September 04, 2015

ഓര്‍മകളിലെ വിപ്ലവജ്വാല : ദേശാപമാനി മുഖപ്രസംഗം


(ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ദേശാപമാനി പത്രത്തിനായി എഴുതിയ മുഖപ്രസംഗം)

ഭാരതത്തില്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ അനേകായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആവിര്‍ഭരിച്ചിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവുകളാണ് ഹിന്ദുമത തീവ്ര-വര്‍ഗീയ വാദികള്‍ ദൈവീകമായി പൂജിച്ചു പോരുന്ന പുരാണഗ്രന്ഥങ്ങളായ മഹാഭാരതവും, രാമായണവും. ഇവയുടെ ആഴത്തിലുള്ള പഠനം നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്ന രൂപങ്ങള്‍ ദൈവീകാവതാരങ്ങളുടെതല്ല, മറിച്ച് ബൂര്‍ഷ്വാസികലോടു സാമാന്യ ജനങ്ങളുടെ നന്മയെ മുമ്പില്‍ നിര്‍ത്തി വിപ്ലവപ്പോരാട്ടം നടത്തിയ കറകളഞ്ഞ കമ്യൂണിസ്റ്റുകളുടെതാണ്. ബൂര്‍ഷ്വാ ശക്തികള്‍ സമസ്ഥ മേഘലകളിലും പിടിമുറുക്കി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ആദിമ കമ്യൂണിസ്റ്റുകളില്‍ പ്രഥമ സ്ഥാനം അലങ്കരിക്കുന്ന സഖാവ് കൃഷ്ണന്റെ ജന്മദിനാഘോഷങ്ങള്‍ ബൂര്‍ഷ്വാസികള്‍ക്ക് ഒരു ശക്തമായ താക്കീതായി മാറുമെന്നത് തര്‍ക്കമില്ലാത്ത സത്യമാണ്.

ഈ ഒരവസരത്തില്‍ സ:കൃഷ്ണന്റെ (സ:കൃ)  ജീവിതത്തിലേക്ക് ഒന്ന് പ്ലീനനം ചെയ്യുന്നത് നന്നായിരിക്കും. അമേരിക്കന്‍ സി ഐ എ ചാരനായിരുന്ന സ്വന്തം അമ്മാവന്‍ കംസന്‍റെ ആക്രമണങ്ങള്‍ ജനിക്കുന്നതിനു മുമ്പേ തന്നെ അനുഭവിക്കെണ്ടിവന്നവനാണ് സ:കൃ. മുതലാളിത്ത വ്യവസ്ഥിതിയുടെ ജീര്‍ണ്ണതയുടെ മൂര്‍ത്തീ ഭാവമായ കംസന്റെ ആക്രമണങ്ങളില്‍ കൂടപ്പിറപ്പുകളെ എല്ലാരെയും നഷ്ടപ്പെട്ട  സ:കൃനു നാഗാലാണ്ട് ഡിഫി സിക്രട്ടരിയായ സ:അനന്തന്റെ ഒളിപ്പോരിലൂടെ തടവറയില്‍ നിന്നും സ്വാതന്ത്ര്യം ലഭിച്ചു. എങ്കിലും പിറന്നു വീണ വേറെ ഒരു കുഞ്ഞിന്റെ ജീവന്‍ തന്റെ സുരക്ഷക്കായി ബലികഴിക്കേണ്ടി വന്നു എന്നത് കുഞ്ഞു കൃഷ്ണനില്‍ കമ്യൂണിസത്തിന്റെ വിത്തു പാവി. പിന്നീടങ്ങോട്ട് കുത്സിത ശക്തികളുമായുള്ള എട്ടുമുട്ടലുകാള്‍ സമ്പന്നമായ ബാല്യമാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. ചെറുപ്പത്തിലെ സ:കൃന്‍റെ ജീവിതം ഇല്ലാതാക്കാന്‍ ക്യുഎസ്സ്എസ്സുകാര്‍ ഗുണ്ടകളെ (പൂതന എന്ന സ്ത്രീയെ അടക്കം) പല രൂപത്തില്‍ അയച്ചു. എന്നാല്‍ അവരെ എല്ലാവരെയും തന്റെ ഉരുക്കുമുഷ്ടി കൊണ്ട് ഇല്ലാതാക്കി സ:കൃ ജനങ്ങളുടെ ഇടയില്‍ ഒരു നേതാവായി ഉയര്‍ന്നു വന്നു

ഗോവര്‍ദ്ധന പര്‍വതത്തില്‍ മഴവെള്ള സംഭരണി ഉണ്ടാക്കി വരള്‍ച്ചക്ക് തടയിട്ടും, കാലികളെ ശാസ്ത്രീയമായി പരിപാലിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചും, പൂഴ്തിവെച്ച വെണ്ണ കുട്ടികള്‍ക്ക് നല്‍കിയും  സ:കൃ ജനജീവിതത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍  ഇക്കാലത്ത് നടത്തി. ബുദ്ധികൊണ്ടും ശക്തി കൊണ്ടും സഖാവിനെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബൂ:കംസന്‍ ആ കര്‍ത്തവ്യം നിര്‍വഹിക്കുന്നതിന് വശീകരണ വിദഗ്ധയായ രാധ എന്ന ചര സുന്ദരിയെ സഖാവിന്റെ അടുത്തേക്ക് അയച്ചു. സഖാവിനെ സ്വകര്‍ത്തവ്യങ്ങളില്‍ നിന്നും വഴിമാറ്റാന്‍ രാധക്ക് തുടക്കത്തില്‍ സാധിച്ചു എങ്കിലും കംസന്റെ ചതി തിരിച്ചറിഞ്ഞ സഖാവ വീണ്ടും തന്റെ വിപ്ലവ വഴികളിലേക്ക് മടങ്ങി വരുന്ന കാഴ്ചയാണ് നമുക്ക കാണാന്‍ സാധിക്കുന്നത്. ബൂ:കംസനെ അവന്റെ കൊട്ടാരത്തില്‍ ചെന്നു വെല്ലു വിളിച്ച് ദ്വന്ദയുദ്ധത്തിലൂടെ ഇല്ലാതാക്കി കൊണ്ട് വലിയ രക്തചൊരിച്ചില്‍ ഒഴിവാക്കി ഭരണം പിടിച്ചെടുക്കാന്‍ സഖാവിനു സാധിച്ചു. ജനനന്മയ്ക്ക് മുമ്പില്‍ ബന്ധങ്ങള്‍ക്ക് വിലയില്ല എന്ന ശക്തമായ സന്ദേശം ഇതിലൂടെ സഖാവ് നല്‍കി. വര്‍ഷങ്ങള്‍ക്ക് ശേഷം ശിശുപാലവധതിലൂടെ തന്റെ ആശയങ്ങള്‍ കുറെ കൂടെ വ്യക്തമാക്കാനും സഖാവിനു സാധിച്ചു. രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്ന ഒരു യുദ്ധ മുഖത്ത് ബന്ധുക്കള്‍ക്കെതിരെ  ആയുധം എടുക്കാന്‍ വൈമനസ്യം കാണിച്ച സ:അര്‍ജുനനിലെ പോരാളിയെ വിപ്ലവതത്വങ്ങള്‍ ഉപദേശിച്ച് ഉണര്‍ത്തിയതിലൂടെ സ: കൃഷ്ണനിലെ വിപ്ലവ വ്യക്തിത്വം കൂടുതല്‍ ശക്തിയോടെ ജ്വലിക്കുന്ന കാഴ്ച ഒരിക്കലും വിസ്മരിച്ചൂടാ. അന്ന് അര്‍ജുനന് ഉപദേശിച്ച തത്വങ്ങള്‍ 'ദാസ് ഗീത' എന്ന പേരില്‍ ആയിരക്കണക്കിന് സംവ്സ്ത്സരങ്ങള്‍ക്കിപ്പുറം  ഇപ്പോഴും അര്‍ത്ഥ സമ്പുഷ്ടതയോടെ നിലനിക്കുന്നു.   

വ്യക്തമായ രാഷ്ട്രീയ ചതുരത പ്രകടമാക്കി വിദഗ്ധമായ കരുനീക്കങ്ങളിലൂടെ ഇന്ദ്രപ്രസ്ഥത്തിലെ ബൂര്‍ഷ്വാ ശക്തികളെ (ദുര്യോധനന്‍ മുതല്‍പേര്‍) ഇല്ലാതാക്കി സ:യുധിഷ്ടിരനെ ഭരണകര്‍ത്താവാക്കി താന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ജ്വലിപ്പിച്ച വിപ്ലവാശയങ്ങള്‍ക്ക് ഭാരതമെന്ന വലിയ ക്യാന്‍വാസ് നല്‍കുന്നതില്‍ വിജയിച്ച സഖാവിനെയാണ്‌ കാലപരിണാമതത്തില്‍   നാം കാണുന്നത്. സ്വയം ഭരണചക്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ഒതുങ്ങി കൂടാന്‍ താല്പര്യമുള്ള വ്യക്തി ആയതുകൊണ്ട് ഒരിക്കലും ഒരു ഭരണ പദവിയും സഖാവ് ചോദിച്ചില്ല.കൊട്ടാരത്തിന്റെ അകത്തളങ്ങലേക്കാള്‍ ജനമദ്ധ്യത്തില്‍ നില്‍ക്കാന്‍ ഇഷ്ടപ്പെട്ട ഒരു നേതാവായിരുന്നു കൃഷ്ണന്‍ സഖാവ്. അവസാനം മുതലാളിത്ത വ്യവസ്ഥിതിക്ക് അടിമപ്പെട്ട ഒരു വേടന്‍, യാത്രാമധ്യേ വിശ്രമിക്കുകയായിരുന്ന സഖാവിനെ ചതിയിലൂടെ കൊലപ്പെടുത്തി ആ പുന്യാത്മാവിനെ നമ്മുടെ ഇടയില്‍ നിന്നും പറിച്ചെടുത്തു.

കഴിഞ്ഞ ദിവസം ഭാരതം മുഴുവന്‍ അലയടിച്ച പ്രതിഷേധത്തിനു  (അന്ന് വിറച്ചു തുടങ്ങിയ പ്രാധാന മന്ത്രി ഇപ്പോഴും വിറക്കുകയാണത്രെ)  ഈ കൃഷ്ണ ജയന്തി ദിവസം കൂടുതല്‍ കരുത്തു ലഭിക്കട്ടെ. പല രൂപത്തില്‍, പല ഭാവത്തില്‍ നമ്മുടെ സംസ്കാരമണ്ഡലത്തില്‍ പ്രഭാവം ചെലുത്തുന്ന മുതലാളിത്ത ബൂര്‍ഷ്വാ ശക്തികലോട് പട പൊരുതാന്‍ സ:കൃഷ്ണനെക്കാള്‍ നല്ല ഒരു രക്തസാക്ഷി ഇല്ലതന്നെ!


No comments: