July 22, 2012

സ്കൂള്‍ ഓര്‍മ്മകള്‍ : JBS


(ചെര്‍പ്പിലെ ഞങ്ങളുടെ അയല്‍ക്കാരി ആയിരുന്ന ഭൂമി ദേവിയുടെ അമ്പലം)

ഒരു കാലത്ത്‌ പടിഞ്ഞാട്ടുമുറിയുടെ (ചേര്‍പ്പ്‌) വിദ്യാഭ്യാസരംഗത്തില്‍ തിളങ്ങി നിന്നിരുന്ന വിദ്യാലയമായിരുന്നു പള്ളി സ്കൂള്‍ എന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന ജൂനിയര്‍ ബേസിക് സ്കൂള്‍ (JBS). ഒന്ന് മുതല്‍ അഞ്ചു വരെ ക്ലാസുകള്‍ മാത്രം ഉണ്ടായിരുന്ന, ഓടിട്ട ഒരു പഴയ കെട്ടിടത്തില്‍ ഒതുങ്ങിയ, ഒരു ചെറിയ സര്‍ക്കാര്‍ സ്കൂള്‍. . ചേര്‍പ്പ്‌ ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലൂടെ പുറത്തേക്കിറങ്ങി പുത്തന്‍കുളത്തിലേക്കുള്ള (ചേര്‍പ്പ്‌ ഭഗവതി ക്ഷേത്രത്തിന്റെ ഔദ്യോഗിക കുളം) വഴിയിലൂടെ ശങ്കരന്‍ നായരുടെ കടയും പിന്നിട്ടു ഒരു അഞ്ചു മിനിട്ട് നടന്നാല്‍ പാത രണ്ടായി പിരിയും. അവിടെ ഇടത്തോട്ട് തിരിഞ്ഞാല്‍ അല്പം മുമ്പിലായി സ്കൂളിന്റെ ഗേറ്റ് കാണാം. 1990 ജൂണ്‍ മാസം രണ്ടാം ക്ലാസ്സില്‍ ചേര്‍ക്കാന്‍ മുത്തശ്ശി എന്നെ ആദ്യമായി പള്ളി സ്കൂളിലേക്ക് കൊണ്ടുപോയപ്പോള്‍ മഴക്കാലത്ത്‌ ചെറിയ വെള്ള ചാട്ടങ്ങളും, കുത്തിയൊലിക്കുന്ന 'ടോറന്റുകളാലും'പ്രക്ഷുബ്ധമാകുന്ന ഒരു  മണ്‍പാത ആയിരുന്നു ഈ അമ്പലം-അമ്പലക്കുളം ഹൈവേ. പിന്നീടുള്ള മൂന്നു വര്‍ഷത്തേക്ക് ഞാന്‍ സ്കൂളിലേക്ക് പോയിരുന്നത് ഈ വഴിയിലൂടെ ആയിരുന്നു. അമ്പലത്തിലൂടെ പോയാല്‍ അഞ്ചുമിനിട്ട് കൊണ്ട് സ്കൂളിലെത്താം, ഉച്ചക്ക്‌ ചോറുണ്ണാന്‍ വീട്ടിലേക്ക്‌ വരാം, രാവിലെ പോകുമ്പോള്‍ ഉച്ചക്ക്‌ ശേഷമുള്ള പിരീഡുകളുടെ പുസ്തകം എടുക്കേണ്ട  (ഉച്ചക്ക്‌ ഉണ്ണാന്‍ വരുമ്പോള്‍ എടുത്താല്‍ മതിയല്ലോ) എന്നതുകൊണ്ട് ബാഗിന് കനവും കുറയും: അങ്ങനെ സ്കൂള്‍ അടുത്തായത് കൊണ്ടുള്ള ഗുണങ്ങള്‍ ഏറെ ആയിരുന്നു. ഒന്നാം ക്ലാസ്സില്‍ ഒരുകിലോമീറ്ററിലധികം ദൂരെയുള്ള CNN സ്കൂളിലേക്ക് നടന്നു പോയിരുന്ന എനിക്ക് സത്യത്തില്‍ ഇതൊക്കെ ഒരു ലോട്ടറി അടിച്ചതിനു സമമായിരുന്നു. അതുകൊണ്ട് തന്നെ പുതിയ സ്കൂള്‍ എനിക്ക് വളരെ വേഗം ഇഷ്ടപ്പെട്ടു.

ഉച്ചക്ക്‌ ഒരു മണിക്ക് ബെല്‍ അടിച്ചാല്‍ ഞാന്‍ ബാഗുമെടുത്ത് വീട്ടിലേക്ക്‌ ഓടും. പടിഞ്ഞാറേ ഗോപുരത്തിന്റെ വാതില്‍ ഉള്ളില്‍ നിന്ന് കുറ്റി ഇട്ടിട്ടുണ്ടാകുമെങ്കിലും വാതിലിന്റെ അഴികള്‍ക്കിടയിലൂടെ കൈ കടത്തി അനായാസം തുറക്കാന്‍ അന്നേ ഞങ്ങള്‍ പഠിച്ചിരുന്നു. അതുകൊണ്ട് പടിഞ്ഞാറേ ഗോപുര വാതില്‍ ഒരു പ്രശ്നമായിരുന്നില്ല. എന്നാല്‍ ചില ദിവസങ്ങളില്‍, അമ്പലത്തില്‍ പശുവിനെ കെട്ടിയിട്ടുണ്ടെങ്കില്‍, കിഴക്കേ നടയിലെ ഓറഞ്ച് വര്‍ണ്ണത്തിലുള്ള വലിയ ഇരുമ്പു വാതില്‍ പുറമേ നിന്ന് കുറ്റി ഇട്ടിട്ടുണ്ടാകും. പിന്നെ അത് തുറക്കാന്‍ ഉള്ള ഏക വഴി വാതിലില്‍ ശക്തിയായി അടിക്കുക എന്നതാണ്. ശബ്ദം കേട്ട് അമ്മയോ, മുത്തശ്ശിയോ അതോ തറവാട്ടില്‍ നിന്നും ചേച്ചിയമ്മയോ വന്നു വാതില്‍ തുറന്നു തരും. ഇങ്ങനെ ഞാന്‍  വീട്ടിലെത്തുമ്പോഴേക്കും മുത്തശ്ശന്റെ ഊണ് പകുതി ആയിട്ടുണ്ടാകും. പിന്നെ വേഗം ചോറുണ്ട് ഉച്ചക്ക്‌ ശേഷമുള്ള വിഷയങ്ങളുടെ പുസ്തകം എടുത്ത്‌ ബാഗിലാക്കി തിരികെ സ്കൂളിലേക്ക് പോകാന്‍ റെഡി ആയി നിക്കും. തിരിച്ച് പോകുമ്പോള്‍ മുത്തശ്ശനും എന്റെ ഒപ്പം വരും: പടിഞ്ഞാറേ നട വരെ. മുത്തശ്ശനു 'ടാറ്റാ' കൊടുത്ത്‌  ഞാന്‍ അമ്പലത്തില്‍ കേറാന്‍ സമയം ഊരി കയ്യില്‍ പിടിച്ച ചെരുപ്പ്‌ ഇട്ടു നേരെ സ്കൂളിലേക്ക് നടക്കും. ഞാന്‍ സ്കൂളിലേക്ക് ഉള്ള വളവു തിരിയുന്ന വരെ മുത്തശ്ശന്‍ പടിഞ്ഞാറേ നടയിലെ പച്ചനിറത്തിലുള്ള വാതിലിന്റെ വലിയ അഴികളില്‍ പിടിച്ച് എന്നെ തന്നെ നോക്കി നില്‍ക്കും. ചില ദിവസങ്ങളില്‍ വൈകുന്നേരം നാലുമണി ആകുമ്പോള്‍  ഞാന്‍ സ്കൂള്‍ വിട്ടു വരുന്നതും നോക്കി മുത്തശ്ശന്‍ ഇതുപോലെ അവിടെ വന്നു നില്‍ക്കുമായിരുന്നു. അന്നൊക്കെ മുത്തശ്ശന്‍ ഇങ്ങനെ എന്റെ ഒപ്പം വരുന്നത് എനിക്കിഷ്ടമായിരുന്നില്ല. വലിയ കുട്ടി ആയി എന്നാ ഭാവമായിരുന്നു അന്ന് എനിക്ക്. സ്വന്തം കാലില്‍ നിവര്‍ന്നു നില്‍ക്കാനും, ഒറ്റയ്ക്ക് ഇന്ത്യ മൊത്തം സഞ്ചരിക്കാനും പ്രാപ്തി ആയപ്പോഴേക്കും  വര്‍ഷങ്ങള്‍ക്കു മുമ്പ്‌ എന്നെ മാത്രം ശ്രദ്ധിച്ച് നിന്നിരുന്ന ആ കണ്ണുകള്‍ എന്നന്നേക്കുമായി അടഞ്ഞുപോയിരുന്നു. പിന്നീടുള്ള ഏകാന്ത യാത്രകളിലാണ് എനിക്ക് അന്ന് ലഭിച്ച ഭാഗ്യത്തെ കുറിച്ചും നഷ്ടമായ സ്നേഹത്തെ കുറിച്ചും ഞാന്‍ ശരിക്കും ബോധവാനായത്. 

ഞാന്‍ അമ്പലം-അമ്പലക്കുളം ഹൈവേയിലെ നിത്യ സഞ്ചാരിയായിരുന്ന കാലത്ത്‌ പടിഞ്ഞാട്ടുമുറിക്കാരുടെ സൂപ്പര്‍ മാര്‍ക്കറ്റ്‌ ആയിരുന്നു ശങ്കരന്‍ നായരുടെ കട. റോഡില്‍ നിന്നും അല്പം ഉയരത്തിലായിരുന്നു കടയിലേക്ക് പ്രവേശിക്കാന്‍ മൂന്നു  പടികള്‍ കയറണം. നാരങ്ങ മിഠായിയും, പല്ലോട്ടിയും, സമചതുരത്തിലുള്ള കപ്പലണ്ടി മിഠായിയും ഒക്കെ നിറച്ച ചില്ലുകുപ്പികള്‍ വസിക്കുന്ന ഒരു ചെറിയ മേശയും, അതിനു ഇടത്തായി ഒരു ത്രാസും, നിലത്ത്‌ നിരത്തി വെച്ചിരിക്കുന്ന അത്യാവശ്യം പച്ചക്കറികളും പിന്നെ ശങ്കരന്‍ നായരും ആണ് ആ കടയിലെ അന്തേവാസികള്‍. അക്കാലത്ത്‌ പള്ളിസ്കൂളില്‍ കൊല്ലവര്‍ഷ പരീക്ഷക്ക്‌ നല്ല മാര്‍ക്ക്‌ വാങ്ങിയവര്‍ക്കുള്ള സമ്മാനം വിതരണം ചെയ്തിരുന്നത് ആഗസ്റ്റ്‌ 15നു ആയിരുന്നു. മൂന്നാം ക്ലാസ്സില്‍ നല്ല മാര്‍ക്ക്‌ വാങ്ങിയതിനു എനിക്ക് കുട്ടിയ സമ്മാനങ്ങളായ 12 നിറങ്ങളും ഒരു ചെറിയ ബ്രഷും അടങ്ങിയ വാട്ടര്‍ കളര്‍ ബോക്സ്, ഒരു സ്റ്റീല്‍ ഗ്ലാസ്‌, രണ്ടു പുത്തന്‍ അഞ്ചുരൂപാ നോട്ടുകള്‍ അടങ്ങിയ മഞ്ഞ കവര്‍ എന്നിവ വാങ്ങി അസംബ്ലിയില്‍ വിതരണം ചെയ്ത മിഠായിയും തിന്നു തിരികെ വീട്ടിലേക്ക്‌ വരുന്ന വഴി കച്ചവടത്തില്‍ സ്വതവേ കര്‍ക്കശ്യക്കരനായ ശങ്കരന്‍ നായര്‍ എന്നെ കടയിലേക്ക് വിളിച്ചപ്പോള്‍ അസംബ്ലിയില്‍ ഹെഡ് മാഷുടെ കയ്യില്‍ നിന്ന് സമ്മാനം വാങ്ങുമ്പോള്‍ ഉണ്ടായ സന്തോഷം മൊത്തം ചോര്‍ന്നു പോയിരുന്നു എന്ന് ഇപ്പോള്‍ എനിക്ക് നിസ്സംശയം പറയാം. മടിച്ച് മടിച്ച് കടയിലേക്ക് കയറിയ എന്നെ എതിരേറ്റത് കയ്യില്‍ നാരങ്ങ മിഠായിയുമായി നില്‍ക്കുന്ന ശങ്കരനായരാണ്. ഞാന്‍ വേഗം തന്നെ അത് വാങ്ങി വീട്ടിലേക്ക്‌ ഓടി. സ്വാതന്ത്ര്യ ദിനത്തില്‍ ഉള്ള ഈ മിഠായി വിതരണം എല്ലാ വര്‍ഷവും ഉള്ള പതിവ് ആണെന്ന് പിന്നെ ആരോ പറഞ്ഞറിഞ്ഞു. ഇന്നിപ്പോള്‍ ശങ്കരന്‍നായരുടെ കട ഉടമസ്ഥനോടൊപ്പം കാലയവനികകള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്നു. വിദേശ ഭക്ഷ്യ വസ്തുക്കള്‍ മുതല്‍ നാടന്‍ ഉമിക്കരി വരെ ലഭിക്കുന്ന ശീതീകരിച്ച വമ്പന്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അരങ്ങു വാഴുന്ന ഈ പുതിയ യുഗത്തില്‍ മനസ്സില്‍ ഇത്തിരി നന്മ കൊണ്ടുനടക്കുന്ന ശങ്കരന്‍ നായരെ പോലുള്ള ചെറിയ കച്ചവടക്കാര്‍ പോന്നുരുക്കുന്നിടത്തെ പൂച്ചയെപോലെ ആയിക്കഴിഞ്ഞിരിക്കുന്നു; അന്യമായികൊണ്ടിരിക്കുന്ന നാട്ടിന്‍പുറനന്മകളുടെ തട്ട് കുറച്ചു കൂടി താഴ്ന്നിരിക്കുന്നു.

1 comment:

Jefu Jailaf said...

ചിതലരിക്കാത്ത നിത്യ സ്മാരകങ്ങള്‍..ഒരമ്മകളില്‍ നിറച്ച്ചാര്ത്തായ് പെയ്തിറങ്ങുന്നു..