Skip to main content

ഒരു വേനല്‍സന്ധ്യമഴ

വെള്ളാനവണ്ടി വളവു തിരിഞ്ഞ് കണിമംഗലം പാടത്തെ രണ്ടാക്കി കടന്നുപോകുന്ന പാതയിലേക്ക് എത്തിയപ്പോഴേക്കും കാർമേഘങ്ങൾ ഒരു ചാരനിറമാർന്ന കുട കണക്കെ ആകാശമാകെ പടർന്നിരുന്നു. പാടത്തിന്റെ കിഴക്കെ അറ്റത്ത് ഒരു മൂടൽമഞ്ഞുപോലെ വേനൽ മഴ പടർന്നുകയറുന്നതുംകൊണ്ടാണ് ബസ് ഗ്രാമഹൃദയത്തിലേക്ക് പ്രവേശിച്ചത്. നിമിഷങ്ങൾക്കുള്ളിൽ മഴയിങ്ങെത്തി. തുറന്ന ജനലുകളില്‍ കൂടി മഴത്തുള്ളികള്‍ തണുപ്പിന്റെ തലോടലുകള്‍ സമ്മാനിക്കവേ യാത്രക്കാർ ബസിന്റെ ഷട്ടറുകൾ തിരക്കിട്ടു താഴ്ത്തുകയും അന്തർഭാഗത്തെ ഇരുട്ടിനു കനം കൂടുകയും ചെയ്തു. പുറത്ത് മഴ കനക്കുകയായിരുന്നു; തകരമേൽക്കൂരയിൽ തുള്ളികൾ വീണുടയുന്ന ശബ്ദം റോഡിലെ വാഹനങ്ങളുടെ ആക്രോശങ്ങളേക്കാൾ വ്യക്തമായി കേൾക്കാം. പാതയിലെ വെളിച്ചങ്ങള്‍ ബസിന്റെ ചില്ലില്‍ ഒരു വാന്‍ ഗോഗ് ചിത്രം പോലെ കാണപ്പെട്ടു: എ സ്റ്റാറി നൈറ്റ്‌! 

നിമിഷങ്ങള്‍ക്കുമുമ്പ് വേനല്‍ ചൂടിനെ പഴിപറഞ്ഞവര്‍ ചിലര്‍ ഇപ്പോള്‍ അപ്രതീക്ഷിതമായി വന്ന മഴയെപറ്റി അടക്കിയ സ്വരത്തില്‍ പരാതി പറയുന്നുണ്ടായിരുന്നു. അടുത്ത സ്റ്റോപ്പുകളില്‍ ഇറങ്ങേണ്ടവര്‍ ഷട്ടറുകള്‍ പാതി ഉയര്‍ത്തി സ്ഥലം എത്തിയോ എന്ന് ഇടക്കിടക്ക് പരിശോധിച്ചുകൊണ്ടിരുന്നു. 

ഊരകത്തിറങ്ങേണ്ട സമയം ആയപ്പോഴേക്കും മഴ ഒന്നുകൂടി ശക്തിപ്രാപിച്ചിരുന്നു. കൂട്ടിനു നല്ല ഇടിയും മിന്നലും. ഇറങ്ങി നേരെ സ്റ്റോപ്പിലെ ഷെല്‍ട്ടറിലേക്ക് ഓടിക്കയറി. സ്റ്റാന്‍ഡില്‍ ഒരോട്ടോ പോലുമില്ല; എല്ലാവരും മഴയോട്ടച്ചാകര കൊയ്യുന്നതിന്റെ തിരക്കിലാണ്. ഇനിയിപ്പോള്‍ മഴ കുറയുന്നവരെ കാക്കുക തന്നെ. കടകളുടെ വരാന്തകളില്‍ അക്ഷമ മനുഷ്യരുടെ രൂപത്തില്‍ കൂട്ടം കൂടി മഴയെ ശപിച്ചുകൊണ്ട് നില്‍ക്കുന്നുണ്ടായിര്‍ന്നു. കവലയിലെ കപ്പലണ്ടി വില്‍പനക്കാരന്‍ ഇതെല്ലം അവഗണിച്ച് ഉന്തുവണ്ടിയിലെ പെട്രോമാക്സിന്റെ വെളിച്ചത്തില്‍, ടാര്‍പോളിന്റെ സുരക്ഷയില്‍ ഇടപാടുകാരെ പ്രതീക്ഷിച്ച് കപ്പലണ്ടി വറുക്കുന്ന ചീനച്ചട്ടിയില്‍ ഇടക്കിടക്ക് ചട്ടുകം കൊണ്ട് തട്ടി ണിം-ണിം ശബ്ദം ഉണ്ടാക്കിക്കൊണ്ടിരുന്നു. കിഴക്കന്‍ ആകാശത്ത് മിന്നല്‍പിണരുകള്‍ വെള്ളി ഞരമ്പുകള്‍ തീര്‍ക്കുകയും, ഇടി ഹുംകാരശബ്ദം മുഴക്കി മഴയ്ക്ക് വീര്യം പകരുകയും ചെയ്തു. അങ്ങനെ ദിക്കെങ്ങും മുഴങ്ങിയ ഒരു ഇടിയില്‍ കറണ്ടും പോയി; ഊരകം സിറ്റി ഇരുട്ടിലാണ്ടു. വാഹനങ്ങളുടെ ഹെഡ്ലൈറ്റിന്റെ പ്രകാശത്തില്‍ മഴത്തുള്ളികള്‍ ചിലന്തിവല നാരുകളെ പോലെ കാണപ്പെട്ടു. അതായിരുന്നു ഇരുട്ടിലെ മഴമാപിനി. മഴ കുറയുന്നതും നോക്കി ഞാനും ആ ഇരുട്ടില്‍ നിലയുറപ്പിച്ചു.

സമയം കടന്നുപോകുന്നതനുസരിച്ച് വരാന്തകളിലെ ജനത്തിരക്കും വര്‍ദ്ധിച്ചു: വൈകുന്നേരം ബാറില്‍ മിനുങ്ങാന്‍ പോയവരും, ഓഫീസില്‍ നിന്നും മടങ്ങുന്നവരും, സന്ധ്യക്ക് 'ഷോപ്പിങ്ങിനു' ഇറങ്ങിയവരുമൊക്കെ ആ കൂട്ടത്തില്‍ പെടും. അര മണിക്കൂര്‍ കഴിഞ്ഞിട്ടും മഴ കുറയുന്ന ലക്ഷണം ഒന്നും കാണാനുമില്ല. ക്ഷമ നശിച്ച ചിലര്‍ വരുന്നത് വരട്ടെ എന്ന മട്ടില്‍ വരാന്തയുടെ സുരക്ഷ വിട്ടു പുറത്തേക്ക് ഇറങ്ങി. രണ്ടും കല്പിച്ചു ഞാനും കുട നിവര്‍ത്തി ഇറങ്ങി: നനഞ്ഞ ഇരുട്ടിലേക്ക്, അളന്നു വെക്കുന്ന ചുവടുകളുമായി മൊബൈലിന്റെ ഫ്ലാഷ് വെളിച്ചത്തില്‍ മഴത്തുള്ളി നാരുകളുടെ ഇടയിലൂടെ വീട്ടിലേക്ക്..

Comments

ജനപ്രിയ പോസ്റ്റുകള്‍

കറന്‍സി രഹിത ലോകം

യൂറോപ്യന്‍ രാജ്യമായ സ്വീഡന്‍ 2020ആകുമ്പോഴേക്കും ലോകത്തിലെ ആദ്യ കറന്‍സി രഹിത രാജ്യമായി മാറാന്‍ തയ്യാറെടുക്കുകയാണ്. ബിറ്റ് കോയിന്‍ പോലുള്ള രാജ്യാന്തര-സ്വതന്ത്ര ക്രിപ്ടോകറന്‍സികളും വേരുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. തുടങ്ങിയിരിക്കുന്നു. ഇടപാടുകള്‍ അതിവേഗം നൂതനസംവിധാനങ്ങലിലെക്ക് മാറുകയാണ്. ഇതെല്ലാം കാണാതെ നാം കണ്ണടച്ചു ഇരുന്നാല്‍ രണ്ടോ മൂന്നോ ദശാബ്ദങ്ങള്‍ കൊണ്ട് നമ്മുടെ ലോകം പൊട്ടക്കിണര്‍ മാത്രമായി ചുരുങ്ങും. അതുകൊണ്ട് തന്നെ കറന്‍സി രഹിത സമ്പദ് വ്യവസ്ഥ എന്നത് വിപ്ലവകരമായ, നല്ല ഒരാശയാമാണ്.
ഇന്ത്യയെ പോലെ ഭൂമിശാസ്ത്രപരമായും, ജനസംഘ്യാപരമായും, സാംസ്കാരികമായും വൈവിധ്യമുള്ള ഒരു രാജ്യത്ത് ഇരുപതോ-ഇരുപത്തഞ്ചോ വര്‍ഷംകൊണ്ട് മാത്രമേ ഇത്തരമൊരു നീക്കം സാധ്യമാകു. കൃത്യമായ തയ്യാറെടുപ്പോടെ നടത്തേണ്ട ഒരു വലിയ എക്സര്‍സൈസ് ആണ് കറന്‍സി ഡിജിറ്റൈസേഷന്‍.
എന്താണ് ഈ ഡിജിറ്റല്‍ കറന്‍സി? കറന്‍സി രഹിതം എന്ന് പറയുമ്പോള്‍ 'രൂപ' അപ്രത്യക്ഷമാകാന്‍ പോകുന്നില്ല. ഇപ്പോള്‍ കറന്‍സി നോട്ടായും നാണയങ്ങളായും ഉള്ള പണത്തിന്‍റെ വിനിമയം കുറയ്ക്കുകയാണ് (ആത്യന്തികമായി പൂര്‍ണ്ണമായും ഇല്ലാതാക്കുക) 'കറന്‍സി രഹിതം' എന്നതുകൊണ്…

പറവ

പറവ എന്ന സിനിമ കണ്ടു തീയറ്ററില്‍ നിന്നുമിറങ്ങുമ്പോള്‍ മനസ്സില്‍ ഒരു വിങ്ങലായിരുന്നു; ഒരു പക്ഷെ ശോഭാ മാളിലെ ഐനോക്സില്‍ കണ്ടതുകൊണ്ടാകണം അത്രയും വിങ്ങല്‍ അനുഭവപ്പെട്ടത്. വളരെ കാലത്തിനു ശേഷമാല്ലെങ്കിലും ഒരു കൂതറ പടം തീയറ്ററില്‍ പോയി കണ്ടതിന്‍റെ എല്ലാ വിധ ആത്മനൊമ്പരവും ഇന്നത്തെ സായം സന്ധ്യയില്‍ എന്റെ മനസ്സില്‍ തെളിഞ്ഞു വന്നു.
കുറച്ച് രക്ഷാധികാരി ബൈജു (ക്ലബും, പത്ത് മുപ്പതു വയസ്സായിട്ടും കളിച്ചു നടക്കുന്ന കുറെ ടീംസും), കുറച്ചു ഗപ്പി (ആ രണ്ടു പയ്യന്മാര്‍), കുറച്ചു 1984(ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ട നഷ്ടോള്‍ജിയ),ന്യുജെന്‍ പടങ്ങളുടെ ഈറ്റില്ലമമായ മട്ടാഞ്ചേരി-കൊച്ചി ലൊക്കേഷന്‍ ആന്‍ഡ്‌ സ്ലാങ്ങ്‌,  അങ്ങനെ കണ്ടു മറന്നതും, മറക്കാത്തതുമായ പല സിനിമകളുടെയും പ്രേതങ്ങള്‍ പറവയെ ആവേശിച്ചതായി തോന്നി. ആകെ മൊത്തം എല്ലാം കൂടി ടി പ്രേതങ്ങളുടെ ഒരു ഭാര്‍ഗവിനിലയം!
പറയത്തക്ക കഥ ഒന്നും ഇല്ല; അതും ഈ അടുത്ത കാലത്തെ സിനിമകളുടെ ഒരു പ്രത്യേകതയാണല്ലോ. ഇടക്കാലത്ത് ചില തമിഴ് പടങ്ങളില്‍ കണ്ടിട്ടുള്ള ഒരു ചെറുപ്രദേശത്തെ 'കളി' ഭ്രാന്തും, അതിലെ ചാമ്പ്യന്മാരാകാന്‍ രണ്ടു ഗ്രൂപ്പുകള്‍ നടത്തുന്ന ശ്രമങ്ങളും സിനിമയുടെ ഒ…

ടു ജിയോ ഓര്‍ നോട്ട് ടു ജിയോ

റിലയന്‍സ് ജിയോ ഈ കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ച ഓഫറിന്റെ പൊള്ളത്തരങ്ങള്‍ എണ്ണമിട്ടെഴുതിയ എന്റെ ഒരു സുഹൃത്തിന്റെ ഒരു ലേഖനമാണ് ഇപ്പോള്‍ ഇങ്ങനെ ഒരു വിശകലനം നടത്താന്‍ എന്നെ പ്രേരിപ്പിച്ചത്. ഒറ്റനോട്ടത്തില്‍ വളരെ നല്ലത് എന്ന് തോന്നുമെങ്കിലും കറകളഞ്ഞ വ്യാപാരിയായ മുകേഷ് അംബാനി ഒന്നും കാണാതെ പോതുജനോദ്ധാരണം മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാനുള്ള സാധ്യത വളരെ കുറവാണ് എന്നൊരു തിരിച്ചറിവും നമുക്ക് വേണം. വിഷയത്തിലേക്ക് വരാം:
എന്താണ് ജിയോ ഓഫര്‍? കേവലം 1500 രൂപ ജിയോയില്‍ 'നിക്ഷേപിച്ചാല്‍' മൂന്നു വര്‍ഷത്തേക്ക് ഉപയോഗിക്കാന്‍ ഒരു ഫോണ്‍ അവര്‍ തരുന്നു. കാലാവധി കഴിയുമ്പോള്‍ ഫോണ്‍ തിരികെ നല്‍കിയാല്‍ നിക്ഷേപം തിരികെ തരും. ഈ കാലയളവില്‍ 149രൂപ/309 രൂപ മുതലായ മാസ വരിസംഖ്യ (28 ദിവസം) നല്‍കിയാല്‍ ജിയോ സേവനങ്ങള്‍ ഉപയോഗിക്കാം.
ഒറ്റനോട്ടത്തില്‍ വളരെ നല്ല പ്ലാന്‍. ഇനി നമുക്ക് ഒന്ന് വിശദമായി നോക്കാം:
സൌജന്യ ഫോണ്‍  മൂന്നു വര്‍ഷത്തിനു ശേഷം ഫോണ്‍ തരികെ നല്‍കി ആദ്യം നല്‍കിയ നിക്ഷേപം തിരികെ കിട്ടുമ്പോള്‍ മാത്രമാണ് നിങ്ങള്‍ക്ക് ഫോണ്‍ 'സൌജന്യമായി ലഭിച്ചു' എന്ന് പറയാന്‍ സാധിക്കു. മൂന്നു വര്‍ഷത്തിനുള്ളില്‍ ഫ…