April 15, 2014

പപ്പുവിന്‍റെ വിഷു

"രാഹു ജി,വിഷു ആശംസകൾ"
"താങ്ക്യു. എല്ലാർക്കും എന്റെ വിഷാശംസകൾ"
"(!!!!! എന്തോന്ന്?) താങ്കളുടെ വിഷു ഓർമ്മകൾ പ്രേക്ഷകരുമായി പങ്കിടാമൊ?"
"അതൊക്കെ ഞങ്ങടെ കുട്ടിക്കാലത്തെ വിഷു. വിഷൂന്റെ അന്നു രാവിലെ ഞാനും ബിയാങ്കയും തൊടിയിലേക്ക് ഇറങ്ങും. തുമ്പയും മുക്കുറ്റീം ചെമ്പരത്തീം എന്നു വെണ്ട പൂവായ പൂവൊക്കെ പറിക്കും. പിന്നെ പൂക്കളം ഇടും...."
"അയ്യൊ സർ കടലാസ് മാറിപ്പോയെന്നു തോന്നുന്നു, പൂക്കളം ഓണത്തിനല്ലെ? ഇതു വിഷു; കണി,കൈനീട്ടം ഒക്കെ ഉള്ള"
"സൊ വാട്ട്? ഞങ്ങൾ വിവരാവകാശനിയമം കൊണ്ടുവന്നില്ലെ? പിന്നെ സ്ത്രീകളൂടെ ശാക്തീകരണം, യുവജനങ്ങളൂടെ...."
"സാർ, അതല്ല സർ, വിഷു അതല്ല സാർ"
"മമ്മീീീീ, ഇയാൾ എന്നെ സംസാരിക്കാൻ സമ്മതിക്ക്ണില്ലാ"
"അയ്യൊ വേണ്ട, മോൻ സംസാരിച്ചൊ. അപ്പൊ വിഷുവിനാണ് മോന്റെ അഛൻ രാജാവും മുത്തശ്ശി മഹാറാണീം നാടുകാണാൻ വരുന്നത്, അല്ലെ?"
"കറക്റ്റ്. ഞാൻ വിചാരിച്ച അത്രേം മൂത്തട്ടില്ല. ഇനീം രക്ഷപ്പെടാൻ ചാൻസ് ഉണ്ട്"
"താങ്ക്യു മ്പ്രാ"
"അപ്പൊ പറഞ്ഞുവന്നത് അങ്ങനെ ഞങ്ങൾ അന്നു പല നിറങ്ങൾ കലക്കിയ വെള്ളം എല്ലാർടേം ദേഹത്തൊഴിക്കും"
"ഹൊ മ്പ്രാനെ സമ്മതിക്കണം"
"പിന്നല്ല!!!"
---
"ഇന്റെർവ്യു തന്നതിനു നന്ദി സർ. ഞാൻ ഇറങ്ങട്ടെ"
"അല്ല അപ്പൊ കൈനീട്ടം ഇല്ലെ?"
"അതു പെട്ടീലിട്ട്ണ്ട്. ഒരു മാസം കഴിയുമ്പൊ അങ്ങുന്നിനു കിട്ടും. കൈ നീട്ടി തന്നെ കിട്ടും"
"അതു മതി. കിട്ട്യാ മതി"
"കിട്ടും ന്നെ. ഉറപ്പ്"
"എന്നാ വേഗം സ്കൂട്ടായെ. നിക്ക് അമൃതേത്തിനു സമയം ആയി"

*രാഹു എന്നൊരു ഗ്രഹം ഉണ്ടെന്നു ഞാൻ വിശ്വസിച്ചിരുന്നില്ല. പക്ഷെ ഇപ്പൊ വിശ്വാസമായി!

April 12, 2014

ആറാട്ടുപുഴ പൂരം

പുലര്‍ച്ചെ മൂന്നിന് എഴുന്നേറ്റ് മേല്‍ കഴുകി ഒരു കട്ടന്‍ കാപ്പിയും കുടിച്ച് നേരെ അമ്പലത്തിലേക്ക് ഇറങ്ങി. അമ്മതിരുവടി എഴുന്നള്ളി പോകുന്നതിന്റെ പുറകെ ആറാട്ടുപുഴയിലേക്ക് വെച്ചു പിടിച്ചു. അവിടെ ചെറുപൂരങ്ങള്‍ കണ്ടു, ദേവി- ദേവന്മാരെ കണ്ടു, ജനസമുദ്രം കണ്ടു, തട്ടകക്കാരെ കണ്ടു, വഴി വാണിഭക്കാരെ കണ്ടു, ആനകളെ കണ്ടു, കൂട്ടി എഴുന്നള്ളിപ്പ് കണ്ടു.

കതിനകള്‍ പൊട്ടുന്ന ശബ്ദം കേട്ടു, ചേര്‍പ്പിന്‍റെ മേളം കേട്ടു, ഊരകത്തിന്‍റെ കലാശിക്കുന്നത് കേട്ടു, ദേവീ ദേവന്മാര്‍ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിനോട് ഓചാരം ചൊലുന്നത് കേട്ടു, തേവരെ യാത്ര അയക്കുന്ന വേളയില്‍ അടുത്ത വര്‍ഷത്തെ പൂരം മീനം പന്ത്രണ്ടിനെന്നു വിളംബരം ചെയ്യുന്നതും കേട്ടു.

തലയ്ക്കു മുകളില്‍ കത്തി നിക്കുന്ന സൂര്യനെ വക വെക്കാതെ കണ്ട കാഴ്ചകളും കേട്ട ശബ്ദങ്ങളും മനസ്സില്‍ സൂക്ഷിച്ച് വഴിയിലെ കടയില്‍ നിന്നും ഒരു സോഡയും വാങ്ങി കുടിച്ചു മീനം പന്ത്രണ്ടെന്നു ഉരുവിട്ട് തിരികെ വീട്ടിലേക്ക് നടന്നു.

ശേഷം സുഖമായി ഉറങ്ങി.