February 11, 2014

ദില്ലിയിലേക്ക്!

ഉച്ചക്ക് പന്ത്രണ്ടു മണി കഴിഞ്ഞു മുപ്പത്തിയാറാം മിനിറ്റില്‍ ജെറ്റ് എയര്‍വെയ്സിന്റെ വിമാനം ദില്ലി വിമനാത്താവളത്തിലെ ടെര്‍മിനല്‍ മൂന്നില്‍ ഇറങ്ങിയപ്പോള്‍ നിര്‍ദ്ദിഷ്ട ലാണ്ടിംഗ് സമയം കഴിഞ്ഞു ഇരുപത്തഞ്ചു മിനിറ്റുകള്‍ കൂടി പിന്നിട്ട് കഴിഞ്ഞിരുന്നു. ബാഗു കിട്ടി പുറത്ത് കടന്നു ടാക്സി പിടിച്ചപ്പോഴേക്കും ഒരു മണി കഴിഞ്ഞു. വിമാനത്താവളത്തിലെ തിരക്കുകള്‍ പിന്നിട്ട് വീതിയേറിയ പാതയിലൂടെ കാര്‍ പാഞ്ഞു. പാതയുടെ ഇരു ഭാഗത്തും പച്ച പുല്‍ത്തകിടി; അതില്‍ നിര നിരയായി പലതരം മരത്തൈകള്‍ വെച്ചു പിടിപ്പിച്ചിരിക്കുന്നു. ദില്ലിയുടെ സമ്പത്തില്‍ സ്വപ്‌നങ്ങള്‍ നെയ്യാന്‍ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നും കുടിയേറിയ തൊഴിലാളികള്‍ ഈ മരത്തൈകളുടെ ഇത്തിരി തണലില്‍ ഇരുന്നു റൊട്ടി ഭക്ഷിക്കുന്നത് കാണാം. പാതയുടെ വലതു ഭാഗത്ത് കൂറ്റന്‍ കണ്ണാടി ബഹുനില മന്ദിരങ്ങള്‍ ഉയരുകയാണ്. പാതക്കപ്പുറത്ത് മരത്തൈകളുടെ തണലില്‍ ഇരുന്നു റൊട്ടി തിന്നുന്ന പാവങ്ങളുടെ അധ്വാനത്തെക്കാള്‍ അവയില്‍ പ്രതിഭലിക്കുന്നത് പണത്തിന്റെ ഹുങ്ക് ആണ്. വിമാനത്താവളത്തിന്റെ പരിധി വിട്ടാല്‍ പാതയുടെ ഇരു വശവുമുള്ള പച്ചപ്പുല്‍ത്തകിടി കുറ്റിക്കാടുകള്‍ക്ക് വഴിമാറും; തിളങ്ങുന്ന സ്ഫടിക ഗോപുരങ്ങള്‍ വൃത്തിഹീനമായ ധാബകള്‍ക്കും കടകള്‍ക്കും വഴിമാറും. ഇനി അങ്ങോട്ട്‌ നീണ്ടു കിടക്കുന്നതാണ് ദില്ലി: ഇന്ത്യാ മാഹരാജ്യം ഭരിക്കാന്‍ സായിപ്പുണ്ടാക്കിയ ന്യൂ ദില്ലിയും, മുഗളന്മാര്‍ ഉണ്ടാക്കിയ ഓള്‍ഡ്‌ ദില്ലിയും, ഇവയെ ബന്ധിപ്പിക്കാന്‍ ഒരു മലയാളി മുന്‍കൈ എടുത്തുനിര്‍മ്മിച്ച, പത്താം നൂറ്റാണ്ടിലെ ജനങ്ങള്‍ക്ക് ഇരുപൊത്തോന്നാം നുറ്റാണ്ടിന്റെ യാത്ര എന്ന് വിദേശികള്‍  പാടിയ വിഖ്യാതമായ ദില്ലി മെട്രോയും.ഇവിടെ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ ഒരു യാത്ര ആണ്: സ്വപ്നങ്ങളിലേക്കുള്ള യാത്ര.

No comments: