June 10, 2009

കാനഡാ യൂറോപ്പില്‍?

ഇന്നലെ വെറുതെ ടി.വിയില്‍ ചാനലുകള്‍ മാറ്റിക്കളിക്കുന്നതിനിടയിലാണ്, നേര്‍ നേരത്തെയറിയിക്കുന്ന കൂട്ടരുടെ പീപ്പീള്‍ ചാനലില്‍ ഒരു ഫ്ലാഷ് ന്യൂസ് കണ്ടത്.
ആസ്ത്രേലിയക്കു പുറകെ കാനഡായിലും ഇന്ത്യക്കാര്‍ക്കെതിരെ വംശീയാക്രമണം..യൂറോപ്യന്‍ രാജ്യങളിലും വംശീയാക്രമണങള്‍ വ്യാപകമാകുന്നു.
എനിക്കെത്ര ആലോചിച്ചിട്ടും പിടികിട്ടുന്നുല്ല: കാനഡയിലെ ആക്രമണവും യൂറോപ്പും തമ്മില്‍ എന്തു ബന്ധം? പണ്ട് പഠിച്ച ഭൂമിശാസ്ത്രം ശരിയാണെങ്കില്‍ യൂറോപ്പിനും, കാനഡാക്കുമിടയില്‍ അറ്റ്ലാന്റിക് സമുദ്രമിങനെ നീണ്ടുനിവര്‍ന്നുകിടക്കുന്നുണ്ട്... ഇനി ഭൌമോപരിതലത്തിലെ പ്ലേറ്റുകളുടെ ചലനം മൂലം യൂറോപ്പ് കാനഡയുമായി യോജിച്ചതാണോ? ചിലപ്പോള്‍ അതിനും സാധ്യതയുണ്ട്!! എന്തായാലും സംഗതി വന്നത് പീപ്പിളിലായതുകൊണ്ട് സത്യമാകാതെ വഴിയില്ല!! കാലത്തിന്റെ പോക്കേ!

!!ബ്ലൂം!!

June 09, 2009

പിണറായുടെ രണ്ടാം വീഴ്ച!

പണ്ട് ഇലക്ഷനു വോട്ട് മറിക്കാന്‍ പിണറായി നവ കേരളാ മാര്‍ച്ച നയിച്ചിരുന്ന സമയത്ത് ഒരു കവലപ്രസംഗത്തിനിടയില്‍ വേദി തകര്‍ന്ന് ഭൂഗുരുത്വം പരീക്ഷിച്ച കാര്യം ലേഖകന്‍ ഇവിടെ പറഞ്ഞിട്ടുണ്ട്.പ്രസ്തുത സംഭവത്തിനുപിന്നില്‍ അമേരിക്കന്‍ ചാരസംഘടനക്ക് പങ്കുണ്ടെന്നാണ്‌ ഇപ്പോള്‍ സൂചന ലഭിച്ചിരിക്കുന്നത്! അന്ന് വീണത് വേദി തകര്‍ന്നാണെങ്കില്‍ ഇപ്പോള്‍ വീണത് ബഹു: കേരളാ ഗവര്‍ണ്ണര്‍ പിണറായിയെ തള്ളിയിട്ടാണ്.

പിണറായയി-ലാവ്ലിന്‍ പ്രശ്നത്തില്‍ ഗവര്‍ണ്ണര്‍ എടുത്ത തിരുമാനം രാഷ്‌ട്രീയ പ്രേരിതമാണെന്നാണ്‌ ഇടതു തത്വചിന്തകന്മാര്‍ പറയുന്നത്. ഗവര്‍ണ്ണരെ നിയമിച്ചത് കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് ഗവണ്‍മെന്റാണെന്നതാണ്‌  ഇതിനവര്‍ കണ്ടെത്തുന്ന ന്യായം. ഇവിടെയാണ്‌ എനിക്കൊരുകാര്യം മനസ്സിലാകത്തത്: സംസ്ഥാനം ഭരിക്കുന്ന ഇടത് മന്ത്രിസഭ, ഒരു ഇടതു നേതാവിനെതിരെ (ഒരു തിമിംഗലം തന്നെ, സമുദ്രത്തില്‍ തിരമാലകള്‍ക്കൊപ്പം നീന്തുന്ന തിമിംഗലം)  അഴിമതിക്കു നടപടി എടുക്കേണ്ടെന്ന് ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്ത നടപടി രാഷ്ട്രീയ പ്രേരിതമല്ലെ?

June 07, 2009

അറുപ്പുക്കോട്ടയാത്രാ വിവരണം (ലളിതം)

കഴിഞ്ഞ ഒരാഴ്ചയായി ഞാന്‍ കരടി മാളികയില്‍ ആയിരുന്നു വാസം. കരടി മാളിക എന്നാല്‍ മദുരയില്‍ നിന്നും ഏകദേശം 60 കിലോമീറ്റര്‍ അകലെ ഏതോ ദിശയില്‍ സ്ഥിതിചെയ്യുന്ന 'അറുപ്പുക്കോട്ട' എന്ന കൊച്ചു ഗ്രാമ-പട്ടണത്തിലെ കൊള്ളാവുന്ന ഏക ലോഡ്‌ജ് ആണ്. സദാസമയവും വീശിയടിക്കുന്ന പൊടിക്കാറ്റും, പൊള്ളുന്ന ചൂടും അറുപ്പ്ക്കോട്ടക്ക് ഒരു ശാലീന സൌന്ദര്യം ചാര്‍ത്തിക്കൊടുക്കുന്നു. സുലഭമായി ലഭിക്കുന്ന ഉപ്പ് വെള്ളവും ഗ്രാമീണരുടെ ജീവിതം സമ്പന്നമാക്കുന്നു.

അങനെ പ്രശാന്ത സുന്തരമായ ആ കോട്ടയില്‍ ഒരാഴ്ച താമസിച്ച് തൃശ്ശൂരിലേക്ക് മടങിയപ്പോള്‍ എന്തൊരാശ്വാസം!!ഇവിടെ വീട്ടില്‍, പൂമുഖത്തെ ചാരുകസേരയിലിരുന്ന്, ചൂടന്‍ കട്ടന്‍ കാപ്പിയും കുടിച്ച്, മഴ കണ്ടിരിക്കുന്നതിലുള്ള സുഖം...... ഒന്നു വേറെ തന്നെ...