November 14, 2009

മുഖപ്രസംഗം: ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടിത്തറ ശക്തം

കഴിഞ്ഞ 2 ആഴ്ചകളിലായി നടന്ന ഇന്ത്യ-ആസ്റ്റ്രേലിയ ഏകദിന പരമ്പരയുടെ ഫലം ഈ ഭൂഗോളത്തിലെ നമ്പര്‍ 1 ഏകദിന ടീം ആസ്റ്റ്രേലിയ ആണെന്ന വ്യാജപ്രചാരണത്തിന്റെ മുനയൊടിക്കുന്നതായി. പരമ്പരാഗതമായി ജയിക്കുന്ന ടീമുമായി വീണ്ടും ദുര്‍ബലമായ വിജയം ആവര്‍ത്തിച്ചു എന്നാശ്വസിക്കാന്‍ മാത്രമുള്ള വകയേ ഈ ഫലം ഓസീസിനു നല്‍കുന്നുള്ളു.അതേസമയം ഇന്ത്യയുടെ അടിത്തറ ശക്തമാണെന്നുമാത്രമല്ല, കൂടുതല്‍ വിപുലപ്പെടുകയാണെന്നും ഈ ഫലം തെളിയിക്കുന്നു.

2007ലെ സീരീസില്‍ 4-2 നു വിജയിച്ച ആസ്റ്റ്രേലിയയുടെ റിസള്‍റ്റ്‌ മെച്ചപ്പെടുത്താനുള്ള ശ്രമം വിജയിച്ചില്ല. പരമ്പര വിജയം നേടാനുള്ള ഇന്ത്യയുടെ ശ്രമം വിജയിച്ചില്ല എന്നത്‌ നേരാണ്‌. എന്നാല്‍ ആസ്റ്റ്രേലിയക്ക്‌ കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യക്ക്‌ കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായി 6-1 പരമ്പര വിജയം നേടിയതോടെ അസ്റ്റ്രേലിയന്‍ ക്രിക്കറ്റിന്റെ പുനര്‍ജന്മമാണെന്ന് സിന്‍ഡിക്കേറ്റുകാര്‍ വിലയിരുത്തി. 2010ല്‍ നടക്കാനിരിക്കുന്ന വേള്‍ഡ്‌ കപ്പില്‍ ആസ്റ്റ്രേലിയന്‍ വിജയം സുനിശ്ചിതമാണെന്നുവരെ അവകാശവാദമുണ്ടായി. അതു ചൂണ്ടിക്കാണിച്ച്‌ ഇന്ത്യന്‍ കളിക്കാരെ വിരട്ടാന്‍ വരെ ആസ്റ്റ്രേലിയന്‍ ബൗളിംഗ്‌ നിര ധിക്കാരം കാട്ടി.വ്യക്തമായി ഒരു ടീമിനേയും പിന്തുണക്കാത്ത  'ഗൊണാപ്പന്‍'മാരെയുള്‍പ്പടെ ഓസീസിന്റെ ഈ അവകാശവാദം ഒരു പരിധി വരെ വിശ്വസിപ്പിക്കുന്ന നിലയിലാണ്‌ പ്രചാരണമര്‍ങ്ങേറിയത്‌. ഈ സീരീസ്‌ ഫലം അത്തരം അവകാശവാദങ്ങളെ തകര്‍ത്തിരിക്കുന്നു.

2007ലെ പരമ്പരയില്‍ രണ്ടും മൂന്നും ഏകദിനങ്ങള്‍ യധാക്രമം 84 റണ്ണിനും, 47 റണ്ണിനും വിജയിച്ച ഓസീസിന്‌ ഇത്തവണ 4/24/3 (യധാക്രമം 1/4/5 ഏകദിനങ്ങള്‍) റണ്ണുകള്‍ക്ക്‌ മാത്രമാണ്‌ വിജയിക്കാന്‍ സാധിച്ചത്‌.ഏതായാലും സീരിസ്‌ അവലോകനം ചെയ്യാന്‍ ദൃശ്യമാധ്യമങ്ങളില്‍ വരുന്ന ഓസീസ്‌ നായകന്‍ ഇംഗ്ലണ്ടിനെതിരായ വമ്പന്‍ ജയം താത്കാലികമായിരുന്നു എന്നു സമ്മതിക്കാന്‍  തയ്യാറാകണം. ഓസീസ്‌ ക്രിക്കറ്റിന്റെ മികവിന്റെ വിജയമാണ്‌ ഈ ജയം എന്ന വിലയിരുത്താനുള്ള സിന്‍ഡിക്കേറ്റുകളുടെ ശ്രമം യാഥര്‍ഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്നാണ്‌ ഇതോടെ തെളിഞ്ഞത്‌. ഇംഗ്ലണ്ട്‌ കശാപ്പിനെതുടര്‍ന്ന് വ്യാപകമായ ഓസീ അനുകൂല പ്രചാരണം ഉണ്ടായപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടിത്തറ തകര്‍ന്നിട്ടില്ലെന്നും 2 കളികള്‍ മാത്രമെ നഷ്ടപ്പെട്ടിട്ടുള്ളു എന്നും BCCI  വിലയിരുത്തിയിരുന്നു. അതോടൊപ്പം തന്നെ ഇത്‌ ഗൗരവപരമായ ത്രിച്ചടിയാണെന്നും പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കോണ്ട്‌ നഷ്ടപ്പെട്ട ഫാന്‍സിനെ തിരിച്ചുപിടിക്കാന്‍ ആത്മാര്‍ഥശ്രമം ഇന്ത്യയുടെ ഭാഗത്ത്‌ നിന്നുണ്ടാകണമെന്നും വ്യകതമാക്കിയിരുന്നു. അതനുസരിച്ചാണ്‌ ഇന്ത്യ പ്രാക്റ്റീസ്‌ ചെയ്തത്‌. തികഞ്ഞ്‌ ഐക്യത്തോടെയാണ്‌ എല്ലാ കളിക്കാരും പ്രവര്‍ത്തിച്ചത്‌. തങ്ങളുടെ കളിമികവ്‌ ഫാന്‍സിനുമുമ്പില്‍ അവതരിപ്പിക്കുകയും ചെയ്തു. ഇതിനൊക്കെ നല്ല ഫലം ഉണ്ടായി എന്നു വേണം
കരുതാന്‍.

2007ലെ സീരീസില്‍ ആസ്റ്റ്രേലിയക്ക്‌ 149 റണ്ണിന്റെ [47+84+18(ഏകദിനം 6)] മുന്‍തൂക്കം ഉണ്ടായിരുന്ന ആസ്റ്റ്രേലിയയുടെ റണ്‍ മുന്തൂക്കം ഈ സീരീസില്‍ ഇല്ലാതാകുന്നതാണ്‌ [4+3+24-99(ഇന്ത്യ ജയിച്ചത്‌)] കണ്ടത്‌. കഴിഞ്ഞ സീരീസില്‍ 9 വിക്കറ്റിന്‌ ഓസീസ്‌ അഞ്ചാം ഏകദിനം ജയിച്ചപ്പോള്‍ അവസാന ഏകദിനം 2 വിക്കറ്റുകള്‍ക്കാണ്‌ ഇന്ത്യ ജയിച്ചത്‌ (ഓസീ മുന്തൂക്കം- 7 വിക്കറ്റ്‌). എന്നാല്‍ ഈ സീരീസില്‍ 2 ടീമുകളും 6 വിക്കറ്റുകള്‍ക്കാണ്‌ കളികള്‍ ജയിച്ചത്‌ (ഒസീ  മുന്തൂക്കം-0). ഈ കണക്കുകളെല്ലാം വ്യക്തമാക്കുന്നത്‌ 1999ലെ ഷാര്‍ജാ സീരിസില്‍ ഇന്ത്യക്ക്‌ അനുകൂലമായി ആഞ്ഞടിച്ച തരംഗം ഇന്നും നിലനില്‍ക്കുകയൊ ശക്തിപ്പെടുകയൊ ചെയുതുവെന്നാണ്‌.

ഈ സീരീസില്‍ ആസ്റ്റ്രേലിയന്‍ ഓപ്പണര്‍ ആയി ഇടിക്കാരന്‍ (വാട്സണ്‍) കളിച്ച ജയിച്ചത്‌ സ്പോര്‍ട്സ്‌മാന്‍ സ്പിരിറ്റിനു തന്നെ കളങ്കം വരുത്തി വച്ചതാണെന്ന് കാണാതെ പൊയ്ക്കൂടാ. ഇടിക്കാരന്‍ നല്ല രീതിയില്‍ തന്നെ കളിക്കുകയും ചെയ്തു. ക്രിക്കറ്റില്‍ ഓസീസ്‌ അടിത്തറ ഇത്ര ശക്തമായിട്ടും ഇത്രയും ഉറച്ച സീരീസില്‍ ഇടിക്കാരന്‍ ക്രിക്കറ്ററെ ഓപ്പണറാക്കിയതില്‍ ഓസീ നേതൃത്വ നിരയിലുള്ള അഭിപ്രായവ്യത്യാസം മറനീക്കി പുറത്തു വന്നില്ല എന്നു മാത്രം. ഇനിയുള്ള നാളുകളില്‍  ഇതിനുള്ള ഫലം അനുഭവിച്ച്‌ മറ്റു ടീമുകള്‍ ഒരുപാട്‌ വിയര്‍പ്പൊഴുക്കേണ്ടി വരും.

വരുംനാളുകളില്‍ ഇന്ത്യയുടെ കളിമികവ്‌ കൂടുതല്‍ വിപുലീകരിക്കാനും, ടീമിനെ കൂടുതല്‍ ഐക്യത്തോടെ മുന്നോട്ട്‌ കൊണ്ടുപോകാനുമുള്ള ഊര്‍ജ്ജമാണ്‌ സീരീസ് ഫലങ്ങളില്‍നിന്ന് ആര്‍ജിക്കാനുള്ളത്‌. കൂടുതല്‍ ഫാന്‍സിനെ ആകര്‍ഷിക്കാനുള്ള കളികള്‍ ആവിഷ്കരിക്കുന്നതോടൊപ്പം സ്വയം വിമര്‍ശനാത്മകമായ പരിശോധനകള്‍ അവിരാമം തുടരുകയും അവയില്‍ നിന്ന് പാഠമുള്‍ക്കോണ്ട്‌ ഫാന്‍സിനെ സന്തോഷിപ്പിക്കുക എന്ന കടമയാണ്‌ ഇന്ത്യന്‍ ടീമിനുള്ളത്‌. അത്‌ നിര്‍വഹിക്കുന്നതിന്‌  പര്യാപ്തമായ സൂചനയാണ്‌ ഈ സീരീസ്‌ ഫലത്തിലുള്ളത്‌. ഒസീ വിജയാഘോഷത്തേക്കാള്‍ മൂല്യം  അതിനുണ്ട്‌.

---സത്യം ഞാന്‍ ഇടതു കണ്ണിലൂടെ കണ്ടപ്പോള്‍.
ഉപകാരസ്മരണ: 'എല്‍ഡിഫിന്റെ അടിത്തറ ശക്തം' എന്ന ദേശാഭിമാനി മുഖപ്രസംഗത്തോട്‌. നേരു ഞാന്‍ നേരത്തെ കണ്ടില്ലെങ്കിലും, ഇപ്പോള്‍ കണ്ടു

5 comments:

പിപഠിഷു said...
This comment has been removed by the author.
പിപഠിഷു said...

പോസ്റ്റ്‌ വായിച്ചു തുടങ്ങിയപ്പോ തന്നെ കണ്ട്രോള്‍ വിട്ടു ചിരിച്ചു പോയി!

കിക്കിടിലന്‍ പോസ്റ്റ്‌!

താഴെ ലിങ്ക് ചേര്‍ക്കേണ്ട ആവശ്യം ഒന്നും ഇല്ല! ആ തമാശ വായിക്കാത്തവര്‍ ചുരുക്കം ആണ് :D

ഇതു പ്രൊമോട്ടു ചെയ്തിട്ടുണ്ട് ഞാൻ...

സ്വ:ലേ said...

കണ്ടു. അതു വഴിയും കുറച്ചു പേര്‍ ഇങോട്ട് വന്നു. താങ്ക്സ്..

ബിനോയ്//HariNav said...

ha ha ha :)

മുക്കുവന്‍ said...

hahahahaha... excellent one!!