സൈറസ് മിസ്ത്രി എഴുതിയ "Chrinicle of a Corpse Bearer" കേട്ടു കഴിഞ്ഞു: ഓഡിബിളില്‍ നിന്നും രണ്ടാം പുസ്തകം. ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളെ കുറിച്ച് പറയുമ്പോള്‍ അധികമാരും പറയാത്ത, എന്നാല്‍ ഇന്ത്യയുടെ രാഷ്ട്രീയ/സാമ്പത്തിക രംഗങ്ങളില്‍ വളരെ അധികം സ്വാധീനം ചെലുത്തുന്ന വിഭാഗമായ പാഴ്സി സമൂഹത്തെ കുറിച്ചുള്ള പുസ്തകം അക്ഷരാര്‍ത്ഥത്തില്‍ കണ്ണുകള്‍തുറപ്പിക്കുന്ന ഒരനഭുവമായിരുന്നു. പുസ്തകത്തിന്‍റെ തലേക്കെട്ടില്‍ ഒളിഞ്ഞിരുക്കുന്ന മരണം നോവലിലെ ഒരു പ്രധാന കഥാപാത്രം ആണെങ്കിലും മരണം ദിവസേന കാണുന്ന ഒരു പറ്റം മനുഷ്യരുടെ കഥയാണ് മിസ്ത്രി പുസ്തകത്തിലൂടെ പറയുന്നത്. ഇറാനില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ 'സൌരാഷ്ട്രിയന്‍' മതത്തില്‍ വിശ്വസിക്കുന്ന ജനവിഭാഗമാണ് പാഴ്സികള്‍. ഇന്ത്യയില്‍ പ്രധാനമായും ഗുജറാത്തിലും, മുംബായിലും ആണ് ഭൂരിപക്ഷം പാഴ്സികളും വസിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കം മുതല്‍ ഒടുക്കം വരെ വ്യാപിച്ചു കിടക്കുന്ന എട്ടു ദശകങ്ങളിലൂടെയാണ് കഥ കടന്നുപോകുന്നത്. കഥ നടക്കുന്നത് മുംബായിലും.
പാഴ്സികള്‍ അഗ്നിയെ ആരാധിക്കുന്ന ഏക ദൈവ വിശ്വാസികളാണ്. അതുകൊണ്ട് തന്നെ മൃതദേഹങ്ങള്‍ അവര്‍ ദഹിപ്പിക്കുകയില്ല. വിശാലമായ, ഒരു ചെറു വനത്തെ അനുസ്മരിപ്പിക്കുന്ന, എസ്റ്റേറ്റുകളില്‍ നിര്‍മിക്കുന്ന 'നിശബ്ദതയുടെ ഗോപുരങ്ങളില്‍' അവര്‍ മൃതദേഹങ്ങള്‍ സമര്‍പ്പിക്കുന്നു. തുറസ്സായ ഇത്തരം ഗോപുരങ്ങളില്‍ കഴുകന്മാര്‍ കൂട്ടമായി വന്നു മൃതദേഹം ഭക്ഷിക്കും. ഇങ്ങനെയാണ് പാഴ്സികള്‍ മൃതദേഹം അടക്കം ചെയ്യുന്നത്. ഒരു പാഴ്സി മരിച്ചു കഴിഞ്ഞാല്‍ അയാളുടെ മൃത ദേഹം ഗോപുരത്തിലെക്ക് എത്തിക്കുന്നതും, അടക്കം ചെയ്യുന്നതിന് മുമ്പ് കുളിപ്പിക്കുന്നതും, വൃത്തിയാക്കുന്നതും ഉപജാതിയായ 'ഖാണ്ടിയാ'കള്‍ ആണ്. ഇവര്‍ പാഴ്സി മതക്കാര്‍ ആണെങ്കിലും, ശവം കൈകാര്യം ചെയ്യുന്നവര്‍ ആയതുകൊണ്ട് മറ്റു പാഴ്സികള്‍ ഇവരെ താണ ജാതി ആയാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ പാഴ്സി അമ്പലത്തില്‍ ശുദ്ധി ക്രിയകള്‍ കൂടാതെ കയറാനോ, മറ്റു പാഴ്സികളില്‍ നിന്നും കല്യാണം കഴിക്കണോ ഇവര്‍ക്ക് അര്‍ഹത ഉണ്ടായിരുന്നില്ല. ഇങ്ങനെയുള്ള ഒരു ഖാണ്ടിയയാണ് നമ്മുടെ കഥാനായകന്‍ (ഫിറോസ്). പാഴ്സികളുടെ ശവമടക്ക് രീതികളെ കുറിച്ച് ഞാന്‍ വായിച്ചറിഞ്ഞിട്ടുണ്ട് എങ്കിലും 'ഖാണ്ടിയ'കളെ കുറിച്ച് ഞാന്‍ മനസ്സിലാക്കിയത് ഈ പുസ്തകത്തില്‍ നിന്നുമാണ്.
ഒരു പുരോഹിതന്റെ മകനില്‍ നിന്നും ശവമഞ്ചം ചുമക്കുന്ന തൊട്ടുകൂടാത്തവനീലേക്കുള്ള ദൂരം ഫിറോസ് താണ്ടുന്നത് പ്രണയത്തിലൂടെയാണ്. പാഴ്സി സമൂഹത്തില്‍ നിലനിന്നിരുന്ന/നില്‍ക്കുന്ന വിവേചനങ്ങളും, സാമൂഹ്യ അസമത്വങ്ങളും, തൊഴിലിന്‍റെ വിഷമതകളും, സര്‍വവ്യാപിയായ ദാരിദ്യവും മിസ്ത്രി പുസ്തകത്തിലൂടെ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നു. ഫിറോസിന്റെ പ്രണയവും, ഏകാന്തതയും വായനക്കാരെ പുതിയ ഒരു ലോകത്തിലേക്ക് എത്തിക്കുന്നു (പ്രണയത്തേക്കാള്‍ ഏറെ ഏകാന്തത). സമൂഹത്തിലെ മറ്റുള്ളവരില്‍ നിന്നും ഓടിയോളിക്കാനുള്ള പ്രചോദനം കര്‍ശനമായ സാമൂഹിക തരം തിരുവ് തന്നെയാകണം. ചെയ്യുന്ന ജോലിയുടെ കാഠിന്യം ഖാണ്ടിയകളെ മദ്യപരാക്കി മാറ്റി. സമൂഹത്തിലും, വീട്ടിലും അനുഭവപ്പെടുന്ന ഏകാന്തതയില്‍ നിന്നും രക്ഷപ്പെടാനും ഇവര്‍ മദ്യത്തെ കൂട്ട് പിടിക്കുന്നു.
അധികം വിദ്യാഭ്യാസമില്ലാത്ത ഫിറോസ് തന്‍റെ പഴയ സ്കൂള്‍ നോട്ടുബുക്കുകളില്‍ കുറിച്ചിടുന്ന ചെറു കുറിപ്പുകളായാണ് മിസ്ത്രി പുസ്തകത്തെ അവതരിപ്പിക്കുന്നത് എങ്കിലും പലയിടങ്ങളിലും ഭാഷയും, വാക്കുകളും 'തരൂര്‍ ഇംഗ്ലീഷ്' ആയി മാറുന്നുണ്ട് (ഇങ്ങനെയും വാക്കുകള്‍ ഉണ്ടെന്നു മനസ്സിലായി). വായനക്കാരെ പിടിച്ചു ഇരുത്തുന്ന ഒഴുക്കോ, സൌന്ദര്യമോ ഭാഷക്ക് ഇല്ലെങ്കിലും, ഫിറോസിന്റെ ജീവിതം അതിന്‍റെ പ്രത്യേകത കൊണ്ട് മാത്രം നമ്മെ ആകര്‍ഷിക്കും. അധികം ചര്‍ച്ച ചെയ്യപ്പെടാത്ത പാഴ്സികളുടെ ജീവിത രീതികള്‍ പ്രതിപാദിക്കുന്നു എന്നതുകൊണ്ട് മാത്രം തന്നെ തീര്‍ച്ചയായും വായിക്കേണ്ട ഒരു പുസ്തകമാണ് ഈ പുരാവൃത്തം.
നക്ഷത്രങ്ങള്‍: അഞ്ചില്‍ മൂന്നര
1 comment:
"ഒരു പുരോഹിതന്റെ മകനില്‍ നിന്നും ശവമഞ്ചം ചുമക്കുന്ന തൊട്ടുകൂടാത്തവനീലേക്കുള്ള ദൂരം ഫിറോസ് താണ്ടുന്നത് പ്രണയത്തിലൂടെയാണ്"
ദേവരാഗം സിനിമയുടെ ഇതിവൃത്തത്തെ ഓർമിപ്പിച്ചു!
Post a Comment