September 02, 2015

പ്രിഡെസ്റ്റിനേഷന്‍ (Predestination)



ചില സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ ഇതുപോലെയാണ്: ഒച്ചയും, ബഹളങ്ങളും, സ്പെഷല്‍ എഫ്ഫക്ടുകളും, ഭൂമിയെ നശിപ്പിക്കാന്‍ വരുന്ന ഭീമന്‍ റോബോട്ടുകളും, അന്യഗ്രഹജീവികളും ഒന്നും ഉണ്ടാകില്ല. പകരം ഒരിക്കലും അഴിക്കാന്‍ പറ്റാത്ത, മനസ്സിനെ ഒരു അവസാനമില്ലാത്ത കുരുക്കില്‍ തളച്ചിടുന്ന പ്രമേയം മാത്രമേ ഉണ്ടാകു. അങ്ങനെ ഒരു സിനിമ ആണ് പ്രി ഡെസ്റ്റിനേഷന്‍ എന്ന ആസ്ത്രേല്യന്‍ ചിത്രം.

സമയ സഞ്ചാരം ഹോളിവുഡിനോരു പുതിയ പ്രമേയമേഅല്ല. എന്നാല്‍ സമയ സഞ്ചാരത്തിന്റെ സാദ്ധ്യതകളെ ഇതുപോലെ വിഭാവനം ചെയ്ത ഒരു ചിത്രം ഉണ്ടെന്നു തോന്നുന്നില്ല. സമയസഞ്ചാരത്തെ പറ്റി പറയുമ്പോള്‍ ആദ്യം ഓര്‍മ വരുന്ന 'ഗ്രാന്‍ഡ്‌ഫാദര്‍ പാരഡോക്സ്' പോലെ ഒരു എട്ടിന്റെ പണിയാണ് പ്രിഡെസ്റ്റിനേഷന്‍ മുന്നോട്ട് വെക്കുന്നത്.

ഈ പ്രപഞ്ചത്തില്‍ തികച്ചും ഒറ്റപ്പെട്ടു പോയ ചില ജീവനുകള്‍ അപൂര്‍വമായെങ്കിലും ജന്മമെടുക്കുന്നു. സ്വന്തം മനസ്സല്ലാതെ വേറെ ഒരു കൂട്ട് ഇവര്‍ക്കന്യമത്രെ. അങ്ങനെ ഒറ്റപ്പെട്ടുപോയ ഒരു ജീവന്റെ വളര്‍ച്ചയും, കാലാന്തരത്തില്‍ അതിനു വരുന്ന രൂപ വ്യതിയാനങ്ങളും, ഇതിനൊക്കെ കാരണമായി കാലത്തിന്റെ ഇരുളുകളില്‍ ഒളിച്ചിരിക്കുന്ന പ്രതിനായക വ്യക്തിത്വവുമാണ് നമ്മുടെ മുമ്പില്‍ ചിത്രം അവതരിപ്പിക്കുന്നത്. മുന്‍ഗാമികള്‍ അടയാളപ്പെടുത്തിയ നിയതമായ രേഖയിലൂടെ അന്തിമലക്ഷ്യത്തിലേക്ക് നടന്നടുക്കുന്ന നമ്മുടെ ഭാവി എഴുതപ്പെട്ടുകഴിഞ്ഞ തിരക്കഥയുടെ അനിവാര്യമായ നടനം മാത്രമാണെന്നും അനിശ്ചിതത്വം എന്നത് അറിവില്ലായ്മയുടെ ഉപോല്പന്നം മാത്രമാണെന്നും സംവിധായകന്‍ നമ്മോട് പറയുന്നു.


ഒറ്റവാക്കില്‍: ചിന്തകള്‍ക്കൊരെട്ടിന്റെ പണി!

No comments: