March 26, 2009

അഗ്നി (ഫോട്ടോഗ്രാഫ്‌)



പഞ്ചഭൂതങ്ങളില്‍ പ്രഥമസ്ഥാനീയനായ അഗ്നിയെ ഞാന്‍ നമിക്കുന്നു!!

March 07, 2009

സിനിമാ സമവാക്യം

കഥാ മോഷണത്തിന്റെ കഥ പറയുന്ന ഒരു സിനിമയുടെ 'ത്രെഡി'ന്റെ സമവാക്യം:


(എനിക്കിത്രയുമേ അറിയൂ)


March 05, 2009

മോഹന്‍ജി കഥകള്‍: കമ്പ്യൂട്ടര്‍ വൈറസ്‌

വൈകി വായിക്കുന്നവര്‍ക്കായി:
ഏകദേശം 2 വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ബുലോഗ തീരത്തിനടുത്തുവെച്ച്‌ ഒരു ബുലോഗന്‍ വിഷയരാഹിത്യത്താല്‍ ആക്രമിക്കപ്പെട്ടു. ഭാഗ്യത്തിന്റെ ബലം ഒന്നുകൊണ്ട്‌ മാത്രം അയാള്‍ രക്ഷപ്പെട്ടു. ആദ്യം കയ്യില്‍കിട്ടിയ ഒരു ബുലോഗ്‌ തൊട്ട്‌ വിഷയരാഹിത്യത്തിനെതിരെ പടപൊരുതും എന്നയാള്‍ പ്രതിജ്ഞ എടുത്തു. അങ്ങനെ അയാള്‍ ആദ്യത്തെ 'മോഹന്‍ജി' ആയി!!!

ഇനി ഇന്നത്തെ കഥയിലേക്ക്‌...

അന്നൊരു തിങ്കളാഴ്ചയായിരുന്നു. മോഹന്‍ജി അന്നു എന്നത്തേയുംപോലെ കുറച്ചു വൈകി ഓഫീസില്‍ എത്തി, പതിവുപോലെ ഒഫീസിലെ എല്ലാവര്‍ക്കും അന്നത്തെ ദിവസത്തേക്കുള്ള 'പണി' കൊടുക്കുന്ന പണിയില്‍ മുഴുകി. അപ്പോഴാണ്‌ മോഹന്‍ജി അതു കണ്ടത്‌.....

ജി-ക്ക്‌ തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ സാധിച്ചില്ല!! തൊട്ടറ്റുത്തുള്ള കമ്പ്യൂട്ടര്‍ കീ ബോര്‍ഡില്‍ക്കൂടി ഒരു പറ്റം ഉറുമ്പുകള്‍ ഒരു നവകേരള യാത്ര നടത്തുന്നു!! യാത്രയുടെ ലക്ഷ്യം തേടിയുള്ള ജിയുടെ അന്വേഷണം അവസാനിച്ചത്‌ മേശയുടെ ഒരറ്റത്ത്‌ ആരോ വെച്ചുപോയ പ്രസാദത്തിലാണ്‌. നോട്ടീസ്‌ കിട്ടിയ ഉറുമ്പുകള്‍ ചെറിയ സംഘങ്ങളായി എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുകയാണ്‌. ജിക്ക്‌ ഇതു സഹിക്കാവുന്നതിലപ്പുറമായിരുന്നു.

ഉടനെ തന്നെ ജി ഓഫീസില്‍ ഒരു അടിയന്തിര മീറ്റിംഗ്‌ വിളിച്ചുകൂട്ടി. എന്നിട്ട്‌ ഇപ്രകാരം അരുളിച്ചെയ്തു!!
"ഇവിടെ ആര്‍ക്കും ഒരു ശ്രദ്ധയുമില്ല. പലരും ഫയലുകള്‍ മേശയില്‍ വാരിവലിച്ചിട്ടിരിക്കുന്നു. കമ്പ്യൂട്ടറുകളില്‍ എല്ലാം പൊടിയാണ്‌. കീബോര്‍ഡില്‍ ഒക്കെ മണ്ണും പോടിയും പിടിച്ചിരിക്കുന്നു. വെറുതെയല്ല കമ്പ്യൂട്ടറില്‍ എല്ലാ ദിവസവും വൈറസ്‌ കയറുന്നത്‌. ഇനിയെങ്കിലും ശ്രദ്ധിക്കുക"



March 03, 2009

ലങ്കാദഹനം - ലഷ്കര്‍ സ്റ്റൈല്‍

പാകിസ്ഥാനില്‍ പര്യടനം നടത്തുകയായിരുന്ന ശ്രീലങ്കന്‍ ക്രിക്കെറ്റ്‌ ടീമിനു നേരെ തീവ്രവാദി ആക്രമണം!! 8 താരങ്ങള്‍ക്ക്‌ പരിക്ക്‌!! ആക്രമണത്തെ തുടര്‍ന്ന് ലങ്ക പരമ്പര ഉപേക്ഷിച്ച്‌ നാട്ടിലേക്ക്‌ മടങ്ങി!!

ആക്രമണത്തെ തുടര്‍ന്ന് ലഭിച്ച ചില പ്രതികരണങ്ങള്‍:

1. ആസിഫ്‌ അലി സര്‍ദാരി (പാക്‌ പ്രസിഡന്റ്‌)

ശ്രീലങ്കന്‍ ടീമിനു നേരെ ആക്രമണം അഴിച്ചുവിട്ടത്‌ പാകിസ്ഥാന്‍ തീവ്രവാദികളാണെന്നുള്ള വാര്‍ത്ത ഇന്ത്യ കെട്ടിച്ചമച്ചതാണ്‌. ഇതിനു പിന്നില്‍ ഇന്ത്യന്‍ ചാര സംഘടനക്ക്‌ പങ്കുണ്ട്‌ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. സംഭവത്തിനു പിന്നില്‍ LTTE ആണെന്നാണ്‌ പാകിസ്ഥാന്‍ പോലീസിന്റെ നിഗമനം. കൊല്ലപ്പെട്ട തീവ്രവാദികള്‍ പാകിസ്ഥാനികളല്ല (ആയിരുന്നെങ്കില്‍ ഒരൊറ്റ ലങ്കനും ജീവനോടെ ഉണ്ടാകുമായിരുന്നില്ല!!). ഇന്ത്യ കൂടുതല്‍ തെളിവ്‌ തന്നാലെ ഇനി പാകിസ്ഥാനില്‍ ഇവരെ കുറിച്ച്‌ അന്വേഷണം നടത്താന്‍ പറ്റൂ.

2. യൂനിസ്‌ ഘാന്‍ (പാക്‌ ക്രിക്കെറ്റ്‌ ടീം കപ്പിത്താന്‍)
12 മാസത്തിലേറെയായി നേരെ ചൊവ്വേ കളിച്ചിട്ട്‌. അവസാനം ഒരു ടീം വന്നു. അവര്‍ക്കെതിരെ സെഞ്ചുറി അടിച്ചു മതിയായില്ല, അപ്പോഴേക്കും ആ കാലമാടന്മാര്‍..... (ഒരു സ്മാള്‍ കര, വിതുമ്പല്‍)..... അവന്മാരുടെ തലയില്‍ ഇടിത്തീ വീഴട്ടെ..... (വീണ്ടും കര....)

3. ജയവര്‍ദനെ (ലങ്കന്‍ ക്രിക്കെറ്റ്‌ റ്റീം കപ്പിത്താന്‍)
ഓ... എന്തായാലും ജയിക്കാം എന്നുള്ള ഹോപ്പ്‌ ഒന്നുമില്ല... അപ്പൊ പിന്നെ എന്തായാലെന്താ??? അവരും ഡബിളും, ട്രിപ്പിളും ഒക്കെ അടിക്കുന്നു. പിന്നെ എങ്ങനെ ജയിക്കാന്‍? എന്തായാലും എനിക്കൊന്നും പറ്റിയില്ലല്ലൊ, ദൈവത്തിനു സ്തുതി!!!

4. പ്രണാബ്‌ മുഖര്‍ജി (നമ്മുടെ സ്വന്തം മന്ത്രി)
ലങ്കന്‍ റ്റീമിനു നേരെ നടന്ന അക്രമത്തെ പറ്റി കേട്ടപ്പോള്‍ എനിക്ക്‌ ഒരു 'ഉറുദു' കവിതയാണ്‌ ഓര്‍മ്മ വന്നത്‌:
"അപ്പോഴും പറഞ്ഞില്ലേ പോകണ്ടാ, പോകണ്ടാ ന്ന്‌
പോകണ്ടാ, പോകണ്ടാ ന്ന്‌...."

ഇപ്പോള്‍ എല്ലാര്‍ക്കും മനസ്സിലായല്ലൊ, പാകിസ്താന്‍ ഒരു താലിബാനിസ്ഥാനാണെന്ന്...

5.പിണറായി
എനിക്ക്‌ ഈ കാര്യത്തില്‍ പാര്‍ട്ടി പോളിറ്റ്‌ ബ്യൂറോയുടെ അഭിപ്രായം തന്നെയാണ്‌. സംഭവത്തെ ഞാന്‍ അങ്ങേയറ്റം അപലപിക്കുന്നു. കുറ്റവാളികളെ പിടിക്കാത്ത പ്രധാനമന്ത്രി ഉടനെ രാജി വെക്കേണ്ടതാണ്‌!! രാജ്യ സുരക്ഷ പാടെ തകര്‍ന്നിരിക്കുന്നു. ഇനി ഒരു 'സുരക്ഷിത ഇന്ത്യ' സൃഷ്ടിക്കാന്‍ എനിക്കേ സാധിക്കൂ. (അതിനു സംഭവം നടന്നത്‌ പാകിസ്ഥാനിലാണെന്നും, ഇന്ത്യയിലല്ലെന്നും ചൂണ്ടിക്കാണിച്ചപ്പോള്‍, താന്‍ മറ്റേ ബ്ലോഗനല്ലെ, നീയൊക്കെ മാധ്യമ സിന്‍ഡിക്കേറ്റാണെന്നെനിക്കറിയാമെന്നു പറഞ്ഞ്‌ അദ്യം ഇറങ്ങിപ്പോയി)

6. അല്‍ ഹലാല്‍ ദില്‍ ജിഹാദി (ലഷ്കര്‍-ഇ-തോയ്ബ, സി.ഒ.ഒ - പാകിസ്ഥാന്‍)
ഇത്‌ തീവ്രവാദ ചരിത്രത്തിലെ കറുത്ത ദിവസമാണ്‌. 12 ജിഹാദികള്‍ പോയിട്ട്‌ ആകെ ആറോ ഏഴോ പോലീസുകാരെ മാത്രമെ കൊല്ലാന്‍ പറ്റിയുള്ളൂ എന്നത്‌ പ്ലാന്‍ 'എക്സിക്യൂട്ട്‌' ചെയ്തതിലെ വലിയ അപാകതക്ക്‌ തെളിവാണ്‌. അടുത്ത തവണ ഞങ്ങള്‍ സംഗതികള്‍ ഒക്കെ ശരിയാക്കുന്നതാണ്‌. പിന്നെ ഞങ്ങള്‍ക്ക്‌ പൈസ സംഭാവന ചെയ്യാന്‍ SMS അയക്കേണ്ട ഫോര്‍മാറ്റ്‌ : ISS <space> LET


ഇപ്പോ ഇത്രേം... ബാക്കി വേറെ എപ്പോഴെങ്കിലും.....


March 01, 2009

പറക്കുന്ന ശൗച്യാലയം

ഗതി കെട്ടാല്‍ പുലി പുല്ലും തിന്നുമെന്നത്‌ ഇതുവരെ ശാസ്‌ത്രീയമായി തെളിയക്കപ്പെട്ടിട്ടില്ലെങ്കിലും (?) നമ്മള്‍ മലയാളികള്‍ കാലാകാലങ്ങളായി വിശ്വസിച്ചുപോരുന്ന ഒരു പഴഞ്ചൊല്ലാണ്‌. ഈ പഴഞ്ചൊല്ലില്‍ പതിരില്ല എന്നു തെളിയിച്ചിരിക്കുകയാണ്‌ അങ്ങു പടിഞ്ഞാറന്‍ ദേശത്തെ ഒരു വിമാന കമ്പനി.

യൂറോപ്പിലെ ഏറ്റവും വലിയ 'ബഡ്‌ജറ്റ്‌' വിമാന കമ്പനിയായ 'റയാന്‍ എയര്‍' ആണ്‌ നമ്മുടെ കഥാനായകന്‍. വിമാനത്തിലെ ടോയ്‌ലറ്റ്‌ ഉപയോഗിക്കാന്‍ യാത്രക്കാരുടെ കയ്യില്‍ നിന്നും ഒരു പൗണ്ട്‌ അതായത്‌ ഏകദേശം 90 ഇന്ത്യന്‍ രൂപ (വാതാനുകൂല്‍ ശൗച്യാലയത്തിന്‌ അതൊട്ടുമധികമല്ല എന്നു അന്വയം) വെച്ചു വാങ്ങിക്കാനാണ്‌ സാമ്പത്തിക മാന്ദ്യത്താല്‍ ഞെരുങ്ങുന്ന ടി കമ്പനി ആലോചിക്കുന്നത്‌!!! ചേഞ്ച്‌ കൊടുക്കാനുണ്ടാകില്ലത്തതുകൊണ്ട്‌ മാന്യ യാത്രക്കാര്‍ ചില്ലറ തരേണ്ടിവരുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്‌.

PS: കുറച്ചുകാലം മുന്‍പ്‌ വന്ന ഒരു മൊബൈല്‍ കമ്പനിയുടെ പരസ്യമാണ്‌ ഓര്‍മ്മ വന്നത്‌ "ഇപ്പോള്‍ 100 രൂപ കൊണ്ട്‌ എന്താവാനാ???"