December 31, 2017

മായാനദി


എനിക്കിഷ്ടപ്പെട്ട സിനിമകള്‍ വാമത്തിനും, വാമത്തിനിഷ്ടപ്പെട്ട സിനിമകള്‍ എനിക്കും ഇഷ്ടപ്പെടാറില്ല എന്നത് ന്യൂട്ടന്‍റെ ചലനനിയമകള്‍ പോലെ കൃത്യതയാര്‍ന്നതല്ലെങ്കിലും സ്റ്റാറ്റിസ്റ്റിക്സിലി (ഹാവൂ) സ്പീക്കിംഗ് ഒരെഴുപതു ശതമാനം കൃത്യത പാലിക്കുന്ന ഒരു നിയമമാണെന്ന് ഇത്രയും കാലത്തെ അനുഭവത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് വരെ തൊണ്ണൂറിനു മുകളിലായിരുന്ന ശതമാനത്തെ ഇത്രയും താഴെ ഇറക്കുന്നതില്‍ ഈ അടുത്ത കാലത്തിറങ്ങിയ സിനിമകള്‍ക്കുള്ള പങ്ക് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ. ഇത്രയും പരത്തി പറയുന്നതെന്തിനെന്നാല്‍ ഇന്ന് മായാനദി കണ്ടിറങ്ങിയപ്പോള്‍ ടി ശതമാനം കുറച്ചു കൂടി കുറഞ്ഞിരിക്കുന്നതായി ഞങ്ങള്‍ രണ്ടുപേരും ഒരേശബ്ദത്തില്‍ പ്രഖ്യാപിക്കുകയുണ്ടായി. ഈ വര്‍ഷാന്ത്യത്തില്‍, പുത്തന്‍ പ്രതീക്ഷകള്‍ മുളപൊട്ടുന്ന രാവില്‍ അങ്ങ് ഹിമവാന്റെ മടിത്തട്ടിലെ ഗംഗാനദിയില്‍ മുങ്ങി പാപങ്ങള്‍ കഴുകികളഞ്ഞ തീര്‍ഥാടകരുടെ മനസ്സുമായാണ് മായാനദിയില്‍ 'ആറാടി'യ ഞങ്ങള്‍ തീയറ്റര്‍ വിട്ടിറങ്ങിയത്.

വളരെ റിയലിസ്റ്റിക്കായ പ്രണയം എന്നൊക്കെ റിവ്യു വായിച്ചതില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട് തീയറ്ററില്‍ എത്തിയ ഞങ്ങളെ കാത്തിരുന്നത് വിജനമായ ഇടനാഴികളായിരുന്നു. പടം തുടങ്ങുമ്പോള്‍ ഏകദേശം പത്തോ പതിനഞ്ചോപേര്‍ മാത്രമായിരുന്നു തീയറ്ററില്‍ ഉണ്ടായിരുന്നത്. ശേഷം കുറച്ചു പേര്‍ കൂടി തപ്പി തടഞ്ഞു സീറ്റുകളില്‍ ഉപവിഷ്ടരായി. ഇപ്രകാരം തീയ്യറ്ററില്‍ ചിതറിയിരിക്കുന്ന ഹതഭാഗ്യര്‍ക്ക് പോപ്കോണും, കൂള്‍ഡ്രിങ്ക്സും വില്‍ക്കാന്‍ തീയറ്റര്‍ സ്റ്റാഫ് ഉത്സാഹപൂര്‍വം ഓടി നടക്കുന്നുണ്ടായിരുന്നു. എങ്ങനെയെങ്കിലും പത്ത് കാശ് പെട്ടിയില്‍ വീഴ്തണ്ടേ! രണ്ടുപാര വാഗ്ധോരിണി നടത്തിയിട്ടും സിനിമയെ കുറിച്ച് എന്താ ഒന്നും പറയാത്തത് എന്ന് പ്രിയ വായനക്കാര്‍ ഇപ്പോള്‍ മനസ്സില്‍ ചിന്തിക്കുന്നുണ്ടാകും. തീയറ്റര്‍ വിട്ടിറങ്ങിയാലും, കാലിയായ പേഴ്സ് പോലെ നിങ്ങളെ വല്ലാതെ ഹോണ്ട് ചെയ്യുന്ന പടമാണ് മായാനദി എന്ന് മാത്രമേ എനിക്ക് ഇപ്പോള്‍ പറയാന്‍ സാധിക്കു. ഏതായാലും കാര്യത്തിലേക്ക് വരാം.

അത്യാവശ്യം കള്ളക്കടത്തും തട്ടിപ്പും ഒക്കെ ആയി ജീവിക്കുന്ന മാത്തന്റെയും, മോഡലിംഗും, ആങ്കറിംങ്ങും ഒക്കെ ആയി സിനിമ ജീവിതം സ്വപ്നം കണ്ടു ജീവിക്കുന്ന അപര്‍ണ്ണയുടെയും കഥയാണ് മായനദി. അതുമാത്രമാണ് ഈ നദി. തങ്ങള്‍ക്കു നേരെ വെടിയുതിര്‍ക്കുന്ന കള്ളക്കടത്തുകാരെ വെടിവെച്ച് കൊല്ലുന്ന പോലീസുകാരും, അവരില്‍ നിന്നും രക്ഷപ്പെട്ട്പോകുന്ന വഴി ഒരു പോലീസുകാരനെ കൊല്ലുന്ന മാത്തനില്‍ നിന്നും സിനിമ തുടങ്ങുന്നു. ജീവഭയത്തില്‍ ലക്ഷക്കനക്കിനു അമേരിക്കന്‍ ഡോളറുകളുമായി കാറില്‍ ഓടി രക്ഷപ്പെടുന്നമ്മടെ നായകന്‍ ചെന്നെത്തുന്നത് കുബ്ബൂസ് വാങ്ങാന്‍ നില്‍ക്കുന്ന പഴയ കാമുകിയുടെ അടുത്താണ്. പിന്നെ അങ്ങോട്ട്‌ പ്രണയമാണ്. പ്രണയം എന്നുപറഞ്ഞാല്‍ ഇതാണ് പ്രണയം (ത്രെ!). സത്യം പറയാലോ ഉറങ്ങാന്‍ വേണ്ടി ലോ ഫ്ലോര്‍ ആനവണ്ടിയില്‍ ടിക്കറ്റ് എടുത്ത മാത്തന്റെ അവസ്ഥ ആയിരുന്നു ഞങ്ങള്‍ രണ്ടാള്‍ക്കും. കഥയുടെ അന്ത്യം എന്നാണു എന്ന് ഞാന്‍ പറയുന്നില്ല. കാണാന്‍ താല്പര്യം ഉള്ളവര്‍ക്ക് അതൊരു ബുദ്ധിമുട്ടാകും.

ഇനി സിംബലിസം.
1. മാത്തന്‍ എന്ന് പറയുന്നത് മര്യാദക്ക് പഠിച്ചു ജോലി സമ്പാദിക്കാതെ ഏതു വിധേനെയും കാശുണ്ടാക്കി ആര്‍ഭാട ജീവിതം നയിക്കുന്ന യുവതയുടെ പ്രതീകം. ടോവിനോ അഭിനയിച്ചു വെറുപ്പിച്ചിട്ടില്ല. അതിപ്പോ സിനിമ മുഴുവന്‍ (ഇടയ്ക്കു ഒരു ഫോട്ടോ ആയി മാത്രം അല്ലാതെ) ഒരേ ലുക്കും, മുഖഭാവവും മാത്രം ആകുമ്പോ വെറുപ്പിക്കാനുള്ള അവസരം ഇല്ലല്ലോ.
2. അപര്‍ണ ഒരു സ്ട്രഗ്ലിംഗ് ആക്ടര്‍ ആണ് എന്നിടക്കിടക്ക് പറയുന്നുണ്ട്. വീട്ടിലും സ്ഥിതി അത്ര നല്ലതല്ല. ഇതൊക്കെ ആണെങ്കിലും ഇവിടെയും ആര്‍ഭാടത്തിനു പഞ്ഞം ഒന്നും കാണാനില്ല.പ്രണയത്തിലും സെക്സിലും ഒക്കെ തുറന്ന നിലപാട് എടുക്കുന്ന നവസ്ത്രീത്വത്തിനെ ആകും അപര്‍നയിലൂടെ വരച്ചിടുന്നത്. അധികം ഉദാത്ത വികാരങ്ങള്‍ ഒന്നും നദിയുടെ മുഖത്ത് കണ്ടില്ല. പിന്നെ ആ മുഖം കണ്ടിരിക്കാം.
3. മാത്തന്റെ തൊപ്പി സിനിമയുടെ ഒരു പ്രധാന സംഭവമാണ്. ഹാര്‍ലി ഡേവിഡ്‌സന്‍ തൊപ്പി പ്രതിനിധാനം ചെയ്യുന്നത് അമേരിക്കന്‍ സാമ്രാജ്യത്വ ബൂര്‍ഷ്വാ ശക്തികളെ ആണ്. ബാത്ത് ടബില്‍ കുളിക്കുമ്പോള്‍ പോലും മാത്തന്‍ ടി തൊപ്പി ഊരുന്നില്ല (ബാത്ത് ടബ്ബ് കാണുമ്പോള്‍ മാത്തന്റെ മുഖത്തുള്ള സന്തോഷം കാണുമ്പോള്‍ ടിയാന്‍ തൊപ്പി ഊരാനുള്ള വിഷമം കാരണം ഷവറില്‍ ഒന്നും കുളിക്കാറില്ല എന്ന് തോന്നുന്നു). തോപ്പിയോടും അത് പ്രതിനിധാനം ചെയ്യുന്ന തത്വങ്ങലോടും ഉള്ള മാത്തന്റെ വിധേയത്വമാണ് ഇവിടെ നാം കാണുന്നത്. കേവലം ഒരു തൊപ്പിയെ വെച്ചു ഇത്രയും കാര്യങ്ങള്‍ നരേട്ടിവില്‍ (എങ്ങനെയുണ്ട്?) കൊണ്ടുവരാന്‍ ആഷിക് അബുവിന് മാത്രമേ സാധിക്കു. ഈ വര്‍ഷത്തെ മികച്ച സഹനടനുള്ള അവാര്‍ഡ് ചിലപ്പോ ഈ തൊപ്പിക്കു ലഭിച്ചേക്കും.
4. പോലീസ് - പാവപ്പെട്ട കൊള്ളക്കാരെ ജീവിക്കാന്‍ അനുവദിക്കാത്ത പോലീസ് ഭരണഘൂടഭീകരതയുടെ നേര്‍സാക്ഷ്യമാല്ലെങ്കില്‍ പിന്നെ എന്താണ്?

ഇനിയും ധാരാളം ബിംബങ്ങള്‍ ഉണ്ട്. എല്ലാം പറയാനുള്ള ആവതില്ല. അതുകൊണ്ട് തീയറ്ററില്‍ തന്നെ പോയി കാണുക. സിനിമക്ക് പുറകില്‍ പ്രവര്‍ത്തിച്ച പാവങ്ങള്‍ മാത്രമല്ലലോ, പാവം തീയട്ടരുകാര്‍ക്കും, അവിടെ പോപ്‌കോണ്‍ വില്‍ക്കുന്നവര്‍ക്കും ജീവിക്കണ്ടേ. പറ്റുമെങ്കില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് കാണുക. തല്‍ഫലമായി ബുക്ക്മൈഷോ പോലുള്ളവരും ജീവിക്കട്ടെ.


അപ്പൊ പുതുവത്സരാശംസകള്‍!

December 27, 2017

ആരോഗ്യമന്ത്രിയുടെ പ്രിസ്ക്രിപ്ഷന്‍

ഒരു ആരോഗ്യമന്ത്രിക്ക് ഡോക്ടര്‍ നല്‍കിയ പ്രിസ്ക്രിപ്ഷന്‍

  1. പഴംപൊരി (ചൂടോടെ) - ഒന്ന് വീതം മൂന്നു നേരം
  2. പരിപ്പുവട, കട്ടന്‍ ചായയോടൊപ്പം - രണ്ടു വീതം രാവിലെയും വൈകിട്ടും ഭക്ഷണത്തിന് മുമ്പ്
  3. മക്ഡോണാള്‍ഡ്സ് ബര്‍ഗര്‍ - ദിവസം ഒന്ന്
  4. പൊറോട്ട - മൂന്നു വീതം രാത്രി ഭക്ഷണത്തിനു പകരം


വാല്‍: ഇരുപതു മെഗാപിക്സല്‍ ഡ്യുവല്‍ ലെന്‍സ്‌ കണ്ണടയാണെങ്കില്‍ 28000 ഒക്കെ ആകും!!

November 29, 2017

തരാതരത്വം

"ഹലോ, എന്‍റെ പേര് വിഷ്ണു"
"നല്ല പേര്. ഏതാ സഖാവിന്‍റെ പാര്‍ട്ടി?"

"ഞാന്‍ ബി.ബി.വി.പി ആണ്"
"ഹയ് കൊശവന്‍, അങ്ങട്ട് മാറി നിക്കടോ. അറിയാതെ കയ്യും കൊടുത്തല്ലോ ന്‍റെ മാര്‍ക്സേ"

"എന്തേ എനിക്ക് കയ്യ് തന്നാല്‍"
"ഞാന്‍ ശുദ്ധ ടി.എഫ്.ഐ ആടോ. തന്നെപോലുള്ള വിവരംകെട്ട ബി.ബി.വി.പിക്കാരോടൊന്നും ഞങ്ങള്‍, അതും എന്നെ പോലുള്ള ഇന്റെലെക്ച്ച്വല്‍സ് മിണ്ടും കൂടിയില്ല"

"അതെന്താ?"
"നിങ്ങടെ വിശ്വാസം ഒക്കെ പൊട്ട തെറ്റല്ലേ!"

"അപ്പൊ നിങ്ങടെ മാത്രമാണോ ശരി?"
"എന്താ സംശയം. ഞങ്ങടെ മാത്രമാണ് ശരി. ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ എല്ലാം ഞങ്ങള്‍ ശരിയാക്കും"

"ചൈനയിലെ പോലെ എല്ലാ വീട്ടിലും പ്രസിഡന്റിന്റെ പോട്ടം വെച്ചിട്ടാണോ?"
"വേണമെങ്കില്‍ അതും ചെയ്യും"

"ചുമ്മാതല്ല നിങ്ങള്‍ ക്ലച് പിടിക്കാത്തെ"
"അയ്യോ സമയം അഞ്ചു കഴിഞ്ഞല്ലോ. ഈ യൂസ്ലെസ്സിനോട്‌ സംസാരിച്ചു സമയം പോയി."

"എന്തു പറ്റി? എവിടെ എങ്കിലും എത്താന്‍ ഉണ്ടോ?"
"പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂട ഫാസിസ്റ്റ് ഭീകരതക്കെതിരെ ഒരു സെമിനാരുണ്ട്, ടൌണ്‍ ഹാളില്‍. ഞാനാണ് പ്രധാന ഭാഷകന്‍"

"ആണോ.. എന്നാ വണ്ടീലോട്ട് കേറിക്കോ, ഞാന്‍ ആ വഴിക്കാ. അവിടെ ഇറക്കാം. ഇരിക്കുമ്പോള്‍ എന്‍റെ ദേഹത്ത് തൊടാതെ സൂക്ഷിച്ചോളോ ട്ടാ. ഇനി എന്നെ തൊട്ടു നിങ്ങടെ 'ഇസം' പോകണ്ട"         

November 21, 2017

ബ്രാഹ്മമുഹൂർത്തം

"ഡാ എഴുന്നെല്‍ക്കെടാ, നാലുമണി ആയി"

മുത്തശ്ശിയുടെ ശബ്ദം സ്വപ്നത്തിനിടയില്‍ പശ്ചാത്തല സംഗീതം കണക്കെ ഒഴുകി വന്നു.

രാവിലെ നേരത്തെ എണീക്കുക എന്നാൽ എനിക്ക് തിങ്കളാഴ്ച സ്‌കൂളിൽ പോകുന്നതിനേക്കാൾ ഇഷ്ടമില്ലാത്ത കാര്യമാണ്. പക്ഷെ എന്ത് ചെയ്യും? പത്താം തരത്തിലാണ് ഈ വർഷം. പ്രീ-ഡിഗ്രീക്കു 'കൊമേഴ്‌സ്' എടുക്കാൻ വല്യ മാർക്ക് ഒന്നും വേണ്ടെങ്കിലും മാർക്ക് കുറഞ്ഞു പോയാൽ ചീത്ത കേൾക്കും. അതുകൊണ്ട് പഠിക്കാതെ വയ്യ. രാവിലെ ഏഴുമണിക്ക് റ്റിയൂഷൻ ഉണ്ട്; സരസ്വതിയിൽ. പിന്നെ സ്‌കൂൾ നാല് വരെ. നാലരക്ക് വീട്ടിൽ എത്തിയാൽ കുറച്ചു നേരം ടി.വി. പിന്നെ കുറച്ചു നേരം പഠനം. എട്ടുമണിക്ക് ഭക്ഷണം കഴിച്ചു ഒമ്പതു മണിയോടെ കിടക്കും. ഇങ്ങനെ ഒരു ദിനചര്യ പിന്തുടർന്നാൽ നല്ല മാർക്ക് കിട്ടില്ല എന്ന് വീട്ടുകാർ 'യുനാനിമസ്‌ലി' തിരുമാനിച്ചതിന്റെ ഫലമായി രാവിലെ നാലുമണിക്ക് എഴുന്നേൽക്കേണ്ടതായി വന്നിരിക്കുകയാണ്. സ്വാഭാവികമായും എന്നെ രാവിലെ വിളിച്ചു എഴുന്നേൽപ്പിക്കുക എന്ന ശ്രമകരമായ ദൗത്യം എക്സ്-അധ്യാപിക ആയ മുത്തശ്ശി ഏറ്റെടുത്തു.

രണ്ടു വർഷം മുമ്പ് വടക്കോറെ കാൽ വഴുതി വീണപ്പോൾ നട്ടെല്ലിന് ക്ഷതം പറ്റിയതിനാൽ മുത്തശ്ശിക്ക് കുനിയാൻ പറ്റില്ല; അതുകൊണ്ട് ടിവി മുറിയിൽ, അലമാരയോട് ചേർന്ന്, നിലത്ത് പഞ്ഞിക്കിടക്കയിൽ പുതഞ്ഞു കിടക്കുന്ന എന്നെ വെളുപ്പാംകാലത്ത് വിളിച്ചു ഉണർത്തുക എന്നാൽ ഗംഗയെ ഭൂമിയിൽ എത്തിക്കാൻ ഭഗീരഥൻ ചെയ്ത തപസ്സിനേക്കാൾ പരിശ്രമം ആവശ്യമാണ് എന്ന് ആദ്യ ദിനം തന്നെ മൂത്തശ്ശി തിരിച്ചറിഞ്ഞു. പിന്നീടങ്ങോട്ട് രാവിലെ നാലുമണി ആകുമ്പോൾ മുത്തശ്ശി എഴുന്നേറ്റു കാൽകൊണ്ട് എന്നെ തട്ടി മന്ത്രം ഉരുവിടും:

"ഡാ എഴുന്നെല്‍ക്കെടാ, നാലുമണി ആയി"

നാലഞ്ചു താവണ മന്ത്രം ഉരുക്കഴിക്കുമ്പോൾ ഞാൻ പതിയെ എഴുന്നേൽക്കും. പകൽ മുഴുവൻ യുദ്ധം ചെയ്തു രാത്രി പാളയത്തിലേക്കു പോകുന്ന പടയാളിയെ പോലെ തല താഴ്ത്തി ഭാരിച്ച ചുവടുകളോടെ ഞാൻ മുഖം കഴുകുന്നതിനും, പല്ലു തേക്കുന്നതിനുമായി പോകും.

രാവിലെ എഴുന്നേൽക്കുന്നതിന്റെ ഏക ആകർഷണം വീണ്ടും ഉറക്കം വരാതിരിക്കാൻ മുത്തശ്ശി തരുന്ന കട്ടൻ കാപ്പിയാണ്. ചില ദിവസങ്ങളിൽ ഈ കട്ടൻകാപ്പി പ്രസാദം കുടിച്ചു മൂത്തശിയെ സോപ്പിട്ടു ഞാൻ വീണ്ടും പോയി കിടന്നു ഉറങ്ങും. അന്ന് അമ്മയുടെ ചീത്ത ഉറപ്പാണ്. ഉറങ്ങിയില്ലെങ്കിൽ പിന്നെ അഞ്ചര വരെ ഇരുന്നു പഠനമാണ്. അഞ്ചര കഴിഞ്ഞാൽ പുസ്തകം അടച്ചു അരമണിക്കൂർ അമ്മയുടെ 'അനുവാദ'ത്തോടെ കിടക്കും.

പത്താം തരാം കഴിഞ്ഞതോടെ രാവിലെ എണീക്കുന്ന ഏർപ്പാട് നിർത്തലാക്കി. കോളേജിൽ പഠിക്കുമ്പോൾ ഒരു ദിവസം മുത്തശ്ശിയും എഴുന്നേൽക്കേണ്ടതില്ലാത്ത ഉറക്കത്തോടെ പ്രാപിച്ചതിനാൽ ഞാനും രാവിലെ എഴുന്നേൽക്കുന്ന ഏർപ്പാട് നിർത്തി; അലാമിന്റെ അലറലിനു മുത്തശ്ശിയുടെ മന്ത്രത്തിന്റെ സ്നേഹധ്വനി ഇല്ലല്ലോ. പിന്നീടുള്ള പഠനങ്ങൾ എല്ലാം ഉറങ്ങുന്നതിനു മുമ്പ് തീർക്കാൻ ഞാൻ ശീലിച്ചു.





November 01, 2017

കേരളപ്പിറവി ആശംസകള്‍?


ഈ കേരളപ്പിറവി ദിനത്തില്‍ മഴുവെറിഞ്ഞു കടലില്‍ നിന്നും കേരളത്തെ ഉയര്‍ത്തികൊണ്ടു വന്നത് ആരാണ് എന്ന ചോദ്യത്തിനു തോമസ്‌ ചാണ്ടി എന്ന ഉത്തരം ലഭിച്ചാല്‍ ആ ഉത്തരം തിരുത്താന്‍ നടുവിരല്‍ എങ്കിലും അനക്കാന്‍ തോന്നുന്നതിന് മുമ്പ് ഒന്നിരുത്തി ചിന്തിക്കുന്നത് നല്ലതാണ്; നിങ്ങളുടെ കാലുകളെയും/കയ്യുകളെയും ഓര്‍ത്തെങ്കിലും! ആദ്യത്തിനു ചികിത്സക്ക് പോകാന്‍ പുറംരാജ്യത്തെ മുന്തിയ ആശുപത്രികളും, ചിലവാക്കാന്‍ ഖജനാവിലെ കാശുമുണ്ട്, നിങ്ങള്‍ക്ക് ഇത് രണ്ടും ഉണ്ടാകില്ല.

സ്വര്‍ണ്ണകള്ളക്കടത്ത് എന്നാല്‍ കോഴിക്കടത്ത് പോലെ സിമ്പിളായ പരിപാടിയാണ് എന്ന് പറഞ്ഞു ന്യായീകരിച്ച് ഉദരംഭനം (അങ്ങനെ അല്ലെ?) നടത്തുന്ന സായാഹ്ന വിനോദികളായ ബുദ്ധിജീവി നിരീക്ഷകന്മാര്‍ ഉള്ളനാട്ടില്‍ അടുത്ത മുദ്ര ലോണ്‍ പ്രോജക്റ്റ് റിപ്പോര്‍ട്ട് "ഗോള്‍ഡ്‌ സ്മഗ്ഗ്ലിംഗ്" ആയാല്‍ ബാങ്ക് മാനേജര്‍മാര്‍ നിരാകരിക്കരുതെ, ഒളിക്യാമറ നിങ്ങളെ പകര്‍ത്തുന്നുണ്ടാകും!

വിദേശത്ത് നിന്ന് ഹാവാല പണം ഒഴുക്കി ഈ ഭാരത മഹാ രാജ്യത്ത് വെറുപ്പിന്റെയും അക്രമത്തിന്റെയും മതങ്ങള്‍ (അഭിപ്രായങ്ങള്‍) പ്രചരിപ്പിക്കാന്‍ നടക്കുന്നവരില്‍ ഭൂരിഭാഗവും നമ്മുടെ ഈ കൊച്ചു കേരളത്തിലാണ് എന്ന് ഉറക്കെ പറഞ്ഞാല്‍ സൂക്ഷിക്കണേ, നിങ്ങള്‍ വികാരം വ്രണപ്പെടുത്തുന്ന ഇന്‍ഫെക്ഷന്‍ ആയി തരം തിരിക്കപ്പെട്ടെക്കാം.

കയ്യും, കാലും, തലയും വെട്ടുന്നത് സമാധാനത്തിന്റെയും അഹിംസയുടെയും പാതയാണ് എന്ന് കരുതി വരമ്പത്ത് കൂലി കൊടുക്കുന്നവരെ തിരുത്താൻ നിൽക്കരുതേ, അടുത്ത ശമ്പള നാൾ അവർ നൽകുന്നത് നിങ്ങളുടെ തലയാകും!

അതുകൊണ്ട്അ ടുത്ത കേരളപ്പിറവി ദിനത്തിൽ നിങ്ങൾ നിങ്ങളായി തന്നെ ഇരിക്കാൻ നാട് ഭരിക്കുന്ന രാജാവിന്റെ 'വിജയ'സ്തുതികൾ പാടി കണ്ണടച്ച് ചെവി പൊത്തി ഇരിക്കുക; അവരുടെ അരിവാളിന്റെയും ചുറ്റികളുടേം തുമ്പത്ത് അവസാനിക്കുന്നതാണ് നിങ്ങളുടെ സ്വാതന്ത്ര്യം!

October 22, 2017

ജി.എസ്.ടി: നാലു മാസം പിന്നിടുമ്പോള്‍


വിപ്ലവകരമെന്നു വിശേഷിക്കാവുന്ന നികുതിപരിഷ്കാരമായ ജി.എസ്.ടി ഭാരതത്തില്‍ നടപ്പിലാക്കപ്പെട്ടിട്ടു ഏകദേശം നാലുമാസങ്ങള്‍ പിന്നിടുകയാണ്. ജൂലായ്‌ ഒന്നിന് തുടങ്ങിയ മാറ്റങ്ങള്‍ ഇപ്പോഴും രണ്ടുകാലില്‍ എഴുന്നേറ്റു നില്‍ക്കാന്‍ കെല്‍പില്ലാതെ മുട്ടിലിഴയുന്ന കാഴ്ചയാണ് നാം കാണുന്നത്, അനുഭവിക്കുന്നത്. ഈ അവസരത്തില്‍ കഴിഞ്ഞ നാലുമാസങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.

ജി.എസ്.ടി എന്ന നികുതി ഘടന എന്തുകൊണ്ടും അതിനുമുമ്പുണ്ടായിരുന്ന സംവിധാനങ്ങളെക്കാള്‍ നല്ലതാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഭാരതത്തിൽ നിലനിന്നിരുന്ന നാല്പതിലധികം പരോക്ഷ നികുതികൾ ഇല്ലാതാക്കി രാജ്യമാകമാനം ഒരു നികുതി എന്നതും, പൂർണ്ണമായും ഓൺലൈൻ സംവിധാനങ്ങളിലൂടെ രജിസ്ട്രേഷനും, റിട്ടേനുകളും സ്വീകരിക്കുന്നതും നികുതിതട്ടിപ്പുകൾ കുറക്കുന്നതിനും, കാര്യക്ഷമമായി നികുതി നിയമങ്ങൾ നടപ്പിലാക്കുന്നതിനും സഹായിക്കും. എന്നത് സംശയമില്ലാത്ത കാര്യമാണ്. ജി.എസ്.ടി എന്ന നികുതി പരിഷ്കാരം നല്ലത് തന്നെ എന്ന തിരുമാനത്തില്‍ ഉറച്ചു നില്‍ക്കുമ്പോഴും സര്‍ക്കാര്‍ നടപ്പിലാക്കിയ രീതി അമ്പേ പാളിപ്പോയി എന്ന് പറയേണ്ടി വരും.

നിയമത്തെ കുറിച്ചുള്ള അജ്ഞത ഒരു ഒഴിവല്ലെങ്കിലും തീര്‍ത്തും പുതിയ ഒരു നിയമം ഒരു ദിവസം മുതല്‍ നടപ്പിലാക്കുമ്പോള്‍ ആ നിയമം പാലിക്കാന്‍ ബാധ്യസ്തരായവരെ ബോധവൽക്കരിക്കാൻ എന്ത് നടപടികളാണ് സർക്കാർ കൈക്കൊണ്ടത് അല്ലെങ്കിൽ ഇത്തരം ബോധവൽക്കരണങ്ങൾ അനിവാര്യമായ അളവിൽ നടന്നോ എന്നത് സംശയമാണ്. നികുതി നൽകേണ്ടവരും, നികുതി പിരിക്കേണ്ടവരും, ഇവർക്കിടയിൽ നിൽക്കുന്ന പ്രൊഫഷനലുകളും ഇപ്പോഴും പല തട്ടിലാണ് നിൽക്കുന്നത്. ദിവസേന എന്ന മട്ടിൽ വരുന്ന തിരുത്തലുകൾ/ കൂട്ടിച്ചേർക്കലുകൾ അവസ്ഥ കൂടുതൽ മോശമാക്കുകയാണ് ചെയ്യുന്നത്. നിയമത്തെ കുറിച്ചുള്ള ഈ അജ്ഞത ഏറ്റവും ദോഷം ചെയ്യുന്നത് ശരിയായ രീതിയിൽ നിയമം പാലിക്കുന്നവരെയാണ്. റിവേഴ്സ് ചാര്‍ജ് പോലുള്ള പുതിയ നിയമങ്ങള്‍, നികുതി പിരിവിനു നല്ലതെങ്കിലും, മതിയായ കൃത്യത ഇല്ലാതെ നടപ്പിലാക്കുക വഴി നികുതിദായകരുടെ സംഭ്രമം വർദ്ധിപ്പിച്ചു. ഏറ്റവും പുതിയ നികുതി നിർദേശങ്ങളിൽ താത്കാലികമായി ഇവയെല്ലാം സസ്‌പെൻഡ് ചെയ്‌തെങ്കിലും തിരിഞ്ഞു നോക്കുമ്പോൾ ഈ ഒരു തീരുമാനം ആദ്യമേ ആകാമായിരുന്നു. ചെറുകിട കച്ചവടക്കാരാണ് ജി.എസ്.ടി നിയമത്തിൽ ഏറ്റവും കഷ്ടത അനുഭവിക്കുക. ഇത്തരക്കാർക്ക് ആശ്വാസം നൽകുന്ന രീതിയിൽ ഇപ്പോൾ പല നിർദേശങ്ങളും വന്നിട്ടുണ്ടെങ്കിലും ഇവയൊന്നും ഇപ്പോഴും താഴെ തട്ടിലേക്ക് എത്തിയോ എന്ന് സംശയമാണ്.

ജി.എസ്.ടി വരുന്നതിനു മുമ്പ് ഏറ്റവും ഉയർന്നുകേട്ട സ്വരങ്ങളിൽ ഒന്ന് ജി.എസ്.ടി നെറ്റ്‌വർക്കിന്റെതായിരുന്നു. നിയമത്തിന്റെ നട്ടെല്ല് എന്ന് തന്നെ വിശേഷിക്കാവുന്ന ജി.എസ്.ടി നെറ്റ്‌വർക്ക് ഒരിക്കലും ഓവർലോഡ് ആയി പ്രവർത്തനരഹിതമാകില്ല എന്ന രീതിയിൽ പ്രസ്താവനകൾ ധാരാളം വന്നിരുന്നു. എന്നാൽ ഈ അവകാശവാദങ്ങൾ വളരെ പെട്ടെന്ന് തന്നെ അസ്ഥാനത്താണ് എന്ന് തെളിയിക്കപ്പെട്ടു. ആദ്യ ജി.എസ.ടി റിട്ടേൺ ഫയൽ ചെയ്യേണ്ട തീയതിക്ക് രണ്ടോ-മൂന്നോ ദിവസങ്ങൾ മുമ്പ് തന്നെ സൈറ്റ് ഡൌൺ ആയി. റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധിക്കാതെ വന്നപ്പോൾ തീയതി നീട്ടി തരേണ്ടി വന്നു.നികുതി അടക്കുന്നതിലും ഇത്തരം സാങ്കേതിക ബുദ്ധിമുട്ടുകൾ ഉയർന്നുവന്നു. ഇപ്പോൾ ജൂലൈ മാസം കഴിഞ്ഞു മാസം മൂന്നായെങ്കിലും ജൂലൈ മാസത്തെ എല്ലാ റിട്ടേണുകളും ഇതുവരെ ഫയൽ ചെയ്‌തി കഴിഞ്ഞിട്ടില്ല. ജി.എസ്.ടി നെറ്റ്‌വർക്കിന് അവർ അവകാശപ്പെട്ട പോലെയുള്ള സാങ്കേതിക മേന്മ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ അവസ്ഥ ഇത്രയും രൂക്ഷമാകുമായിരുന്നില്ല.

ഇത്തരം സാങ്കേതിക പ്രശ്നങ്ങൾ രൂക്ഷമാണെങ്കിലും റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ കാലതാമസമുണ്ടായാൽ കൃത്യമായ രീതിയിൽ ഫൈൻ വാങ്ങുന്നതിൽ ജി.എസ്.ടി.എൻ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. നികുതി അടക്കേണ്ടാത്തവർ വരെ ആയിരക്കണക്കിന് രൂപ ഫൈൻ അടക്കേണ്ടി വരുന്നു. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചതിനു ശേഷമാണു ഫൈൻ ചാർജ് ചെയ്യുന്നതെങ്കിൽ കുറച്ചെങ്കിലും ന്യായീകരണം ഉണ്ടാകുമായിരുന്നു. ഇതിപ്പോൾ പാതി വെന്ത ഭക്ഷണം കഴിക്കുകയും വേണം, ഇരട്ടി ചാര്ജും നൽകണം എന്ന അവസ്ഥയാണ്.

ജി.എസ.ടി നിയമങ്ങളെ കുറിച്ചുള്ള അജ്ഞത മുതലെടുത്ത് വ്യാജ ബില്ലുകൾ നൽകി കൂടുതൽ ചാർജ് ഈടാക്കുന്ന കച്ചവടക്കാർ എരിതീയിൽ എണ്ണകോരി ഒഴിക്കുകയാണ് ചെയ്യുന്നത്. ഇത്തരം കള്ളന്മാരെ പിടിക്കാൻ ഇപ്പോഴത്തെ അവസ്ഥയിൽ നിയമപാലകർക്ക് സമയവുമില്ല. രാഷ്ട്രീയതാല്പര്യങ്ങൾ മനസ്സിൽ വെച്ച്, ജി.എസ്.ടി നിയമത്തെ കുറച്ച് വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർ (സോഷ്യൽ മീഡിയകളിലും മറ്റും) ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും രാജ്യത്തിനു ഗുണമാകില്ല. 

ദോഷങ്ങൾ ഉണ്ടെങ്കിലും ചെറിയ തോതിൽ ജി.എസ്.ടിയുടെ ഗുണഫലങ്ങളും കണ്ടുതുടങ്ങിയിട്ടുണ്ട്. സംസ്ഥാന അതിർത്തികളിലെ ചെക് പോസ്റ്റുകൾ ഇല്ലായ്മ ചെയ്യുക വഴി ട്രക്കുകളുടെ യാത്രസമയത്തിൽ 25% ശതമാനത്തിലധികം കുറവ് വന്നിരിക്കുന്നു. ഇതിനുപുറമെ ചെക്പോസ്റ്റുകളിൽ കൈക്കൂലിയും ഇല്ലാതായിരിക്കുന്നു.


മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കപ്പുറം, ഈ ബാലാരിഷ്ടതകള്‍ പിന്നിട്ടു കഴിയുമ്പോള്‍, ഈ ഒരു കാലഘട്ടം ഒരു പക്ഷെ ദു:സ്വപ്നം പോലെ തോന്നിയേക്കാം. എങ്കിലും, വര്‍ത്തമാനകാലത്തില്‍ നിയമപാലനം സുഗമമാക്കുന്നതിന് സര്‍ക്കാര്‍ ഇനിയും നടപടികള്‍ എടുത്തെ തീരു. ജൂലായ്‌ ഒന്നിന്റെ ട്രാന്‍സിഷന്‍ സര്‍ക്കാര്‍ അണ്ടര്‍എസ്ടിമേറ്റ് ചെയ്തത് പോലെ ഇനിയും തുടര്‍ന്നാല്‍ അത് നികുതി സംവിധാനത്തെ വളരെ വളരെ അപകടകരമായ രീതിയില്‍ ബാധിക്കുമെന്നത് സംശയമില്ലാത്ത കാര്യമാണ്.

September 29, 2017

പറവ


പറവ എന്ന സിനിമ കണ്ടു തീയറ്ററില്‍ നിന്നുമിറങ്ങുമ്പോള്‍ മനസ്സില്‍ ഒരു വിങ്ങലായിരുന്നു; ഒരു പക്ഷെ ശോഭാ മാളിലെ ഐനോക്സില്‍ കണ്ടതുകൊണ്ടാകണം അത്രയും വിങ്ങല്‍ അനുഭവപ്പെട്ടത്. വളരെ കാലത്തിനു ശേഷമാല്ലെങ്കിലും ഒരു കൂതറ പടം തീയറ്ററില്‍ പോയി കണ്ടതിന്‍റെ എല്ലാ വിധ ആത്മനൊമ്പരവും ഇന്നത്തെ സായം സന്ധ്യയില്‍ എന്റെ മനസ്സില്‍ തെളിഞ്ഞു വന്നു.

കുറച്ച് രക്ഷാധികാരി ബൈജു (ക്ലബും, പത്ത് മുപ്പതു വയസ്സായിട്ടും കളിച്ചു നടക്കുന്ന കുറെ ടീംസും), കുറച്ചു ഗപ്പി (ആ രണ്ടു പയ്യന്മാര്‍), കുറച്ചു 1984(ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ട നഷ്ടോള്‍ജിയ),ന്യുജെന്‍ പടങ്ങളുടെ ഈറ്റില്ലമമായ മട്ടാഞ്ചേരി-കൊച്ചി ലൊക്കേഷന്‍ ആന്‍ഡ്‌ സ്ലാങ്ങ്‌,  അങ്ങനെ കണ്ടു മറന്നതും, മറക്കാത്തതുമായ പല സിനിമകളുടെയും പ്രേതങ്ങള്‍ പറവയെ ആവേശിച്ചതായി തോന്നി. ആകെ മൊത്തം എല്ലാം കൂടി ടി പ്രേതങ്ങളുടെ ഒരു ഭാര്‍ഗവിനിലയം!

പറയത്തക്ക കഥ ഒന്നും ഇല്ല; അതും ഈ അടുത്ത കാലത്തെ സിനിമകളുടെ ഒരു പ്രത്യേകതയാണല്ലോ. ഇടക്കാലത്ത് ചില തമിഴ് പടങ്ങളില്‍ കണ്ടിട്ടുള്ള ഒരു ചെറുപ്രദേശത്തെ 'കളി' ഭ്രാന്തും, അതിലെ ചാമ്പ്യന്മാരാകാന്‍ രണ്ടു ഗ്രൂപ്പുകള്‍ നടത്തുന്ന ശ്രമങ്ങളും സിനിമയുടെ ഒരു ലെയര്‍; മറു ലെയറില്‍ കുറച്ചു കഞ്ചാവും, പിള്ളാരുടെ ചേട്ടന്‍ തലമുറയുടെ സാഹസികകൃത്യങ്ങളും അവരുടെ നേതാവ് കം മാലാഖയുടെ ഇടപെടലുകളും. അങ്ങനെ സിനിമ രണ്ടു വഴികളിലൂടെ അന്ത്യത്തിലേക്ക് സഞ്ചരിക്കുന്നു.

കോമഡി സ്കിറ്റില്‍ വരെ സോഷ്യല്‍ മെസ്സേജ് തപ്പുന്ന ഈ കാലത്ത് ഇതിലുമുണ്ട് ട്ടോ ചില സന്ദേശങ്ങള്‍. മൂക്കില്‍ പല്ല് മുളച്ചാലും പണിക്കു പോകാതെ കളിച്ചു നടക്കുന്ന ചെറുപ്പക്കാര്‍, അടി പിടി, കഞ്ചാവിനടിമപ്പെട്ടവരുടെ ലോകം, ബാല വിവാഹം (പത്തില്‍ പഠിക്കുന്ന കുട്ടിയുടെ), ക്വോട്ടേഷന്‍ ടീമുകള്‍ അങ്ങനെ അങ്ങനെ ഇഷ്ടം പോലെ സന്ദേശങ്ങള്‍ (ഇനിയും പലതുമുണ്ട്, എല്ലാം ഞാന്‍ പറഞ്ഞാല്‍ ശരിയാകില്ലല്ലോ).

പറയുമ്പോള്‍ എല്ലാം പറയണമല്ലോ. പടത്തില്‍ ആകെ ഇഷ്ടപ്പെട്ടത് ആ രണ്ടു പയ്യന്മാരുടെ സൌഹൃദവും, അവര്‍ തമ്മിലുള്ള 'കെമിസ്ട്രി'യുമാണ്‌. ചുമ്മാ ഡി.ക്യുനെ ഒക്കെ തിരുകി കയറ്റാതെ ആ രണ്ടു പയ്യന്മാരെ വെച്ചു മാത്രം പടം എടുത്തിരുന്നെകില്‍ ഡി.ക്യു ഫാന്‍സ്‌ കുത്തികയറി പടം വമ്പന്‍ ഹിറ്റ്‌ ആകുമില്ലായിരുന്നെങ്കിലും കണ്ടിറങ്ങുന്നവര്‍ക്ക് കൊടുത്ത കാശ് മുതലായേനെ.

പി.എസ്: ഇതില്‍ സത്യത്തില്‍ ഗസ്റ്റ് റോള്‍ ചെയ്തിരിക്കുന്നത് മ്മടെ സ്വന്തം സഖാവ് ആഷിക് അബു ആദ്യമാണ്. പുള്ളിയും കേസൊക്കെ തേച്ചു മാച്ചു കളഞ്ഞു പിള്ളേരെ രക്ഷിക്കുന്ന പോലീസായി തകര്‍ത്തു.  
x

September 08, 2017

ജോയിന്‍റ് ദി അനുസ്മരണം

വീട്ടിലേക്ക് വരുന്ന വഴി ഇന്ന് വൈകുന്നേരം തൃശ്ശൂര്‍ റൌണ്ടില്‍ ഒരു സമത്വ സുന്ദര കാഴ്ച കണ്ടു. വടക്കുംനാഥന്‍റെ തെക്കേ നടക്കല്‍ ഒരു കമ്മ്യൂണിസ്റ്റ് പോഷക സംഘടനയുടെ ഗൌരി ലങ്കേഷ് അനുസ്മരണം. കോര്‍പ്പറേഷന്‍ ആപ്പീസിന്റെ മുമ്പില്‍ സി.പി.ഐ വഹ അനുസ്മരണം. കുറച്ചപ്പുറത്ത് പിഡിപിയും, എസ്.എസ്.എഫും വഹ അനുസ്മരണം. ആദ്യ രണ്ടു ഇടങ്ങളില്‍ ഘോര ഘോരം പ്രസംഗങ്ങള്‍ അരങ്ങു തകര്‍ക്കുന്നുണ്ട്. സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ടി.എ ഉണ്ടെന്നു തോന്നുന്നു; ഈ രണ്ടു സ്ഥലങ്ങളിലും ആളുകള്‍ കൂടുതല്‍ ഉണ്ടായിരുന്നു. പറയുന്ന കാര്യങ്ങള്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി കമ്മികള്‍ തള്ളുന്ന കാര്യങ്ങള്‍ ഒക്കെ തന്നെ.

ഇങ്ങനെ ഒരു നേര്‍ രേഖയില്‍ നാലിടങ്ങളായി പ്രതിഷേധങ്ങള്‍ നടക്കുന്നത് കൊണ്ടാകണം പിഡിപിക്കാരുടെ പ്ലക്കാര്‍ഡില്‍ ഇങ്ങനെ എഴുതിയിരുന്നു:

"JOINT THE FIGHT AGAINST FASCISM"

പ്രതിഷേധം ഓര്‍ഗനൈസ് ചെയ്തവര്‍ക്ക് നാലും നാല് സ്ഥലത്ത് ആക്കാമായിരുന്നു. ഇതിപ്പോ നാല് കുത്തുകള്‍ ജോയിന്‍റ് ആക്ക്യാലും ഒരു പഞ്ച് ഇല്ല!

കൊലപാതകികളെ കുറിച്ചു വിവരം തരുന്നവര്‍ക്ക് കര്‍ണ്ണാടക സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ ഇനം പ്രഖ്യാപിച്ചിട്ടുണ്ട്. എന്തായാലും പ്രതികളെ നിങ്ങള്‍ കണ്ടെത്തിയ സ്ഥിതിക്ക് എത്രയും പെട്ടെന്ന് വിവരങ്ങള്‍ സര്‍ക്കാര്‍ സമക്ഷം അറിയിച്ചു പത്ത് ലക്ഷം വാങ്ങി എടുക്കാന്‍ ശ്രമിക്കു!

September 06, 2017

ഗൌരി ലങ്കേഷ്

ബിജെപി നേതാക്കള്‍ക്കെതിരെ  വ്യാജ വാര്‍ത്തകള്‍ നല്‍കിയതിനു കോടതി ആറു മാസം തടവിനു ശിക്ഷിച്ച, 'സത്യ'ത്തിനു വേണ്ടി തൂലിക പടവാളാക്കിയ,   ഒരു പത്രപ്രവര്‍ത്തകയെ വെടി വെച്ച് കൊല്ലേണ്ട ആവശ്യം ബിജെപിക്ക് ഉണ്ടാകുമെന്ന് തോന്നുന്നില്ല. കമ്മ്യൂണിസ്റ്റുകള്‍ ഈ മരണം ആഘോഷിക്കുന്നത് കാണുമ്പോള്‍ അവരാനോ ഈ രക്തസാക്ഷിയുടെ സൃഷ്ടാക്കള്‍ എന്ന് തോന്നി പോകുന്നു. രക്തസാക്ഷികളിലൂടെ വല നെയ്തു പാവങ്ങളെ വലയിലാക്കുന്ന ചിലന്തിയാണല്ലോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍. 


കമ്യൂണിസ്റ്റ് തീവ്രവാദികള്‍ക്ക് (മാവോയിസ്റ്റ്) എതിരെയും, കോണ്‍ഗ്രസ് അഴിമതികല്‍ക്കെതിരെയും ഈ അടുത്ത കാലത്ത് ഗൌരി ലങ്കേഷ് പ്രതികരിച്ചിരുന്നു എന്ന് ഒരു ലേഖനത്തില്‍ വായിച്ചു. കൊലപാതകത്തില്‍ ഇവര്‍ക്ക് ആര്‍ക്കെങ്കിലും പങ്കു ഉണ്ടോ എന്നൊന്നും നോക്കാതെ ഹിന്ദു തീവ്രവാദവും (ഇതിനു മാത്രമേ മതം ഉള്ളു, ബാക്കി തീവ്രവാദങ്ങള്ക്കൊന്നും മതമില്ല), ഫാസിസവും ഒക്കെ വെച്ച് കാച്ചി പ്രബുദ്ധപരമായ ലേഖനങ്ങള്‍ രചിക്കുന്ന കാണുമ്പോള്‍ സന്താപമാണ് തോന്നുന്നത്. കാര്‍ട്ടൂണ്‍ വരച്ചതിനു വെടി വെച്ച് കൊന്നവരും, പാര്‍ട്ടിക്കെതിരെ എഴുതുന്നവരെ മരണം വരെ കാരാഗൃഹത്തില്‍ എറിയുന്നവരും ഒക്കെയാണ് "തൂലികയുടെ ശക്തി"യെ കുറിച്ചു വാചാലരാകുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. അനഭിമതരെ ഇക്കൂട്ടര്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിന് ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് മുമ്പിലുണ്ട്. 

അതുകൊണ്ട് ദയവു ചെയ്ത് തിരുമാനങ്ങള്‍ ഉറപ്പിക്കുന്നതിനു മുമ്പ് കര്‍ണ്ണാടാകത്ത്തിലെ മതേതര സെക്കുലര്‍ ലിബറല്‍ സര്‍ക്കാര്‍ കേസന്വേഷിക്കട്ടെ, പ്രതികളെ കണ്ടുപിടിക്കട്ടെ (കല്ബുര്‍ഗി മുതല്‍പെരുടെ കൊലയാളികളെ വര്‍ഷം രണ്ടു കഴിഞ്ഞിട്ടും കണ്ടുപിടിക്കാന്‍ ടി സര്‍ക്കാരിന് കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല. ആര്‍.എസ്.എസാണ് ഇവിടെ എല്ലാം  പ്രതി എന്ന് കമ്മ്യൂണിസ്റ്റ് തീവ്രവാദികളും, മതേതര തീവ്രവാദികളും ഉറപ്പിച്ചു പറയുന്ന സ്ഥിതിക്ക് അവരുടെ കയ്യില്‍ വല്ല തെളിവും ഉണ്ടെങ്കില്‍ സര്‍ക്കാരിന് നല്‍കി പ്രതികളെ കണ്ടുപിടിക്കാന്‍ സഹായിക്കുക. 

August 15, 2017

സ്വേഛാധിപത്യം വിപ്ലവത്തിലൂടെ

ഈ ഭൂമിയില്‍ ഇതുവരെ വിപ്ലവങ്ങള്‍ നടന്നിട്ടുള്ളത് ജനങ്ങളുടെ മേല്‍ അധികാരം സ്ഥാപിക്കാന്‍ മാത്രമാണ്. അധികാരഭ്രമം പിടിപെട്ട 'വിപ്ലവനേതാക്കള്‍' സമത്വസുന്ദര ലോകമെന്ന പഞ്ചസാര പുരട്ടി, കൊള്ളയും കൊലയും നടത്തി, അധികാരത്തില്‍ സര്‍വസുഖങ്ങളോടെയും ജീവിക്കുന്നു. ആരെ അസമത്വത്തില്‍ നിന്നും മോചിപ്പിക്കാനാണോ അവര്‍ 'വിപ്ലവം' നടത്തിയത്, അവര്‍ പുതിയ 'മുതലാളി' നേതാക്കളുടെ കീഴില്‍ പഴയതിന് സമാനാമായതോ അല്ലെങ്കില്‍ അതിലും മോശമോ ആയ ജീവിതം നയിക്കേണ്ടി വരുന്നു. എങ്കിലും കൃത്യമായ ഇടവേളകളില്‍ പഴയ സമത്വസുന്ദര ലോകമെന്ന ആശയം, ഈ ജനലക്ഷങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതിനു വേണ്ടി, വിപ്ലവ നേതാക്കള്‍ മുന്നോട്ടു വെക്കും. ഞാന്‍ പറയുന്നത് വിശ്വാസമില്ലെങ്കില്‍ ഇതുവരെ 'വിപ്ലവം' നടന്ന രാജ്യങ്ങളിലെ ജനങ്ങളുടെ അവസ്ഥ നോക്കിയാല്‍ മതി. എന്ത് ചിന്തിക്കണം, എന്ത് പ്രവര്‍ത്തിക്കണം എന്നെല്ലാം ഭരണകൂടം നിശ്ചയിക്കുന്നു. അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ ഇല്ലായ്മ ചെയ്യുന്നു. ഇങ്ങനെയുള്ള അടിച്ചമര്‍ത്തലിന്റെ വിപ്ലവമാണ് ഇപ്പോള്‍ എല്ലാ തരക്കാരും മുന്നോട്ടു വെക്കുന്നത്; പ്രത്യേകിച്ചു വിപ്ലവം മാത്രം ജപിച്ചു നടക്കുന്നവര്‍.

സ്വേഛാധിപത്യമെന്നത് ശാരീരികവും മാനസികവുമായ ആധിപത്യമാണ്‌. ഇതില്‍ തന്നെ മാനസികമായ ആധിപത്യമാണ്‌ ഏറ്റവും ഭീകരം. സ്വന്തമായി ചിന്തിക്കാനുള്ള കഴിവ് ഇല്ലാതാക്കുക, കലക്ടീവ് ആയുള്ള ഒരു ചിന്തക്ക് എല്ലാവരെയും അടിമകലാക്കുക എന്നതാണ് വിപ്ലവകാരികളുടെ ഉദ്ദേശം. ഇപ്രകാരമുള്ള മനുഷ്യ മനസ്സിന്റെ നിയന്ത്രണമാണ് ഇവര്‍ ആഗ്രഹിക്കുന്നത്. എങ്കില്‍ മാത്രമേ അവര്‍ ഉദ്ദേശിക്കുന്ന തരത്തിലേക്ക്, പാര്‍ട്ടി പറയുന്ന എന്തും അങ്ങനെ തന്നെ വിഴുങ്ങുന്ന തലത്തിലേക്ക്, മനുഷ്യനെ മാറ്റി എടുക്കാന്‍ സാധിക്കു. ഇവിടെ ഒരാള്‍ക്ക് ഒറ്റക്ക് ഒരു നിലനില്പ് ഉണ്ടാകാന്‍ പാടില്ല. ഐക്യമത്യം മഹാബലം എന്നൊക്കെ പറയാം എങ്കിലും ഓരോരുത്തരുടേയും സ്വകാര്യതയും സ്വത്വവും ഇല്ലാതാകുമ്പോള്‍ സ്വന്തമായി ചിന്തിക്കാന്‍ സാധിക്കാത്ത ഒരു പറ്റം മരപ്പാവകള്‍, പാര്‍ട്ടി പറയുമ്പോള്‍ ഇടം-വലം തിരിയാനും, ആയുധമെടുക്കാനും, രമിക്കാനും മാത്രം അറിയുന്ന മരപ്പാവകള്‍, മാത്രമാകും അവശേഷിക്കുക. ഇങ്ങനെ ഒരു ലോകമാണോ നമുക്ക് വേണ്ടത്?

മനുഷ്യരെ ഒരേ അച്ചില്‍ വാര്‍ത്തെടുക്കാന്‍ പാര്‍ട്ടികള്‍ മാത്രമല്ല ശ്രമിക്കുന്നത്; മതങ്ങളും അതില്‍ പങ്കാളികളാണ്. ബഹുസ്വരതയെ ഇല്ലായ്മ ചെയ്യാന്‍ തുനിഞ്ഞിറങ്ങുന്ന ഈ രണ്ടുകൂട്ടര്‍ക്കും ആത്യന്തികമായ ലക്‌ഷ്യം ഭരണം, ജനങ്ങളുടെ മേലുള്ള അധികാരം, മാത്രമാണ്. ആ ഭരണത്തിലെക്കുള്ള വഴി മാത്രമാണ് 'സമത്വ സുന്ദര'ലോകമെന്ന ആശയം.

ഭാരതത്തിന്റെ ഈ സ്വാതന്ത്ര്യ ദിനത്തില്‍ നമ്മള്‍ ഓരോരുത്തരം സ്വാതന്ത്ര്യം നേടേണ്ടത് ഇപ്രകാരമുള്ള 'വിപ്ലവ'കാരികളില്‍ നിന്നാണ്. സ്വന്തമായി ചിന്തിക്കാനും, പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്യം മാത്രമാണ് യഥാര്‍ത്ത സമത്വത്തിലേക്ക് നയിക്കു. അതല്ലാതെ ആരെങ്കിലും എന്തൊക്കെ മുന്നോട്ടു വെച്ചാലും അതെലാം കേവലം സ്വാര്‍ത്ഥതാല്പര്യത്തിനു വേണ്ടിയുള്ള പഞ്ചസാരമുട്ടായികള്‍ മാത്രമാണ്.


വന്ദേ മാതരം.

July 29, 2017

ടു ജിയോ ഓര്‍ നോട്ട് ടു ജിയോ

റിലയന്‍സ് ജിയോ ഈ കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ച ഓഫറിന്റെ പൊള്ളത്തരങ്ങള്‍ എണ്ണമിട്ടെഴുതിയ എന്റെ ഒരു സുഹൃത്തിന്റെ ഒരു ലേഖനമാണ് ഇപ്പോള്‍ ഇങ്ങനെ ഒരു വിശകലനം നടത്താന്‍ എന്നെ പ്രേരിപ്പിച്ചത്. ഒറ്റനോട്ടത്തില്‍ വളരെ നല്ലത് എന്ന് തോന്നുമെങ്കിലും കറകളഞ്ഞ വ്യാപാരിയായ മുകേഷ് അംബാനി ഒന്നും കാണാതെ പോതുജനോദ്ധാരണം മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാനുള്ള സാധ്യത വളരെ കുറവാണ് എന്നൊരു തിരിച്ചറിവും നമുക്ക് വേണം. വിഷയത്തിലേക്ക് വരാം:

എന്താണ് ജിയോ ഓഫര്‍?
കേവലം 1500 രൂപ ജിയോയില്‍ 'നിക്ഷേപിച്ചാല്‍' മൂന്നു വര്‍ഷത്തേക്ക് ഉപയോഗിക്കാന്‍ ഒരു ഫോണ്‍ അവര്‍ തരുന്നു. കാലാവധി കഴിയുമ്പോള്‍ ഫോണ്‍ തിരികെ നല്‍കിയാല്‍ നിക്ഷേപം തിരികെ തരും. ഈ കാലയളവില്‍ 149രൂപ/309 രൂപ മുതലായ മാസ വരിസംഖ്യ (28 ദിവസം) നല്‍കിയാല്‍ ജിയോ സേവനങ്ങള്‍ ഉപയോഗിക്കാം.

ഒറ്റനോട്ടത്തില്‍ വളരെ നല്ല പ്ലാന്‍. ഇനി നമുക്ക് ഒന്ന് വിശദമായി നോക്കാം:

സൌജന്യ ഫോണ്‍ 
മൂന്നു വര്‍ഷത്തിനു ശേഷം ഫോണ്‍ തരികെ നല്‍കി ആദ്യം നല്‍കിയ നിക്ഷേപം തിരികെ കിട്ടുമ്പോള്‍ മാത്രമാണ് നിങ്ങള്‍ക്ക് ഫോണ്‍ 'സൌജന്യമായി ലഭിച്ചു' എന്ന് പറയാന്‍ സാധിക്കു. മൂന്നു വര്‍ഷത്തിനുള്ളില്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ നിക്ഷേപം കമ്പനിക്കടിക്കും. ഇനി മൂന്നു വര്‍ഷം കഴിഞ്ഞാല്‍ ഫോണ്‍ എത്ര പേര്‍ തിരകെ കൊടുക്കും? ഒരു കുഴപ്പവുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഫോണ്‍ തിരികെ നല്‍കിയാല്‍ അത് വരെ ഫോണ്‍ ഉപയോഗിച്ചു ശീലിച്ചവര്‍ പിന്നീടുള്ള ഉപയോഗത്തിന് വേറെ ഫോണ്‍ വങ്ങേണ്ടി വരും. അതുകൊണ്ട് തന്നെ ഒരു വിഭാഗം ആള്‍ക്കാര്‍ ഫോണ്‍ തിരികെ നല്‍കി എന്നുവരില്ല. വേറൊരു വിഭാഗം തിരികെ നല്‍കല്‍ പ്രക്രിയക്കു വേണ്ടി മിനക്കെടാന്‍ തയ്യാറാകണം എന്നുമില്ല. അതുകൊണ്ട് തന്നെ ഇപ്പോള്‍ കൊടുക്കുന്ന ഫോണുകളില്‍ കുറച്ചു ശതമാനം ഫോണുകളും മൂന്നു വര്‍ഷത്തിനു ശേഷം തിരികെ എത്താന്‍ പോകുന്നില്ല. തത്തുല്ല്യമായ തുക കമ്പനിക്കെടുക്കാന്‍ സാധിക്കും.

ഇപ്പോള്‍ നല്‍കുന്ന ഫോണ്‍ 'വില്പന' എന്ന ലേബലില്‍ അല്ലാത്തതു കൊണ്ട് ജി.എസ്.ടി അടക്കേണ്ടി വരില്ല അതുകൊണ്ട് തന്നെ വന്‍ നികുതി വെട്ടിപ്പാണ് നടക്കാന്‍ പോകുന്നത് എന്നൊരു വ്യഖ്യാനം ചില സ്ഥലങ്ങള്‍ കണ്ടു. എന്നാല്‍ ഇതിനോട് യോജിക്കാന്‍ സാധ്യമല്ല. ജി.എസ്.ടിയില്‍ പഴയ വില്പന നികുതിയിലേത് പോലെ 'വില്പന' അല്ല ടാക്സ് കൊടുക്കേണ്ട പോയിന്റ്, മറിച്ച് 'സപ്ലൈ' ആണ്. അതായത് ചരക്ക് ഒരു സ്ഥലത്ത് നിന്നു വേറെ സ്ഥലത്തേക്ക് മാറ്റുമ്പോള്‍ ജി.എസ്.ടി നല്‍കേണ്ടി വരും. അതുകൊണ്ട് തന്നെ ഇവിടെ ജെ.എസ്.ടി വരാനാണ് സാധ്യത കാണുന്നത്. 

ജിയോ ഫോണ്‍ പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മിക്കും എന്നാണു മനസ്സിലാക്കുന്നത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ ഇന്ത്യയില്‍ സൃഷ്ട്ക്കാന്‍ ഇത്തരം ഫാക്ടറികള്‍ സഹായിക്കും (ഏതായാലും കേരളത്തില്‍ ഇത്തരത്തില്‍ ഒരു സ്ഥാപനം വരാന്‍ സാധ്യതയില്ല). മൈക്രോമാക്സ് പോലുള്ള കമ്പനികള്‍ ചൈനയില്‍ നിന്നും ഫോണുകള്‍ ഇറക്കുമതി ചെയ്ത് സ്വന്തം ലേബലില്‍ വില്‍ക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍ മറ്റു വന്‍കിട ടെലഫോണ്‍ ഹാന്‍ഡ്സെറ്റ് നിര്‍മാതാക്കളെ പോലെ ജിയോയും ഇന്ത്യയില്‍ നിര്‍മിക്കാന്‍ (ചെലവ് കുറച്ചു തന്നെ) തിരുമാനിച്ചത് നല്ല കാര്യമാണ്.

മാസവരിസംഖ്യ 
ജിയോ ഫോണ്‍ ഉപയോഗിക്കുന്നതിനു ഏറ്റവും കുറഞ്ഞത് 149രൂപ എങ്കിലും മാസം നല്‍കേണ്ടി വരും. അടുത്ത പ്ലാന്‍ 309 രൂപയുടേതാണ്. അതായത് ജിയോ ഫോണ്‍ വാങ്ങുന്ന ഒരാളില്‍ നിന്നും ഏറ്റവും കുറഞ്ഞത് 149രൂപ എങ്കിലും പ്രതിമാസം കമ്പനിക്കു ലഭിക്കും. സെപ്തെംബര്‍ 2016ലെ ട്രായ് പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ഒരു ഉപഭോക്താവില്‍നിന്നും ടെലകോം കമ്പനികള്‍ക്ക് കിട്ടുന്ന ശരാരാശി വരുമാനം കേവലം 131 രൂപ മാത്രമാണ്. ഒരു വര്‍ഷം കൊണ്ട് പത്ത് രൂപയില്‍ താഴെ മാത്രമാണ് വളര്‍ച്ച ഉണ്ടായിരിക്കുന്നത്. അതെ സമയം ജിയോക്ക് ഏറ്റവും കുറവ് നിരക്കായ 149 വെച്ചു കണക്കാക്കിയാല്‍ പോലും ഒരു മാസത്തെ ശരാശരി വരുമാനം ഏകദേശം 159 രൂപ വരും (149*13*30/365) [ജിയോയുടെ ബില്ലിംഗ് സൈക്കിള്‍ 28 ദിവസമായത്‌ കൊണ്ട് ഒരു വര്‍ഷം 13 ബില്ലിംഗ് നടക്കും (365/28)]. എങ്ങനെ നോക്കിയാലും ജിയോയുടെ ശരാശരി വരുമാനം മറ്റു കമ്പനികളുടെത്തില്‍ നിന്നും വളരെ വലുതാകും എന്ന് മനസ്സിലാക്കാം.

ഡാറ്റ അഡിക്ഷന്‍
ജിയോയുടെ പ്ലാനുകളുടെ പൊതുസ്വഭാവമാണ് ഡാറ്റ മാത്രം ചാര്‍ജ് ചെയ്യുക എന്നത്. 2021 ആകുമ്പോഴേക്കും ഇന്ത്യക്കാരുടെ ശരാശരി ഡാറ്റ ഉപഭോഗം അഞ്ചിരട്ടിയാകും എന്നാണു ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതായത് ഭാവിയില്‍ വോയ്സ് കോളുകളെക്കാള്‍ കൂടുതല്‍ ഉപഭോഗം ഇന്റര്‍നെറ്റിനാകും. തൊട്ടുമുകളില്‍ കൊടുത്തിരിക്കുന്ന മാസ വരിസംഖ്യയുമായി ചേര്‍ത്തു വായിച്ചാല്‍ ജിയോക്ക് ലഭ്യമാകുന്ന ലാഭത്തെ കുറച്ചു ഊഹിക്കാന്‍ സാധിക്കും. 

എതിരാളികള്‍ ഇല്ലാതാകുക 
ജിയോയുമായി മത്സരിക്കാന്‍ മറ്റു ടെലെകോം കമ്പനികള്‍ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ഇപ്പോള്‍ തന്നെ സംജാതമായിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു അഞ്ചുവര്‍ഷത്തിനുള്ളില്‍ എത്ര കമ്പനികള്‍ സര്‍വൈവ് ചെയ്യും എന്നത് വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്. എതിരാളികള്‍ ഇല്ലാതായാല്‍ ജിയോ ഇന്ത്യയുടെ ടെലകോം രംഗത്ത് പൂര്‍ണ്ണആധിപത്യം പുലര്‍ത്തും. അതൊരിക്കലും നമുക്ക് ഗുണകരം ആകില്ല.

ജിയോ ഒരു മാറ്റമാണ്. അത് നല്ലതിനാണോ എന്ന് കാത്തിരുന്നു കാണേണ്ടി വരും.
    

May 27, 2017

കാലി ചന്തകളുടെ നിയന്ത്രണ ചട്ടങ്ങള്‍: ചില സംശയങ്ങള്‍


കേന്ദ്ര സര്‍ക്കാരിന്റെ 'ബീഫ് ബാന്‍' വിവാദ നോട്ടിഫിക്കേഷന്‍ (മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ (കാലി ചന്തകളുടെ നിയന്ത്രണം) ചട്ടങ്ങള്‍, 2016) താഴെ കൊടുക്കുന്നു. വായിച്ചു നോക്കുമ്പോള്‍ തോന്നുന്ന സംശയങ്ങള്‍:
  1. ജാനുവരി പതിനാറിന്റെ (2017) ഗസറ്റില്‍ ടി ചട്ടങ്ങളുടെ കരട് പൊതുജനങ്ങളുടെ അറിവിലേക്കും, നിര്‍ദേശങ്ങള്‍ക്കും വേണ്ടി പ്രസിദ്ധീകരിച്ചിരുന്നു എന്ന് ചട്ടങ്ങളുടെ ആദ്യ പാരഗ്രാഫില്‍ പറയുന്നു (കരടിന്റെ കോപ്പി സൈറ്റില്‍ ഉണ്ട്). അങ്ങനെ എങ്കില്‍ അന്ന് ടി ബില്ലില്‍ തിരുത്തലുകള്‍ ഇപ്പോള്‍ പ്രതിഷേധിക്കുന്നവര്‍ നിര്‍ദേശിചിരുന്നോ? ഇതിനെ കുറിച്ചു ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ നടന്നിരുന്നോ?
  2. കരടു ചട്ടങ്ങളും, ഇപ്പോള്‍ പ്രസിദ്ധീകരിച്ച ചട്ടങ്ങളും തമ്മില്‍ ഓടിച്ചൊന്നു നോക്കിയപ്പോള്‍: ആദ്യത്തെ വേര്‍ഷനില്‍ പന്നി, കഴുത, ആട് എന്നിങ്ങനെ എല്ലാ "അയവെട്ടുന്ന" (രൂമിനെട്ടിംഗ്) മൃഗങ്ങളും "മൃഗങ്ങള്‍ (Animal)" എന്ന നിര്‍വചനത്തില്‍ വന്നിരുന്നു. പുതിയ വേര്‍ഷനില്‍ ഈ ഒരു നിര്‍വചനം കൊടുത്തിട്ടില്ല. പ്രത്യേകിച്ച് നിര്‍വചിക്കത്ത വാക്കുകള്‍ക്ക് 1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിലെ നിര്‍വചനമാണ് ഉണ്ടാകുക എന്ന് പറഞ്ഞിരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ "അനിമല്‍" എന്ന ഗ്രൂപ്പില്‍ മനുഷ്യന്‍ ഒഴികെയുള്ള ജീവനുള്ള എല്ലാ ജന്തുക്കളും പെടും. ഇതില്‍ നിന്നും ചന്തകളിലെ എല്ലാതരം വില്പനയും (മൃഗങ്ങളുടെ) ഈ ചട്ടത്തിന്റെ പരിധിയില്‍ വരില്ലേ? (ചില നിയന്ത്രണങ്ങള്‍ 'കാലി' (cattle) കള്‍ക്ക് മാത്രമാക്കി വെച്ചിട്ടുണ്ട്.)
  3. മറ്റു ചില നിര്‍വചനങ്ങളിലും ഇതുപോലെ ചെറിയ വിത്യാസങ്ങള്‍ വന്നിട്ടുണ്ട്.  ഇപ്രകാരമുള്ള വിത്യാസത്തിനു കാരണം ജനങ്ങളില്‍ നിന്നും കിട്ടിയ നിര്‍ദേശങ്ങള്‍ ആണോ?
  4. കന്നുകാലി മാംസം വില്‍ക്കുന്നതും, ഭക്ഷിക്കുന്നതും നിരോധിക്കുന്ന ഭാഗം ഇതില്‍ എവിടെയാണ്?
  5. ചട്ടത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ 'കാലിചന്തകളിലെ' വില്പനക്കാണ് നിയന്ത്രണം. രണ്ടു വ്യക്തികള്‍ തമ്മില്‍ പുറത്ത് വെച്ച് (ഉദാ:വീട്ടില്‍) നടക്കുന്ന വില്പന നിയമവിധേയമാണോ? അല്ലെങ്കില്‍ അത്തരം വില്പന നിയന്ത്രിക്കാന്‍ വേറെ ചട്ടങ്ങള്‍ ഉണ്ടോ? അറിയുന്നവര്‍ പറഞ്ഞു തരാന്‍ അപേക്ഷ.
  6. പരസ്പരം "കൊമ്പു കോര്‍ത്തു" കുത്തേറ്റു "മരിക്കുന്ന" കാലികളുടെ ശവം അറവിനായി വില്‍ക്കാന്‍ സാധിക്കുമോ?
കേന്ദ്രത്തിന്റെ വിധി ചെറുകിട അറവുശാലകള്‍ക്കും, തുകല്‍ വ്യവസായത്തിനും ക്ഷീണമാകും എന്നതില്‍ സംശയമില്ല. എങ്കിലും 'ബീഫ്' ആകെ മൊത്തം നിരോധിച്ചു എന്നാ രീതിയിലുള വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ല. ഇതുമൂലം പ്രശ്നത്തില്‍ പെടുന്ന കൃഷിക്കാരും മറ്റും എന്ത് ചെയ്യണം എന്നതിനും ഒരു സര്‍ക്കുലര്‍ സര്‍ക്കാര്‍ ഇറക്കണം. വിഷയത്തെ കുറിച്ച് അറിയുന്നവര്‍ പറഞ്ഞു തരുമല്ലോ.

May 17, 2017

സമാധാന ചുവന്നരിപ്രാക്കള്‍



ഇന്ന് ഫേസ്ബുക്കില്‍ ഒരു ഇടതു ബുജി ബിജെപിയെ നാസികളുമായി ഉപമിക്കുന്ന ഒരു പോസ്റ്റ്‌ കണ്ടു. വെറുതെ ഒന്ന് ഗൂഗിള്‍ ചെയ്തപ്പോള്‍ കിട്ടിയ കണക്കാണ് ഇത്: ലോകത്ത് ഇതുവരെ കമ്മ്യൂണിസ്ടുകളും, നാസികളും കൊന്നടുക്കിയവരുടെ ഏകദേശ എണ്ണം: നാസികള്‍ 25മില്ല്യന്‍ ആള്‍ക്കാരെ ഇല്ലാതാക്കിയപ്പോള്‍ സമാധാന ചുവന്നരിപ്രാക്കള്‍ കൊന്നു തള്ളിയത് അതിന്‍റെ ഏകദേശം നാലു മടങ്ങ്‌ ആള്‍ക്കാരെ! ലോകത്ത് എവിടെയൊക്കെ അധികാരത്തില്‍ കയറിയോ (അധികവും പിടിച്ചെടുത്താണ് ശീലം) അവിടെയൊക്കെ അടിച്ചമര്‍ത്താല്‍ ഭരണം നടത്തുന്ന ഇവരാണ് ഇപ്പോള്‍ ആട്ടിന്‍തോലിട്ട ചെന്നായ കണക്കെ സമാധാനം പറഞ്ഞു വരുന്നത്. ഏതെങ്കിലും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ തൊഴിലാളികള്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നുണ്ടോ? നേതാവ് പറയുന്ന പോലെ തലമുടി വെട്ടി, നേതാവ് മഴവില്ലിലൂടെ നടന്ന കഥ പഠിച്ച് (ഉത്തര കോറിയ), ജീവിതാന്ത്യം വരെ പണിയെടുത്ത് മരിക്കുന്നതാണ് ഈ പറയുന്ന കമ്മ്യൂണിസ്റ്റ് സ്വാതന്ത്ര്യം! പ്രോപ്പഗാണ്ട എങ്ങനെ ചെയ്യണം എന്ന് ഇവരെ കണ്ടു പഠിക്കണം, കാരണം എന്നിട്ടും ഇവന്മാര്‍ അവതരിക്കുന്നത് സമാധാന മാലാഖകള്‍ ആയിട്ടാണ്! 

സോര്‍സ്: വികിപീടിയ
https://en.wikipedia.org/wiki/The_Black_Book_of_Communism
https://en.wikipedia.org/wiki/Mass_killings_under_Communist_regimes

March 31, 2017

ലയനം


അങ്ങനെ ഇന്നത്തോടെ എസ്.ബി.ടീക്ക് സ്കൂൾ പൂട്ടി; നാളെ മുതൽ എല്ലാം ഇന്ത്യ മയം! സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ മാതൃ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കുന്നു. നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.

March 15, 2017

കേശുവും മേശമേലുള്ള ഉറുമ്പുകളും

പ്രാസത്തില്‍ പറഞ്ഞാല്‍  'കേശുവിന്റെ മേശ' നസീറിന്‍റെ പഴയ ചില സി.ഐ.ഡി പടങ്ങളിലെ കൊള്ളസങ്കേതത്തെ അനുസ്മരിപ്പിക്കും. ചുമരിലെ ശേള്‍ഫിലും മേശപ്പുറത്തുമായി ചിതറിക്കിടക്കുന്ന ഇലക്ട്രോണിക് ഉപകരങ്ങള്‍, സര്‍ക്ക്യൂട്ട് ബോര്‍ഡ് കമ്പ്യൂട്ടറുകള്‍, അതില്‍ പല നിറങ്ങളില്‍ മിന്നുന്ന ലൈറ്റുകള്‍, വയറുകള്‍, ലാപ്ടോപ്, ഫോണുകള്‍ എന്നിങ്ങനെ പരിചയമില്ലാത്ത ഒരാള്‍ നോക്കിയാല്‍ പോലും ഷോക്കടിചെക്കാവുന്ന അവസ്ഥയിലാണ് ആ മേശ കിടന്നിരുന്നത്. ഇവക്കിടയില്‍ പേന-പെന്‍സിലുകളും, മഷിക്കുപ്പിയും, വരപ്പുസ്തകങ്ങളും, നികുതി നിയമ ഗ്രന്ഥങ്ങളും, മറ്റു കുണ്ടാമണ്ടികളും, ഭൂമിയിലെ മനുഷ്യരെ പോലെ  തിങ്ങി ഞെരുങ്ങി കഴിഞ്ഞുപോന്നു. പക്ഷെ ഇന്നത്തെ കഥ അവയെ കുറിച്ചല്ല. ഉറുമ്പുകളെ കുറിച്ചാണ്.

ഉറുമ്പുകള്‍ എപ്പോഴും ആ മേശമേല്‍ ഉണ്ടാകും. ആ മേശ കേശുവിന്റെ മേശ ആയ നാള്‍ മുതല്‍ ഉറുമ്പുകള്‍ അവിടെ ഉണ്ട്. പുസ്തകള്‍ക്ക് മുകളിലൂടെയും, ലാപ്ടോപ്പിന്‍റെ കീബോര്‍ഡിലൂടെയും അവ സധൈര്യം പാഞ്ഞു നടക്കും. ഒരു നിമിഷം പോലും ഉറുമ്പുകള്‍ വെറുതെ ഇരിക്കുന്നത് കേശു കണ്ടിട്ടില്ല (പഠനകാലത്ത് കേശുവിന്റെ ഒരു പ്രധാന ഹോബി ഉറുമ്പു നിരീക്ഷണമായിരുന്നു). എപ്പോഴും തിരക്ക് തന്നെ. ഉറുമ്പുകളെ വെറുതെ വിടുന്നതിനു പകരമായി മേശമേല്‍ വീണുപോകുന്ന ഭക്ഷണ ശകലങ്ങള്‍ ഉറുമ്പുകള്‍ എടുത്തു കൊണ്ടുപോകും.  അങ്ങനെ കേശുവിന്റെ മേശയും ഉറുമ്പുകളും തമ്മിലുള്ള സിമ്പയോട്ടിക് ബന്ധം തുടര്‍ന്നുപോന്നു.
 
ഉറുമ്പുകളുടെ പാച്ചിലിനു തുടര്‍ച്ച നഷ്ടപ്പെട്ടത് മേശമേല്‍ ഒരു പുതിയ അന്തേവാസി വന്ന നാള്‍ മുതലാണ്‌. നേരത്തെ കിടന്നു അതിരാവിലെ എഴുന്നേല്‍ക്കുന്ന ശീലം കീഴ്മേല്‍ മറിഞ്ഞുതുടങ്ങിയപ്പോള്‍ കേശുവിന്റെ രാത്രികള്‍ക്ക് ക്രമേണ നീളം കൂടി വന്നു. ചൂടുകൂടിയ വേനല്‍ രാത്രികളിലും, മഴ ഒഴിഞ്ഞ മഴക്കാല രാത്രികളിലും കേശുവിന്റെ കണ്ണുകള്‍ തുറന്നിരിക്കാന്‍ തുടങ്ങി; ചിലപ്പോള്‍ നിവര്‍ത്തി വെച്ച പുസ്തകത്തില്‍, അല്ലെങ്കില്‍ ലാപ്ടോപ്പില്‍, അതുമല്ലെങ്കില്‍ വരപുസ്തകത്തില്‍ കേശുവിന്റെ കണ്ണുകള്‍ ഉറുമ്പുകളെ പോലെ പാഞ്ഞു നടന്നു. അങ്ങനെയുള്ള രാത്രികളില്‍ ഇടക്കൊന്നു തൊണ്ട നനക്കാനായാണ് മേശമേല്‍ ഒരു പഴയ സ്റ്റീല്‍ പാത്രത്തില്‍ വെള്ളം വെക്കുന്ന പതിവ് തുടങ്ങിയത്. 

കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യകളെ കുറച്ചു വനിതകളുടെ സുഹൃത്തും വഴികാട്ടിയും ബാലരമയുമായ വാരികകളില്‍ അസംഘ്യം ലേഖനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ വരുന്നുണ്ടായിരുന്നെങ്കിലും ഉറുമ്പു സമൂഹത്തിലെ പ്രസ്തുത ശീലത്തെ കുറിച്ചു ലേഖനങ്ങള്‍ ഒന്നും ഇന്നുവരെ കണ്ടിട്ടില്ല. ഒരു പക്ഷെ ഉറുമ്പുകളുടെ സുഹൃത്തും വഴികാട്ടിയുമായ ഒരു വാരിക ഉണ്ടെങ്കില്‍ അതില്‍ ഇത്തരം ലേഖനങ്ങള്‍ വരുന്നുണ്ടാകുമായിരിക്കും. കേശുവിനെ പോലെ നമുക്കും ഇതെല്ലാം ഊഹിക്കാന്‍ മാത്രമേ സാധിക്കു. ഉറുമ്പുകളുടെ ആത്മഹത്യ ആറുമാസം കൂടുമ്പോള്‍ വരുന്ന സി.എ പരീക്ഷപോലെ തള്ളിക്കളയാന്‍ സാധിക്കാത്ത വാസ്തവമാണെന്ന് കേശുവിനു ബോധ്യപ്പെട്ടൂ. എല്ലാ ദിവസവും രാത്രി കിടക്കുന്നതിനു മുമ്പ് അല്പം വെള്ളം കുടിക്കാനായി പാത്രം തുറക്കുമ്പോള്‍ വെള്ളത്തിന്റെ ഉപരിതലത്തില്‍ ഒഴുകി നീങ്ങുന്ന ഉറുമ്പുകളുടെ മൃത ദേഹങ്ങള്‍ കാണാം. പാത്രം മാറ്റി നോക്കിയെങ്കിലും ജീവിതം മടുത്ത ഉറുമ്പുകള്‍ എല്ലാ രാത്രികളിലും തങ്ങളുടെ പാച്ചിലുകള്‍ കേശുവിന്നു കുടിക്കാന്‍ വെച്ച ചുക്കുവെള്ളത്തില്‍ അവസാനിപ്പിച്ചുകൊണ്ടേ ഇരുന്നു. കേശുവിന്റെ മനസ്സ് ദിവസം ചെല്ലും തോറും അസ്വസ്ഥമായി. എന്തിനാകും ഉറുമ്പുകള്‍ ഈ കടും കൈ ചെയ്യുന്നത്?

ഉറുമ്പുകള്‍ ചെറിയ ജീവിയാണ്. നമ്മുടെ കാല്‍ കൊണ്ട് ചവിട്ടി അരക്കാന്‍ സാധിക്കുന്ന അത്രയും ചെറുത്. അവ ജീവിചാലെന്തു മരിച്ചാലെന്തു? മനുഷ്യന്മാരെ ശ്രദ്ധിക്കാന്‍ തന്നെ ബാക്കി ഇരുകാലികള്‍ക്ക് സമയമില്ല. അപ്പോഴല്ലേ മേശമേലുള്ള ഉറുമ്പുകള്‍. എങ്കിലും കേശു ശ്രദ്ധിച്ചു.നിയമപുസ്തകങ്ങള്‍ക്ക് മുകളില്‍ അവന്റെ തല അര്‍ദ്ധരാത്രിയില്‍ ഉദയം ചെയ്യുമ്പോള്‍ അടുത്തുള്ള വെള്ളപാത്രത്തില്‍ ഒഴുകി നീങ്ങുന്ന ശവശരീരങ്ങള്‍ അവന്റെ മനസ്സിനെ ആകുലപ്പെടുത്തി. അവസാനം പാത്രം മാറ്റി പിരിയടപ്പുള്ള ഒരു കുപ്പി വെക്കേണ്ടി വന്നു കേശുവിനു മനസമാധാനം തിരികെ ലഭിക്കാന്‍.
 

ഇപ്പോള്‍ മനസമാധാനം നഷ്ടപ്പെട്ടു പാഞ്ഞു നടക്കുന്നത് ഉറുമ്പുകളാണ്. ജീവിതം മടുത്ത ഉറുമ്പുകള്‍ അലഞ്ഞു നടക്കുന്നത് സൂക്ഷിച്ചു നോക്കിയാല്‍ നിങ്ങള്‍ക്കും കാണാം. അവരുടെ ആഗ്രഹസാഫല്യത്തിന് നിങ്ങള്‍ ഒരിക്കലും ഒരു ചട്ടുകമാകരുതെ എന്ന് കേശുവിന്നു വേണ്ടി ഞാന്‍ അഭ്യര്ത്ഥിക്കുന്നു. അവരും പായട്ടെ; തെക്ക് നിന്നു വടക്കോട്ടും, കിഴക്ക് നിന്നു പടിഞ്ഞാട്ടും.   

January 31, 2017

സമരത്തിന്റെ കേരള മോഡല്‍

"കുട്ടു സഖാവേ (കുട്ടുസ), ലോ ലാ അക്കാദമിയില്‍ പിള്ളേരെ പീഡിപ്പിക്കുന്നു, നിങ്ങടെ ചാനലിലെ കുശിനി കം അക്കാദമി പ്രിന്സിവാള്‍"
"ഏ? അതിനു അക്കേടെ ഡമ്മി അക്കാദമി തിരോന്തരത്തല്ലേ, അല്ലാതെ ഹൈദരാബാദ്/ദില്ലി/യുപി ഒന്നുമല്ലലോ?"

"അവിടോന്നുമല്ല, പത്മനാഭ ദേശത്ത് തന്നെ"
"അപ്പൊ പിന്നെ അതില്‍ രാഷ്ട്രീയം ഒന്നുമില്ല. അതൊരു കോളേജ് പ്രശ്നം മാത്രം"

"ദേശം വടക്ക് ആയിരുന്നെങ്കിലോ?"
"സംശല്യ, വെടക്കായേനെ. ഞങ്ങടെ ചെക്കനെ കൊണ്ട് 'അക്കാദമി മാന്‍ഗെ മൂവാണ്ടന്‍ മാന്‍ഗ, പീഡനം സെ' എന്ന് മുദ്രാവാക്യം വിളിപ്പിച്ചു, അടിപിടി കലാപം ഉണ്ടാക്കി, രണ്ടു മൂന്നു ബുജികളെ കൊണ്ട് അവാര്‍ഡ് തിരുപ്പി അനത്തിവിട്ടു ഞങ്ങള്‍ അര്‍മാദിച്ചെനെ"

"രാജ്യം കുട്ടിച്ചോരാക്കാന്‍ എന്താ രസം അല്ലെ?"
"യ യ, സോറി, അതല്ല. അവിടെ ഫാസിസം ആണല്ലോ, ഇവിടെ കമ്മിഊണിസം (നാട്ടാര്‍ക്ക്) ആണല്ലോ. അല്ലെ?.. ബാക്കി ബേബി അല്ലേല്‍ ന്യൂട്ടന്‍ സഖാക്കളോട് ചോദിക്കണം" 

"ഫ, അവന്റെ ഒക്കെ ഒരു സമരം!"   
"തോറ്റിട്ടില്ല,  തോറ്റിട്ടില്ല നായര്‍സാബ് തോറ്റ ചരിത്രം കേട്ടിട്ടില്ല"


"ഒന്ന് പോടാപ്പ"

January 26, 2017

ചേഞ്ച്‌ ഓഫ് ഫ്ലാഗ്

"ഹേ ബൂര്‍ഷ്വാ കേശു, തന്‍റെ കടേന്നു ഒരു മൂവര്‍ണ്ണം ഇങ്ങട് എട്‌ക്കാ; നടുവില്‍ ചക്രം (ചര്‍ക്ക അല്ല!) ഉള്ളത് തന്നെ"
"എന്താ സഖാവ് മാവോ? തനിക്കെന്തിനാ മൂവര്‍ണ്ണം? താന്‍ ഏകവര്‍ണ്ണം, രക്തവര്‍ണ്ണത്തിന്‍റെ ആളല്ലേ"
" അതൊക്കെ അതെ. പക്ഷെ പൊള്ളയിറ്റ് ബ്യൂറത്തിലെ പീറകള്‍ കല്പന ഇറക്കിയിട്ടുണ്ട്; ഈ വര്‍ഷം ഇരുപത്താറിനു മൂവര്‍ണ്ണം പൊക്കാന്‍"
"ഒരു പാണ്ടി ലോറി സാധനങ്ങള്‍ കേവലം ദൃഷ്ടി ബലം കൊണ്ട് താഴെ ഇറക്കുന്ന തനിക്ക് അതൊക്കെ ആള്‍ടെ തല വെട്ടണ പോലെ സിമ്പിള്‍ ആയ കാര്യമല്ലേ?"
"എന്നാലും പത്തെഴുപത്‌ വര്‍ഷായിട്ട് ഇല്ലാത്ത കാര്യം ഇപ്പോള്‍... മാര്‍ക്സ് കാറും!"
"ഒരു മാറ്റൊക്കെ വേണ്ടെടോ, ചീര്‍ അപ് ആന്‍ഡ്‌ അപ് ഇറ്റ്‌ ഗോസ്"
"ഊതണ്ട. പാര്‍ട്ടി ബുജികള്‍ ഒന്നും കാണാതെ കോടി മാറ്റാന്‍ പറയില്ല"
"അതറിയാം, വോട്ടിനു വേണ്ടി ആധാര്‍ കാര്‍ഡില്‍ പൈതൃക പേര് വരെ മാറ്റി പറയണ ഇനമല്ലേ"
"അത് ഞങ്ങളല്ല, കോടിയില്‍ ചര്‍ക്ക ഉള്ളവരാ"
"തന്നെ തന്നെ. അപ്പൊ മൂവര്‍ന്നതിന്റെ കാശ് പതിവ് പോലെ ആറ്റില്‍ കളഞ്ഞു പോയ വഹയില്‍ എഴുതി കൂട്ടി ചുങ്കപ്പിരിവുകാരന് കാണിക്കാം, ല്ലേ?
"അതെന്താ സംശയം? ഇല്ലേല്‍ അടുത്ത ലോറിക്ക് ദൃഷ്ടി ദോഷം കൂടും"

"ശരി മ്പ്രാ!"

January 15, 2017

ഫോസില്‍

ബസിറങ്ങി റോഡ്‌ മുറിച്ചു കടന്നു ചെറിയ മണ്‍പാതയിലൂടെ നടക്കുമ്പോള്‍ കേശുവിന്റെ മനസ്സ് പാടത്തിനപ്പുരമുള്ള തന്റെ വീട്ടില്‍ എത്തിയിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷമൊന്നുമല്ല ഈ വഴിയിലൂടെ ഒരു നടത്തം. എങ്കിലും ആ പാതയിലൂടെ ഓരോ തവണ നടക്കുമ്പോഴും ഒരു പുതുമയാണ്. നടക്കുമ്പോള്‍ തന്‍റെ കാല്‍പ്പാടുകള്‍ മണ്ണില്‍ പതിയാന്‍ അമര്‍ത്തി ചവിട്ടിയാണ് കേശു നടക്കുന്നത്. പൊടിമണ്ണില്‍ ചെരുപ്പിന്റെ പാടുകള്‍ പതിയുമ്പോള്‍ ഒരു സന്തോഷം. തന്‍റെ കാല്‍പ്പാടുകള്‍ ഫോസിലായി മാറുന്നതും, പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു ശേഷം അന്നത്തെ ബുദ്ധി-ജീവികള്‍ ഈ ഫോസില്‍ കണ്ട് അദ്ഭുതപ്പെടുന്നതും കേശു മനസ്സില്‍ കണ്ടു. ശാസ്ത്രം എത്ര പുരോഗമിക്കുമെന്നറിയില്ല, എങ്കിലും അവര്‍ക്ക് മനസ്സിലാകുമോ ഇത് കേശുവിന്റെ കാല്പാദങ്ങളുടെ ഫോസില്‍ ആണെന്ന്? മനസ്സിലാകണേ! ഭാവിയിലേക്കായി താന്‍ കരുതിവെക്കുന്ന ഫോസിലുകള്‍ നോക്കുന്നതിനിടക്ക് വഴിയില്‍ നിന്നും ഒരു കല്ലെടുത്ത്‌ കയ്യില്പിടിക്കാന്‍ നിര്‍ദേശം കൃത്യമായി മനസ്സ് പുറപ്പെടുവിക്കുകയും കേശു അതനുസരിക്കുകയും ചെയ്തു.

മണ്‍പാത അവസാനിക്കുന്നിടത്ത് പാടം തുടങ്ങുന്നു. ധനുമാസത്തിന്റെ ചൂടില്‍ വരമ്പോക്കെ വരണ്ടുണങ്ങിയിരിക്കുന്നു. ഇവിടെ തന്റെ കാല്പാടുകള്‍ പതിയുകയില്ല. വരമ്പിന്റെ രണ്ടു വശത്തും കൊയ്ത്ത് പുരോഗമിക്കുകയാണ്. ഉച്ച ചൂടൊന്നും അവര്‍ക്ക് പ്രശ്നമില്ല. ആകാശത്തെ അഗ്നിയെക്കാളും വലിയ അഗ്നിയാണ് വയറ്റിനുള്ളില്‍ കത്തുന്നത്. അമ്മയുടെ കുട്ടിക്കാലത്ത് ഈ വയല്‍ എല്ലാം വാര്യത്തെ ആയിരുന്നത്രെ! കമ്മ്യൂനിസ്റ്റ് സര്‍ക്കാരാണ് എല്ലാം പണിക്കാര്‍ക്ക് കൊടുത്തത്. ഇപ്പോള്‍ നാട്ടിലെ പണിക്കാര്‍ കൃഷി ഉപേക്ഷിച്ച് നാടുവിട്ടപ്പോള്‍ ഇന്തയുടെ അങ്ങേ തലപ്പിലെ വംഗദേശക്കാരാണ് കൊയ്ത്തും  മെതിയും. ഞാറു നടലും അവര്‍ തന്നെ.
 
വംഗദേശികള്‍ കൂട്ടത്തോടെ തീവണ്ടികളില്‍ കയറി ഇങ്ങോട്ട് വരാനും കാരണം കമ്മ്യൂണിസ്റ്റുകള്‍ ആണെന്നാണ് തൊഴിലാളികളോട് സംസാരിച്ചതില്‍ നിന്നും മനസ്സിലാക്കിയത്. എല്ലാം അവരുടെ അനുഗ്രഹം! അല്ലെങ്കില്‍ ഈ കണ്ട ഭൂമിയൊക്കെ തരിശായി കിടന്നേനെ!

നിങ്ങള്‍ ഈ ചെറിയ വരമ്പിലൂടെ ഇങ്ങനെ ഓരോന്ന് ആലോചിച്ചു നടന്നാല്‍ കാല്‍ തെറ്റി വീഴാം, അതുമല്ലെങ്കില്‍ വരമ്പത്ത് നിലകൊള്ളുന്ന വൈദ്യുതിക്കാലില്‍ ചെന്നിടിക്കാം. എന്നാല്‍ കേശു വീഴുകയുമില്ല, വൈദ്യുതിക്കാലില്‍ ഇടിക്കുകയുമില്ല; അത്രയ്ക്ക് സുപരിചിതമാണ് കേശുവിനു ഈ വഴികള്‍. അതുകൊണ്ട് തന്നെ വരമ്പിനടുത്തുള്ള ചെറിയ കുളത്തിനടുത്തെത്തിയപ്പോള്‍ കേശുവിന്റെ കാലുകള്‍ തനിയെ നിന്നു. വെള്ളം കാണുമ്പോള്‍ നോല്‍ക്കുന്ന കുതിരകള്‍ അല്ലെ കാലില്‍, അപ്പൊ പിന്നെ കുളം എത്തുമ്പോള്‍ നില്‍ക്കുമെന്ന് ആര്‍ക്കാണ് അറിയാത്തത് എന്ന് ചില അസൂയക്കാര്‍ പറഞ്ഞേക്കാം. അവരുടെ പരദൂഷണത്തില്‍ കാല്‍ തെറ്റി വീഴാതെ ശ്രദ്ധിക്കണം. പാടവരമ്പില്‍ കൂടി നടക്കുന്നതിലും വിഷമം പിടിച്ച പണിയാണത്. 

കയ്യിലെ കല്ലിനു നീറാടാന്‍ നേരമായിരിക്കുന്നു. ആറാട്ടുപുഴ പൂരത്തിനു ദേവനേയും ദേവിയേയും കയ്യിലെ വിഗ്രഹങ്ങളില്‍ പ്രവേശിപ്പിച്ചു സൂക്ഷ്മതയോടെ മന്ദാരം കടവില്‍ നമ്പൂരിമാര്‍ നീരാട്ടുന്ന പോലെയല്ല കേശുവിന്റെ നീരാട്ടല്‍. വലിച്ചു ഒരേറാണ്! ഒരു ചെറു ഉല്‍ക്ക കണക്കെ അതങ്ങനെ പാഞ്ഞു ചെന്ന് വെള്ളത്തില്‍ വീഴും. വെള്ളത്തില്‍ ഓളങ്ങള്‍ രൂപപ്പെടും. വെള്ളത്തിനു മുകളില്‍ ഓടി നടക്കുന്ന ആ ജീവികള്‍ കാലു തെന്നി വീഴും. വെള്ളത്തിന്‌ മീതെ നടക്കാമെന്ന അഹങ്കാരം സാമാന്യം ഉള്ളത് കൊണ്ട് അവറ്റ വീഴട്ടെ. നീന്തല്‍ അറിയാത്തതുകൊണ്ട് വൈകുന്നേരം കുളിക്കാന്‍ പോകുമ്പോള്‍ അവറ്റകളുടെ പരിഹാസച്ചിരി കുറച്ചൊന്നുമല്ല കേട്ടിരിക്കുന്നത്. വെറുതെ നടക്കുമ്പോള്‍ കല്ലെടുത്ത് എറിയുന്ന ശീലം ഉണ്ടെന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് അച്ഛന്റെ വിരലില്‍ തൂങ്ങി നടന്നിരുന്ന പ്രായത്തില്‍ എന്റെ മുഖം നോക്കി ചോദിച്ച ഗുരുവായൂര്‍ ആനവണ്ടിക്കോട്ടയിലെ കണ്ടക്ടര്‍ ഇതുകണ്ട് എവിടെയെന്കിലുമിരുന്നു സന്തോഷിക്കുന്നുണ്ടാവണം. അയാള്‍ ചോദിച്ച ചോദ്യം വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴും പ്രസക്തമാണല്ലോ!
 
പാടവരമ്പു കഴിഞ്ഞിരിക്കുന്നു. ഇനി അമ്പലമാണ്. ഉച്ച നേരമായതുകൊണ്ട് വലിയ ഇരുമ്പു വാതിലുകള്‍ അടഞ്ഞു കിടക്കുന്നു. അകത്ത് ദേവന്‍ ഉച്ചമയക്കത്തിലാണ്. പുള്ളിക്കാരനെ ശല്യപ്പെടുത്തുന്നത് അപകടമാണ്. അതുകൊണ്ട് അവിടെ അധികം ചുറ്റിക്കരങ്ങാതെ അമ്പലമാതിലിനെ ചുറ്റി വളഞ്ഞു പോകുന്ന ടാറിട്ട പാതയിലൂടെ നടത്തം തുടര്‍ന്നു. ഇവിടേം കാല്‍പാദമുദ്രകള്‍ പതിപ്പിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് വേഗത ഒന്നുകൂടി വര്‍ദ്ധിപ്പിക്കുന്നത് കൊണ്ട് തെറ്റില്ല. അമ്പലത്തിന്റെ അങ്ങേ നടക്കല്‍ മതിലിനോട് ചേര്‍ന്ന് തന്നെയാണ് കേശുവിന്റെ വീട്.

വീട്ടില്‍ എല്ലാരുമുണ്ട്. അവരും ഉറക്കത്തിലാണ്. കേശു ഉണ്ടെങ്കില്‍ അവരൊന്നും ഉറങ്ങില്ല. സിഗരറ്റ് വലി പോലുള്ള ദുശ്ശീലങ്ങള്‍  ഇല്ലെങ്കിലും കൂര്‍ക്കം വലിക്കുന്ന ശീലം കേശുവിനു ഉണ്ടേ! ഒരു പക്ഷെ ഈ കൂര്‍ക്കം സഹിക്കാന്‍ വയ്യാതെ അമ്പലത്തിലെ ദേവന്‍ പോലും ഉച്ചക്ക് മയങ്ങിയിട്ടുണ്ടാകില്ല! ഉറങ്ങുന്നവരെ ശല്യപ്പെടുത്തരുത് എന്ന് ഇപ്പോള്‍, ഉറക്കം നഷ്ടപ്പെട്ടപ്പോള്‍, കേശുവിനു അറിയാം. ശല്യമില്ലാതെ ഉറങ്ങാന്‍ കഴിയുന്നവര്‍ എത്ര ഭാഗ്യവാന്മാര്‍!കേശുവിന്നു ഉറക്കം ഇല്ലാത്തതുകൊണ്ട് എല്ലാ ദിവസവും ഈ ഉച്ച നേരത്ത് ഇത്രയും ദൂരം നടക്കണം; നടന്നേ പറ്റു. അതാണ്‌ ശിക്ഷ. ആ ദിവസം കേശു നടന്നാണ് വന്നത്. ഈ നടത്തത്തിന്റെ അവസാനമാണ് കേശു ഒരു കയറിന്റെ മാലയില്‍ നിന്നാടിയത്. ഇനി അതൊക്കെ പറഞ്ഞിട്ടെന്തു കാര്യം?

ഈശ്വരാ എന്റെ കാല്‍പാദങ്ങള്‍ ഫോസിലുകള്‍ ആകണേ! അവളുടെ കണ്ണുനീര്‍ നാളെ എങ്കിലും വറ്റിപ്പോകണേ. അപ്പോള്‍ നാളെ കാണാം.