ബസിറങ്ങി റോഡ് മുറിച്ചു കടന്നു ചെറിയ മണ്‍പാതയിലൂടെ നടക്കുമ്പോള്‍ കേശുവിന്റെ മനസ്സ് പാടത്തിനപ്പുരമുള്ള തന്റെ വീട്ടില്‍ എത്തിയിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷമൊന്നുമല്ല ഈ വഴിയിലൂടെ ഒരു നടത്തം. എങ്കിലും ആ പാതയിലൂടെ ഓരോ തവണ നടക്കുമ്പോഴും ഒരു പുതുമയാണ്. നടക്കുമ്പോള്‍ തന്‍റെ കാല്‍പ്പാടുകള്‍ മണ്ണില്‍ പതിയാന്‍ അമര്‍ത്തി ചവിട്ടിയാണ് കേശു നടക്കുന്നത്. പൊടിമണ്ണില്‍ ചെരുപ്പിന്റെ പാടുകള്‍ പതിയുമ്പോള്‍ ഒരു സന്തോഷം. തന്‍റെ കാല്‍പ്പാടുകള്‍ ഫോസിലായി മാറുന്നതും, പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു ശേഷം അന്നത്തെ ബുദ്ധി-ജീവികള്‍ ഈ ഫോസില്‍ കണ്ട് അദ്ഭുതപ്പെടുന്നതും കേശു മനസ്സില്‍ കണ്ടു. ശാസ്ത്രം എത്ര പുരോഗമിക്കുമെന്നറിയില്ല, എങ്കിലും അവര്‍ക്ക് മനസ്സിലാകുമോ ഇത് കേശുവിന്റെ കാല്പാദങ്ങളുടെ ഫോസില്‍ ആണെന്ന്? മനസ്സിലാകണേ! ഭാവിയിലേക്കായി താന്‍ കരുതിവെക്കുന്ന ഫോസിലുകള്‍ നോക്കുന്നതിനിടക്ക് വഴിയില്‍ നിന്നും ഒരു കല്ലെടുത്ത് കയ്യില്പിടിക്കാന്‍ നിര്‍ദേശം കൃത്യമായി മനസ്സ് പുറപ്പെടുവിക്കുകയും കേശു അതനുസരിക്കുകയും ചെയ്തു.
മണ്‍പാത അവസാനിക്കുന്നിടത്ത് പാടം തുടങ്ങുന്നു. ധനുമാസത്തിന്റെ ചൂടില്‍ വരമ്പോക്കെ വരണ്ടുണങ്ങിയിരിക്കുന്നു. ഇവിടെ തന്റെ കാല്പാടുകള്‍ പതിയുകയില്ല. വരമ്പിന്റെ രണ്ടു വശത്തും കൊയ്ത്ത് പുരോഗമിക്കുകയാണ്. ഉച്ച ചൂടൊന്നും അവര്‍ക്ക് പ്രശ്നമില്ല. ആകാശത്തെ അഗ്നിയെക്കാളും വലിയ അഗ്നിയാണ് വയറ്റിനുള്ളില്‍ കത്തുന്നത്. അമ്മയുടെ കുട്ടിക്കാലത്ത് ഈ വയല്‍ എല്ലാം വാര്യത്തെ ആയിരുന്നത്രെ! കമ്മ്യൂനിസ്റ്റ് സര്‍ക്കാരാണ് എല്ലാം പണിക്കാര്‍ക്ക് കൊടുത്തത്. ഇപ്പോള്‍ നാട്ടിലെ പണിക്കാര്‍ കൃഷി ഉപേക്ഷിച്ച് നാടുവിട്ടപ്പോള്‍ ഇന്തയുടെ അങ്ങേ തലപ്പിലെ വംഗദേശക്കാരാണ് കൊയ്ത്തും മെതിയും. ഞാറു നടലും അവര്‍ തന്നെ.
വംഗദേശികള്‍ കൂട്ടത്തോടെ തീവണ്ടികളില്‍ കയറി ഇങ്ങോട്ട് വരാനും കാരണം കമ്മ്യൂണിസ്റ്റുകള്‍ ആണെന്നാണ് തൊഴിലാളികളോട് സംസാരിച്ചതില്‍ നിന്നും മനസ്സിലാക്കിയത്. എല്ലാം അവരുടെ അനുഗ്രഹം! അല്ലെങ്കില്‍ ഈ കണ്ട ഭൂമിയൊക്കെ തരിശായി കിടന്നേനെ!
നിങ്ങള്‍ ഈ ചെറിയ വരമ്പിലൂടെ ഇങ്ങനെ ഓരോന്ന് ആലോചിച്ചു നടന്നാല്‍ കാല്‍ തെറ്റി വീഴാം, അതുമല്ലെങ്കില്‍ വരമ്പത്ത് നിലകൊള്ളുന്ന വൈദ്യുതിക്കാലില്‍ ചെന്നിടിക്കാം. എന്നാല്‍ കേശു വീഴുകയുമില്ല, വൈദ്യുതിക്കാലില്‍ ഇടിക്കുകയുമില്ല; അത്രയ്ക്ക് സുപരിചിതമാണ് കേശുവിനു ഈ വഴികള്‍. അതുകൊണ്ട് തന്നെ വരമ്പിനടുത്തുള്ള ചെറിയ കുളത്തിനടുത്തെത്തിയപ്പോള്‍ കേശുവിന്റെ കാലുകള്‍ തനിയെ നിന്നു. വെള്ളം കാണുമ്പോള്‍ നോല്‍ക്കുന്ന കുതിരകള്‍ അല്ലെ കാലില്‍, അപ്പൊ പിന്നെ കുളം എത്തുമ്പോള്‍ നില്‍ക്കുമെന്ന് ആര്‍ക്കാണ് അറിയാത്തത് എന്ന് ചില അസൂയക്കാര്‍ പറഞ്ഞേക്കാം. അവരുടെ പരദൂഷണത്തില്‍ കാല്‍ തെറ്റി വീഴാതെ ശ്രദ്ധിക്കണം. പാടവരമ്പില്‍ കൂടി നടക്കുന്നതിലും വിഷമം പിടിച്ച പണിയാണത്.
കയ്യിലെ കല്ലിനു നീറാടാന്‍ നേരമായിരിക്കുന്നു. ആറാട്ടുപുഴ പൂരത്തിനു ദേവനേയും ദേവിയേയും കയ്യിലെ വിഗ്രഹങ്ങളില്‍ പ്രവേശിപ്പിച്ചു സൂക്ഷ്മതയോടെ മന്ദാരം കടവില്‍ നമ്പൂരിമാര്‍ നീരാട്ടുന്ന പോലെയല്ല കേശുവിന്റെ നീരാട്ടല്‍. വലിച്ചു ഒരേറാണ്! ഒരു ചെറു ഉല്‍ക്ക കണക്കെ അതങ്ങനെ പാഞ്ഞു ചെന്ന് വെള്ളത്തില്‍ വീഴും. വെള്ളത്തില്‍ ഓളങ്ങള്‍ രൂപപ്പെടും. വെള്ളത്തിനു മുകളില്‍ ഓടി നടക്കുന്ന ആ ജീവികള്‍ കാലു തെന്നി വീഴും. വെള്ളത്തിന് മീതെ നടക്കാമെന്ന അഹങ്കാരം സാമാന്യം ഉള്ളത് കൊണ്ട് അവറ്റ വീഴട്ടെ. നീന്തല്‍ അറിയാത്തതുകൊണ്ട് വൈകുന്നേരം കുളിക്കാന്‍ പോകുമ്പോള്‍ അവറ്റകളുടെ പരിഹാസച്ചിരി കുറച്ചൊന്നുമല്ല കേട്ടിരിക്കുന്നത്. വെറുതെ നടക്കുമ്പോള്‍ കല്ലെടുത്ത് എറിയുന്ന ശീലം ഉണ്ടെന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് അച്ഛന്റെ വിരലില്‍ തൂങ്ങി നടന്നിരുന്ന പ്രായത്തില്‍ എന്റെ മുഖം നോക്കി ചോദിച്ച ഗുരുവായൂര്‍ ആനവണ്ടിക്കോട്ടയിലെ കണ്ടക്ടര്‍ ഇതുകണ്ട് എവിടെയെന്കിലുമിരുന്നു സന്തോഷിക്കുന്നുണ്ടാവണം. അയാള്‍ ചോദിച്ച ചോദ്യം വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴും പ്രസക്തമാണല്ലോ!
പാടവരമ്പു കഴിഞ്ഞിരിക്കുന്നു. ഇനി അമ്പലമാണ്. ഉച്ച നേരമായതുകൊണ്ട് വലിയ ഇരുമ്പു വാതിലുകള്‍ അടഞ്ഞു കിടക്കുന്നു. അകത്ത് ദേവന്‍ ഉച്ചമയക്കത്തിലാണ്. പുള്ളിക്കാരനെ ശല്യപ്പെടുത്തുന്നത് അപകടമാണ്. അതുകൊണ്ട് അവിടെ അധികം ചുറ്റിക്കരങ്ങാതെ അമ്പലമാതിലിനെ ചുറ്റി വളഞ്ഞു പോകുന്ന ടാറിട്ട പാതയിലൂടെ നടത്തം തുടര്‍ന്നു. ഇവിടേം കാല്‍പാദമുദ്രകള്‍ പതിപ്പിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് വേഗത ഒന്നുകൂടി വര്‍ദ്ധിപ്പിക്കുന്നത് കൊണ്ട് തെറ്റില്ല. അമ്പലത്തിന്റെ അങ്ങേ നടക്കല്‍ മതിലിനോട് ചേര്‍ന്ന് തന്നെയാണ് കേശുവിന്റെ വീട്.
വീട്ടില്‍ എല്ലാരുമുണ്ട്. അവരും ഉറക്കത്തിലാണ്. കേശു ഉണ്ടെങ്കില്‍ അവരൊന്നും ഉറങ്ങില്ല. സിഗരറ്റ് വലി പോലുള്ള ദുശ്ശീലങ്ങള്‍ ഇല്ലെങ്കിലും കൂര്‍ക്കം വലിക്കുന്ന ശീലം കേശുവിനു ഉണ്ടേ! ഒരു പക്ഷെ ഈ കൂര്‍ക്കം സഹിക്കാന്‍ വയ്യാതെ അമ്പലത്തിലെ ദേവന്‍ പോലും ഉച്ചക്ക് മയങ്ങിയിട്ടുണ്ടാകില്ല! ഉറങ്ങുന്നവരെ ശല്യപ്പെടുത്തരുത് എന്ന് ഇപ്പോള്‍, ഉറക്കം നഷ്ടപ്പെട്ടപ്പോള്‍, കേശുവിനു അറിയാം. ശല്യമില്ലാതെ ഉറങ്ങാന്‍ കഴിയുന്നവര്‍ എത്ര ഭാഗ്യവാന്മാര്‍!കേശുവിന്നു ഉറക്കം ഇല്ലാത്തതുകൊണ്ട് എല്ലാ ദിവസവും ഈ ഉച്ച നേരത്ത് ഇത്രയും ദൂരം നടക്കണം; നടന്നേ പറ്റു. അതാണ് ശിക്ഷ. ആ ദിവസം കേശു നടന്നാണ് വന്നത്. ഈ നടത്തത്തിന്റെ അവസാനമാണ് കേശു ഒരു കയറിന്റെ മാലയില്‍ നിന്നാടിയത്. ഇനി അതൊക്കെ പറഞ്ഞിട്ടെന്തു കാര്യം?
ഈശ്വരാ എന്റെ കാല്‍പാദങ്ങള്‍ ഫോസിലുകള്‍ ആകണേ! അവളുടെ കണ്ണുനീര്‍ നാളെ എങ്കിലും വറ്റിപ്പോകണേ. അപ്പോള്‍ നാളെ കാണാം.
2 comments:
ഹോ.വല്ലാത്ത ചിന്തകൾ തന്നെ.
നണ്ട്രി! :)
Post a Comment