പെരുവനത്തിൻ്റെ അടിസ്ഥാന സ്വഭാവം,അവിടത്തെ മൂർത്തിയുടെ തപസ്സ് പോലെ, ശാന്തതയാണ്. പഴമയുടെ ഗോപുര നട കടന്നു ഉള്ളിലേക്ക് കടക്കുമ്പോൾ ഒരു മഹായോഗിയുടെ സന്നിധിയിൽ എത്തിയ പോലെ തോന്നും. അവിടത്തെ കാറ്റിൽ പോലും മഹാദേവ മന്ത്രങ്ങളാണ്. സാധകൻ ഒന്ന് ചെവി ഓർത്താൽ മനസ്സിലും അതിന്റെ അലയൊലികൾ കേൾക്കാം.
ഇന്ന് വൈകുന്നേരവും തെക്കേ നട കടന്നു നടവഴിയിലെ മണ്ണിൽ കാലെടുത്ത് വെച്ചപ്പോൾ ഇൗ ഒരു വികാരമാണ് എന്റെ മനസ്സിലൂടെ കടന്നു പോയത്. പതിവിലും കൂടുതൽ തിരക്ക് ശിവരാത്രി ദിവസമായതുകൊണ്ട് ഇന്നുണ്ടായിരുന്നു എങ്കിലും സ്ഥായിയായ യോഗി ഭാവം ക്ഷേത്രത്തിന് അന്യമായിട്ടില്ല. ആദിയോഗിയുടെ വാസസ്ഥാനം ധ്യാനത്തിൽ മുഴുകി നിൽക്കുകയാണ്. അജ്ഞതയാകുന്ന അന്ധകാരം ഇല്ലാതാക്കാൻ തുറന്ന ജ്ഞാനമാകുന്ന മൂന്നാം കണ്ണിനെ പോലെ പടിഞ്ഞാറ് അസ്തമന സൂര്യൻ ജ്വലിച്ചു നിന്നു. ആ വെയിലിനു കാമദേവനെ ദഹിപ്പിച്ച തീക്ഷ്ണതയേക്കാൾ അച്ഛന്റെ ആശ്ലേഷത്തിന്റെ ഇളം ചൂടായിരുന്നു. വലിയ മതിൽ കെട്ടിന് അപ്പുറത്ത് കുട്ടികൾ ചിട്ടയോടെ ശ്ലോകങ്ങൾ ചൊല്ലുന്നുണ്ടായിരുന്നു. ഇവിടെ പ്രദക്ഷിണം വെക്കുന്ന അമ്മമാരുടെ നാമം ജപങ്ങളും.
കുട്ടികൾക്ക് പെരുവനം ഒരു പെരിയ കളിസ്ഥലമാണ്. വിശാലമായ മതിൽക്കകത്ത് അവർ ഓടിക്കളിക്കുന്നു. ശബ്ദ കോലാഹലങ്ങൾ കൂടുമ്പോൾ അമ്മമാർ ശകാരിക്കുന്നുണ്ട്. പക്ഷേ അവർ അറിയുന്നുണ്ടോ ആവോ ആ കുട്ടികളുടെ ഇടക്കു പരമശിവനും ഒരു ബാലകനായി ഉണ്ടെന്ന്. കുറച്ചു കൂടി മുതിർന്നവർ ചുറ്റു വിളക്ക് തെളിയിക്കുകയാണ്. ഓരോ ചിരാതിലും പ്രാർത്ഥന ഭരിതമായ ഒരു മനസ്സ് ജ്വലിച്ചു നിന്നു.
ഉള്ളിൽ മാടത്തിലപ്പനേയും, ഇരട്ടയപ്പനേയും തൊഴാൻ തിരക്ക് ഏറിയിട്ടുണ്ട്. ശ്രീകോവിലിലെ അസംഖ്യം വിളക്കുകളുടെ പ്രഭയിൽ ഗോത്ര പ്രഭുവിനെ തൊഴുത് അവിടത്തെ വായുവിൽ ഒരു നിമിഷം അലിഞ്ഞു ഞാൻ തിരക്കിലൂടെ ഒഴുകി പുറത്തിറങ്ങി.
നൂറ്റാണ്ടുകളുടെ ഉദയാസ്തമനങ്ങളിൽ യോഗിക്ക് കാവലായ് നിൽക്കുന്ന അരയാൽ ശ്രേഷ്ഠനെ വണങ്ങി ഞാനും ജപിച്ചു:
നമശ്ശിവായ!
No comments:
Post a Comment