November 11, 2016

കേരളത്തിലെ സ്വിസ് ബാങ്കുകള്‍

എന്താണ് കമ്മേര്‍ഷ്യല്‍ ബാങ്കുകള്‍?
കാലാകാലങ്ങളില്‍ ഭാരതത്തില്‍ നിലവിലുള്ള കമ്പനി നിയമപ്രകാരം, കേന്ദ്ര ഗവണ്മെന്റിന്റെ കമ്പനി കാര്യാലയത്തില്‍ കീഴില്‍,   പബ്ലിക് ലിമിറ്റഡ് കമ്പനിയായി സ്ഥപിക്കപ്പെട്ട്, റിസര്‍വ് ബാങ്കില്‍ നിന്നും ബാങ്കിംഗ് റെഗുലേഷന്‍ നിയമപ്രകാരം ബാങ്കിംഗ് ലൈസന്‍സ് കരസ്ഥമാക്കി ബാങ്കിംഗ് പ്രവര്‍ത്തികള്‍ നടത്തുന്ന സ്ഥാപനങ്ങളാണ് കമ്മേര്‍സ്യല്‍ ബാങ്കുകള്‍. ഇവയുടെ ബാങ്കിംഗ് പ്രവര്‍ത്തികള്‍ റിസര്‍വ് ബാങ്കും, സാധാരണ പ്രവര്‍ത്തനങ്ങള്‍/മാനെജ്മെന്റ് മുതലായ കാര്യങ്ങള്‍ കമ്പനി നിയമപ്രകാരവും നിയന്ത്രിക്കപ്പെടുന്നു.  

എന്താണ് സഹകരണ ബാങ്കുകള്‍?
സഹകരണ ബാങ്കുകള്‍ അധികവും (ഒരു സംസ്ഥാനത്ത് മാത്രം പ്രവര്‍ത്തിക്കുന്ന) അതാതു സംസ്ഥാനങ്ങളില്‍ നിലവിലുള്ള കോ-ഓപ്പരേറ്റീവ് സൊസൈറ്റി നിയമപ്രകാരം സ്ഥാപിതമായി റിസര്‍വ് ബാങ്കില്‍ നിന്നും ബാങ്കിംഗ് റെഗുലേഷന്‍ നിയമപ്രകാരം ബാങ്കിംഗ് ലൈസന്‍സ് കരസ്ഥമാക്കി ബാങ്കിംഗ് പ്രവര്‍ത്തികള്‍ നടത്തുന്ന സ്ഥാപനങ്ങളാണ്. ഇവ തന്നെ രണ്ടു തരമുണ്ട്: അര്‍ബന്‍ ബാങ്കുകളും, റൂറല്‍ ബാങ്കുകളും. അര്‍ബന്‍ ബാങ്കുകള്‍ റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ക്കു വിധേയമാനെങ്കിലും കമ്മേര്‍സ്യല്‍ ബാങ്കുകളുടെ അത്ര നിബന്ധനകള്‍ ഇവക്കു ബാധകമല്ല.റൂറല്‍ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍  റിസര്‍വ് ബാങ്കും പരിശോധിക്കുമെങ്കിലും ഇവ പ്രധാനമായും നബാര്‍ഡിന്റെ നിയന്ത്രണത്തിലാണ്. ബാങ്കിംഗ് അല്ലാത്ത പ്രവര്‍ത്തനങ്ങള്‍ അതാതു സംസ്ഥാനത്തെ കോ-ഓപ്പരേറ്റീവ് സൊസൈറ്റി നിയമപ്രകാരം റെജിസ്ട്രാര്‍ ഓഫ് കോ-ഓപ്പരേറ്റീവ് സൊസൈറ്റി നിയന്ത്രിക്കുന്നു.
 
പലിശയിന്മേല്‍ ഉള്ള  ഇന്‍കം ടാക്സ് നിയമങ്ങള്‍ 
ഈ അടുത്തകാലം വരെ കോ-ഓപ്പരേറ്റീവ് ബാങ്കുകളെ അവര്‍ നല്‍കുന്ന പലിശയിന്മേല്‍ ടാക്സ് പിടിക്കുന്നതില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ 2015 ബജറ്റില്‍ ഈ നിയന്ത്രണം എടുത്തു കളഞ്ഞു. ജൂണ്‍ ഒന്ന്‍, 2015 മുതല്‍ ഇത്തരം ബാങ്കുകളും ഇന്‍കം ടാക്സ് നിയമത്തിലെ 194A വകുപ്പ് പ്രകാരം പതിനായിരം രൂപയില്‍ കൂടുതല്‍ ഒരു വര്‍ഷം പലിശ കൊടുക്കെണ്ടാവരില്‍ നിന്നും പത്ത് ശതമാനം നികുതി പിടിക്കേണ്ടതാണ്‌. എന്നാല്‍ 'പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റി' എന്ന കാറ്റഗറിയില്‍ വരുന്ന  കോ-ഓപ്പരേറ്റീവ് ബാങ്കുകള്‍ക്കും റൂറല്‍ ലാന്‍ഡ് മോര്‍ട്ട്ഗേജ് സൊസൈറ്റികള്‍ക്കും ഈ നിയമം ബാധകമല്ല.  
 
നികുതി വെട്ടിപ്പ്
കോ-ഓപ്പരേറ്റീവ് ബാങ്കുകളുടെ നിയന്ത്രണം കയ്യാളുന്നത് രാഷ്ട്രീയപാര്‍ട്ടികള്‍ ആണ് എന്നതുകൊണ്ട്‌ തന്നെ ആദ്യകാലങ്ങളില്‍ ഇവക്കുണ്ടായിരുന്ന നികുതി ഇളവുകള്‍ മുതലെടുത്ത്‌ കൊണ്ട് വന്‍ തോതില്‍ കള്ളപ്പണം നിക്ഷേപിക്കുന്നതിന് ഇത്തരം ബാങ്കുകളെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 2015ല്‍ ടി.ഡി.എസ് ഇളവുകള്‍ എടുത്തുകളഞ്ഞു എങ്കിലും അമ്പതിനായിരത്തില്‍ താഴെയുള്ള തുകകള്‍ കെ.വൈ.സി നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി,   പല പേരുകളില്‍ നിക്ഷേപിക്കുന്നതിനുള്ള 'സൌകര്യം' ഇത്തരംബാങ്കുകള്‍ ചെയ്തുകൊടുക്കുന്നു.  ഇതുകൂടാതെ 'പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റി' എന്ന കാറ്റഗറിയില്‍ വരുന്ന  കോ-ഓപ്പരേറ്റീവ് ബാങ്കുകള്‍ മുതല്‍പേര്‍ അവര്‍ക്ക് അനുവദിച്ചു കൊടുത്തിട്ടുള്ള 'ടി.ഡി.എസ്' ഇളവുകള്‍ ഉപയോഗിച്ച് കള്ളപ്പണം നിക്ഷേപമായി സ്വീകരിച്ചു പോരുന്നു.

ആരാണ് ഇവയില്‍ നിക്ഷേപിക്കുന്നത്?
റിയല്‍ എസ്റ്റേറ്റ്‌ കച്ചവടക്കാര്‍, കൈക്കൂലിക്കാര്‍, രാഷ്ട്രീയ നേതാക്കള്‍, വരുമാനം ബാങ്കില്‍ കൂടെ അല്ലാതെ കറന്‍സി ആയി വാങ്ങുന്നവര്‍ (വക്കീലന്മാര്‍/ഡോക്ടര്‍മാര്‍ മുതല്‍പേര്‍) മുതലായവരാണ് അധികവും ഇത്തരം സൊസൈറ്റികളില്‍ നിക്ഷേപിക്കുന്നത്.

കള്ളപ്പണത്തിന്റെ വ്യാപ്തി
കേരളത്തില്‍ മാത്രം ഏറ്റവും കുറഞ്ഞത് മുപ്പതിനായിരം കോടി രൂപ ഇപ്രകാരം പല സോസൈട്ടികളില്‍ നിക്ഷേപമായി ഉണ്ട് എന്നാണു ഇന്‍കം ടാക്സി വകുപ്പ് പറയുന്നത്. യഥാര്‍ത്ഥ സംഖ്യം ഇതിലും എത്രയോ മടങ്ങാകും എന്ന് ഊഹിക്കവുന്നതേ ഉള്ളു.

എന്താകും സര്‍ക്കാറിന്റെ നടപടികള്‍?
കള്ളപ്പണത്തിനു എതിരായുള്ള നടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇത്തരം സൊസൈറ്റികള്‍ക്കുള്ള ടാക്സ് ഇളവുകള്‍, പ്രധാനമായും ടി.ഡി.എസ് സംബന്ധിച്ചുള്ള, എടുത്തു മാറ്റാന്‍ സാധ്യതയുണ്ട്. ഇതുകൂടാതെ ഇത്തരം സൊസൈറ്റികളില്‍ നിക്ഷേപമുള്ളവരുടെ വിവരങ്ങള്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റ് ശേഖരിക്കുന്നതാണ് (അവര്‍ ഈ ഒരു എക്സര്‍സൈസ് ഇപ്പോള്‍ തന്നെ തുടങ്ങി എന്നാണു സ്ഥിതീകരിക്കാത്ത വിവരം). ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ ഇവര്‍ ഫയല്‍ ചെയ്ത/ചെയ്യുന്ന ടാക്സ് റിട്ടേനുമായി താരതമ്യം ചെയ്ത് വരുമാനത്തിലുള്ള വിത്യാസം കണ്ടുപിടിക്കാവുന്നതാണ്.
 
കൃഷിയുടെയും മറ്റു ചെറുകിട വ്യവസായങ്ങളുടേയും ഉന്നമനത്തിനായി നല്‍കുന്ന നികുതി ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നത്‌ നിയമത്തിന്റെ ഉദ്ദേശത്തെ തന്നെ വെല്ലുവിളിക്കുന്നതിനു സമമാണ്. അല്ലാ സൊസൈറ്റികളും ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നില്ല എങ്കിലും നല്ലൊരുഭാഗം ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് അറിഞ്ഞുകൊണ്ടുതന്നെ കൂട്ട്നില്‍ക്കുന്നു. വമ്പന്‍ ബിസിനെസ്സുകാരും രാഷ്ട്രീയക്കാരും ഇന്ത്യക്ക് പുറത്തേക്ക് കള്ളപ്പണം കടത്തുമ്പോള്‍ ഇത്തരം ഇടപാടുകള്‍ നടത്താന്‍ സാധിക്കാത്തവര്‍ കോ-ഓപ്പരേറ്റീവ് ബാങ്കുകളെ ഒരുപരിധിവരെ ആശ്രയിക്കുന്നു. ഇങ്ങനെ ഒന്നും ഇവിടെ നടക്കില്ല എന്ന് പറയുന്നവര്‍ കണ്ണടച്ചു ഇരുട്ടാക്കുകയാണ് ചെയ്യുന്നത്.

No comments: