സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഏഴായിരം കോടി എഴുതി തള്ളി എന്നതാണല്ലോ ഇപ്പോഴത്തെ വിഷയം. ഇന്നു രാജ്യസഭയില്‍ ശ്രീ യെച്ചൂരി ലോണ്‍ "വെയ്വ്"ചെയ്തു എന്നു പറഞ്ഞപ്പോള്‍ ജെറ്റ്ലി അത് തിരുത്തി "ടെക്നികല്‍ റൈറ്റ് ഓഫ്" ആണ് ചെയ്തത് എന്ന് പറയുകയുണ്ടായി. ഇതിനു യെച്ചൂരിയുടെ മറുപടി "അതെന്താ" എന്നായിരുന്നു. വല്യ നേതാക്കള്‍ക്ക് തന്നെ കൃത്യത ഇല്ലാത്ത ഈ വിഷയത്തില്‍ എനിക്കറിയാവുന്ന ചില കാര്യങ്ങള്‍ പങ്കുവെക്കുന്നു:
എന്താണ് കിട്ടാക്കടം?
ആര്‍.ബി.ഐ നിര്‍ദേശിചിട്ടുള്ള 'പ്രുഡെന്‍ഷ്യല്‍ നോംസ്' അനുസരിച്ച് തിരച്ചടവില്‍/പലിശയില്‍ നിര്‍ദ്ധിഷ്ട (സാധാരണ 90 ദിവസത്തില്‍ കൂടുതല്‍) കാലയളവിനേക്കാള്‍ കൂടുതല്‍ മുടക്കം വരുത്തിയ അക്കൌണ്ടുകളെ കിട്ടാക്കടം ആയി തരം തിരിച്ചു കാണിക്കണം. മുടക്കം വന്ന കാലയളവിനു അനുസരിച്ചു ഇവയെ പല ഗ്രേഡുകള്‍ ആയി തിരിച്ചിട്ടുണ്ട്.
ഒരു ലോണിനെ കിട്ടാക്കടം ആയി തരം തിരിച്ചുകഴിഞ്ഞാല്‍ എന്താണ് ഉണ്ടാകുക?
1. കിട്ടാനുള്ള സംഘ്യയുടെ നിശ്ചിത ശതമാനം (കടത്തിന്റെ ഗ്രേഡ് അനുസരിച്ച്) കരുതല്‍ ഫണ്ടിലേക്ക്, ബാങ്കിന്‍റെ ലാഭത്തില്‍ നിന്നും, മാറ്റി വെക്കണം.
2. സര്‍ഫേസി നിയമപ്രകാരം (SARFAESI Act 2002) മുതലും പലിശയും തിരിച്ചുപിടിക്കാനുള്ള നടപടികള്‍ ബാങ്ക് സ്വീകരിക്കും.
3. പ്രസ്തുത ലോണില്‍ ഈടാക്കുന്ന പലിശ പിനീട് വരുമാനത്തില്‍ എടുക്കുകയില്ല.
എന്താണ് ലോസ് അസറ്റ്?
ഒരു ലോണിന്റെ തുകയില്‍ കിട്ടാന്‍ സാധ്യത കുറവ് കല്പിക്കുന്ന ഭാഗമാണ് ലോസ് അസറ്റ്. ഇതിന്റെ മൂല്യത്തിനു തത്തുല്യമായ സംഘ്യ മുമ്പ് പറഞ്ഞ കരുതല്‍ ഫണ്ടിലേക്ക് മാറ്റെണ്ടാതാണ്.
റിക്കവറി തുടങ്ങുമ്പോള്‍ എന്താണ് സംഭവിക്കുന്നത്?
റിക്കവറി കോടതിയില്‍ (ഡി.ആര്‍.ടി - ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍) എത്തുമ്പോള്‍ ലോണ്‍ അക്കൌണ്ടിലെ ബാലന്‍സ് ഒരു പ്രത്യേക "സ്യൂട്ട് ഫയല്‍ഡ്" അക്കൌണ്ടിലേക്ക് മാറ്റുന്നു. കോടതി വിധി വരുന്ന കാലം വരെയും തുക അതില്‍ കിടക്കേണ്ടതാണ്.
എന്താണ് ടെക്നിക്കല്‍ റൈറ്റ് ഓഫ്?
ബാലന്‍സ് ഷീറ്റ് എന്നാല്‍ ഒരു പ്രത്യേക ദിവസത്തെ സ്ഥാപനത്തിന്റെ ആസ്തികളും, ബാധ്യതകളും കാണിക്കുന്ന ഒരു സ്റ്റേറ്റ്മെന്റ് ആണ്. ബാങ്കിന്‍റെ ബാലന്‍സ് ഷീറ്റ് ഉണ്ടാക്കുമ്പോള്‍ ആര്‍.ബി.ഐ നിര്‍ദേശങ്ങളും, ഇന്‍സ്ടിട്ട്യൂറ്റ് ഓഫ് ചാര്‍ട്ടേഡ് അക്കൌണ്ടന്റ്സ് ഓഫ് ഇന്ത്യ നിര്‍ദേശിച്ചിട്ടുള്ള അക്കൌണ്ടിംഗ് സ്റ്റാന്‍ഡേര്‍ഡുകളും (എ.എസ്), കമ്പനി നിയമവും പാലിക്കേണ്ടതുണ്ട്. ഇവ പ്രകാരം കാലങ്ങളായി കിട്ടാക്കടമായി ബാലന്‍സ് ഷീറ്റില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ലോണുകള്‍ സമയാ സമയം പരിശോധിച്ച് തിരിച്ചു കിട്ടാന്‍ സാധ്യത കുറവ്/തീരെ ഇല്ലാത്ത സംഘ്യകള്‍ അവക്കെതിരെ വെച്ചിട്ടുള്ള കരുതല്‍ ഫണ്ടുമായി തട്ടികിഴിക്കുന്നു. ബാലന്‍സ് ഷീറ്റിനു കുറച്ചുകൂടി കൃത്യതയും വ്യക്തതയും വരാന്‍ ആണ് ഇത് ചെയ്യുന്നത്.
എന്താണ് ഇങ്ങനെ ചെയ്യുന്നതിന്റെ ഫലം?
ഒരു കിട്ടാക്കടം ഇപ്രകാരം ടെക്നിക്കല്‍ റൈറ്റ് ഓഫ് ചെയ്തുകഴിഞ്ഞാല്‍ ബാങ്കിന്‍റെ ആസ്തികളില്‍ നിന്നും അത് നീക്കം ചെയ്യപ്പെടുന്നു. ഒപ്പം തന്നെ അതിനെതിരെ ബാധ്യതായി വെച്ചിട്ടുള്ള കരുതല്‍ ഫണ്ടും ഇല്ലാതാകുന്നു.
കോടതിയിലെ കേസുകള്‍?
ടെക്നിക്കല്‍ റൈറ്റ് ഓഫ് ചെയ്താലും കിട്ടാക്കടം തിരിച്ചു പിടിക്കാനും, കടക്കാരന്‍ ഈടായി തന്നിട്ടുള്ള വസ്തുവഹകളില്‍ നിന്നും ഈടാക്കാനും ഉള്ള ബാങ്കിന്റെ അവകാശങ്ങള്‍ ഇല്ലാതാകുന്നില്ല. പിന്നീട് ഏതെങ്കിലും വര്‍ഷം ഇപ്രകാരം തിരിച്ചു പിടിക്കുന്ന തുക ആ വര്‍ഷത്തെ വരുമാനമായി ബാങ്ക് കണക്കില്‍ പെടുത്തുന്നു.
എന്താണ് ടെക്നിക്കലല്ലാത്ത റൈറ്റ് ഓഫ്?
സാധാരണക്കാരന്റെ ഭാഷയില്‍ എഴുതി തള്ളുക. ഇവിടെ കിട്ടാനുള്ള തുക എഴുതി തള്ളുന്നതിനോടൊപ്പം കടം തിരിച്ചു പിടിക്കാനുള്ള അവകാശങ്ങളും ഉപേക്ഷിക്കുന്നു. പിന്നീട് അയാളില്‍ നിന്നും കടം ഈടാക്കാന്‍ ബാങ്കിന് സാധ്യമല്ല.
സാധാരണ നിലയില്‍ ഒരു ലോണ്‍ "ടെക്നിക്കല്‍ റൈറ്റ് ഓഫ്" വരെ എത്താന്‍ വര്‍ഷങ്ങള്‍ എടുക്കും. ഇപ്പോള്‍ വാര്‍ത്ത ആയിരിക്കുന്ന എസ്.ബി.ഐയുടെ ഏഴായിരം കോടി ടെക്നിക്കല്‍ റൈറ്റ് ഓഫ് ശരിക്കും മനസ്സിലാക്കാന്‍ ഈ ലോണുകള്‍ ആര്‍ക്ക്, എപ്പോള്‍, എന്തു രേഖ പ്രകാരം കൊടുത്തു എന്ന് പരിശോധിക്കണം. ലോണ്‍ കൊടുക്കുന്ന വേളയില്‍ എഴുതപ്പെടുന്ന കരാറുകള്‍ പ്രകാരമാണ് ബാങ്കിന് കടക്കാരന്റെ വസ്തുവഹകളില്‍ അധികാരം വരുന്നത്. ഈ കരാറുകള്‍ പ്രകാരമുള്ള അധികാരത്തിനപ്പുറം പ്രവര്‍ത്തിക്കാന്‍ ബാങ്കുകള്‍ക്ക് സാധ്യമല്ല.
എന്റെ പരിമിതമായ അറിവില്‍ നിന്നുമാണ് ഞാന്‍ ഇത്രയും പറയുന്നത്. തെറ്റുകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുമല്ലോ. ഡെബിറ്റും, ക്രെഡിറ്റും, ഡബിള്‍ എന്ട്രിയും എന്താണ് എന്നറിയുന്നവര്‍ക്ക് കുറച്ചു കൂടി വ്യക്തമായി മനസ്സിലാകും എന്ന് കരുതുന്നു.
No comments:
Post a Comment