August 13, 2013

നുണ

നാലാം ക്ലാസിലെ വല്യ വെക്കേഷന്‍ മുതല്‍ എന്നെ ഹിന്ദി-സംസ്കൃത ഭാഷകള്‍ പഠിപ്പിക്കുന്ന ചുമതല മുത്തശ്ശന്‍ സ്വമേധയാ ഏറ്റെടുത്തതിനെ പറ്റി മുമ്പൊരുനാള്‍ ഞാന്‍ ഇവിടെ പറഞ്ഞിട്ടുണ്ട്. അന്ന് മുതല്‍ SSLC പരീക്ഷ കഴിയുന്ന വരെ മുത്തശ്ശന്‍ തന്നെ ആയിരുന്നു ഈ വിഷയങ്ങളില്‍ എന്റെ പ്രധാന അദ്ധ്യാപകന്‍. ഈ വര്‍ഷങ്ങളില്‍ ഓരോ പരീക്ഷക്കും മുമ്പ്‌ ഒന്നോ രണ്ടോ ദിവസം മുത്തശ്ശന്റെ വക റിവിഷന്‍ ഉണ്ടാകും. ഹിന്ദി ഗ്രാമ്മറും, പദ്യം ചൊല്ലലും, വിവര്‍ത്തനവും, സംസ്കൃതം ശ്ലോകങ്ങളുടെ അന്വയവും അര്‍ഥവും, ഒക്കെ ആയി ആകെ മൊത്തം ജഗ പോഗ. ഹിന്ദി-സംസ്കൃതം പരീക്ഷകളില്‍ അമ്പതില്‍ അമ്പതല്ലാത്ത ഒരു മാര്‍ക്കും മുത്തശ്ശനു സ്വീകാര്യമായിരുന്നില്ല. ഇളയ കുട്ടി എന്ന പരിഗണന ഉള്ളതുകൊണ്ടോ അതോ ഓരോ വര്‍ഷം കഴിയുമ്പോഴും മുത്തശ്ശന്റെ കാര്‍ക്കശ്യത്തില്‍ വന്നിരുന്ന കുറവുകൊണ്ടോ, എന്താണെന്നറിയില്ല, എനിക്ക് ചേട്ടന് കിട്ടിയ പോലെ അടി-എത്തമിടല്‍ ശിക്ഷകള്‍ വളരെ വളരെ അപൂര്‍വമായെ ഈ കാലയളവില്‍ കിട്ടിയിട്ടുള്ളൂ. അതിനു പകരം ഇമ്പോസിഷന്‍ ആണ് എനിക്ക് വിധിച്ചിരുന്ന ശിക്ഷാമുറ. രാവിലെ പ്രാതലിന് ശേഷം തുടങ്ങുന്ന പഠനം വൈകുന്നേരം ആറു മണി വരെ തുടരും. ഇടയ്ക്കു ഉച്ച ഭക്ഷണത്തിനും വൈകുന്നേരം ഉള്ള ചായക്കും മാത്രമാണ് ഒരു ഇടവേള ലഭിക്കുക. ഊരകത്തെ വല്യമ്മാന്‍ രാവിലെ വന്നാല്‍ ഒരു എക്സ്ട്രാ അര മണിക്കൂര്‍ കൂടി കിട്ടും. എന്നാല്‍ ഏഴാം ക്ലാസ്സിലെ കാക്കൊല്ല പരീക്ഷക്ക്‌ മുമ്പ്‌ ഈ പതിവ് തെറ്റി; അത്തവണ മുത്തശ്ശന്റെ ഹിന്ദി-സംസ്കൃതം ശിക്ഷണം ഉണ്ടായില്ല. അതിന്റെ അനന്തരഭലങ്ങള്‍ എന്റെ ജീവിതം തന്നെ മാറ്റി മറിച്ചു എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തി ആകില്ല. 

എന്തുകൊണ്ടാണ് ഏഴാം ക്ലാസ്സിലെ കാക്കൊല്ല പരീക്ഷക്ക്‌ മുത്തശ്ശന്‍ എന്നെ പഠിപ്പിക്കാതിരുന്നത് എന്നതിന് ഒരു ഉത്തരം നല്‍കാന്‍ എനിക്ക് ഇപ്പോഴും സാധിക്കില്ല. അത്തവണ എന്തുകൊണ്ടോ ആ പതിവ് തെറ്റി. ഏതായാലും അവിചാരിതമായി കിട്ടിയ ആ സ്വാതന്ത്ര്യം ഞാന്‍ ആഘോഷിച്ചു. മുത്തശ്ശന്റെ സഹായമില്ലാതെ തന്നെ എനിക്ക് പഠിക്കാന്‍ പറ്റും എന്ന അഹങ്കാരവും എനിക്കുണ്ടായിരുന്നു. അങ്ങനെ ഞാന്‍ തന്നെ രണ്ടു വിഷയങ്ങളും പഠിച്ച് പരീക്ഷ എഴുതി.  

ഓണം/ക്രിസ്തുമസ് അവധികള്‍ക്ക് ശേഷം സ്കൂള്‍ തുറക്കുന്ന സമയത്തെ ആണ് സ്കൂള്‍ ജീവിതത്തില്‍ ഒരു വിദ്യാര്‍ത്ഥി ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് എന്ന് ഞാന്‍ ആ കാലഘട്ടത്തില്‍ നടത്തിയ നിരീക്ഷണങ്ങളിലൂടെ മനസ്സിലാക്കിയിരുന്നു. അക്കൊല്ലത്തെ ഓണം അവധിക്ക് ശേഷം സ്കൂളില്‍ മടങ്ങി എത്തിയ ഞാനും മേല്പറഞ്ഞ ഭയത്തിനു അടിമയായിരുന്നു. ക്ലാസ്സ്‌ എടുക്കേണ്ട ടീച്ചര്‍മാര്‍ വരുമ്പോള്‍ അവരുടെ കൈകളില്‍ നടുവേ മടക്കിയ പേപ്പറുകളുടെ കേട്ട് ഉണ്ടോ എന്നാണ് എല്ലാവരും നോക്കുക; ഇല്ലെങ്കില്‍ ക്ലാസ്സില്‍ ഒരു കൂട്ട നിശ്വാസം ഉയരും (ഭാഗ്യം, ഇനി നാളെ നോക്കിയാല്‍ മതീലോ). ടീച്ചര്‍മാരും ഈ അവസരം നന്നായി മുതലാക്കുമായിരുന്നു. ചിലപ്പോള്‍ അവര്‍ വേറെ ക്ലാസ്സിന്റെ പേപ്പര്‍ കൊണ്ടുവരും. ഒരു പിരീഡ് മൊത്തം എല്ലാവരുടെയും കണ്ണുകള്‍ മേശപ്പുറത്തിരിക്കുന്ന ആ കെട്ടിലാകും. അവസാനം ബെല്ലടിക്കുമ്പോള്‍ ഡെമോക്ലീസിന്റെ വാളുമായി ടീച്ചര്‍ മടങ്ങും. ഇപ്രകാരമുള്ള സൈക്കോളോജിക്കള്‍ യുദ്ധ മുറകള്‍ ആ വര്‍ഷവും അരങ്ങേറിയിരുന്നു. 

സ്കൂള്‍ തുറന്നു ആദ്യ ദിവസങ്ങളില്‍ തന്നെ ഇംഗ്ലീഷ്, സയന്‍സ്, സാമൂഹ്യ പാഠം എന്നിങ്ങനെ ഓരോരോ വിഷയങ്ങളായി ഉത്തരക്കടലാസുകള്‍ കിട്ടി. എന്നാല്‍ ഹിന്ദിയും സംസ്കൃതവും അത്തവണ ഏറ്റവും അവസാനമായാണ് കിട്ടിയത്. രണ്ടു വിഷയത്തിനും 45നുമീതെ മാര്‍ക്ക്‌ പ്രതീക്ഷിച്ച എനിക്ക് കിട്ടിയ മാര്‍ക്ക്‌ 40ലും കുറവായിരുന്നു. നാല്പതില്‍ താഴെ എന്ന് വെച്ചാല്‍ മുത്തശ്ശനെ സംബന്ധിച്ചു തോല്‍ക്കുന്നതിനു സമമാണ്. വീട്ടില്‍ ചെന്നാല്‍ എല്ലാവരുടെയും വക ചീത്ത ഉറപ്പ്. അതുകൊണ്ട് അന്ന് ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍ ഈ രണ്ടു ഉത്തരക്കടലാസുകള്‍ കിട്ടിയില്ല എന്ന് കള്ളം പറഞ്ഞു. തത്കാലത്തേക്ക് ചീത്തയില്‍ നിന്ന് രക്ഷപ്പെടാമല്ലോ എന്നായിരുന്നു എന്റെ ചിന്ത.  

ചേര്‍പ്പിലെ തെക്കുഭാഗത്തെ ഹാളിന്റെ ഒരു മൂലയായിരുനു അക്കാലത്ത് എന്റെ പഠന 'മുറി'. അവിടെ ഇരുന്നാല്‍ ഫ്രിഡ്ജും അടുക്കളയും എന്റെ കൈയ്യെത്തും ദൂരത്തായിരുന്നു. മേശയുടെ ഒരു ഭാഗത്ത്‌ എല്ലാ വിഷയങ്ങളുടെയും ടെക്സ്റ്റ്‌ ബുക്കുകള്‍ അടുക്കി വെച്ചിരിക്കും. ഹിന്ദി-സംസ്കൃതം ഉത്തരക്കടലാസുകള്‍ ഒളിപ്പിച്ചു വെക്കാന്‍ ഞാന്‍ കണ്ടെത്തിയ സ്ഥലം ഈ ടെക്സ്റ്റ്‌ ബുക്ക്‌ ഗോപുരം ആയിരുന്നു. താരതമ്യെന കനം കുറഞ്ഞ ഈ രണ്ടു ടെക്സ്റ്റുകള്‍ ഏറ്റവും താഴെ വെച്ച് അതിനുള്ളില്‍ ആണ് ഞാന്‍ ഉത്തരക്കടലാസുകള്‍ ഒളിപ്പിച്ചു വെച്ചത്. ആദ്യ മൂന്നു ദിവസങ്ങള്‍ വല്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ കടന്നു പോയി. എന്നാല്‍ നാലാം ദിവസം എല്ലാം മാറി മറിഞ്ഞു! 

ഞാന്‍ ഏഴാംതരത്തില്‍  എത്തിയപ്പോള്‍ ചേട്ടന്‍ തൃശ്ശൂരിലുള്ള സെന്റ്‌.തോമസ്‌ കോളേജില്‍ ചേര്‍ന്ന് പ്രീഡിഗ്രിക്ക് പഠിക്കുകയായിരുന്നു. കിഴക്കേ മുറിയാണ് ചേട്ടന്റെ 'ആപ്പീസ്' എങ്കിലും വല്ലപോഴുമൊക്കെ ചേട്ടന്‍ എന്റെ മേശപ്പുറം പരിശോധിക്കുന്ന ഒരു ചടങ്ങ്‌ അക്കാലത്ത് ഉണ്ടായിരുന്നു. പരിശോധന എന്ന് പറഞ്ഞാല്‍ ചില സിനിമകളിലെ 'ഇന്‍കം ടാക്സ്‌' റേയ്ഡ് പോലെ ആണ്: ഒരിഞ്ചു സ്ഥലം പോലും വെറുതെ വിടില്ല.എന്റെ കഷ്ടകാലത്തിനു നാലാം ദിവസം വൈകുന്നേരം പതിവ് പരിശോധന നടത്താന്‍ ചേട്ടന്‍ തിരുമാനിച്ചു.  

പരിശോധന തുടങ്ങിയപ്പോള്‍ തന്നെ എല്ലാം കൈവിട്ടുപോയി എന്ന് ഉറപ്പായിരുന്നു. ഒളിപ്പിച്ചു വെച്ച പേപ്പറുകള്‍ ചേട്ടന്‍ എന്തായാലും കണ്ടുപിടിക്കും; എന്റെ കള്ളി വെളിച്ചത്താകും. പേടികൊണ്ട് എന്റെ ഹൃദയം വേഗത്തില്‍ മിടിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ പതുക്കെ മുറ്റത്തേക്ക് വലിഞ്ഞു. ചേട്ടന്‍ ഉത്തരക്കടലാസുകള്‍ കണ്ടു പിടിക്കല്ലേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് നിലത്ത് നിന്നും ചെറിയ കല്ലുകള്‍ പെറുക്കി ഉമ്മറത്തെ തെങ്ങിന്മേല്‍ എറിഞ്ഞു കൊള്ളിച്ചു ഉന്നം പരീക്ഷിച്ചു നില്‍ക്കുന്ന സമയത്ത്‌ ഉയര്‍ന്നു കേട്ട ചേട്ടന്റെ ഉച്ചത്തിലുള്ള വിളി എന്റെ എല്ലാ പ്രതീക്ഷകളും ക്ഷണനേരത്തില്‍ ഇല്ലാതാക്കി. ഒരു കുറ്റവാളിയെ പോലെ താഴ്ത്തിയ മുഖവുമായി ശിക്ഷ ഏറ്റുവാങ്ങാന്‍ ഞാന്‍ പതുക്കെ ചെട്ടന്റെ അടുത്തേക്ക് നടന്നു. 

ഞാന്‍ എന്റെ 'മുറി'യില്‍ എത്തുമ്പോള്‍ ഒളിപ്പിച്ചു വെച്ച രണ്ടു ഉത്തരക്കടലാസുകള്‍ കയ്യില്‍ പിടിച്ച് ക്രോധം കൊണ്ട് ജ്വലിക്കുന്ന കണ്ണുകളുമായി ചേട്ടന്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. 

"എന്താടാ ഇത്?"
"ആന്‍സര്‍ .... പേപ്പര്‍... ആണ്"
"ഏതിന്റെ?"
"ഹിന്ദീം സംസ്ക്രുതോം"
"ഇത് എന്ന് കിട്ടിയതാ?"
"നാലഞ്ചു ദിവസം ആയി"
"എന്നിട്ടെന്താ നീ പറയാഞ്ഞെ?
"മാര്‍ക്ക്‌ കുറവാ...പേടിച്ചിട്ടാ"

അപ്പോഴേക്കും അമ്മയും മുത്തശ്ശിയും അവിടെ എത്തി. കാര്യം അറിഞ്ഞപ്പോള്‍ കയ്യോടെ തന്നെ അമ്മേടെ കയ്യില്‍ നിന്നും ഒരെണ്ണം കിട്ടി. മാര്‍ക്ക്‌ കുറഞ്ഞതിനായിരുന്നില്ല ചീത്ത, നുണ പറഞ്ഞതിനായിരുന്നു. മുത്തശ്ശനാണ് എന്നെ കൂടുതല്‍ ശിക്ഷണ മുറകളില്‍ നിന്നും അന്ന് എന്നെ രക്ഷിച്ചത്. ഒച്ചയും ബഹളവും അടങ്ങിയപ്പോള്‍ വല്ലാത്ത ഒരു കുറ്റബോധവും, ലജ്ജയും എന്നെ കീഴടക്കിയിരുന്നു. അത് പൂര്‍ണ്ണമായും മാറാന്‍ ദിവസങ്ങള്‍ എടുത്തു.

അതിനു ശേഷം ഇതുവരെ ഉള്ള ജീവിതത്തില്‍ ഞാന്‍ നുണ പറഞ്ഞിട്ടേ  ഇല്ല എന്ന് പറയാന്‍ ഞാന്‍ ഹരിശ്ചന്ദ്രനോ, മഹാത്മ ഗാന്ധിയോ ഒന്നുമല്ല. നിര്‍ദോഷങ്ങളായ നുണകള്‍ പറയേണ്ടി വന്നിട്ടുണ്ട്. എങ്കിലും പല അവസരങ്ങളിലും സത്യം പറയാന്‍, അതിന്റെ പരിണിതഫലം എന്ത് തന്നെ ആയിരുന്നാലും, എനിക്ക് ശക്തി തരുന്നത് ഈ ഒരു സംഭവത്തിന്റെ ഓര്‍മ്മകള്‍ ആണ് എന്ന് നിസ്സംശ്ശയം എനിക്ക് പറയാം.


1 comment:

Destined said...

samshyalya.. eniqum adi kittethu 'nuna' paranjathinanu.. mark kuranjathinekkal..kiteelya ennu 'nuna'paranjathintae parinithaphalam.. amma teacher aayathu kondum paper thanne teachare amma vazheel vechu kandathu kondum .. paper kittya vivaram amma nerathe arinju ennu maathra :(