June 20, 2016

സ്വ:ലേയുടെ പത്തു വര്‍ഷങ്ങള്‍



ചേര്‍പ്പിലെ കിഴക്കേ മുറിയില്‍ പഴയ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറില്‍ 'വരമൊഴി'യും, 'അഞ്ജലി ഓള്‍ഡ്‌ ലിപി' ഫോണ്ടും,  ഫയര്‍ഫോക്സില്‍ 'സ്ക്രൈബ്ഫയര്‍' ആഡോണും ഇന്‍സ്റ്റോള്‍ ചെയ്ത്, 'സ്വന്തം ലേഖകന്‍' എന്ന തൂലികാ നാമത്തില്‍  ബ്ലോഗിംഗില്‍ അങ്കം കുറിച്ചിട്ടു ഇന്നു പത്ത് വര്‍ഷമായിരിക്കുന്നു.

പണ്ട് പണ്ട്, പത്തു വര്‍ഷങ്ങള്‍ക്കുമപ്പുറം കാലവര്‍ഷം ഇന്നത്തേത് പോലെ ശുഷ്കമാല്ലാതിരുന്ന ആ രാത്രി, കമ്പ്യൂട്ടറില്‍ എന്റെ ആദ്യ ബ്ലോഗ്‌ പോസ്റ്റ്‌ എഴുതി മുഴുവിക്കാന്‍ കുറച്ചധികം സമയം എടുത്തതായി ഓര്‍ക്കുന്നു. വരമൊഴിയില്‍ അടിച്ചു കയറ്റി, അതിനെ 'യൂണികോഡി'ലേക്ക് മാറ്റി, കോപി-പേസ്റ്റ് ചെയ്താണ് പോസ്റ്റുകള്‍ ബ്ലോഗ്ഗരിലെക്ക് അപ്പ്‌ലോഡ് ചെയ്തിരുന്നത്. 

ആദ്യ പോസ്റ്റ്‌ എഴുതുമ്പോള്‍ എന്റെ സി.എ ആര്‍ട്ടിക്കിള്‍ഷിപ്പിന് പ്രായം മൂന്നുമാസം.പിന്നീട് 'ജോലി' സംബന്ധമായ യാത്രകളും, എന്റെ കൂടപ്പിറപ്പായ മടിയും കാരണം എഴുതല്‍ കുറഞ്ഞു, ഒരു പരിധി വരെ ഇല്ലാതായി എന്ന് തന്നെ പറയാം. ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം, ഫൈനല്‍ പരീക്ഷക്ക് ഒരു മാസം മുമ്പാണ് സ്വ:ലേക്കു ശാപമോക്ഷം ലഭിക്കുന്നത്. ജീവിതത്തിന്റെ ഉയര്‍ച്ച താഴ്ചകളില്‍ എന്റെ മനസ്സിന്റെ, ചിന്തകളുടെ, ഓര്‍മ്മകളുടെ, സ്വപനങ്ങളുടെ ദൂതനായി സ്വലേ തുടരുന്നു; ഇപ്പോഴും. 

പത്ത് വര്‍ഷങ്ങള്‍ മുമ്പ്   മലയാളം ബ്ലോഗിങ്ങ് കമ്മ്യൂണിറ്റി ഇത്ര അധികം വലുതല്ല; കൊടകരപുരാണവും, മൊത്തം ചില്ലരയുമൊക്കെ കത്തി നില്‍ക്കുന്ന സമയം. അന്നത്തെ പല ബ്ലോഗുകളും ഇന്നിപ്പോള്‍  ലഭ്യമല്ല. ഓര്‍കുട്ടും, ഫെസ്ബുക്കും പതുക്കെ പതുക്കെ ബ്ലോഗുകളേക്കാള്‍ പ്രാധാന്യം നേടിയെടുത്തു. ഇന്നിപ്പോള്‍ കൂടുതല്‍ എഴുത്തൊക്കെ അവിടെ ആണല്ലോ. എങ്കിലും സ്വ:ലെ അടച്ചുപൂട്ടാന്‍ തോന്നുന്നില്ല. അതുകൊണ്ടു തന്നെ ഇരുപതിലേക്കുള്ള പ്രയാണം ഇന്നു തുടങ്ങുകയാണ്! 



 

No comments: