March 05, 2009

മോഹന്‍ജി കഥകള്‍: കമ്പ്യൂട്ടര്‍ വൈറസ്‌

വൈകി വായിക്കുന്നവര്‍ക്കായി:
ഏകദേശം 2 വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ബുലോഗ തീരത്തിനടുത്തുവെച്ച്‌ ഒരു ബുലോഗന്‍ വിഷയരാഹിത്യത്താല്‍ ആക്രമിക്കപ്പെട്ടു. ഭാഗ്യത്തിന്റെ ബലം ഒന്നുകൊണ്ട്‌ മാത്രം അയാള്‍ രക്ഷപ്പെട്ടു. ആദ്യം കയ്യില്‍കിട്ടിയ ഒരു ബുലോഗ്‌ തൊട്ട്‌ വിഷയരാഹിത്യത്തിനെതിരെ പടപൊരുതും എന്നയാള്‍ പ്രതിജ്ഞ എടുത്തു. അങ്ങനെ അയാള്‍ ആദ്യത്തെ 'മോഹന്‍ജി' ആയി!!!

ഇനി ഇന്നത്തെ കഥയിലേക്ക്‌...

അന്നൊരു തിങ്കളാഴ്ചയായിരുന്നു. മോഹന്‍ജി അന്നു എന്നത്തേയുംപോലെ കുറച്ചു വൈകി ഓഫീസില്‍ എത്തി, പതിവുപോലെ ഒഫീസിലെ എല്ലാവര്‍ക്കും അന്നത്തെ ദിവസത്തേക്കുള്ള 'പണി' കൊടുക്കുന്ന പണിയില്‍ മുഴുകി. അപ്പോഴാണ്‌ മോഹന്‍ജി അതു കണ്ടത്‌.....

ജി-ക്ക്‌ തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ സാധിച്ചില്ല!! തൊട്ടറ്റുത്തുള്ള കമ്പ്യൂട്ടര്‍ കീ ബോര്‍ഡില്‍ക്കൂടി ഒരു പറ്റം ഉറുമ്പുകള്‍ ഒരു നവകേരള യാത്ര നടത്തുന്നു!! യാത്രയുടെ ലക്ഷ്യം തേടിയുള്ള ജിയുടെ അന്വേഷണം അവസാനിച്ചത്‌ മേശയുടെ ഒരറ്റത്ത്‌ ആരോ വെച്ചുപോയ പ്രസാദത്തിലാണ്‌. നോട്ടീസ്‌ കിട്ടിയ ഉറുമ്പുകള്‍ ചെറിയ സംഘങ്ങളായി എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുകയാണ്‌. ജിക്ക്‌ ഇതു സഹിക്കാവുന്നതിലപ്പുറമായിരുന്നു.

ഉടനെ തന്നെ ജി ഓഫീസില്‍ ഒരു അടിയന്തിര മീറ്റിംഗ്‌ വിളിച്ചുകൂട്ടി. എന്നിട്ട്‌ ഇപ്രകാരം അരുളിച്ചെയ്തു!!
"ഇവിടെ ആര്‍ക്കും ഒരു ശ്രദ്ധയുമില്ല. പലരും ഫയലുകള്‍ മേശയില്‍ വാരിവലിച്ചിട്ടിരിക്കുന്നു. കമ്പ്യൂട്ടറുകളില്‍ എല്ലാം പൊടിയാണ്‌. കീബോര്‍ഡില്‍ ഒക്കെ മണ്ണും പോടിയും പിടിച്ചിരിക്കുന്നു. വെറുതെയല്ല കമ്പ്യൂട്ടറില്‍ എല്ലാ ദിവസവും വൈറസ്‌ കയറുന്നത്‌. ഇനിയെങ്കിലും ശ്രദ്ധിക്കുക"