December 10, 2015

നാഷണല്‍ ഹെറാള്‍ഡ് ചുരുളഴിയുമ്പോള്‍

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ച് ഉലച്ചുകൊണ്ടിരിക്കുന്ന ഒരു വിവാദമാണല്ലോ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പെട്ട നാഷണല്‍ ഹെറാള്‍ഡ് കേസ്. മീഡിയയില്‍ വരുന്ന വിവരങ്ങള്‍ മുഴുവന്‍ വിശ്വസിക്കാന്‍ പ്രയാസമുല്ലതുകൊണ്ടും, കേസിലെ പ്രമുഖ രണ്ടു കക്ഷികള്‍ ലിമിടഡ് കമ്പനികള്‍ ആയതുകൊണ്ടും ഒരു ചെറിയ അന്വേഷണം നടത്താന്‍ ഞാന്‍ തിരുമാനിച്ചു, എന്റെ അന്വേഷണത്തില്‍ കണ്ട വസ്തുതകള്‍ താഴെ കൊടുക്കുന്നു.

1. ദി അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ്
1937ല്‍ സ്ഥാപിതമായ ഒരു ലിമിറ്റഡ് കമ്പനി (അനെക്സ് 1) ലെറ്റര്‍ ഹെഡ് പ്രകാരം നാഷണല്‍ ഹെറാള്‍ഡ് എന്ന ഇംഗ്ലീഷ് ദിന പത്രവും, ഖ്വാമി ആവാസ് എന്ന ഉറുദു ദിനപത്രവും അവര്‍ പബ്ലിഷ് ചെയ്യുന്നുണ്ട്. (അനെക്സ് 6). ഇന്നത്തെ (10-12-15) നില പ്രകാരം ശ്രീ.മോത്തിലാല്‍ വോറ ആണ് കമ്പനിയുടെ എം.ഡി. കമ്പനിയുടെ ഡയരക്ടര്‍മാരുടെ ലിസ്റ്റ് അനെക്സ് 2 ആയി കൊടുത്തിരിക്കുന്നു.

2. യങ്ങ് ഇന്ത്യന്‍
2010 നവമ്പര്‍ മാസം സ്ഥാപിതമായ ഒരു 'സെക്ഷന്‍ 25' ലിമിറ്റഡ് ബൈ ഗാരന്ടീ കമ്പനി (അനക്സ് 3). ലാഭെഛ കൂടാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങലാണ് കമ്പനി നിയമത്തിലെ സെക്ഷന്‍ 25 പ്രകാരം സ്ഥാപിക്കുന്നത്. കമ്പനിയുടെ പ്രഥമ ലക്‌ഷ്യം ഇന്ത്യയിലെ യുവ ജനങ്ങളുടെ മനസ്സില്‍ ജനാധിപത്യ/മതേതര ചിന്തകള്‍ വളര്‍ത്തുക എന്നതാണ് (അനക്സ് 4). ശ്രീ സുമന്‍ ദുബെ, ശ്രീ സാം പിട്രോട എന്നിവരാണ് കമ്പനിയുടെ സ്ഥാപകര്‍. സോണിയ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും (യഥാക്രമ 2011ഉം, 2010ഉം മുതല്‍)  ഈ കമ്പനിയുടെ ആറു ഡയരക്ടര്‍മാരില്‍ രണ്ടു പേര്‍ ആണ് (അനക്സ് 5). കമ്പനിയുടെ ബാക്കിയുള്ള നാല് ഡയരക്ടര്‍മാര്‍ ദി അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിലും ഡയരക്ടര്‍മാര്‍ ആണ്.

3. കേസിനാസ്പദമായ സംഭവം 
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്  ദി അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് എന്ന കമ്പനിക്കു 90കോടിയോളം രൂപ ലോണ്‍ കൊടുത്തിരുന്നു. പ്രസ്തുത ലോനിന്മേല്‍ ഉള്ള അവകാശം  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന രാഷ്ട്ടീയ പാര്‍ട്ടി 'യങ്ങ് ഇന്ത്യന്‍' എന്ന കമ്പനിക്ക് എഴുതി നല്‍കുന്നു. അങ്ങനെ 'യങ്ങ് ഇന്ത്യന്' അസോ.ജേര്‍ണല്‍സ് കൊടുക്കേണ്ട സംഖ്യ (Rs 902168980/-) പണമായി നല്‍കുന്നതിനു പകരം കമ്പനിയുടെ  പത്ത് രൂപ മുഖവിലയുള്ള  90216898 ഷെയറുകള്‍ ആയി നല്‍കുന്നു (അനക്സ്  6). യങ്ങ് ഇന്ത്യയുടെ 2012 മാര്‍ച്ച് മാസം 31നു അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ ബാലന്‍സ് ഷീറ്റും, അനുബന്ധ അക്കൌണ്ടിംഗ് പോളിസികളും പരിശോധിച്ചത്തില്‍ നിന്നും പ്രസ്തുത അവകാശം ലഭിക്കാന്‍ അമ്പത് ലക്ഷമാണ് നല്‍കിയത് എന്ന് വ്യകതമായി (അക്കൌണ്ടിങ്ങ് പോളിസി - അനക്സ് 7). അസോ.ജേര്‍ണലിന്റെ ഫിക്സഡ് അസറ്റുകളുടെ (ഇതില്‍ അധികവും 'നിലം' ആണ്) മുഖവില (31/03/2014നു) ഏകദേശം 65 കോടി രൂപയോളം  വരും. അസോ.ജേര്‍ണലിന്റെ ഉടമസ്ഥതയില്‍ ഉള്ള ഈ വസ്തു വാഹകള്‍ക്ക് ഉദ്ദേശം 2000 കോടി രൂപയോളം വില കംപോളത്തില്‍ ലഭിക്കും എന്നാണു ശ്രീ സുബ്രമണ്യന്‍ സ്വാമി പറയുന്നത്. അങ്ങനെ ആയിരക്കണക്കിന് കോടി രൂപ വിലയുള്ള വഹകള്‍ കേവലം അമ്പത് ലക്ഷത്തിനു ഗാന്ധി കുടുമ്പം അടിച്ചു മാറ്റി എന്നും അദ്ദേഹം പറയുന്നു.

4. ഗാന്ധികുടുംബവുമായുള്ള ബന്ധം
ഇപ്പോള്‍ അസോ.ജേര്‍ണലിന്റെ 98.98% ഓഹരികള്‍ കൈവശമുള്ള യങ്ങ് ഇന്ത്യ എന്ന കമ്പനിയില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കൂടി 76% ഓഹരികള്‍ ഉണ്ട് (അനക്സ് 8). അതായത് അസോ.ജേര്‍ണലിന്റെ നിയന്ത്രണം പരോക്ഷമായി ഗാന്ധി കുടുംബത്തിനാണ്‌ എന്ന് വ്യക്തം. ഇതുകൂടാതെ രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ട്രസ്റ്റികള്‍ ആയിട്ടുള്ള രണ്ടു ട്രസ്റ്റുകളും കൂടി അസോ.ജേര്‍ണലിന്റെ 0.34% ഓഹരികള്‍ കൈവശം വെക്കുന്നുണ്ട്. അതായത് അസോ. ജേര്‍ണലിന്റെ 99.32% ശതമാനം ഓഹരികളും നിയന്ത്രിക്കുന്നത് ഗാന്ധി കുടുംബം ആണ്.

5. സംശയങ്ങള്‍ 
(എ) 2010 നവമ്പര്‍ മാസം ഇന്ത്യയിലെ യുവ ജനങ്ങളുടെ മനസ്സില്‍ ജനാധിപത്യ/മതേതര ചിന്തകള്‍ വളര്‍ത്തുക എന്ന ലക്ഷ്യവുമായി സ്ഥാപിതമായ യങ്ങ് ഇന്ത്യ എന്ന കമ്പനി മൂന്നുമാസങ്ങള്‍ക്കുള്ളില്‍ അസോ.ജേര്‍ണല്‍ എന്ന നഷ്ടത്തില്‍ ഓടുന്ന പത്രക്കമ്പനിയെ വിഴുങ്ങുന്നു. എന്തിന്? പത്രം വീണ്ടും തുടങ്ങാന്‍ ആണെങ്കില്‍ ഇത്രയും കാലമായി അതിനു വേണ്ട എന്തെങ്കിലും പ്രവര്‍ത്തികള്‍ അവര്‍ ചെയ്തോ?
(ബി) സ്ഥാപിതമായി നാല്പത് ദിവസത്തിനുള്ളില്‍ സോണിയയും രാഹുലും യങ്ങ് ഇന്ത്യയുടെ ഭൂരിപക്ഷ ഓഹരികള്‍ വാങ്ങി ഡയരക്ടര്‍മാരായി നിയമിക്കപ്പെടുന്നു. എന്തിനു?
(സി) കോണ്ഗ്രസ് പാര്‍ട്ടി അതിനു കിട്ടാനുള്ള 90 കോടി രൂപ കേവലം 50 ലക്ഷത്തിനു പാര്‍ട്ടി പ്രസിഡന്ടും മകനും നിയന്ത്രിക്കുന്ന കമ്പനിക്ക് എന്തിനു നല്‍കി?
(ഡി) ഈ തിരുമാനം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിരുന്നോ? ജനങ്ങളില്‍ നിന്നും പിരിക്കുന്ന ഫണ്ട് ആണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രവര്‍ത്തിക്കാന്‍ ഉപയോഗിക്കുന്നത്. അങ്ങനെ പൊതു ജനങ്ങളുടെ പണം ലോണ്‍ ആയി ഒരു സ്വകാര്യ ബിസിനസ് സ്ഥാപനത്തിനു നല്‍കാമോ? അഥവാ നല്‍കിയാല്‍ തന്നെ ഇത്ര ബാലിശമായി അതിനെ കൈകാര്യം ചെയ്യാമോ?

ഇത്രയും കേട്ടതില്‍ നിന്നും കേസില്‍ ദുരൂഹത ഉണ്ടെന്ന കോടതിയുടെ നിരീക്ഷണം ശരിയാണോ എന്ന് നിങ്ങള്‍ തന്നെ ആലോചിക്കു.

(ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ വിവരങ്ങളും കമ്പനി മന്ത്രാലയത്തിന്റെ സൈറ്റില്‍ നിന്നും എടുത്തിട്ടുള്ളതാണ്  (http://www.mca.gov.in/). സൈറ്റില്‍ ലോഗിന്‍ ചെയ്‌താല്‍ ആര്‍ക്കും ഈ രേഖകള്‍ ലഭിക്കുന്നതാണ്)













1 comment:

സുധി അറയ്ക്കൽ said...

വിശദാംശങ്ങൾ ഈ വായനയിലൂടെയാണു മനസ്സിലായത്‌.