ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്ന ബഡ്ജെറ്റിനെ "സ്വപ്ന ബഡ്ജെറ്റ്" എന്ന് വിശേഷിപ്പിക്കാം എങ്കില്‍, കെ.എസ്.ആര്.ടി.സി ബസിലെ വിന്‍ഡോ സീറ്റില്‍ ഇരുന്നു ഐസക് സാര്‍ കണ്ട ദിവാസ്വപ്നത്തെ എന്ത് പേരിട്ടു വിളിക്കാം? കഴിഞ്ഞ വര്‍ഷം കണ്ട സ്വപ്നവുമായി വല്യ വിത്യാസം ഇല്ലാത്തത് കൊണ്ട് അതില്‍ നിന്നും കോപ്പി പേസ്റ്റും ചെയ്തിട്ടുണ്ട് സഖാവ്. സംശയമുണ്ടെങ്കില്‍ ഫോട്ടോ നോക്കുക. ധനകാര്യ മന്ത്രി എന്ന നിലയില്‍ വലിയ പണി ഇല്ലാത്തത് കൊണ്ട് (പുള്ളിക്ക് പുസ്തകങ്ങള്‍ വായിക്കാനും, എഴുതാനും ഒക്കെ അല്ലെ കൂടുതല്‍ ത്വര - ഇതൊക്കെ നല്ല കാര്യം തന്നെ, പക്ഷെ പുര കത്തുമ്പോള്‍ വീണ വിദ്വാന് ആണെങ്കിലും വീണ വായിച്ചു രസിക്കുക അല്ലാലോ വേണ്ടത്) വായിച്ച പുസ്തകങ്ങളിലെ വരികളും ആവോളം ഈ ബഡ്ജെറ്റിലും ഉണ്ട്.
സംസ്ഥാനത്തിന്റെ ധനസ്ഥിതി ആകെ മോശമാണ് എന്ന് ഐസക് തന്നെ സമ്മതിക്കുന്നു. വരുമാനത്തില്‍ ഉള്ള വര്‍ദ്ധനയേക്കാള്‍ ചിലവുകള്‍ വര്‍ദ്ധിക്കുന്നുണ്ട് എല്ലാ വര്‍ഷവും എന്നും ഐസക് പറയുന്നു. ഇതിനുള്ള പ്രതിവിധി ഐസക്കിന്റെ കണക്കില്‍ വായ്പ എടുക്കലാണ്. അതിപ്പോള്‍ കിഫ്ബി ആകട്ടെ, ബോണ്ടുകള്‍ ആകട്ടെ, കേന്ദ്ര സര്‍ക്കാര്‍ ആകട്ടെ, പ്രവാസി ചിട്ടികള്‍ ആകട്ടെ, കോ-ഓപറെട്ടീവ് ബാങ്കുകള്‍ ആകട്ടെ. ഓടിച്ചതിനാല്‍ നാട്ടാര് ഭൂരിഭാഗവും പ്രവാസികള്‍ ആയതുകൊണ്ട് അവരില്‍ നിന്നും കടം വാങ്ങാനും ഉദ്ദേശിക്കുന്നു: ഇവിടെ സംരഭങ്ങള്‍ തുടങ്ങാനും, നിക്ഷേപം ആകര്‍ഷിക്കാനും! ഇത് വിരോധാഭാസം അല്ലെങ്കില്‍ എന്താണ്?
എല്ലാം കടമാണ്. തിരിച്ചടക്കേണ്ട കടം. സംസ്ഥാന ചിലവിന്റെ 45%നു മുകളില്‍ ശമ്പള-പെന്ഷന് ബാധ്യതയാണ്. 14%ത്തോളം പലിശ ബാധ്യത ഉണ്ട് എന്നും വായിച്ചറിയാന്‍ സാധിച്ചു. അങ്ങനെ അറുപതു ശതമാനത്തിനടുത്ത് ശമ്പളവും പലിശയുമായി പോയി. ബാക്കി ഉള്ള നാല്പതു ശതമാനവും, കേന്ദ്ര സഹായവും കൂട്ടി വെച്ചാണ് ചിലവുകളും, നിക്ഷേപങ്ങളും, കടത്തിന്റെ തിരിച്ചടവും നടത്തേണ്ടത്.
സര്‍ക്കാര്‍ ഗാരണ്ടീ (സോവറിന്‍ ഗാരണ്ടീ) നിന്ന് ബോണ്ടുകള്‍ ഇറക്കാനും ഉദ്ദേശമുണ്ടെന്നു പറഞ്ഞല്ലോ. ഇവ്വിധം കടക്കെണിയില്‍ നട്ടം തിരിയുന്ന സര്‍ക്കാര്‍ ഇറക്കുന്ന ബോണ്ടിന് എന്ത് സുരക്ഷയാണ് ഉള്ളത്? വര്‍ഷം പത്ത് കഴിയുമ്പോള്‍ ഐസക് സാര്‍ ഒരുപക്ഷെ ജീവിച്ചിരിക്കാന്‍ സാധ്യത് ഉണ്ടാകില്ല എങ്കിലും, കാശ് നിക്ഷേപിച്ചവര്‍ക്ക് പണം തിരിച്ചു സര്‍ക്കാര്‍ നല്‍കേണ്ടി വരും. അതിനുള്ള പണം എവിടെ നിന്നും കണ്ടെത്തും? കിഫ്ബിക്ക് മാത്രം ഒരുലക്ഷം കോടി രൂപയോളം പത്ത് വര്‍ഷത്തിനു ശേഷം നല്‍കണം. മോട്ടോര്‍ വാഹന നികുതിയും, പെട്രോള്‍ സെസ്സും വെച്ച് മാത്രം ഇതൊക്കെ സാധിക്കുമോ? വര്‍ഷാ വര്‍ഷം എടുത്തു കൂട്ടുന്ന വായ്പകള്‍ ഒരു രീതിയില്‍ അമേരിക്കന്‍ രീതി ആണ്. വരവിനേക്കാള്‍ കൂടുതല്‍ വായ്പകള്‍ എടുത്തതുകൊണ്ടാണ് അമേരിക്കയില്‍ സബ്-പ്രൈം ക്രൈസിസ് ഉണ്ടായതു തന്നെ. കേരള സര്‍ക്കാരും ആ വഴിക്കാണ് നീങ്ങുന്നത്. പത്ത് വര്‍ഷം കഴിയുമ്പോള്‍ കിഫ്ബി റീ-ഫിനാന്‍സ് ബോണ്ടുകള്‍ ഇറക്കി ഈ നൂറുകോടി സ്വരൂപിക്കാന്‍ നിരീച്ചാല്‍ അതില്‍ നിക്ഷേപിക്കാന്‍ ആരും ഉണ്ടാകില്ല എന്നോര്‍ക്കുക!
കെ.എസ്.ആര്.ടി.സി യെ തുടക്കത്തില്‍ പറഞ്ഞതുകൊണ്ട് (ഫോട്ടോ) അതിനെ കുറിച്ച് കൂടി പറയട്ടെ. കഴിഞ്ഞ ബഡ്ജെട്ടിന് ശേഷം വന്ന 12 മാസങ്ങളില്‍ ഏഴു മാസത്തെ പെന്ഷന് ആണ് കൊടുത്തു തീര്‍ത്തത്. ഈ മാര്‍ച്ചിനു മുമ്പ് എല്ലാ കുടിശ്ശികകളും തീര്‍ക്കണം എങ്കില്‍ ആകെ മൊത്തം ഏഴുമാസത്തെ പെന്ഷന് മാര്‍ച്ചിനു മുമ്പ് കൊടുത്തു തീര്‍ക്കേണ്ടി വരും.ചുരുക്കത്തില്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നല്കിയ പെന്ഷന് തുകയുടെ അത്രയും തന്നെ ഇനിയുള്ള 55 ദിവസം കൊണ്ട് കൊടുത്ത് തീര്‍ക്കണം എന്ന് സാരം. ഈ ഒരു മാജികിന് ഐസക് സാറിന് എല്ലാ വിധ ഭാവുകങ്ങളും ഞാന്‍ നേരുന്നു!
ഐസക് സാര്‍, സ്വപ്നം കാണുന്നത് നല്ലത് തന്നെ, പക്ഷെ മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെ ആകരുത് എന്ന് മാത്രം. വരും വര്‍ഷങ്ങളിലും നോട്ടു നിരോധനവും, ജി.എസ്.ടിയും, ഒഖിയും ഒക്കെ പറഞ്ഞു ഇരിക്കാന്‍ കേരളത്തില്‍ മാത്രമല്ല ഇതൊന്നും നടന്നത് എന്ന് കൂടി ഓര്‍മിക്കുക.
1 comment:
അങ്ങനെ പറയരുത്.. ഇരുട്ടുകൊണ്ട് ഒരുപാടോട്ടകൾ അടക്കുമ്പോൾ പറ്റുന്ന ചെറിയ ചില പാകപ്പിഴകൾ അത്രേ ഉള്ളൂ...;-)
Post a Comment