July 18, 2008

നിങ്ങളുടെ മാര്‍ക്ക്‌: (100/5) - (6/3*1)

പണ്ടൊക്കെ സ്റ്റേജിൽ കയറി പാടാൻ പാട്ട്‌ മാത്രം പഠിച്ചാൽ മതിയായിരുന്നു. എന്നാൽ പുതിയ റിയാലിറ്റി പാട്ട്‌ പരിപാടികൾ വന്നതിൽ പിന്നെ പാട്ടിനൊപ്പം (ഇനി അധവാ അതിത്തിരി കുറഞ്ഞാലും വിരോധമില്ല!!) അൽപം അഭിനയവും, ഡാൻസും കൂടി പഠിക്കേണ്ട സ്ഥിതിയാണ്‌. ഇട്ടിരിക്കുന്ന വസ്ത്രത്തിനു വരെ മാർക്കുള്ള കാലം.. എന്നാൽ നല്ല 'ഐഡിയ' ഉള്ളവർ നടത്തുന്ന പരിപാടിയിൽ മത്സരാർത്ഥികളെ കണക്കു കൂടി പഠിപ്പിക്കണമെന്ന വാശിയിലാണ്‌ ഐഡിയ കുറച്ചു കൂടിപ്പോയ, വിധികർത്താക്കൾ. പാടിക്കഴിഞ്ഞാൽ പ്രതിഫലം തെറ്റാതെ വാങ്ങാൻ പഠിപ്പിക്കാനാണൊ ഈ ഗണിതാദ്ധ്യാപനമെന്ന് ലേഖകനൊരു സംശയം...

ഞാൻ പറയുന്നത്‌ വിശ്വാസം വരുന്നില്ലെങ്കിൽ കുറച്ചു സമയം കളഞ്ഞാലും പ്രസ്തുത പരിപാടിയൊന്നു കണ്ടുനോക്കൂ. തൊണ്ട കീറി അലറിപ്പൊളിച്ച്‌ പാടി വയ്യാതായി,കിട്ടാൻ പോകുന്ന ഫ്ലാറ്റും സ്വപ്നം കണ്ട്‌, നിൽക്കുന്ന പാവം യുവ സംഗീതഞ്ജരെ, 'പല്ലവി ഫ്ലാറ്റ്‌ ആയിരുന്നു', 'ചരണത്തിൽ ശ്രുതി ചേർന്നീല്ല' എന്നൊക്കെ പറഞ്ഞ്‌ വധിച്ചതിനുശേഷം കണക്കു കൊണ്ട്‌ കൂടി വധിക്കുകയാണ്‌ സർവ്വജ്ഞപീഠം കയറിയ വിധികർത്താക്കൾ. അവർ മാർക്കുകൾ പറയുന്നതിങ്ങനെ:
" 95/5 " "21 തിരിച്ചിട്ടത്‌ + 3" "15/1 * 1"

എന്തായാലും ഇപ്പൊൾ പാട്ടുപാടാൻ വരുമ്പോൾ പോക്കറ്റിൽ ഒരു കാൽക്കുലേറ്ററും കരുതാറുണ്ടെന്നാണ്‌ പല മത്സരാർത്ഥികളും പറയുന്നത്‌.. രാഗങ്ങൾ മാത്രം പഠിച്ചാൽ പോരല്ലോ, ചതുഷ്ക്രിയ'കൾ കൂടി പഠിക്കണമെന്ന അവസ്ഥയല്ലേ... കുറ്റം പറയാൻ പറ്റില്ല...

P.S : പാടുന്നത്‌ 'ഫ്ലാറ്റ്‌' ലക്ഷ്യം വെച്ചായതുകൊണ്ട്‌ പാടുമ്പോൾ അവിടവിടെ 'ഫ്ലാറ്റ്‌' ആകുന്നത്‌ ഒരു കുറ്റമാണോ, ഡാക്റ്റർ??? പറയൂ ഡാക്റ്റർ.....

2 comments:

അടകോടന്‍ said...

നല്ല ഫോമിലാണല്ലൊ..പോസ്റ്റ്.

saju john said...

ചിതലരിച്ചു തുടങ്ങിയ “ഓര്‍മ്മകള്‍“ അല്ലേ... ഓര്‍മകള്‍ അല്ലല്ലോ.....

നല്ല വായനയ്ക്ക് ഉതകുന്ന പോസ്റ്റുകള്‍.....

തുടരുക......