November 14, 2014

കുട്ടിത്തം കൈമോശം വന്ന കുട്ടികള്‍ക്കൊരു കുട്ടിക്കവിത

കടലാസു വിമാനങ്ങള്‍ പറത്തി,
കടലാസു തോണികള്‍ ഒഴുക്കി,
കടലാസു കാറ്റാടിയുമായ് ഓടി,
കടലാസു ചുരുട്ടി ഏറുമ്പന്തു കളിച്ച്,
കടലാസു പോലെ ഭാരമില്ലാതെ
കളിച്ചുനടന്നൊരാ കുട്ടിക്കാലമിന്നൊരു
കിനാവുമാത്രമായ കുട്ടികളെ,
കുറവേതുമില്ലാതെ ആശംസിക്കുന്നു
കളങ്കമില്ലാത്ത ശിശു ദിനം!

November 03, 2014

കൂതറ ഭാരത സംസ്കാരം:ഫീലിങ് പുഛം!


ഭാരതീയ സംസ്കാരം എന്നു വെച്ചാ എന്താ? കാമസൂത്രയും ഖജുരാഹോയും ഒക്കെ ഉണ്ടായതിവിടെ തന്നെ അല്ലെ? കറണ്ടു മുതൽ കക്കൂസ് വരെ യൂറോപ്പിന്റെ വേണം. എന്നിട്ടിപ്പൊ ഇതിനു മാത്രം സംസ്കാരവും പൊക്കിപ്പിടിച്ചു വരുന്നു. ഫീലിങ് പുഛം.

ശരിയാണ്. ഇപ്പറഞ്ഞതൊക്കെ ശരിയാണ്. യൂറോപ്പ്യന്‍ സംസ്കാരം എന്തുകൊണ്ടും നല്ലത് തന്നെ. യൂറോപ്പിൽ ഉള്ള പോലെ സ്വന്തമായി പണിചെയ്തുണ്ടാക്കുന്ന കാശുകൊണ്ട് കോളേജ് വിദ്യാഭ്യാസം (അല്ലാതെ വീടു പണയം വെച്ച് വിദ്യാഭ്യാസ ലോൺ എടുത്തല്ലാതെ) പൂർത്തിയാക്കി, ജോലി സമ്പാദിച്ച്, ഒരു ബൈക്കൊ കാറൊ ഒക്കെ വാങ്ങി അതിൽ കാമുകിയുമായി കറങ്ങുമ്പോ എന്തു വേണെ ആയിക്കോ! അല്ലാതെ അഛനമ്മമാരെ ബ്ലാക്ക്മെയിൽ ചെയ്ത് വാങ്ങിയ ബൈക്കുമായി, അവരുടെ വിയർപ്പിന്റെ നനവുള്ള കാശുകൊണ്ട് കാമുകിക്ക് പിസ്സയും ഡ്രെസ്സും വാങ്ങിക്കൊടുക്കാൻ നടക്കുന്ന യുവ വിപ്ലവകാരികൾക്ക് ഇന്നലെ കിട്ടിയത് കുറച്ചുകൂടിയ അളവിൽ കിട്ടേണ്ടതാണ് എന്ന് മാത്രം പറയുന്നു.

കൂതറ ഭാരത സംസ്കാരം നമ്മള്‍ ഒരു കാലത്തും പിന്തുടരുത്. നമ്മള്‍ എല്ലാം ജാതി-മത ഭേദമന്യേ മനുഷ്യരാണ്. അതുകൊണ്ട് നമ്മള്‍ വിശ്വ മാനവ സംസ്കാരം പിന്തുടര്‍ന്നാല്‍ മതി. നഗ്നരായി നടന്ന ചരിത്രമാണ് നമുക്കുള്ളത്. അതുകൊണ്ട് അടുത്ത സമരം വസ്ത്രങ്ങള്‍ ഉപേക്ഷിക്കുനതിനു വേണ്ടി ഉള്ളതാകട്ടെ!

November 01, 2014

കേരളപ്പിറവി ആശംസകള്‍

മലയാളികളെ ആകെ മൊത്തം ചില്ലറയായി ഭരിച്ചനുഗ്രഹിച്ചുകൊണ്ടിരിക്കുന്ന വലതും, ഇവർക്ക് മനസമാധാനം കൊടുക്കില്ലെന്ന വാശിയുമായി ദുർഗന്ധപൂരിതമായ പദപ്രയോഗങ്ങൾ കൊണ്ട് അടവുകൾ പതിനെട്ടും പയറ്റി നടക്കുന്ന ഇടതും, ഇരുകൂട്ടരേയും ചവിട്ടിതാഴ്ത്തണമെന്ന ലക്ഷ്യവുമായി അങ്ങ് കേന്ദ്രത്തിൽ വിരിഞ്ഞ താമരകളും, എന്നന്നേക്കുമായി മണിചിത്രത്താഴിട്ടുപൂട്ടാൻ സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്ന ബാറുകളും, അങ്ങനെ പൂട്ടാന്‍ സമ്മതിക്കാത്ത കോടതിയും, പൂട്ട്യാല്‍ പുട്ടടി മുടങ്ങുമെന്ന ഭീതിയില്‍ വാഴുന്ന സര്‍ക്കാര്‍ ജോലിക്കാരും, പുട്ടടി മുടങ്ങ്യാല്‍ കൈമടക്ക് കൂട്ടൂലോ എന്ന ഭീതിയില്‍ സാദാ ജനങ്ങളും, ഇനി എങ്ങാനും പൂട്ട്യാലൊ എന്ന ഭീതിയിൽ ബിവറേജസ് മുന്നിൽ വിരി വെക്കുന്ന സേവകരും, തുറന്നിട്ടാൽ വഴി തെറ്റി വന്ന ബണ്ടി ചോർ പോലും കയറാത്ത ഖജനാവും, വീട്ടിൽ സ്ഥലമില്ലാത്തതുകൊണ്ട് പൊതുസ്ഥലത്ത് ഉമ്മവെച്ചുകളിക്കുന്ന മനുഷ്യാവകാശ വാദികളും, ഇത്തരം ചൂടാറിയതും ഏറിയതുമായ സംഗതികൾ വാട്ട്സാപ്പിലും ഫേസ്ബുക്കിലും ഷെയർ ചെയ്തു കളിക്കുന്നവരും, സംഗതികളുടെ ചൂടിന്റെ 'ഒരിത്' ജഡ്ജ് ചെയ്ത് ഷെയർ ചെയ്തവരേയും, കണ്ടവരേയും പൊക്കാൻ നടക്കുന്ന പോലീസും, ടീവീയിൽ മരുമക്കളെ എങ്ങനെ വധിക്കണമെന്നാലോചിച്ചുനടക്കുന്ന പവനായി അമ്മായിഅമ്മമാരും, അമ്മായിഅമ്മയെ കൊല്ലാൻ പുതിയ തന്ത്രങ്ങൾ മെനയുന്ന ന്യൂജനറേഷൻ ജോൺ ഹോനായ് മരുമക്കളും, നൃത്തം കളിക്കുന്ന സോളാറും, ടീവിക്കാരെ നൃത്തം കളിപ്പിച്ച നാസയിലെ ഡൂപ്ലി ശാസ്ത്രജ്ഞനും, ഭാരതത്തിന്റെ സ്വന്തം മംഗൽയാൻ വിജയകരമായി ചൊവ്വയിലെത്തിയപ്പോൾ ആഹ്ലാദ നൃത്തമാടിയ ഐഎസ്സാറോയിലെ ഒറിജിനൽ ശാസ്ത്രജ്ഞരുമടങ്ങുന്ന കേരളത്തിനു ശ്രേഷ്ഠ മലയാളത്തില്‍ പിറന്നാളാശംസകൾ!!

പൊക്കിൾക്കൊടി: പരശുരാമനു പകരം ശ്വേതാ മേനോനായിരുന്നു മഴു എറിഞ്ഞിരുന്നതെങ്കിൽ കേരളപ്പിറവി നാലു ക്യാമറ വെച്ചു ഷൂട്ട് ചെയ്തു യുട്യൂബിലിട്ടേനെ ! മിസ്സ്ഡിറ്റ്!!

ആശംസകള്‍ ഇന്‍ ആര്‍ക്കൈവ്2013 | 2012