April 18, 2014

സ്വർഗ്ഗം

സദാ ചലിച്ചിട്ടും എങ്ങുമെത്താൻ പറ്റാതെ പഴയ ഘടികാരത്തിന്റെ മരക്കൂടിനുള്ളിൽ ഒരു കാഴ്ചവസ്തുവായ് തടവിലാക്കപ്പെട്ട പെൻഡുലം പോലെ അശക്തനാകുക എന്നതിൽ കവിഞ്ഞൊരു ദുരവസ്ഥയില്ല, ഈ ഭൂമിയിൽ.

ഒഴിവുദിവസം വീട്ടിൽനിന്നും കിലോമീറ്ററുകൾ അകലെ ഇരുട്ടുമൂടിയ ഹോട്ടൽമുറിയിൽ പുറത്തു വഴിയിലൂടെ പോകുന്ന വണ്ടികളുടെ ശബ്ദവും കേട്ട് തനിച്ചിരിക്കുക എന്നതിൽ കവിഞ്ഞൊരു ശിക്ഷയില്ല, ഈ ഭൂമിയിൽ.

ആ വാഹനങ്ങൾ യാത്രയിലാണ്. ലക്ഷ്യം ഏതാണ് എന്നറിയില്ലെങ്കിലും അവരൊക്കെ സ്വന്തം വീടിന്റെ സുരക്ഷയിലേക്കും സ്നേഹച്ചൂടിലേക്കുമാണ് തിരക്കിട്ടുപോകുന്നതെന്ന് ചിന്തിക്കാനാണെന്റെ മനസ്സു സ്വകാര്യം പറയുന്നത്. ശബ്ദങ്ങളുടെ നിശ്ശബ്ദമായ ഇടവേളകളിൽ ഈ ചിന്ത എന്നിൽ അസൂയ നിറക്കുന്നു. എന്നാണ് എന്നെ വീട്ടിൽ കൊണ്ടുപോകാൻ മുഴങ്ങുന്ന ശബ്ദത്തിന്റെ അകമ്പടിയോടെ സന്തോഷത്തിന്റെ ഏഴുകുതിരകളെ പൂട്ടിയ രഥം വരുക? ഈ ഒരു അനിശ്ചിതത്വത്തേക്കാൾ വലിയ വിഷമവുമില്ല, ഈ ഭൂമിയിൽ.

ഏതു വലിയ കോട്ട സ്വന്തമായാലും, എത്ര സമ്പന്നമായ കൊട്ടാരം പ്രാപ്യമായാലും,ഞാൻ മടങ്ങും; 
എന്റെ വീട്ടിലേക്ക്,എന്റെ സ്വർഗത്തിലേക്ക്.
തിരികെ ചെല്ലുമ്പോൾ അമ്മയുടെ കണ്ണിൽ സന്തോഷം ഒരു തുള്ളിയായ് നിറയുന്നതും, 
അഛന്റെ മുഖത്ത് അടക്കിപിടിച്ച ഒരു കുഞ്ഞില വിരിയുന്നതും, 
മുത്തഛന്റെ ആ വലിയ ചിരിയും, 
യാത്രയുടെ വിവരം അറിയിക്കാത്തതിനു ചേട്ടന്റെ വക കിട്ടുന്ന ശകാരത്തിന്റെ തഴുകലുകളും അല്ലാതെ ഒരു സ്വർഗവും ഇല്ല, ഈ ഭൂമിയിൽ.

No comments: