November 26, 2009

ടാസ്കി (ഫോട്ടൊ)



'തേന്‍മാവിന്‍ കൊമ്പത്ത്' എന്ന സിനിമയില്‍ ശ്രീ: കുതിരവട്ടം പപ്പുജിയാണ്‌ മലയാളികളോട് 'ടാസ്കി' വിളിക്കാന്‍ പ്രഖ്യാപിച്ചത്. അന്നു തുടങിയ യാത്ര..പല പല ദേശങളിലൂടെ ടാസ്കി അന്വേഷിച്ചുള്ള യാത്ര അവസാനിച്ചത് ഹൈദരാബാദിലെ ഒരു ഹോട്ടലിലാണ്‌. എന്റെ കണ്ടുപിടുത്തം ബൂലോകരുടെ മുമ്പില്‍ ഞാന്‍ സമര്‍പ്പിക്കുന്നു!! ആഹ്ലാദിപ്പിന്‍ , ആഹ്ലാദിപ്പിന്‍ !!

November 21, 2009

മഹാത്മാ ഗാന്ധിക്ക്‌ റേഷന്‍ കാര്‍ഡ്‌!

മഹാത്മാ ഗാന്ധിയുടെ പേരില്‍ റേഷന്‍ കാര്‍ഡ്‌! ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ്‌ രാഷ്ട്രപിതവിന്റെ പേരില്‍ കാര്‍ഡ്‌ ഇഷ്യു ചെയ്തിരിക്കുന്നത്‌. ഗാന്ധിയുടെ അഛന്റെ പേരായി കൊടുത്തിരിക്കുന്നത്‌ "ഗോഡ്‌സേ" എന്നാണ്‌. ഗാന്ധിയുടെ പടവും റേഷന്‍ കാര്‍ഡില്‍ കൊടുത്തിട്ടുണ്ട്‌. കൂടുതല്‍ അറിയാന്‍ പടം നോക്കുക!!



വാല്‍ക്കഷ്ണം: പ്രശസ്തരുടെ പേരില്‍ വ്യാജ കാര്‍ഡ്‌ ഇതാദ്യമായല്ല APയില്‍ ഇഷ്യു ചെയ്യുന്നത്‌. സാനിയ മിര്‍സ, സച്ചില്‍ ടെന്‍ഡുല്‍കര്‍, അഭിഷേക്‌ ബച്ചന്‍, സിനിമാ താരം രവി തേജ എന്നിവരുടെ പേരില്‍ ഇതിനുമുമ്പ്‌ ഇവിടെ റേഷന്‍ കാര്‍ഡ്‌ ഇഷ്യ്യ്‌ ചെയ്തിട്ടുണ്ട്‌!!
വാര്‍ത്തയും, ചിത്രവും : From The Times of India

November 18, 2009

ആനവണ്ടി റിസര്‍വേഷന്‍ ഓണ്‍ലൈനില്‍!

അങ്ങനെ അവസാനം അതു സംഭവിച്ചിരിക്കുന്നു. അല്‍പം വൈകിയാണെങ്കിലും കേരളാ എസ്‌.ആര്‍.ടി.സിയുടെ വിവിധ (ബഹുദൂര) ബസുകളില്‍ ടിക്കറ്റ്‌ ഇനി മുതല്‍ ഓണ്‍ലൈനായി ബുക്‌ ചെയ്യാം! ടിക്കറ്റ്‌ വേണ്ടവര്‍ ദാ ദിവിടെ പോയാല്‍ മതി.



ലളിതമായ ഒരു ഫോം പൂരിപ്പിച്ച്‌ ഒരു അക്കൗണ്ട്‌ ഉണ്ടാക്കിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക്‌ സൈറ്റിലെ സേവനങ്ങള്‍ ഉപയോഗിച്ച്‌ തുടങ്ങാം. മറ്റു സമാന സൈറ്റുകള്‍ വെച്ചു നോക്കുമ്പോള്‍ KSRTCയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ കുറച്ചു 'ലിമിറ്റഡ്‌' ആണെങ്കിലും, KSRTCയുടെ ആധുനികവല്‍ക്കരണത്തിലേക്കും, യാത്രക്കാര്‍ക്ക്‌ മികച്ച സേവനം നല്‍കുന്നതിലേക്കുമുള്ള ഒരു നല്ല കാല്‍വെപ്പാണ്‌ ഈ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സേവനം.

ശ്രദ്ധിക്കൂ: സൈറ്റ്‌ ഇപ്പോഴും 'ബീറ്റ' വേര്‍ഷനിലാണെന്നാണ്‌ ആദ്യ പരീക്ഷണങ്ങളില്‍ നിന്നും മനസ്സിലായത്‌. മുഖ്യമായും പേയ്‌മന്റ്‌ നടത്തുന്നതില്‍ പല ബുദ്ധിമുട്ടുകളും ഉണ്ട്‌. ഇവയെല്ലം ഉടന്‍ തന്നെ പരിഹരിക്കുമെന്നു വിശ്വസിക്കുന്നു.

November 17, 2009

സഖാവിന്റെ വീടന്വേഷണ പരീക്ഷണങ്ങള്‍

ഇക്കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിപ്ലവ പാര്‍ട്ടിയുടെ ഒരു പ്രമുഖ നേതാവിന്റെ വീടന്വേഷിച്ച്‌ പല ബ്ലോഗുകളിലും ഹണ്ടുകള്‍ നടക്കുന്ന വിവരം എല്ലാ ബൂലോകരും അറിഞ്ഞിരിക്കുമല്ലൊ. കുറേ വീടുകളുടെ പടങ്ങളും ഈ ചര്‍ച്ചകളില്‍ പൊന്തിവന്നു. അവസാനം നേതാവിന്റെ വീടിന്റെ ഒറിജനല്‍ പോട്ടം 'ഇന്‍വസ്റ്റിഗേറ്റിവ്‌ ജേര്‍ണലിസ്റ്റി'നു ലഭിക്കുകയും ചെയ്തു. അങ്ങനെ ഈ വിവാദം ഒരു വിധം അവസാനിച്ചു എന്നു തോന്നുന്ന ഈ ശുഭമുഹൂര്‍ത്തത്തിലാണ്‌ എനിക്കെന്റെ ചിന്തകള്‍ പോസ്റ്റാന്‍ തോന്നിയത്‌.

1. നാടിന്റെ മുക്കിലും മൂലയിലും ശീതീകരിച്ചതും അല്ലാത്തതും ആയ ഓഫീസുകളും,ടിവി ചാനലുകള്‍, ഒരു പത്രം (ഒക്കെ അധ്വാനിക്കുന മുതലാളി വര്‍ഗം, സോറി, തൊഴിലാളി വര്‍ഗത്തില്‍ നിന്നും പിരിച്ചെടുത്ത കാശ്‌ കൊണ്ടാണ്‌ നിര്‍മ്മിച്ചിരിക്കുന്നതെന്നു കരുതുന്നു) മുതലായ ഒട്ടും മുതലാളിത്ത-ബൂര്‍ഷ്വാ സ്വഭാവങ്ങളില്ലാത്ത സ്ഥാപനങ്ങളും ഉള്ള ഒരു ജനസംഘടനയുടെ നേതാവിന്‌ കൊള്ളാവുന്ന ഒരു വീടു വെച്ചൂടെ? അല്ല വെച്ചൂടെ?

2. ഈ വക കാര്യങ്ങള്‍ അന്വേഷിച്ചു നടക്കാതെ കേരളത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങളെ പറ്റിയൊ (അധികം കാണാന്‍ വഴിയില്ല) നടക്കാതെ പോയവയെ പറ്റിയൊ (ആജീവനാന്തം പോസ്റ്റാനുള്ള വകുപ്പ്‌ ഉണ്ട്‌) ഒരു പഠനം ഇവന്മാര്‍ക്ക്‌ നടത്തിക്കൂടെ? (തറക്കല്ലിടല്‍ വികസത്തില്‍ വരില്ല)

ലവസാനത്തെ പോയന്റ്‌:
നേതാവിന്റെ വീടാണെന്ന് പറഞ്ഞ്‌ വേറെ ഒരു വീടിന്റെ പടം വെച്ച്‌ നെറ്റില്‍ കൂടി പറന്നു നടന്ന ഇ-മയിലിന്റെ പ്രഭവസ്ഥാനം അന്വേഷിച്ച്‌ പോലീസ്‌ അന്വേഷണം തുടങ്ങിയിട്ടുണ്ട്‌. നേതാവ്‌ അപകീര്‍ത്തി കേസ്‌ കൊടുത്തതുകൊണ്ടാണ്‌ ഈ അന്വേഷണം. തന്റെ വീടാണെന്നു പറഞ്ഞ്‌ ഒരു തറ വീടിന്റെ പടം കൊടുത്തതുകൊണ്ടാണൊ അപകീര്‍ത്തി? എന്തെങ്കിലുമാകട്ടെ. എന്തായാലും ഫോര്‍വേഡിന്റെ പ്രഭവസ്ഥാനം അന്വേഷിക്കുന്നവര്‍ക്ക്‌ എന്റെ ആശംസകള്‍!

പണ്ട്‌ 'നികൃഷ്ടജീവി', 'വെറുക്കപ്പെട്ടവന്‍' എന്നോക്ക്‌ പല നേതാക്കളും പലരേയും വിളിച്ചിട്ടുണ്ട്‌. അവരൊക്കെ അപകീര്‍ത്തി കേസ്‌ കൊടുത്താല്‍... എന്റെ ലെനിന്‍ മുത്തപ്പാ...കാത്തോളണേ!!

November 14, 2009

മുഖപ്രസംഗം: ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടിത്തറ ശക്തം

കഴിഞ്ഞ 2 ആഴ്ചകളിലായി നടന്ന ഇന്ത്യ-ആസ്റ്റ്രേലിയ ഏകദിന പരമ്പരയുടെ ഫലം ഈ ഭൂഗോളത്തിലെ നമ്പര്‍ 1 ഏകദിന ടീം ആസ്റ്റ്രേലിയ ആണെന്ന വ്യാജപ്രചാരണത്തിന്റെ മുനയൊടിക്കുന്നതായി. പരമ്പരാഗതമായി ജയിക്കുന്ന ടീമുമായി വീണ്ടും ദുര്‍ബലമായ വിജയം ആവര്‍ത്തിച്ചു എന്നാശ്വസിക്കാന്‍ മാത്രമുള്ള വകയേ ഈ ഫലം ഓസീസിനു നല്‍കുന്നുള്ളു.അതേസമയം ഇന്ത്യയുടെ അടിത്തറ ശക്തമാണെന്നുമാത്രമല്ല, കൂടുതല്‍ വിപുലപ്പെടുകയാണെന്നും ഈ ഫലം തെളിയിക്കുന്നു.

2007ലെ സീരീസില്‍ 4-2 നു വിജയിച്ച ആസ്റ്റ്രേലിയയുടെ റിസള്‍റ്റ്‌ മെച്ചപ്പെടുത്താനുള്ള ശ്രമം വിജയിച്ചില്ല. പരമ്പര വിജയം നേടാനുള്ള ഇന്ത്യയുടെ ശ്രമം വിജയിച്ചില്ല എന്നത്‌ നേരാണ്‌. എന്നാല്‍ ആസ്റ്റ്രേലിയക്ക്‌ കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യക്ക്‌ കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായി 6-1 പരമ്പര വിജയം നേടിയതോടെ അസ്റ്റ്രേലിയന്‍ ക്രിക്കറ്റിന്റെ പുനര്‍ജന്മമാണെന്ന് സിന്‍ഡിക്കേറ്റുകാര്‍ വിലയിരുത്തി. 2010ല്‍ നടക്കാനിരിക്കുന്ന വേള്‍ഡ്‌ കപ്പില്‍ ആസ്റ്റ്രേലിയന്‍ വിജയം സുനിശ്ചിതമാണെന്നുവരെ അവകാശവാദമുണ്ടായി. അതു ചൂണ്ടിക്കാണിച്ച്‌ ഇന്ത്യന്‍ കളിക്കാരെ വിരട്ടാന്‍ വരെ ആസ്റ്റ്രേലിയന്‍ ബൗളിംഗ്‌ നിര ധിക്കാരം കാട്ടി.വ്യക്തമായി ഒരു ടീമിനേയും പിന്തുണക്കാത്ത  'ഗൊണാപ്പന്‍'മാരെയുള്‍പ്പടെ ഓസീസിന്റെ ഈ അവകാശവാദം ഒരു പരിധി വരെ വിശ്വസിപ്പിക്കുന്ന നിലയിലാണ്‌ പ്രചാരണമര്‍ങ്ങേറിയത്‌. ഈ സീരീസ്‌ ഫലം അത്തരം അവകാശവാദങ്ങളെ തകര്‍ത്തിരിക്കുന്നു.

2007ലെ പരമ്പരയില്‍ രണ്ടും മൂന്നും ഏകദിനങ്ങള്‍ യധാക്രമം 84 റണ്ണിനും, 47 റണ്ണിനും വിജയിച്ച ഓസീസിന്‌ ഇത്തവണ 4/24/3 (യധാക്രമം 1/4/5 ഏകദിനങ്ങള്‍) റണ്ണുകള്‍ക്ക്‌ മാത്രമാണ്‌ വിജയിക്കാന്‍ സാധിച്ചത്‌.ഏതായാലും സീരിസ്‌ അവലോകനം ചെയ്യാന്‍ ദൃശ്യമാധ്യമങ്ങളില്‍ വരുന്ന ഓസീസ്‌ നായകന്‍ ഇംഗ്ലണ്ടിനെതിരായ വമ്പന്‍ ജയം താത്കാലികമായിരുന്നു എന്നു സമ്മതിക്കാന്‍  തയ്യാറാകണം. ഓസീസ്‌ ക്രിക്കറ്റിന്റെ മികവിന്റെ വിജയമാണ്‌ ഈ ജയം എന്ന വിലയിരുത്താനുള്ള സിന്‍ഡിക്കേറ്റുകളുടെ ശ്രമം യാഥര്‍ഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്നാണ്‌ ഇതോടെ തെളിഞ്ഞത്‌. ഇംഗ്ലണ്ട്‌ കശാപ്പിനെതുടര്‍ന്ന് വ്യാപകമായ ഓസീ അനുകൂല പ്രചാരണം ഉണ്ടായപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടിത്തറ തകര്‍ന്നിട്ടില്ലെന്നും 2 കളികള്‍ മാത്രമെ നഷ്ടപ്പെട്ടിട്ടുള്ളു എന്നും BCCI  വിലയിരുത്തിയിരുന്നു. അതോടൊപ്പം തന്നെ ഇത്‌ ഗൗരവപരമായ ത്രിച്ചടിയാണെന്നും പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കോണ്ട്‌ നഷ്ടപ്പെട്ട ഫാന്‍സിനെ തിരിച്ചുപിടിക്കാന്‍ ആത്മാര്‍ഥശ്രമം ഇന്ത്യയുടെ ഭാഗത്ത്‌ നിന്നുണ്ടാകണമെന്നും വ്യകതമാക്കിയിരുന്നു. അതനുസരിച്ചാണ്‌ ഇന്ത്യ പ്രാക്റ്റീസ്‌ ചെയ്തത്‌. തികഞ്ഞ്‌ ഐക്യത്തോടെയാണ്‌ എല്ലാ കളിക്കാരും പ്രവര്‍ത്തിച്ചത്‌. തങ്ങളുടെ കളിമികവ്‌ ഫാന്‍സിനുമുമ്പില്‍ അവതരിപ്പിക്കുകയും ചെയ്തു. ഇതിനൊക്കെ നല്ല ഫലം ഉണ്ടായി എന്നു വേണം
കരുതാന്‍.

2007ലെ സീരീസില്‍ ആസ്റ്റ്രേലിയക്ക്‌ 149 റണ്ണിന്റെ [47+84+18(ഏകദിനം 6)] മുന്‍തൂക്കം ഉണ്ടായിരുന്ന ആസ്റ്റ്രേലിയയുടെ റണ്‍ മുന്തൂക്കം ഈ സീരീസില്‍ ഇല്ലാതാകുന്നതാണ്‌ [4+3+24-99(ഇന്ത്യ ജയിച്ചത്‌)] കണ്ടത്‌. കഴിഞ്ഞ സീരീസില്‍ 9 വിക്കറ്റിന്‌ ഓസീസ്‌ അഞ്ചാം ഏകദിനം ജയിച്ചപ്പോള്‍ അവസാന ഏകദിനം 2 വിക്കറ്റുകള്‍ക്കാണ്‌ ഇന്ത്യ ജയിച്ചത്‌ (ഓസീ മുന്തൂക്കം- 7 വിക്കറ്റ്‌). എന്നാല്‍ ഈ സീരീസില്‍ 2 ടീമുകളും 6 വിക്കറ്റുകള്‍ക്കാണ്‌ കളികള്‍ ജയിച്ചത്‌ (ഒസീ  മുന്തൂക്കം-0). ഈ കണക്കുകളെല്ലാം വ്യക്തമാക്കുന്നത്‌ 1999ലെ ഷാര്‍ജാ സീരിസില്‍ ഇന്ത്യക്ക്‌ അനുകൂലമായി ആഞ്ഞടിച്ച തരംഗം ഇന്നും നിലനില്‍ക്കുകയൊ ശക്തിപ്പെടുകയൊ ചെയുതുവെന്നാണ്‌.

ഈ സീരീസില്‍ ആസ്റ്റ്രേലിയന്‍ ഓപ്പണര്‍ ആയി ഇടിക്കാരന്‍ (വാട്സണ്‍) കളിച്ച ജയിച്ചത്‌ സ്പോര്‍ട്സ്‌മാന്‍ സ്പിരിറ്റിനു തന്നെ കളങ്കം വരുത്തി വച്ചതാണെന്ന് കാണാതെ പൊയ്ക്കൂടാ. ഇടിക്കാരന്‍ നല്ല രീതിയില്‍ തന്നെ കളിക്കുകയും ചെയ്തു. ക്രിക്കറ്റില്‍ ഓസീസ്‌ അടിത്തറ ഇത്ര ശക്തമായിട്ടും ഇത്രയും ഉറച്ച സീരീസില്‍ ഇടിക്കാരന്‍ ക്രിക്കറ്ററെ ഓപ്പണറാക്കിയതില്‍ ഓസീ നേതൃത്വ നിരയിലുള്ള അഭിപ്രായവ്യത്യാസം മറനീക്കി പുറത്തു വന്നില്ല എന്നു മാത്രം. ഇനിയുള്ള നാളുകളില്‍  ഇതിനുള്ള ഫലം അനുഭവിച്ച്‌ മറ്റു ടീമുകള്‍ ഒരുപാട്‌ വിയര്‍പ്പൊഴുക്കേണ്ടി വരും.

വരുംനാളുകളില്‍ ഇന്ത്യയുടെ കളിമികവ്‌ കൂടുതല്‍ വിപുലീകരിക്കാനും, ടീമിനെ കൂടുതല്‍ ഐക്യത്തോടെ മുന്നോട്ട്‌ കൊണ്ടുപോകാനുമുള്ള ഊര്‍ജ്ജമാണ്‌ സീരീസ് ഫലങ്ങളില്‍നിന്ന് ആര്‍ജിക്കാനുള്ളത്‌. കൂടുതല്‍ ഫാന്‍സിനെ ആകര്‍ഷിക്കാനുള്ള കളികള്‍ ആവിഷ്കരിക്കുന്നതോടൊപ്പം സ്വയം വിമര്‍ശനാത്മകമായ പരിശോധനകള്‍ അവിരാമം തുടരുകയും അവയില്‍ നിന്ന് പാഠമുള്‍ക്കോണ്ട്‌ ഫാന്‍സിനെ സന്തോഷിപ്പിക്കുക എന്ന കടമയാണ്‌ ഇന്ത്യന്‍ ടീമിനുള്ളത്‌. അത്‌ നിര്‍വഹിക്കുന്നതിന്‌  പര്യാപ്തമായ സൂചനയാണ്‌ ഈ സീരീസ്‌ ഫലത്തിലുള്ളത്‌. ഒസീ വിജയാഘോഷത്തേക്കാള്‍ മൂല്യം  അതിനുണ്ട്‌.

---സത്യം ഞാന്‍ ഇടതു കണ്ണിലൂടെ കണ്ടപ്പോള്‍.
ഉപകാരസ്മരണ: 'എല്‍ഡിഫിന്റെ അടിത്തറ ശക്തം' എന്ന ദേശാഭിമാനി മുഖപ്രസംഗത്തോട്‌. നേരു ഞാന്‍ നേരത്തെ കണ്ടില്ലെങ്കിലും, ഇപ്പോള്‍ കണ്ടു

November 10, 2009

സ്പൂണര്‍ സായ്പിന്റെ ഛായാചിത്രം (വര)



പ്രീ ഡിഗ്രീ പരീക്ഷ കഴിഞ്ഞ്‌ റിസള്‍ട്ടിനായുള്ള നീണ്ട കാത്തിരിപ്പിന്റെ സമയത്ത്‌ കുറച്ചു ദിവസങ്ങള്‍ ഞാന്‍ മുത്തശ്ശന്റെ കീഴില്‍ പടംവര അഭ്യസിക്കുകയുണ്ടായി. പെന്‍സില്‍ ഡ്രോയിങ്ങുകളായിരുന്നു
ചെയ്തിരുന്നത്‌: ഫ്രീഹാന്‍ഡു മുതല്‍ സ്റ്റില്‍ ലൈഫ്‌ വരെ. നിഴലും വെളിച്ചവും തമ്മിലുള്ള കളികള്‍ മനസ്സിലാക്കാനാണ്‌ സ്റ്റില്‍ ലൈഫും ഛായാചിത്രങ്ങളും ചെയ്യുന്നത്‌. പഴയ 'ഇല്ലസ്ട്രേറ്റഡ്‌ വീക്‍ലി ഓഫ്‌ ഇന്ത്യ'യുടെ ഒരു ലക്കത്തില്‍ കണ്ട 'വില്ല്യം സ്പൂണര്‍' എന്ന സായ്പിന്റെ അന്നു ചെയ്ത ഒരു ഛായാചിത്രമാണ്‌ മുകളില്‍ കാണുന്നത്‌. സമീപത്തുള്ളത്‌ ഗൂഗിള്‍ ചെയ്തപ്പോള്‍ കിട്ടിയ ഇഷ്ടന്റെ സമാനമായ ഒരു ചിത്രം.

അന്നു ചെയ്ത ചെമ്പൈയുടെ ഛായചിത്രം ഇവിടെ കാണാം..

November 06, 2009

ചെന്നൈയിലെ മഴ

മഴ എന്നാല്‍ ഇതാണ്‌ മഴ
റോഡില്‍ കുഴികള്‍ കുറവാണെങ്കിലും
മുട്ടറ്റം തളം കെട്ടി കിടക്കുന്ന കറുത്ത വെള്ളം
ദുര്‍ഗന്ധം മേമ്പൊടിക്ക്‌.
മക്കളെ, ഇതാണ്‌ മഴ ; ചെന്നൈയിലെ മഴ!

(ജോലിയുടെ ഭാഗമായി സ്വ:ലേ ഇപ്പോള്‍ ചെന്നൈയിലാണ്‌)

November 03, 2009

രക്തത്തിന്റെ അതിസമ്മര്‍ദ്ദകളികള്‍

മര്‍ദ്ദം സീരീസിലെ എന്റെ രണ്ടാമത്തെ ഇന്റലെക്ച്വല്‍ കവിത. വായിച്ചു മനസ്സിലാകാത്തവര്‍ എന്നോട്‌ അര്‍ത്ഥം ചോദിക്കരുത്‌.

ഞാന്‍ മര്‍ദ്ദമാകുന്നു
വെറും മര്‍ദ്ദമല്ല, രക്തസമ്മര്‍ദ്ദം
രക്തത്തിനും വേണ്ടെ ഒരു സമ്മര്‍ദ്ദം?
ന്യൂനതക്കുവരെ മര്‍ദ്ദമാകാമെങ്കില്‍
ദിനവും എന്റെ ധമനികളിലൂടെ
പായുന്ന രക്തത്തിനും വേണ്ടെ, മര്‍ദ്ദം?

അതെ, വേണം.

അവകാശങ്ങള്‍ നേടാന്‍
അനീതിയോട്‌ പൊരുതാന്‍
വേണം ഇത്തിരി സമ്മര്‍ദ്ദം.

ലാപ്‌ടോപിനു മുമ്പിലെ തപസ്സ്‌
കണ്ണുകളില്‍ വെള്ളം നിറച്ചപ്പോഴും,
അക്കങ്ങളുമായുള്ള ഗുസ്തി
നെറ്റിയില്‍ വേദന നിറച്ചപ്പോഴും,
പതിവില്ലാതെ പടികള്‍ കയറിയത്‌
നെഞ്ചില്‍ ഒരു ഭാരമായപ്പോഴും
ഞാന്‍ അറിഞ്ഞില്ല..

അവകാശങ്ങള്‍ നേടാന്‍
അനീതിയോട്‌ പൊരുതാന്‍
രക്തവും ചിലപ്പോള്‍സമ്മര്‍ദ്ദം ചെലുത്തുമെന്ന്!!

ഉടന്‍ പ്രതീക്ഷിക്കുക "വായുമര്‍ദ്ദം"

November 01, 2009

പടംവരക്കാരന്റെ നിഴല്‍ (വര)



എന്റെ നിഴലില്‍ ഞാന്‍ നിറങളെ ഒളിപ്പിച്ചു
എന്റെ വരകള്‍ക്ക് നിറങള്‍ നഷ്ടപ്പെട്ടെങ്കിലും..
ഇത്രയും ഭംഗിയുള്ള നിഴല്‍ വേറെ ആര്‍ക്കുണ്ട്?