍ സാധിക്കാത്തവര്‍ കോ-ഓപ്പരേറ്റീവ് ബാങ്കുകളെ ഒരുപരിധിവരെ ആശ്രയിക്കുന്നു. ഇങ്ങനെ ഒന്നും ഇവിടെ നടക്കില്ല എന്ന് പറയുന്നവര്‍ കണ്ണടച്ചു ഇരുട്ടാക്കുകയാണ് ചെയ്യുന്നത്.

November 09, 2016

അര്‍ദ്ധരാത്രിയിലെ 'നോട്ട'ടി

ആയിരം, അഞ്ഞൂറ് നോട്ടുകള്‍ ഇന്നു പുലര്‍ച്ചെ പന്ത്രണ്ടു മണി മുതല്‍ അസാധുആയിരിക്കുന്ന ഈ അവസരത്തില്‍ 'സാധാരണ'ക്കാര്‍ക്ക് ഉള്ള ചില ആശങ്കകളും മറ്റു ചിന്തകളും ഒന്ന് പരിശോധിക്കാം:

ഈ  പോസ്റ്റില്‍ 'സാധാരണ'ക്കാരന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്: സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളിലെ ശമ്പളം മാത്രം വരുമാനമായുള്ളവര്‍/പെന്‍ഷന്‍ വാങ്ങുനവര്‍,  തൊഴിലാളികള്‍, ചെറുകിട (പ്രധാനമായും കാശ് വ്യാപാരത്തിന് ഉപയോഗിക്കുന്ന, നിയമപ്രകാരം ആഡിറ്റ് ആവശ്യമില്ലാത്ത വ്യക്തികള്‍) കച്ചവടക്കാര്‍, കൂലിപ്പണിക്കാര്‍ മുതലായവര്‍. ഡോക്ടര്‍മാര്‍, വക്കീലന്മാര്‍ മുതലായ പ്രൊഫഷനലുകളെയും, രാഷ്ട്രീയക്കാര്‍, റിയല്‍ എസ്റ്റേറ്റ്‌ കച്ചവടം ചെയ്യുന്നവര്‍, മറ്റു വന്‍കിട വ്യാപാരികള്‍ മുതലായവരെ 'സാധാരണക്കാര്‍' എന്ന കുടയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു.

ചില സംശയങ്ങള്‍

ചോദ്യം 1: എന്റെ കയ്യിലെ അഞ്ഞൂറ്/ആയിരം നോട്ടുകള്‍ ഇന്നുമുതല്‍ ഞാന്‍ എന്തു ചെയ്യണം?
ഉത്തരം: ബാങ്കില്‍/പോസ്റ്റ്‌-ആപ്പീസില്‍ പോയി മാറ്റണം.

ചോദ്യം 2: അക്കൌണ്ട് ഉള്ള ബാങ്കില്‍ തന്നെ പോകണമോ? അതോ ഏതു ബാങ്കില്‍ പോയാലും മാറ്റി കിട്ടുമോ?
ഉത്തരം: നാലായിരം രൂപ വരെ എതു ബാങ്കില്‍ നിന്നും, തിരിച്ചറിയല്‍ രേഖകള്‍ കാണിച്ചു കൊടുത്താല്‍   ലഭിക്കും. നാലായിരത്തില്‍ കൂടുതല്‍ മാറ്റണം എങ്കില്‍ നിങ്ങളുടെ ബാങ്ക് അക്കൌണ്ട് കൂടി കൊടുക്കണം. നാലായിരത്തില്‍ കൂടുതല്‍ ഉള്ള സംഖ്യ നെഫ്റ്റ് വഴി അക്കൌണ്ടില്‍ ലഭിക്കും.       

ചോദ്യം 3: അക്കൌണ്ടുള്ള ബാങ്കില്‍ പോയാല്‍ നാലായിരത്തില്‍ കൂടുതല്‍ കറന്‍സി കിട്ടുമോ?  
ഉത്തരം: ഇല്ല. കറന്‍സി ആയി കിട്ടുന്ന പരമാവധി തുക നാലായിരം ആണ്. ബാക്കി തുക അക്കൌണ്ടില്‍ ഡിപ്പോസിറ്റ് ചെയ്യുന്നതാണ്.

ചോദ്യം 4: അക്കൌണ്ടില്‍ നിക്ഷേപിക്കപ്പെടുന്ന തുക എനിക്ക് എ.ടി.എം വഴിയോ ചെക്ക് ഉപയോഗിച്ചോ പിന്‍വലിക്കാന്‍ സാധിക്കുമോ?
ഉത്തരം: താഴെ പറയുന്ന പോലെ പിന്‍വലിക്കാന്‍ സാധിക്കും.
എ.ടി.എം: നവംബര്‍ പതിനെട്ടു വരെ ദിവസേന രണ്ടായിരം വരെ. അതിനു ശേഷം നാലായിരം വരെ.
ബ്രാഞ്ചില്‍ കൂടി: ദിവസേന പതിനായിരം വരെ.
നവംബര്‍ ഇരുപത്തിനാലു വരെ ഈ രണ്ടു മാര്‍ഗങ്ങളിലൂടെ കാശ് പിന്‍വലിക്കുന്നത്  ആഴ്ചയില്‍ ഇരുപത്തിനായിരം ആയി നിജപ്പെടുത്തിയിരിക്കുന്നു.  പ്രസ്തുത ദിവസത്തിനു ശേഷം ലിമിറ്റ് പുനര്‍-നിശ്ചയിക്കും. 

ചോദ്യം 5: എനിക്ക് സ്വന്തമായി ബാങ്ക് അക്കൌണ്ട് ഇല്ല. ഞാന്‍ നോട്ടു മാറ്റാന്‍ എന്തു ചെയ്യണം?
ഉത്തരം: ഒന്നുകില്‍ സ്വന്തമായി ഒരു അക്കൌണ്ട് തുടങ്ങുക. ഇല്ലെങ്കില്‍ അക്കൌണ്ട് ഉള്ള ഒരാള്‍ തരുന്ന അധികാരപത്രം ഉപയോഗിച്ച് അയാളുടെ അക്കൌണ്ടിലേക്ക് പണം ഇടുക.

ചോദ്യം 6: എനിക്ക് നേരിട്ടു ബാങ്കില്‍ ചെല്ലാന്‍ പറ്റില്ല. ഞാന്‍ നോട്ടു മാറ്റാന്‍ എന്തു ചെയ്യണം?
ഉത്തരം: ഒരു പ്രതിനിധിക്ക് അധികാരപത്രം നല്‍കി അയാളെ ബാങ്കില്‍ ചെന്ന് പണം മാറ്റാന്‍ ഏല്‍പിക്കുക.  

ഇന്നലെ മുതല്‍ കേള്‍ക്കുന്ന ചില അഭിപ്രായങ്ങള്‍:

1. "ഇങ്ങനെ ഒറ്റരാത്രി കൊണ്ട് നോട്ടൊക്കെ പിന്‍വലിച്ചാല്‍ സാധാരണക്കാര്‍ എന്തു ചെയ്യും? ശുദ്ധ മണ്ടത്തരം."
ഞാന്‍ മുകളില്‍ പറഞ്ഞിരിക്കുന്ന സാധാരണക്കാര്‍ക്ക് ഇതുകൊണ്ട് വല്യ ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല. പിന്നെ ബന്ദും ഹര്‍ത്താലും നട്ടപ്പാതിരക്ക് പ്രഖ്യാപിക്കുമ്പോള്‍ ഉണ്ടാകുന്നതിനെക്കള്‍ വിഷമം ഒന്നും ഇതുകൊണ്ട് ഉണ്ടാകാന്‍ പോകുന്നില്ല.

2. "ചെറുകിട കച്ചവടക്കാര്‍ എന്തു ചെയ്യും?"
ഇനിയുള്ള രണ്ടു ദിവസം കറന്‍സി നോട്ടുകളുടെ ദൌര്‍ലഭ്യം മൂലം കച്ചവടത്തില്‍ ഇടിവുണ്ടായെക്കും. പക്ഷെ അതൊരു താല്കാലില പ്രതിഭാസം മാത്രമാകും.  

3. "ഇതുകൊണ്ട് എന്താകാനാ? കള്ളപ്പണം മുഴുവന്‍ വിദേശത്താ. അത് ഇങ്ങോട്ട് കൊണ്ടുവരുമോ? നമുക്ക് കിട്ടാനുള്ള പതിനഞ്ച് ലക്ഷം??" റെഫര്‍: അദാനി/അംബാനി  
വിദേശത്തുള്ള കള്ളപ്പണം കൊണ്ടുവരുന്നതിന് പല നിയമതടസ്സങ്ങളും ഉണ്ട്. പ്രധാനമായും വിദേശ രാജ്യങ്ങളുടെ സഹകരണം അത്യാവശ്യമാണ്. വിദേശത്ത് നിന്നും കള്ളപ്പണം തിരിച്ചു പിടിക്കുന്നതിനു എസ്.ഐ.ടി സ്ഥാപിച്ചു കഴിഞ്ഞു. അതുകൊണ്ട് ആ മേഘലയില്‍ ഒരു പുരോഗതി നമുക്ക് പ്രതീക്ഷിക്കാം. സ്വമേധയാ നാല്‍പത്തഞ്ചു ശതമാനം നികുതി അടച്ചു സ്വത്ത് വെളിപ്പെടുത്താനുള്ള അവസരം സെപ്തംബര്‍ മുപ്പതു വരെ നല്‍കിയിരുന്നു. അതിന്റെ ഒരു തുടര്‍ച്ചയായി ഈ നോട്ട് പിന്‍വലിക്കുന്നതിന്റെ കണ്ടാല്‍ മതി. ഇന്ത്യയിലെ അസംഖ്യം ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തു നിന്നും സ്വീകരിക്കുന്ന ഫണ്ടുകള്‍ ഭൂരിഭാഗവും കള്ളപ്പണം വെളുപ്പിക്കുന്നതിനാണ് പോകുന്നത്. ഇതിനൊരു അന്ത്യം എന്ന നിലക്ക് വിദേശ നാണയ വിനിമയ നിയമങ്ങള്‍ പാലിക്കാത്ത ട്രസ്റ്റുകളുടെ അംഗീകാരം മോഡി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തു അധികം കഴിയുന്നതിനു മുമ്പ് തന്നെ റദ്ദു ചെയ്തിരുന്നു (അതിനു ശേഷമാണ് ഈ അസഹിഷ്ണുതാ തരംഗം വീശി തുടങ്ങിയത്). എല്ലാം കൂടി കൂട്ടി വായിക്കുമ്പോള്‍ കള്ളപ്പനത്തിനെതിരെ പല ദിശകളില്‍ നിന്നുമുള്ള യുദ്ധമാണ് സര്‍ക്കാര്‍ നയിക്കുന്നത് എന്ന് മനസ്സിലാകും.

4. "കള്ളപ്പണം അധികവും ഭൂമി ആയിട്ടും സ്വര്‍ണ്ണം ആയിട്ടും ആണ് ഇരിക്കുന്നത്. അതിനൊന്നും ഒരു കുഴപ്പവും സംഭവിക്കില്ല"
ശരിയാണ്. പക്ഷെ ഭൂമി വില താഴേക്കു പോകും. സ്വര്‍ണ്ണവും പുതിയത്വാ ങ്ങുനതിനു വിഷമങ്ങള്‍ വന്നു തുടങ്ങും. പിന്നെ ഇപ്പോള്‍ വസ്തുവഹകലായി ഇരിക്കുന്ന കള്ളപ്പണം കണ്ടെത്താന്‍ വേറെ പോളിസികള്‍ ഉടന്‍ പ്രതീക്ഷിക്കാം. ഒരു ഇന്‍ജക്ഷന്‍ കൊണ്ട് മാറുന്ന അസുഖമല്ലല്ലോ കള്ളപ്പണം.

5. "എന്റെ കയ്യിലെ പണം ഞാന്‍ പല ആള്‍ക്കാര്‍ക്ക് കൊടുത്ത് അവരെ കൊണ്ട് മാറ്റി എടുപ്പിക്കും. അല്ല പിന്നെ!"
ഒരാള്‍ക്ക് നോട്ടായി നാലായിരം രൂപ മാത്രമേ ലഭിക്കു. അതില്‍ കൂടുതല്‍ വേണമെങ്കില്‍ അക്കൌണ്ടിലേക്ക് (വൈറ്റ് ആയി) മാത്രമേ ലഭിക്കു. എന്തു തന്നെ ആയാലും ഐ.ഡി പ്രൂഫ്‌ ഇല്ലാതെ പുതിയ നോട്ട് ലഭിക്കുകയില്ല. നാലായിരം രൂപ വരെ മാറ്റിയാലും ഒരു കോടി രൂപ ഇപ്രകാരം മാറ്റിയെടുക്കാന്‍ രണ്ടായിരത്തി അഞ്ഞൂറ് ആള്‍ക്കാര്‍ വേണ്ടി വരും. നോട്ട് മാറ്റുമ്പോള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ വെച്ചു വരുമാനവും, പെട്ടെന്ന് വരുമാനത്തില്‍ ഉണ്ടാകുന്ന വിത്യാസവും ട്രാക്ക് ചെയ്യാന്‍ സാധിക്കും. ഇപ്പോള്‍ തന്നെ സേവിങ്ങ്സ് അക്കൌണ്ടില്‍ ഒരു വര്‍ഷം പത്ത് ലക്ഷത്തില്‍ കൂടുതല്‍ ക്യാഷ് ഡിപ്പോസിറ്റ് ചെയ്യുന്നവരുടെ വിവരങ്ങള്‍ ഇന്‍കം ടാക്സ് ശേഖരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഡിസംബര്‍ വരെ ബാങ്ക് അക്കൌണ്ടിലൂടെ നടത്തുന്ന ക്യാഷ് ഡിപ്പോസിടുക്കളും അതിനു ശേഷം നടത്തുന്ന പിന്‍വലിക്കലുകളും നിരീക്ഷിക്കും. 

6. "എഴുത്തും വായനയും അറിയാത്ത, ബാങ്കില്‍ പോകാത്ത സാധാരണക്കാര്‍ ഒക്കെ പെടും."
അങ്ങനെ ഉള്ളവരുടെ കയ്യില്‍ അഞ്ഞൂറും ആയിരവും അട്ടിആയി ഇരിക്കാനുള്ള സാധ്യത കുറവാണ്.

7. "ഇന്ത്യയുടെ ബഹുസ്വരത? സംസ്ഥാന സര്ക്കാരുകളോട് ആലോചിക്കാതെ തിരുമാനം എടുത്തത് ഫാസിസം ആണ്."
ഇന്ത്യയുടെ ബഹുസ്വരത ആയിരത്തിന്റെ നോട്ടില്‍ അല്ല സ്ഥിതി ചെയ്യുന്നത്. ഇനി അങ്ങനെ ആണെങ്കില്‍ പണത്തില്‍ അധിഷ്ഠിതമായ ബഹുസ്വരത അത്ര നല്ല കാര്യമല്ല. കറന്‍സി നോട്ടുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയില്‍ പെടുന്ന കാര്യമാണ്. അതില്‍ അധികാരം എടുക്കാനുള്ള പൂര്‍ണ്ണ അധികാരം സര്‍ക്കാരിനുണ്ട്. സര്‍ക്കാരിന്റെ അധികാരത്തില്‍ വരുന്ന കാര്യങ്ങളില്‍ തിരുമാനം എടുക്കുനത് എങ്ങനെ ഫാസിസം ആകും? ഈ ഒരു എക്സര്‍സൈസിന്റെ വിജയം അതിന്‍റെ രഹസ്യ സ്വഭാവത്തിലും നടപ്പിലാക്കാന്‍ വരുന്ന സമയത്തിലും അധിഷ്ഠിതമാണ്. സംസ്ഥാന സര്‍ക്കാരുകളെ കൂടി അറിയിച്ചു ഇത് നടത്തിയിരുന്നു എങ്കില്‍ എത്രത്തോളം ഫലം കാണും എന്ന് ഊഹിക്കാവുന്നതേ ഉള്ളു.