August 15, 2014

സ്വാതന്ത്ര്യ ദിനം

ഇന്ന് സ്വാതന്ത്ര്യ ദിനം. പടിഞ്ഞാറിന്‍റെ അടിമത്തത്തെ ഭസ്മമാക്കിയിട്ടു ഇന്നേക്ക് അറുപത്തേഴാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. എന്നാല്‍ സത്യത്തില്‍ നമ്മള്‍ സ്വതന്ത്രരാണോ? അക്രമത്തില്‍ അധിഷ്ഠിതമായ വൈദേശികചിന്താധാരകള്‍ സഹസ്രാബ്ദത്തിലധികമായി ഭാരത ദര്‍ശനങ്ങളെ ഉമിത്തീയില്‍ ജ്വലിപ്പിച്ചു കൊണ്ടിരിക്കുന്നു. അവരുടെ വാക്കുകള്‍ സൃഷ്ടിച്ച മൂഢസ്വര്‍ഗത്തില്‍ നാം നമ്മുടെ അമ്മയെ തള്ളിപ്പറയുന്നു. സമ്പത്തിനും ശാരീരിക സുഖങ്ങള്‍ക്കും വേണ്ടി കാലത്തിന്റെ മടിത്തട്ടിലെ വജ്രം പോലെ അമൂല്യമായ നമ്മുടെ വിശ്വാസങ്ങളെ പണയം വെക്കുന്നു. ഇതാണോ സ്വാതന്ത്ര്യം? തലച്ചോറും ചിന്തകളും അസ്തമനസൂര്യന്റെയോപ്പം പടിഞ്ഞാറിന്റെ കാല്‍ക്കല്‍ പരവതാനി കണക്കെ വിരിച്ചിട്ട് അവരുടെ മാനസിക അടിമകളായി ജീവിക്കുവാനോ ജനലക്ഷങ്ങള്‍ ഏറ്റവും മഹത്തായ ജീവത്യാഗം ചെയ്ത് അറുപത്തേഴാണ്ടുകള്‍ മുമ്പ് ഭാരതത്തിനു സ്വാതന്ത്യം നേടി തന്നത്? 

കണ്ണു തുറന്നു നോക്കു: യൂറോപ്പില്‍, അമേരിക്കന്‍ ഭൂഘണ്ടങ്ങളില്‍, അറേബ്യയിലെ മരുഭൂമിയില്‍, ആഫ്രിക്കയില്‍, ചൈനയില്‍, എവിടെയാണ് സമാധാനം? അക്രമത്തിലും നശീകരനത്തിലും വിശ്വസിക്കുന്ന പടിഞ്ഞാറന്‍ ചിന്തകള്‍ മനസ്സുകളെ ബാധിക്കുന്ന ഒരു ക്യാന്‍സറാണ്. ചെന്നെത്തിയ സ്ഥലങ്ങളിലെല്ലാം പരമ്പരാഗത വിശ്വാസങ്ങളെ രക്തത്താല്‍ തുടച്ചുമാറ്റിയ ഒരു ക്യാന്‍സര്‍. സഹസ്രാബ്ദത്തിലധികമായി തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഉണ്ടായിട്ടും ഭാരതം ഇത്രയും കാലം നിലനിന്നത് നമ്മുടെ വിസ്വാസപ്രമാണങ്ങളുടെ കെട്ടുറപ്പുകൊണ്ടൊന്നു മാത്രമാണ്. എന്നാല്‍ ഭാരതത്തെ സംരക്ഷിക്കാന്‍ ഈ കോട്ട ആചന്ദ്രതാരം ഉണ്ടാകില്ല. ശത്രുക്കള്‍ ശക്തരാണ്. ഇനിയും നമ്മളിതു തിരിച്ചറിഞ്ഞില്ലെങ്കില്‍ വരും തലമുറ കിഴക്കിന്റെ സൂര്യോദയം ഒരിക്കലും കാണില്ല.

വീണ്ടുമൊരു സ്വാതന്ത്ര്യ സമരത്തിനു നേരമായിരിക്കുന്നു: പടിഞ്ഞാറന്‍ ചിന്തകളില്‍നിന്നുള്ള സ്വാതന്ത്ര്യം. 

No comments: