എനിക്കിഷ്ടപ്പെട്ട സിനിമകള്‍ വാമത്തിനും, വാമത്തിനിഷ്ടപ്പെട്ട സിനിമകള്‍ എനിക്കും ഇഷ്ടപ്പെടാറില്ല എന്നത് ന്യൂട്ടന്‍റെ ചലനനിയമകള്‍ പോലെ കൃത്യതയാര്‍ന്നതല്ലെങ്കിലും സ്റ്റാറ്റിസ്റ്റിക്സിലി (ഹാവൂ) സ്പീക്കിംഗ് ഒരെഴുപതു ശതമാനം കൃത്യത പാലിക്കുന്ന ഒരു നിയമമാണെന്ന് ഇത്രയും കാലത്തെ അനുഭവത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് വരെ തൊണ്ണൂറിനു മുകളിലായിരുന്ന ശതമാനത്തെ ഇത്രയും താഴെ ഇറക്കുന്നതില്‍ ഈ അടുത്ത കാലത്തിറങ്ങിയ സിനിമകള്‍ക്കുള്ള പങ്ക് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ. ഇത്രയും പരത്തി പറയുന്നതെന്തിനെന്നാല്‍ ഇന്ന് മായാനദി കണ്ടിറങ്ങിയപ്പോള്‍ ടി ശതമാനം കുറച്ചു കൂടി കുറഞ്ഞിരിക്കുന്നതായി ഞങ്ങള്‍ രണ്ടുപേരും ഒരേശബ്ദത്തില്‍ പ്രഖ്യാപിക്കുകയുണ്ടായി. ഈ വര്‍ഷാന്ത്യത്തില്‍, പുത്തന്‍ പ്രതീക്ഷകള്‍ മുളപൊട്ടുന്ന രാവില്‍ അങ്ങ് ഹിമവാന്റെ മടിത്തട്ടിലെ ഗംഗാനദിയില്‍ മുങ്ങി പാപങ്ങള്‍ കഴുകികളഞ്ഞ തീര്‍ഥാടകരുടെ മനസ്സുമായാണ് മായാനദിയില്‍ 'ആറാടി'യ ഞങ്ങള്‍ തീയറ്റര്‍ വിട്ടിറങ്ങിയത്.
വളരെ റിയലിസ്റ്റിക്കായ പ്രണയം എന്നൊക്കെ റിവ്യു വായിച്ചതില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട് തീയറ്ററില്‍ എത്തിയ ഞങ്ങളെ കാത്തിരുന്നത് വിജനമായ ഇടനാഴികളായിരുന്നു. പടം തുടങ്ങുമ്പോള്‍ ഏകദേശം പത്തോ പതിനഞ്ചോപേര്‍ മാത്രമായിരുന്നു തീയറ്ററില്‍ ഉണ്ടായിരുന്നത്. ശേഷം കുറച്ചു പേര്‍ കൂടി തപ്പി തടഞ്ഞു സീറ്റുകളില്‍ ഉപവിഷ്ടരായി. ഇപ്രകാരം തീയ്യറ്ററില്‍ ചിതറിയിരിക്കുന്ന ഹതഭാഗ്യര്‍ക്ക് പോപ്കോണും, കൂള്‍ഡ്രിങ്ക്സും വില്‍ക്കാന്‍ തീയറ്റര്‍ സ്റ്റാഫ് ഉത്സാഹപൂര്‍വം ഓടി നടക്കുന്നുണ്ടായിരുന്നു. എങ്ങനെയെങ്കിലും പത്ത് കാശ് പെട്ടിയില്‍ വീഴ്തണ്ടേ! രണ്ടുപാര വാഗ്ധോരിണി നടത്തിയിട്ടും സിനിമയെ കുറിച്ച് എന്താ ഒന്നും പറയാത്തത് എന്ന് പ്രിയ വായനക്കാര്‍ ഇപ്പോള്‍ മനസ്സില്‍ ചിന്തിക്കുന്നുണ്ടാകും. തീയറ്റര്‍ വിട്ടിറങ്ങിയാലും, കാലിയായ പേഴ്സ് പോലെ നിങ്ങളെ വല്ലാതെ ഹോണ്ട് ചെയ്യുന്ന പടമാണ് മായാനദി എന്ന് മാത്രമേ എനിക്ക് ഇപ്പോള്‍ പറയാന്‍ സാധിക്കു. ഏതായാലും കാര്യത്തിലേക്ക് വരാം.
അത്യാവശ്യം കള്ളക്കടത്തും തട്ടിപ്പും ഒക്കെ ആയി ജീവിക്കുന്ന മാത്തന്റെയും, മോഡലിംഗും, ആങ്കറിംങ്ങും ഒക്കെ ആയി സിനിമ ജീവിതം സ്വപ്നം കണ്ടു ജീവിക്കുന്ന അപര്‍ണ്ണയുടെയും കഥയാണ് മായനദി. അതുമാത്രമാണ് ഈ നദി. തങ്ങള്‍ക്കു നേരെ വെടിയുതിര്‍ക്കുന്ന കള്ളക്കടത്തുകാരെ വെടിവെച്ച് കൊല്ലുന്ന പോലീസുകാരും, അവരില്‍ നിന്നും രക്ഷപ്പെട്ട്പോകുന്ന വഴി ഒരു പോലീസുകാരനെ കൊല്ലുന്ന മാത്തനില്‍ നിന്നും സിനിമ തുടങ്ങുന്നു. ജീവഭയത്തില്‍ ലക്ഷക്കനക്കിനു അമേരിക്കന്‍ ഡോളറുകളുമായി കാറില്‍ ഓടി രക്ഷപ്പെടുന്നമ്മടെ നായകന്‍ ചെന്നെത്തുന്നത് കുബ്ബൂസ് വാങ്ങാന്‍ നില്‍ക്കുന്ന പഴയ കാമുകിയുടെ അടുത്താണ്. പിന്നെ അങ്ങോട്ട് പ്രണയമാണ്. പ്രണയം എന്നുപറഞ്ഞാല്‍ ഇതാണ് പ്രണയം (ത്രെ!). സത്യം പറയാലോ ഉറങ്ങാന്‍ വേണ്ടി ലോ ഫ്ലോര്‍ ആനവണ്ടിയില്‍ ടിക്കറ്റ് എടുത്ത മാത്തന്റെ അവസ്ഥ ആയിരുന്നു ഞങ്ങള്‍ രണ്ടാള്‍ക്കും. കഥയുടെ അന്ത്യം എന്നാണു എന്ന് ഞാന്‍ പറയുന്നില്ല. കാണാന്‍ താല്പര്യം ഉള്ളവര്‍ക്ക് അതൊരു ബുദ്ധിമുട്ടാകും.
ഇനി സിംബലിസം.
1. മാത്തന്‍ എന്ന് പറയുന്നത് മര്യാദക്ക് പഠിച്ചു ജോലി സമ്പാദിക്കാതെ ഏതു വിധേനെയും കാശുണ്ടാക്കി ആര്‍ഭാട ജീവിതം നയിക്കുന്ന യുവതയുടെ പ്രതീകം. ടോവിനോ അഭിനയിച്ചു വെറുപ്പിച്ചിട്ടില്ല. അതിപ്പോ സിനിമ മുഴുവന്‍ (ഇടയ്ക്കു ഒരു ഫോട്ടോ ആയി മാത്രം അല്ലാതെ) ഒരേ ലുക്കും, മുഖഭാവവും മാത്രം ആകുമ്പോ വെറുപ്പിക്കാനുള്ള അവസരം ഇല്ലല്ലോ.
2. അപര്‍ണ ഒരു സ്ട്രഗ്ലിംഗ് ആക്ടര്‍ ആണ് എന്നിടക്കിടക്ക് പറയുന്നുണ്ട്. വീട്ടിലും സ്ഥിതി അത്ര നല്ലതല്ല. ഇതൊക്കെ ആണെങ്കിലും ഇവിടെയും ആര്‍ഭാടത്തിനു പഞ്ഞം ഒന്നും കാണാനില്ല.പ്രണയത്തിലും സെക്സിലും ഒക്കെ തുറന്ന നിലപാട് എടുക്കുന്ന നവസ്ത്രീത്വത്തിനെ ആകും അപര്‍നയിലൂടെ വരച്ചിടുന്നത്. അധികം ഉദാത്ത വികാരങ്ങള്‍ ഒന്നും നദിയുടെ മുഖത്ത് കണ്ടില്ല. പിന്നെ ആ മുഖം കണ്ടിരിക്കാം.
3. മാത്തന്റെ തൊപ്പി സിനിമയുടെ ഒരു പ്രധാന സംഭവമാണ്. ഹാര്‍ലി ഡേവിഡ്‌സന്‍ തൊപ്പി പ്രതിനിധാനം ചെയ്യുന്നത് അമേരിക്കന്‍ സാമ്രാജ്യത്വ ബൂര്‍ഷ്വാ ശക്തികളെ ആണ്. ബാത്ത് ടബില്‍ കുളിക്കുമ്പോള്‍ പോലും മാത്തന്‍ ടി തൊപ്പി ഊരുന്നില്ല (ബാത്ത് ടബ്ബ് കാണുമ്പോള്‍ മാത്തന്റെ മുഖത്തുള്ള സന്തോഷം കാണുമ്പോള്‍ ടിയാന്‍ തൊപ്പി ഊരാനുള്ള വിഷമം കാരണം ഷവറില്‍ ഒന്നും കുളിക്കാറില്ല എന്ന് തോന്നുന്നു). തോപ്പിയോടും അത് പ്രതിനിധാനം ചെയ്യുന്ന തത്വങ്ങലോടും ഉള്ള മാത്തന്റെ വിധേയത്വമാണ് ഇവിടെ നാം കാണുന്നത്. കേവലം ഒരു തൊപ്പിയെ വെച്ചു ഇത്രയും കാര്യങ്ങള്‍ നരേട്ടിവില്‍ (എങ്ങനെയുണ്ട്?) കൊണ്ടുവരാന്‍ ആഷിക് അബുവിന് മാത്രമേ സാധിക്കു. ഈ വര്‍ഷത്തെ മികച്ച സഹനടനുള്ള അവാര്‍ഡ് ചിലപ്പോ ഈ തൊപ്പിക്കു ലഭിച്ചേക്കും.
4. പോലീസ് - പാവപ്പെട്ട കൊള്ളക്കാരെ ജീവിക്കാന്‍ അനുവദിക്കാത്ത പോലീസ് ഭരണഘൂടഭീകരതയുടെ നേര്‍സാക്ഷ്യമാല്ലെങ്കില്‍ പിന്നെ എന്താണ്?
ഇനിയും ധാരാളം ബിംബങ്ങള്‍ ഉണ്ട്. എല്ലാം പറയാനുള്ള ആവതില്ല. അതുകൊണ്ട് തീയറ്ററില്‍ തന്നെ പോയി കാണുക. സിനിമക്ക് പുറകില്‍ പ്രവര്‍ത്തിച്ച പാവങ്ങള്‍ മാത്രമല്ലലോ, പാവം തീയട്ടരുകാര്‍ക്കും, അവിടെ പോപ്‌കോണ്‍ വില്‍ക്കുന്നവര്‍ക്കും ജീവിക്കണ്ടേ. പറ്റുമെങ്കില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് കാണുക. തല്‍ഫലമായി ബുക്ക്മൈഷോ പോലുള്ളവരും ജീവിക്കട്ടെ.
അപ്പൊ പുതുവത്സരാശംസകള്‍!
2 comments:
ഹാ ഹാ ഹാ.ഇത്രേം ബിംബങ്ങൾ ഒന്നിച്ചുകൊണ്ട്വരാൻ ആഷിഖിനു കഴിഞ്ഞല്ലോ.!!!കലക്കൻ റിവ്യൂ!!!
റിങ് മാസ്റ്റർ സിനിമയിൽ ഒരു പട്ടിക്ക് മികച്ച നടിക്കുള്ള അവാർഡ്.. ഇനി ഈ പടത്തിൽ അത് തൊപ്പി കൊണ്ടുപോകുമോ എന്തോ ;-)
Post a Comment