July 03, 2012

ചതുശ്ശതം

രണ്ടു ദിവസം മുമ്പായിരുന്നു ചേര്‍പ്പിലെ അമ്പലത്തില്‍ പ്രതിഷ്ഠാ ദിനം. എല്ലാ വര്‍ഷത്തേയും പോലെ ഈ വര്‍ഷവും ഉച്ചക്ക്‌ പ്രസാദ ഊട്ടുസദ്യ ഉണ്ടായിരുന്നു. സദ്യക്ക് ഉണ്ണാന്‍ എന്റെ എതിരെ ഉള്ള കസേരയില്‍ ആയിരുന്നു അവര്‍ ഇരുന്നത്. നല്ല പ്രായമുണ്ട്. എണ്‍പതില്‍ കൂടുതല്‍ ഉണ്ടാകും, ഞാന്‍ ചിന്തിച്ചു. പോരാത്തതിന്നു കയ്യില്‍ ഒരു ചെറിയ പാത്രവുമായാണ് വന്നിരിക്കുന്നത്. ഇത്രയും പ്രായമായിട്ടെന്തിനാ ഈ തിരക്കില്‍ വന്നു ഉണ്ണുന്നത് എന്ന് മനസ്സില്‍ വിചാരിച്ചു. വിളമ്പുകാരന്‍ കൊണ്ട് തട്ടിയ ചോറ് എന്റെ ശ്രദ്ധ അവരില്‍ നിന്നും ഇലയിലേക്ക് തിരിച്ചു. തീര്‍ക്കാന്‍ ഒരു മല പോലെ ചോറ് ഇലയില്‍ കിടക്കുമ്പോള്‍ ഇന്നോ നാളെയോ എന്നമട്ടില്‍ നടക്കുന്ന ആ കിഴവിയെ നോക്കാനല്ലേ സമയം. ഒരു അറ്റത്ത് നിന്ന് തുടങ്ങി. വട്ടങ്ങള്‍ എല്ലാം ഗംഭീരം. ഇനി പായസം കൂടി നന്നായാല്‍ മതിയായിരുന്നു; ദേഹണ്ണം ആരാണാവോ, ഞാന്‍ എന്നോട് തന്നെ ചോദിച്ചു. 

പായസം വിളമ്പുന്നയാള്‍ അവരുടെ മുമ്പില്‍ വെച്ചിരുന്ന പേപ്പര്‍ ഗ്ലാസ്സില്‍ ഒഴിച്ച ഒരു തവി ചതുശ്ശതം (പ്രസാദം - ഇടിച്ചു പിഴിഞ്ഞ പായസം) അവര്‍ കയ്യിലെ പാത്രത്തിലേക്ക് ഒഴിക്കുന്നത് കണ്ടപ്പോളാണ് ഞാന്‍ അവരെ വീണ്ടും ശ്രദ്ധിച്ചത്. വിളമ്പുകാരന്‍ രണ്ടാമത് വന്നപ്പോള്‍ അവര്‍ വീണ്ടും പായസം വാങ്ങി അതും പാത്രത്തിലേക്ക് തന്നെ ഒഴിച്ചു. ഇതെല്ലാം നോക്കി കണ്ടുകൊണ്ട് 'ഈ പ്രായത്തിലും പായസം ഇസ്കാന്‍ ഒരു മടിയുമില്ലല്ലോ' എന്ന ചോദ്യം കണ്ണില്‍ നിറച്ചുംകൊണ്ട് അവരെ തന്നെ നോക്കി ഇരുന്നിരുന്ന സ്ത്രീയോട് അവര്‍ ആത്മഗതം പോലെ പറയുന്നതു കേട്ടു:
"വീട്ടില്‍ ഒരാളുണ്ടേ...കഴിഞ്ഞ കൊല്ലം വന്നിരുന്നു, ഇപ്പൊ നടക്കാന്‍ വയ്യ. ആള്‍ അങ്ങനെ അവിടെ ഇരിക്കുമ്പോ ഇവിടേരുന്നു പായസം കുടിക്കാന്‍ എനിക്കെങ്ങനെ പറ്റും?"
ഒരു കയ്യില്‍ വീട്ടിലിരിക്കുന്ന 'ആള്‍ക്ക്' വേണ്ടിയുള്ള പായസപാത്രവും മുറുക്കെപിടിച്ച്, ജീവിച്ചു തീര്‍ന്ന വര്‍ഷങ്ങളുടെ ഭാരം താങ്ങാനാവാതെ ഇടറുന്ന കാല്‍വെയ്പുകളുമായി അവര്‍ കയ്യുകഴുകാനായി പൈപ്പിന്റെ അടുത്തേക്ക്‌ പോയി. 

സ്കൂളിലെ സഹപ്രവര്‍ത്തകരുടെ സെന്റ്‌ ഓഫ് പാര്‍ട്ടിക്ക് കിട്ടുന്ന ലഡുവും ജിലേബിയും കഴിക്കാതെ എനിക്കും ചേട്ടനും തരാന്‍ വേണ്ടി കടലാസ്സില്‍ പൊതിഞ്ഞെടുത്തിരുന്ന മുത്തശ്ശിയുടെ ഛായ അവര്‍ക്ക്‌ ഉണ്ടായിരുന്നോ? ഞാന്‍ വെറുതെ ആലോചിച്ചു. 

4 comments:

360kerala said...

really touching.................

Unknown said...

മനോഹരം ആയി അവതരണം... പക്ഷെ അവസാനം പറഞ്ഞ ആ മുത്തശി സ്നേഹം എനിക്ക് ലഭിച്ചിട്ടില്ല എന്നാ ദുഃഖം അവസാനം എനിക്ക് മിച്ചം....അഭിനന്ദനങ്ങള്‍

Gopu Muralidharan said...

നന്നായിരിക്കുന്നു . അഭിനന്ദനം .

Anonymous said...

Nice...