വിപ്ലവകരമെന്നു വിശേഷിക്കാവുന്ന നികുതിപരിഷ്കാരമായ ജി.എസ്.ടി ഭാരതത്തില്‍ നടപ്പിലാക്കപ്പെട്ടിട്ടു ഏകദേശം നാലുമാസങ്ങള്‍ പിന്നിടുകയാണ്. ജൂലായ് ഒന്നിന് തുടങ്ങിയ മാറ്റങ്ങള്‍ ഇപ്പോഴും രണ്ടുകാലില്‍ എഴുന്നേറ്റു നില്‍ക്കാന്‍ കെല്‍പില്ലാതെ മുട്ടിലിഴയുന്ന കാഴ്ചയാണ് നാം കാണുന്നത്, അനുഭവിക്കുന്നത്. ഈ അവസരത്തില്‍ കഴിഞ്ഞ നാലുമാസങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.
ജി.എസ്.ടി എന്ന നികുതി ഘടന എന്തുകൊണ്ടും അതിനുമുമ്പുണ്ടായിരുന്ന സംവിധാനങ്ങളെക്കാള്‍ നല്ലതാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഭാരതത്തിൽ നിലനിന്നിരുന്ന നാല്പതിലധികം പരോക്ഷ നികുതികൾ ഇല്ലാതാക്കി രാജ്യമാകമാനം ഒരു നികുതി എന്നതും, പൂർണ്ണമായും ഓൺലൈൻ സംവിധാനങ്ങളിലൂടെ രജിസ്ട്രേഷനും, റിട്ടേനുകളും സ്വീകരിക്കുന്നതും നികുതിതട്ടിപ്പുകൾ കുറക്കുന്നതിനും, കാര്യക്ഷമമായി നികുതി നിയമങ്ങൾ നടപ്പിലാക്കുന്നതിനും സഹായിക്കും. എന്നത് സംശയമില്ലാത്ത കാര്യമാണ്. ജി.എസ്.ടി എന്ന നികുതി പരിഷ്കാരം നല്ലത് തന്നെ എന്ന തിരുമാനത്തില്‍ ഉറച്ചു നില്‍ക്കുമ്പോഴും സര്‍ക്കാര്‍ നടപ്പിലാക്കിയ രീതി അമ്പേ പാളിപ്പോയി എന്ന് പറയേണ്ടി വരും.
നിയമത്തെ കുറിച്ചുള്ള അജ്ഞത ഒരു ഒഴിവല്ലെങ്കിലും തീര്‍ത്തും പുതിയ ഒരു നിയമം ഒരു ദിവസം മുതല്‍ നടപ്പിലാക്കുമ്പോള്‍ ആ നിയമം പാലിക്കാന്‍ ബാധ്യസ്തരായവരെ ബോധവൽക്കരിക്കാൻ എന്ത് നടപടികളാണ് സർക്കാർ കൈക്കൊണ്ടത് അല്ലെങ്കിൽ ഇത്തരം ബോധവൽക്കരണങ്ങൾ അനിവാര്യമായ അളവിൽ നടന്നോ എന്നത് സംശയമാണ്. നികുതി നൽകേണ്ടവരും, നികുതി പിരിക്കേണ്ടവരും, ഇവർക്കിടയിൽ നിൽക്കുന്ന പ്രൊഫഷനലുകളും ഇപ്പോഴും പല തട്ടിലാണ് നിൽക്കുന്നത്. ദിവസേന എന്ന മട്ടിൽ വരുന്ന തിരുത്തലുകൾ/ കൂട്ടിച്ചേർക്കലുകൾ അവസ്ഥ കൂടുതൽ മോശമാക്കുകയാണ് ചെയ്യുന്നത്. നിയമത്തെ കുറിച്ചുള്ള ഈ അജ്ഞത ഏറ്റവും ദോഷം ചെയ്യുന്നത് ശരിയായ രീതിയിൽ നിയമം പാലിക്കുന്നവരെയാണ്. റിവേഴ്സ് ചാര്‍ജ് പോലുള്ള പുതിയ നിയമങ്ങള്‍, നികുതി പിരിവിനു നല്ലതെങ്കിലും, മതിയായ കൃത്യത ഇല്ലാതെ നടപ്പിലാക്കുക വഴി നികുതിദായകരുടെ സംഭ്രമം വർദ്ധിപ്പിച്ചു. ഏറ്റവും പുതിയ നികുതി നിർദേശങ്ങളിൽ താത്കാലികമായി ഇവയെല്ലാം സസ്‌പെൻഡ് ചെയ്‌തെങ്കിലും തിരിഞ്ഞു നോക്കുമ്പോൾ ഈ ഒരു തീരുമാനം ആദ്യമേ ആകാമായിരുന്നു. ചെറുകിട കച്ചവടക്കാരാണ് ജി.എസ്.ടി നിയമത്തിൽ ഏറ്റവും കഷ്ടത അനുഭവിക്കുക. ഇത്തരക്കാർക്ക് ആശ്വാസം നൽകുന്ന രീതിയിൽ ഇപ്പോൾ പല നിർദേശങ്ങളും വന്നിട്ടുണ്ടെങ്കിലും ഇവയൊന്നും ഇപ്പോഴും താഴെ തട്ടിലേക്ക് എത്തിയോ എന്ന് സംശയമാണ്.
ജി.എസ്.ടി വരുന്നതിനു മുമ്പ് ഏറ്റവും ഉയർന്നുകേട്ട സ്വരങ്ങളിൽ ഒന്ന് ജി.എസ്.ടി നെറ്റ്‌വർക്കിന്റെതായിരുന്നു. നിയമത്തിന്റെ നട്ടെല്ല് എന്ന് തന്നെ വിശേഷിക്കാവുന്ന ജി.എസ്.ടി നെറ്റ്‌വർക്ക് ഒരിക്കലും ഓവർലോഡ് ആയി പ്രവർത്തനരഹിതമാകില്ല എന്ന രീതിയിൽ പ്രസ്താവനകൾ ധാരാളം വന്നിരുന്നു. എന്നാൽ ഈ അവകാശവാദങ്ങൾ വളരെ പെട്ടെന്ന് തന്നെ അസ്ഥാനത്താണ് എന്ന് തെളിയിക്കപ്പെട്ടു. ആദ്യ ജി.എസ.ടി റിട്ടേൺ ഫയൽ ചെയ്യേണ്ട തീയതിക്ക് രണ്ടോ-മൂന്നോ ദിവസങ്ങൾ മുമ്പ് തന്നെ സൈറ്റ് ഡൌൺ ആയി. റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധിക്കാതെ വന്നപ്പോൾ തീയതി നീട്ടി തരേണ്ടി വന്നു.നികുതി അടക്കുന്നതിലും ഇത്തരം സാങ്കേതിക ബുദ്ധിമുട്ടുകൾ ഉയർന്നുവന്നു. ഇപ്പോൾ ജൂലൈ മാസം കഴിഞ്ഞു മാസം മൂന്നായെങ്കിലും ജൂലൈ മാസത്തെ എല്ലാ റിട്ടേണുകളും ഇതുവരെ ഫയൽ ചെയ്‌തി കഴിഞ്ഞിട്ടില്ല. ജി.എസ്.ടി നെറ്റ്‌വർക്കിന് അവർ അവകാശപ്പെട്ട പോലെയുള്ള സാങ്കേതിക മേന്മ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ അവസ്ഥ ഇത്രയും രൂക്ഷമാകുമായിരുന്നില്ല.
ഇത്തരം സാങ്കേതിക പ്രശ്നങ്ങൾ രൂക്ഷമാണെങ്കിലും റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ കാലതാമസമുണ്ടായാൽ കൃത്യമായ രീതിയിൽ ഫൈൻ വാങ്ങുന്നതിൽ ജി.എസ്.ടി.എൻ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. നികുതി അടക്കേണ്ടാത്തവർ വരെ ആയിരക്കണക്കിന് രൂപ ഫൈൻ അടക്കേണ്ടി വരുന്നു. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചതിനു ശേഷമാണു ഫൈൻ ചാർജ് ചെയ്യുന്നതെങ്കിൽ കുറച്ചെങ്കിലും ന്യായീകരണം ഉണ്ടാകുമായിരുന്നു. ഇതിപ്പോൾ പാതി വെന്ത ഭക്ഷണം കഴിക്കുകയും വേണം, ഇരട്ടി ചാര്ജും നൽകണം എന്ന അവസ്ഥയാണ്.
ജി.എസ.ടി നിയമങ്ങളെ കുറിച്ചുള്ള അജ്ഞത മുതലെടുത്ത് വ്യാജ ബില്ലുകൾ നൽകി കൂടുതൽ ചാർജ് ഈടാക്കുന്ന കച്ചവടക്കാർ എരിതീയിൽ എണ്ണകോരി ഒഴിക്കുകയാണ് ചെയ്യുന്നത്. ഇത്തരം കള്ളന്മാരെ പിടിക്കാൻ ഇപ്പോഴത്തെ അവസ്ഥയിൽ നിയമപാലകർക്ക് സമയവുമില്ല. രാഷ്ട്രീയതാല്പര്യങ്ങൾ മനസ്സിൽ വെച്ച്, ജി.എസ്.ടി നിയമത്തെ കുറച്ച് വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർ (സോഷ്യൽ മീഡിയകളിലും മറ്റും) ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും രാജ്യത്തിനു ഗുണമാകില്ല.
ദോഷങ്ങൾ ഉണ്ടെങ്കിലും ചെറിയ തോതിൽ ജി.എസ്.ടിയുടെ ഗുണഫലങ്ങളും കണ്ടുതുടങ്ങിയിട്ടുണ്ട്. സംസ്ഥാന അതിർത്തികളിലെ ചെക് പോസ്റ്റുകൾ ഇല്ലായ്മ ചെയ്യുക വഴി ട്രക്കുകളുടെ യാത്രസമയത്തിൽ 25% ശതമാനത്തിലധികം കുറവ് വന്നിരിക്കുന്നു. ഇതിനുപുറമെ ചെക്പോസ്റ്റുകളിൽ കൈക്കൂലിയും ഇല്ലാതായിരിക്കുന്നു.
മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കപ്പുറം, ഈ ബാലാരിഷ്ടതകള്‍ പിന്നിട്ടു കഴിയുമ്പോള്‍, ഈ ഒരു കാലഘട്ടം ഒരു പക്ഷെ ദു:സ്വപ്നം പോലെ തോന്നിയേക്കാം. എങ്കിലും, വര്‍ത്തമാനകാലത്തില്‍ നിയമപാലനം സുഗമമാക്കുന്നതിന് സര്‍ക്കാര്‍ ഇനിയും നടപടികള്‍ എടുത്തെ തീരു. ജൂലായ് ഒന്നിന്റെ ട്രാന്‍സിഷന്‍ സര്‍ക്കാര്‍ അണ്ടര്‍എസ്ടിമേറ്റ് ചെയ്തത് പോലെ ഇനിയും തുടര്‍ന്നാല്‍ അത് നികുതി സംവിധാനത്തെ വളരെ വളരെ അപകടകരമായ രീതിയില്‍ ബാധിക്കുമെന്നത് സംശയമില്ലാത്ത കാര്യമാണ്.
No comments:
Post a Comment