"പുസ്തകം പൊതിഞ്ഞൊ? ഇല്ലെങ്കിൽ വേഗം എടുത്ത് അമ്പലത്തീപ്പൊ", മുത്തശ്ശിയുടെ ഭക്തി കലർന്ന ഉപദേശം.
പൂജക്ക്
ചേർപ്പിലായിരുന്നപ്പോൾ പൂജക്ക് പുസ്തകം അമ്പലത്തിലാണ് വെക്കുക
പതിവ്.പൂജവെപ്പിന്റെ അന്ന് വൈകുന്നേരം ചേട്ടന്റേം എന്റേം തിരഞ്ഞെടുത്ത
(പഠിക്കാൻ ഏറ്റവും വിഷമമുള്ളവ) ടെക്സ്റ്റ് പുസ്തകങ്ങളും, കാലപ്പഴക്കം
കൊണ്ട് മഞ്ഞ നിറമായ, അരികുകൾക്ക് ചുവപ്പ് രാശിയുള്ള, വല്യ മുത്തശ്ശൻ വരച്ച
ചിത്രങ്ങൾ അടങ്ങിയ താളുകളോടു കൂടിയ, ഭാഗവതത്തിന്റെ പഴയ ഒരു പതിപ്പും,
താരതമ്യേന പുതിയ രാമായണവും ചേർത്ത് വെച്ച് പഴയ പത്രക്കടലാസുകൊണ്ട് പൊതിയും.
മുകൾ വശം പരന്ന ഒരു പിരമിഡ് പോലെയുള്ള ഈ പുസ്തക പൊതിയിൽ സ്കെച്ചു പേന
കൊണ്ട് 'ടിപിഎസ്ഡബ്ല്യു - ടിപി ശങ്കരവാര്യർ' എന്നു വലിയ അക്ഷരങ്ങളിൽ എഴുതി
അമ്പലത്തിലേക്ക് ഒരോട്ടമാണ്. അമ്പലത്തിലെ സരസ്വതി മണ്ഡപത്തിൽ തൊഴുത്,
പുസ്തകപ്പൊതിയവിടെ നിക്ഷേപിച്ച് തിരിച്ചൊരോട്ടം. ഇനി പുസ്തകം എടുക്കുന്ന
വരെ ഒന്നും വായിക്കാൻ പാടില്ല, എഴുതാൻ പാടില്ല, വരക്കാൻ പാടില്ല. എന്തു
സുഖം!
"ഡാ കുറച്ചു മണലാ ചിരട്ടേലെടുത്ത് കൊണ്ടുവാ", മുത്തശ്ശന്റെ ആധികാരിക കല്പന.
ചേർപ്പിൽ
പടിഞ്ഞാറു ഭാഗത്ത് അമ്പല മതിലിനോട് ചേർന്ന് ഞാനും ചേട്ടനും ഉണ്ടാക്കുന്ന
തുണി പന്തുകൾ തിന്നു വളർന്ന പൊട്ടക്കിണറിന്റെ വശത്തായി മുറി ഇഷ്ടികകൾ
തീർത്ത സംരക്ഷണ വലയത്തിൽ, പ്ലാസ്റ്റിക് ചാക്കുകൾ പുതച്ച് ഒരു കൂന മണൽ
ഉണ്ടാകും. ഇതിൽ നിന്നും ഒരു ചിരട്ട നിറയെ മണൽ വാരി കൊണ്ടുവന്ന് അതിലെ
ഇലകളും ചെറിയ കല്ലിൻ കഷണങ്ങളും ഒക്കെ എടുത്ത് കളഞ്ഞ് വൃത്തിയാക്കേണ്ട
ചുമതലയും ഞങ്ങൾക്കാണ്. മഹാനവമി ദിവസം വൈകുന്നേരം തന്നെ ഈ ചുമതല ഞങ്ങൾ
മനസ്സില്ലാ മനസ്സോടെ നിർവഹിക്കും. എത്ര പെട്ടെന്നാണ് ഒരു ദിവസം പോയത്?
"ദേ പുസ്തകം കൊടുത്തു തുടങ്ങി. പോയി വാങ്ങിവാ", അമ്മയുടെ തലോടൽ പോലെയുള്ള നിർദ്ദേശം.
വിദ്യാരംഭത്തിന്റെ
കാർമ്മികൻ മുത്തശ്ശനാണ്. നടുവിലെ മുറിയുടെ ഒരു മൂലക്ക് വസിക്കുന്ന
കൃഷ്ണവിഗ്രഹത്തിന്റെ മുമ്പിൽ നിലവിളക്കു തെളിച്ച് ചിരട്ടയിലെ മണൽ
വിളക്കിന്നടുത്തായ് വിരിച്ച്, അമ്പലത്തിൽ നിന്നും ആൾക്കാർ പുസ്തകവുമായി
പോകുന്നുണ്ടൊ എന്നു നോക്കി ഉമ്മറത്തിങ്ങനെ ഇരിക്കും. പുസ്തകം വാങ്ങേണ്ട
ചുമതലയും ഞങ്ങൾക്കാണ്. സരസ്വതി മണ്ഡപത്തിൽ അച്ചുമ്മാൻ എല്ലാർക്കും
പുസ്തകങ്ങൾ പേരു നോക്കി കൊടുക്കുന്നുണ്ടാകും.
"അവിടെ ഉണ്ടാകും. നോക്കി എടുത്തൊ", അച്ചുമ്മാന്റെ സ്നേഹം കലർന്ന ആജ്ഞ!
പൊതി
അഴിച്ച് രാമായണം വിളക്കിന്നടുത്ത് വെച്ച് മുത്തശ്ശൻ ആദ്യം മണലിൽ
അക്ഷരങ്ങളെഴുതും. പിന്നെ രാമായണം തുറന്ന് നാലുവരി വായിക്കും. ശേഷം ഞങ്ങളും.
No comments:
Post a Comment