October 29, 2014

വാട്സാപ്പ്!!


വാട്സാപ്പ് ഗ്രൂപ്പുകൾ രാഷ്ട്രീയപാർട്ടികളെ പോലെയാണ്

കാക്കത്തൊള്ളായിരം ഗ്രൂപ്പുകൾ: ഇഷ്ടമുള്ളപ്പോൾ ചേരാം, ഇഷ്ടമുള്ളപ്പോൾ വിടാം. പഴയ ഫോൺ കമ്പനി പരസ്യം പോലെ സംഖ്യകൾക്കുപിന്നിലെ അരൂപിയായ നിഴലുകൾ. ആരൊക്കെയാണ് ഗ്രൂപ്പിലുള്ളതെന്ന് ദൈവം തമ്പുരാനുകൂടി അറിയില്ല.

ആർക്കും എന്തും പറയാം: ചളി തമാശകൾ മുതൽ ഉദാത്തമായ സാഹിത്യം വരെ, ലോകത്തിന്റെ ഏതു കോണിൽ നിന്നുമുള്ള തമാശ ക്ലിപ്പുകൾ തൊട്ട് ദൈവത്തിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന അസുരകൃത്യങ്ങളുടെ വരെ. ആർക്കും എന്തും പറയാം. പിന്നാലെ പ്രതികരണ ഓലപ്പടക്കസ്ഫോടനങ്ങളുടെ തീയും, പുകയും, കോലം കത്തിക്കലും, ലാത്തിച്ചാർജും. എതിരാളികൾ പിളർന്ന് പുതിയ ഗ്രൂപ്പും തുടങ്ങിയേക്കാം.

തുടങ്ങുമ്പോൾ എല്ലാരും ഭയങ്കര ഉത്സാഹകമിറ്റിയാണ്. ഇലക്ഷനു മുമ്പുള്ള ദിനങ്ങളിലേതുപോലെ. ലോക സമാധാനവും രക്ത ദാനവും തൊട്ട് ദാരിദ്ര്യ നിർമാജനം വരെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. എന്നാൽ ദിവസങ്ങൾ കഴിയുമ്പോൾ ഇലക്ഷൻ ജയിച്ച ജനപ്രതിനിധിമാരെ പോലെ മഷിയിട്ടുനോക്ക്യാ പോലും ആരേം കാണില്ല. വിപ്ലവതത്വചിന്തകൾ ഫോർവേർഡ് വന്ന സ്ഥലത്ത് ഗുഡ് മോണിംഗാഫ്റ്റർനൂൺനൈറ്റുകൾ മാത്രം.

അവസാനം ഗ്രൂപ്പിൽ പാറ്റകൾ വിലസി തുടങ്ങുമ്പോൾ ദയാവധം. അടുത്ത നിമിഷം പുതിയ പേരിൽ, പുതിയ ചിഹ്നത്തിൽ പുനർജനനം!! ചക്രം വീണ്ടും കറങ്ങട്ടെ!!

No comments: