ഞാന്‍ CA ആര്‍ട്ടിക്കിള്‍ഷിപ്പ് ചെയ്തിരുന്ന കാലം. ഞങ്ങളുടെ ഫേര്‍മിന് ഒരു പ്രമുഖ ബാങ്കിന്റെ തൃശ്ശൂരിലെ ഒരു ശാഖയുടെ കണ്‍കറന്റ് ആഡിറ്റ് ഉണ്ടായിരുന്നു. അതൊരു മുടിഞ്ഞ പണിയായതുകൊണ്ട് ഒരുമാതിരിപ്പെട്ട എല്ലാവരും അതില്‍ നിന്നു ഒഴിഞ്ഞുമാറുമായിരുന്നു. എന്നാല്‍ എന്റെ ദൗര്‍ഭാഗ്യം കൊണ്ട് (ഞാന്‍ പണിയില്ലാതെ വേറുതെ ഇരിക്കുന്നതെ സാര്‍ കണ്ടിട്ടാണെന്നും ചില അഭ്യൂഹങ്ങളുണ്ട്) ആ മാസം എന്നോട് ബാങ്കില്‍ പോകാന്‍ പറഞ്ഞു. അങ്ങനെയാണ് ആ തിങ്കളാഴ്ച ഞാനും, ഷഫീകും ബാങ്കില്‍ എത്തിയത്.
പതിവുപോലെ ഞങ്ങള്‍ ഫയലുകളുമായുള്ള യുദ്ധം തുടങ്ങി.
അങ്ങനെ ഞങ്ങള്‍ കൂലങ്കഷമായി പണിയെടുത്തുകൊണ്ടിരിക്കുന്ന സമയത്താണ് മോഹന്‍ജി പരിചയപ്പെടാനായി വന്നത്. മോഹന്‍ജി ആ ബ്രാഞ്ചിലെ എല്ലാമെല്ലാമാണ്. ആളറിയാതെ ഒരു ഫയല്‍ പൊലും നീങ്ങില്ല. അങ്ങനെയുള്ള സര്‍വശക്തനായ മോഹന്‍ജി ഞങ്ങളെ പരിചയപ്പെടാനായി വന്നപ്പോള്‍, ഓസ്കാര്‍ കിട്ടിയ പൂക്കുട്ടിയെ പോലെ ഞങ്ങള്‍ ഗദഗദ കണ്ഠന്മാരായി. ഒരു മണിക്കൂറോളം നീണ്ടുനിന്ന പരിചയപ്പെടല്‍ (മോഹന്‍ജി ജനിച്ചത് മുതല്‍ അന്നു വരെയുള്ള ഓട്ടോബയോഗ്രഫി മൊത്തം ഞങ്ങളെ പറഞ്ഞുകേള്‍പ്പിച്ചു) കഴിഞ്ഞ് മോഹന്‍ജി പോയി. ഞങ്ങള്‍ ഫയലുകളുമായുള്ള വെടി നിര്‍ത്തല്‍ അവസാനിച്ച് ഫയറിംഗ് പുനരാരംഭിച്ചു.
ഒരു അര മണിക്കൂര്‍ കഴിഞ്ഞിട്ടുണ്ടാകണം. സുസ്മേര വദനനായി മോഹന്‍ജി വീണ്ടും ഞങ്ങളുടെ മുന്നിലേത്തി. ഇത്തവണ ചോദ്യങ്ങള്‍ മുഴുവന്‍ ഷഫീകിനോടായിരുന്നു:
"അല്ല, അപ്പോള്‍ വീടെവിടെയാണെന്നാ പറഞ്ഞത്?"
"പെരിങ്ങോട്ട്‌കര"
"അവിടെ ചാത്തന്‍ സേവാശ്രമത്തിന്റെ അടുത്താണൊ?"
"അതെ"
"എനിക്കൊരുപകാരം ചെയ്യാമൊ?"
"എന്താ?"
"എനിക്കൊരാളെ തളര്‍ത്തി കിടത്തണം. കിടക്കയില്‍ നിന്നെഴുന്നേല്‍ക്കാന്‍ പറ്റരുത്. അതിന്താ റേറ്റ് എന്നൊന്നു ചോദിക്കാമൊ? നാളെ വരുമ്പോള്‍ പറഞ്ഞാല്‍ മതി!"
".................ശ................രി........."
"മറക്കരുത്, നാളെ!!"
മോഹന്‍ജി മടങ്ങി.....
പിറ്റേ ദിവസം ഞാന്‍ ഒറ്റക്കാണ് ബാങ്കില്‍ പോയത്.