ഐ.ഐ.ടിയില്‍ നിന്നും പാസ് ആയതിനു ശേഷം യൂനിഫോമിനോടുള്ള സ്നേഹം കാരണം സിവില്‍ സര്‍വീസ് തിരഞ്ഞെടുത്ത് ഐ.പി.എസില്‍ ചേര്‍ന്ന അമിത് ലോധ തന്‍റെ ബീഹാര്‍ അനുഭവങ്ങള്‍ പങ്കുവെക്കുന്ന പുസ്തകമാണ് ബീഹാര്‍ ഡയറീസ്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകത്തില്‍, ബീഹാറില്‍ കുപ്രസിദ്ധമായ 'ജംഗിള്‍ രാജി'ന്‍റെ അവസാന കാലഘട്ടത്തിലാണ് ലോധ ഇന്ത്യയിലെ തന്നെ ഏറ്റവും പിന്നോക്കമെന്ന് പുകള്‍പെറ്റ ശേഖ്പുര ജില്ലയുടെ എസ്.പി ആയി നിയമിതനാകുന്നത്. രണ്ടുകുടുംബങ്ങളിലെ പതിനഞ്ചുപേരെ വധിച്ചു കടന്ന വിജയ് എന്ന ഗുണ്ടയെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുക എന്നതാണ് ലോധയുടെ ദൌത്യം. എങ്ങനെ ലോധ തന്‍റെ കര്‍ത്തവ്യം പൂര്‍ത്തിയാക്കുന്നു എന്നതാണ് പുസ്തകത്തിന്‍റെ ഇതിവൃത്തം.
ബീഹാര്‍ നിയമ വ്യവസ്ഥിതിക്ക് നിലനില്‍പ്പില്ലാത്ത, കള്ളന്മാരും, കൊള്ളക്കാരും, ഇവരെ തീറ്റി പോറ്റുന്ന രാഷ്ട്രീയക്കാരും, നിറഞ്ഞ നാടായാണ് സിനിമകളിലും, മനുഷ്യ മനസ്സുകളിലും പൊതുവേ നിറഞ്ഞു നില്‍ക്കുന്നത്. ഇപ്പോള്‍ സ്ഥിഗതികള്‍ കുറച്ചു മെച്ചപ്പെട്ടിട്ടുണ്ട് എങ്കിലും തീവ്രമായ ജാതി രാഷ്ട്രീയവും, ഗുണ്ടാ രാജും ഇപ്പോഴും മാന്യതയുടെ മുഖം മൂടിക്കു പുറകില്‍ ഇപ്പോഴും നില നില്‍ക്കുന്നു. എന്നാല്‍ കുറച്ചുകാലം വരെ ഇങ്ങനെ ഒരു മുഖം മൂടിയുടെ ആവശ്യം ഇല്ലാതെ പൊതു സമൂഹത്തെ ഇവ ഗ്രസിച്ചിരുന്നു: അതിനെയാണ് ജംഗിള്‍ രാജ് എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ഭരണ-പ്രതിപക്ഷ-ജാതി നേതാക്കളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ക്രിമിനലുകള്‍ യഥേഷ്ടം കൊള്ളയും, കൊള്ളിവെപ്പും, തട്ടികൊണ്ടുപോകലും, ബലാല്‍സംഗവും, കൊലപാതകവും നടത്തി പോന്നു. ഇങ്ങനെ കുപ്രസിദ്ധി ആര്‍ജിച്ച വിജയ് സാമ്രാട്ട് എന്ന ഗുണ്ടയും അയാളുടെ ഗ്യാംഗും ആണ് ഈ 'കഥയിലെ' വില്ലന്മാര്‍.
വിഷമം പിടിച്ച ഈ ദൌത്യത്തിന് ലോധ പ്രധാനമായും ഉപയോഗിക്കുന്നത് ടെക്നോലോജിയാണ്. ഒരേ സമയം വിജയുടെയും, പ്രധാന ഗ്യാംഗ് മെംമ്പേര്‍സിന്റെയും മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തി, അവ വിശകലനം ചെയ്താണ് വിജയുടെയും ഗ്യാംഗിലെ മറ്റു വിശ്വസ്തരുടേയും ഒളിയിടങ്ങള്‍ ലോധ കണ്ടുപിടിക്കുന്നത് (ഇപ്രകാരം ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നത് സത്യസന്ധരായ ഓഫീസര്‍മാര്‍ക്ക് എത്ര വലിയ സഹായമാണ് ചെയ്യുന്നത് എന്നതിന്‍റെ ഉത്തമ ഉദാഹരണം!). വിജയുടെ കഥ പറയുന്നതിനോടൊപ്പം തന്നെ തന്‍റെ ജീവിതത്തിലെ ഉയര്‍ച്ച-താഴ്ചകളെയും, അഴിമതിക്കാരായ സഹപ്രവര്‍തകരേയും, രാഷ്ട്രീയക്കാരേയും കുറിച്ചു കൂടി ലോധ ഇവിടെ കുറിക്കുന്നുണ്ട്. സിനിമകളില്‍ കാണുന്ന തട്ടുപൊളിപ്പന്‍ അതിമാനുഷികരല്ല പോലീസുകാര്‍ എന്ന് അടിവരയിട്ടു പറയുന്നു ലോധ.
രണ്ടു ദിവസം കൊണ്ട് വായിച്ചു തീര്‍ക്കാവുന്ന ഒരു ചെറു പുസ്തകമാണ് ബീഹാര്‍ ഡയറീസ്; ഒരു വാരാന്ത്യപ്രയത്നം. അധികം താമസിയാതെ തന്നെ സിനിമാ രൂപത്തില്‍ പുസ്തകത്തെ കാണാന്‍ സാധിക്കും എങ്കിലും ആ മാധ്യമത്തിന്‍റെ പരിമിതികള്‍ വെച്ചുകൊണ്ട് പലതും വിട്ടുപോകാനും, ചിലതൊക്കെ കൂട്ടി ചേര്‍ക്കാനും ഇടയുള്ളതുകൊണ്ട് പുസ്തക രൂപത്തില്‍ തന്നെ വായിക്കുന്നതാണ് നല്ലത്. ലോധയുടെ എഴുത്തും വായനയെ ഒരു ദൃശ്യാനുഭവം ആക്കുന്നുണ്ട്.
റേറ്റിംഗ്: അഞ്ചില്‍ നാലര നക്ഷത്രങ്ങള്‍
No comments:
Post a Comment