January 21, 2014

പുന:സമാഗമം

കാര്‍മേഘങ്ങളില്‍ നിന്ന് മോചിതനായ അസ്തമന സൂര്യന്‍ തുറന്നു കിടന്ന വാതിലിലൂടെ തന്റെ രക്ത രശ്മികള്‍ ദേവിയുടെ പാദങ്ങളില്‍ അര്‍ച്ചിച്ചുകൊണ്ടിരുന്ന ഒരു സന്ധ്യാ നേരത്താണ്  അയാള്‍ വീണ്ടും അവിടെ എത്തിയത്. തിരുവാതിര ഞാറ്റുവേലയില്‍ കുളിച്ചു നില്‍ക്കുന്ന കറുകയും നെലപ്പുള്ളടിയും മുണ്ടില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കൊന്ത്രന്‍പുല്ലും പച്ചപ്പട്ട് വിരിച്ച ആ ദേവിസന്നിധിയില്‍ വര്‍ഷങ്ങള്‍ക്കുശേഷം എത്തിയപ്പോള്‍ മനസ്സിനൊരു കുട്ടിത്തം വന്നപോലെ. കരിങ്കല്ല് വിരിച്ച നടവഴിയേക്കാള്‍ നനഞ്ഞ പുല്ലില്‍ ചവുട്ടി നടക്കാന്‍ ഒരു പ്രത്യേക രസമാണ്. പ്രദക്ഷിണം വെക്കുമ്പോള്‍ അല്പം മുമ്പിലായി, ഉയര്‍ന്ന അമ്പലമതിലിനുമപ്പുറം, മൂവാണ്ടന്‍ മാവിന്റെ ചില്ലകള്‍ക്കിടയിലൂടെ തന്റെ വീട്. ചേട്ടനോ അച്ഛനോ ടെരസ്സില്‍ നില്ക്കുന്നുണ്ടോ എന്ന് വെറുതെ നോക്കി. പഴയ ശീലങ്ങള്‍! കണ്ണുകളില്‍ നിന്ന് ഉതിര്‍ന്നു വീണ ഒരിറ്റു കണ്ണുനീര്‍ ക്ഷണനേരത്തേക്ക് അയാളുടെ മുഖത്ത് വിടര്‍ന്ന ചെറുപുഞ്ചിരി കവര്‍ന്നെടുത്തു. ഊട്ടുപുരയുടെ കിഴക്കേ അറ്റത്തുള്ള അമ്പലക്കിണറില്‍ നിന്ന് രണ്ടു അമ്പലപ്രാവുകള്‍ പറന്നു പോയി. ജീവിതത്തിന്റെ അസ്തമനത്തില്‍ ജനിച്ചുവളര്‍ന്ന ആ നാട്ടില്‍ അയാളെ സ്വീകരിക്കാന്‍ ഈ അമ്പലവും, നടവഴിയും അമ്പലപ്രാവുകളും, ഭൂമി ദേവിയും ഇപ്പോഴും അയാളെ കാത്തിരിക്കുന്നു. ഭൂമിയില്‍ ഇനി തനിക്കായ്‌ മാറ്റിവെച്ചിരിക്കുന്ന നാളുകള്‍ ഇവിടെ തന്നെ ജീവിച്ചു തീര്‍ക്കാം; ജനിച്ച വീട്ടില്‍ കാലം പണ്ടേ കൂട്ടികൊണ്ട്പോയ മുത്തശ്ശനോടും മുത്തശ്ശിയോടും ഒപ്പം കാലം സമ്മാനിച്ച രണ്ടാം ബാല്യത്തില്‍ ആ പഴയ രണ്ടാം ക്ലാസ്സുകാരനായി: അയാള്‍ തിരുമാനിച്ചു. 

കിഴക്കേ നടയിലെ കോണ്‍ക്രീറ്റ് ചെയ്ത ഇറക്കം പൊട്ടി പോളിഞ്ഞിരിക്കുന്നു എങ്കിലും അവ്യക്തമായി വര്‍ഷങ്ങള്‍ക്കുമുമ്പ്‌ സിമന്റില്‍ എഴുതിയ ആ നാല് അക്ഷരങ്ങള്‍ -TPSW- കാലത്തിന്റെ വിള്ളലുകള്‍ അതിജീവിച്ചു അപ്പോഴും ദൃശ്യമായിരുന്നു. ഈ ഇറക്കം ഓടി ഇറങ്ങുമ്പോഴാണ് പണ്ട് കാല്‍ വഴുതി ചേട്ടന്‍ വീണത്.  കിഴക്കേ നടയുടെ വലതു ഭാഗത്തായിരുന്നു പഴയ തറവാട്. വര്‍ഷങ്ങള്‍ക്കു മുമ്പേ അതൊക്കെ പൊളിച്ചു കളഞ്ഞിരുന്നു. ഇപ്പോള്‍ അവിടെ ഒരു ബഹുനില കല്യാണ മണ്ഡപം ആണ്. തറവാടിനു എതിരെ, കിഴക്കേ നടയുടെ ഇടതുഭാഗത്താണ് അയാളുടെ വീട്. തുരുമ്പു കയറി നിറം മങ്ങിയ ഇരുമ്പു ഗേറ്റ് തള്ളി തുറന്നു അയാള്‍ വീട്ടിലേക്ക്‌ കയറി. ഉമ്മറമാകെ കാട് പിടിച്ചു കിടക്കുന്നു. ഒക്കെ വൃത്തിയാക്കണം, വീടിനും ചില്ലറ പണികള്‍ വേണ്ടി വരും: അയാള്‍ ഉറപ്പിച്ചു. പക്ഷെ അതിനും മുമ്പ്‌ രണ്ടു ഓല വെട്ടി ഗേറ്റില്‍ നിന്ന് റോഡിലേക്ക് ഇറങ്ങുന്ന കോണ്‍ക്രീറ്റ് ഇറക്കത്തില്‍ ഇടണം, നല്ല വഴുക്കലാണ്. ഈ പ്രായത്തില്‍ വീണാല്‍ പിന്നെ എഴുന്നെല്‍ക്കില്ല എന്നാണ് രവീന്ദ്രന്‍ ഡോക്ടരുടെ നിഗമനം. ചെയ്തു തീര്‍ക്കാന്‍ ഇനിയും കാര്യങ്ങള്‍ ഉള്ളപ്പോള്‍ കിടക്കുന്നതെങ്ങനെ? ഗേറ്റ് അടച്ച് അയാള്‍  പുറത്തേക്കിറങ്ങി ഇടത്തോട്ട് തിരിഞ്ഞുനടന്നു: ചിതലരിച്ചു തുടങ്ങിയ ഓര്‍മ്മകളുടെ പുസ്തകത്താളുകളില്‍ വര്‍ണ്ണചിത്രങ്ങള്‍ വരച്ചു ചേര്‍ത്ത അവളുടെ വീട്ടിലേക്ക്‌. പുന:സമാഗമത്തിലേക്ക്..

1 comment:

Destined said...

കരിങ്കല്ല് വിരിച്ച നടവഴിയേക്കാള്‍ നനഞ്ഞ പുല്ലില്‍ ചവുട്ടി നടക്കാന്‍ ഒരു പ്രത്യേക രസമാണ്............ I could feel it right now.. hmmm.. athippo ivide irunnu pattilyalo :(