Skip to main content

ഡെറാഡൂണ്‍ യാത്ര: രണ്ടാം ഖണ്ഡം - ഋഷികേശ്

ഡെറാഡൂണില്‍ എത്തി ആദ്യ ഞായറാഴ്ച ഹരിദ്വാറും ഋഷികേഷും സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ തിരുമാനിച്ചു, ഒരു ഒഴിവു ദിവസം ഹോട്ടല്‍ മുറിയില്‍ ഇരുന്നു കഴിച്ചുകൂട്ടുന്നതിനെക്കാള്‍ എന്തുകൊണ്ടും നല്ലത് ഒരു യാത്ര ആണല്ലോ. ഇവിടെ നിന്നും ഋഷികേഷിലെക്ക് ഏകദേശം 45 കിലോ മീറ്റര്‍ ദൂരമുണ്ട്. അവിടെ നിന്നും ഒരു 20 കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ ഹരിദ്വാര്‍ എത്തി ചേരാം. ശനിയാഴ്ച തന്നെ അടുത്ത ദിവസത്തെ യാത്രക്കായി ഒരു ടാക്സി ഞങ്ങള്‍ ഏര്‍പ്പാടാക്കി.ഡെറാഡൂണില്‍ നിന്നും ഞങ്ങള്‍ക്ക് പോകേണ്ട രണ്ടു സ്ഥലങ്ങളിലേക്കും സ്ഥിരമായി ബസ്‌ സര്‍വീസ്‌ ഉണ്ടെങ്കിലും വഴിയിലെ കാഴ്ചകള്‍ ആസ്വദിച്ചുള്ള സഞ്ചാരത്തിനു നല്ലത് ടാക്സി തന്നെയാണ്. അങ്ങനെ ഞായറാഴ്ച രാവിലെ 9.30നു ഞങ്ങള്‍ യാത്ര തിരിച്ചു. ആദ്യ ലക്‌ഷ്യം : ഋഷികേശ്‌.

ഡെറാഡൂണ്‍ നഗരം പിന്നിലാക്കി രാജാജി വന്യജീവി സങ്കേതത്തിലൂടെ ഞങ്ങള്‍ യാത്ര തുടര്‍ന്നു. വഴിയില്‍ പലയിടങ്ങളിലും ഒരു മുന്നറിയിപ്പ് പോലെ ആനയുടെ പടം വരച്ചു വെച്ചിട്ടുണ്ടായിരുന്നു. രാത്രികാലങ്ങളില്‍ ഈ വഴിയില്‍ ആന ഇറങ്ങുന്നത് ഒരു പതിവാണത്രേ. ഏകദേശം രണ്ടു മണിക്കൂര്‍ നേരത്തെ യാത്രക്ക് ശേഷം ഞങ്ങള്‍ ലോകത്തിന്റെ യോഗ തലസ്ഥാനം എന്നറിയപ്പെടുന്ന ഋഷികേശില്‍ എത്തിച്ചേര്‍ന്നു. വണ്ടി പാര്‍ക്ക്‌ ചെയ്തു ഞങ്ങള്‍ ഋഷികേശിലെ തിരക്കിലേക്ക് അലിഞ്ഞു ചേര്‍ന്നു.


പുരാണങ്ങള്‍ അനുസരിച്ച് ഗംഗാ നദി മുറിച്ചു കടക്കാന്‍ ചണക്കയറുപയോഗിച്ചു ലക്ഷ്മണന്‍ നിര്‍മിച്ച പാലമാണ് 'ലക്ഷ്മണ്‍ ഝൂലാ'. ആ പാലം നില നിന്നിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്ത്‌ 1930കളുടെ അവസാനം നിര്‍മിക്കപ്പെട്ട വളരെ ഇടുങ്ങിയ ഒരു തൂക്കുപാലമാണ് ഇപ്പോള്‍ അവിടെ ഉള്ളത്. ഗംഗയുടെ ഇരു കരകവെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന പാലം ആയതുകൊണ്ട് തന്നെ തദ്ദേശവാസികളും, ഋഷികേശില്‍ എത്തുന്ന ആയിരക്കണക്കിന് തീര്‍ഥാടകരും, കച്ചവടസ്ഥാപനങ്ങളിക്ക് വില്പനച്ചരക്കുകള്‍ കൊണ്ടുപോകുന്ന ഇരുചക്രവാഹനങ്ങളും ഗംഗാ നദി മുറിച്ചു കടക്കാന്‍ ഈ തൂക്കുപലത്തെയാണ് ആശ്രയിക്കുന്നത്. കാല്‍ നടക്കാരുടെയും, ഉച്ചത്തില്‍ ഹോണ്‍ മുഴക്കി അവര്‍ക്കിടയിലൂടെ കടന്നു പോകുന്ന ഇരു ചക്ര വാഹനങ്ങളുടെയും ബാഹുല്യം കൊണ്ട് ഇരു ഭാഗത്തേക്കും ആടുന്ന ഈ പാലത്തില്‍ കൂടി നടന്നു  മറുകര പൂകുക എന്നത് വളരെ ശ്രമകരമായ ഒരു ഉദ്യമം ആണ് എന്ന് പറയാതെ വയ്യ. ഒരു വിധം ലക്ഷ്മണ്‍ ഝൂലാ താണ്ടി മറു കരയില്‍ എത്തുമ്പോള്‍ ഋഷികേശിലെ അസംഖ്യം ആശ്രമങ്ങളും അമ്പലങ്ങളും മുന്നില്‍ തെളിയും.

ചരിത്രമുറങ്ങുന്ന ഗംഗാ നദി തീരത്ത് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ലക്ഷണമായ ടാര്‍ ചെയ്ത പാതയുടെ ഒരു ഭാഗത്ത്‌ ഗംഗാ നദിയിലേക്ക് ഇറങ്ങാനുള്ള ഘാട്ടുകളാണെങ്കില്‍ മറു ഭാഗത്ത്‌ കടകളും പ്രാചീനമായ ആശ്രമങ്ങളും ആണ്. കാവി പുതച്ച  ജടാധാരികളായ സന്യാസിമാരെയും, ജനത്തിരക്കിലൂടെ ഒരു കൂസലുമില്ലാതെ നടന്നു പോകുന്ന ഗോക്കളെയും നമുക്ക് ഇവിടെ കാണാം. ഒരു ഗൈഡിന്റെ കൂടി ചുമതയുള്ള സാരഥി ഋഷികേശിലെ ഇടുങ്ങിയ പാതകളിലൂടെ ഞങ്ങളെ മുന്നോട്ടു നയിച്ചു.


സാമാന്യം വലിയ ഒരു പൂന്തോട്ടത്തോട് കൂടിയ ഒരു വലിയ നാലുകെട്ടാണ് 'ഗീതാ ഭവന്‍'. പൂന്തോട്ടത്തിന്റെ മധ്യത്തിലായി ഭഗവാന്‍ കൃഷ്ണന്റെ ഒരു ചെറിയ അമ്പലം ഉണ്ട്. ഗീത ഭവന്റെ ഒരു ഭാഗം ആശ്രമംആണെങ്കിലും ഭൂരിഭാഗം മുറികളും ഋഷികേശില്‍ എത്തുന്ന തീര്‍ഥാടകര്‍ക്കായി മാറ്റി വെച്ചിരിക്കുന്നു. കുറഞ്ഞ ചിലവില്‍ മുറികള്‍ നല്‍കുന്ന ഇതുപോലെ ഉള്ള ആശ്രമങ്ങള്‍ തീര്‍ഥാടകര്‍ക്ക് ഒരു അനുഗ്രഹം തന്നെയാണ്. ഗീതഭാവനിലെ പൂന്തോട്ടത്തില്‍ വളരുന്ന രുദ്രാക്ഷ മരത്തെ വണങ്ങി ഗീത ഭവന് വിട നല്‍കി ഞങ്ങള്‍ പുറത്തിറങ്ങി മുന്നോട്ടുള്ള യാത്ര തുടര്‍ന്നു.


ഋഷികേശിലെ ആശ്രമങ്ങളിലെ വി.ഐ.പി ആണ് ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ സ്ഥാപതിമായ പരമാര്‍ത്ഥ നികേതന്‍ ആശ്രമം. കെട്ടിലും മട്ടിലും ഗീതാ ഭവനെ അനുസ്മരിപ്പിക്കുന്ന ഒരു നിര്‍മ്മിതി. ഋഷികേശിലെ ഏറ്റവും വലിയ ആശ്രമവും ഇത് തന്നെയാണ്. ആശ്രമത്തിന്റെ എതിര്‍ഭാഗത്താണ് വൈകുന്നേരങ്ങളില്‍ ആരതി നടക്കുന്ന പ്രധാന ഘാട്ട്. ഋഷികേഷിന്റെ പൊതുവായ അവസ്ഥ വെച്ച് നോക്കുമ്പോള്‍ വൃത്തിയായി പരിരക്ഷിച്ചു പോരുന്ന ഒന്നാണ് ആണ് പരമാര്‍ത്ഥ നികേതന്‍ ഘാട്ടും പരിസരങ്ങളും.  ഘാട്ടിലേക്ക് ഇറങ്ങുന്ന കവാടത്തിന്റെ അടുത്തായി ഒരു ക്ലോക് ടവറും ഒരു ചെറിയ അമ്പലവും ഉണ്ട്. വലതുഭാഗത്തായി ഹനുമാന്‍ സ്വാമികള്‍ സ്വന്തം മാറ് പിളര്‍ന്നു നില്‍ക്കുന്ന രീതിയിലുള്ള  ഒരു വലിയ പ്രതിമ സ്ഥിതി ചെയ്യുന്നു. പ്രധാന കവാടത്തിനു മുകളിലായി ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനന് ഭഗവത്ഗീത ഉപദേശിക്കുന്ന രംഗം ചിത്രീകരിക്കുന്ന ഒരു വലിയ ശില്‍പം ഉണ്ട്. ഇതൊക്കെ ഉണ്ടെങ്കിലും ആ ഘാട്ടില്‍ എത്തുന്നവരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് ഗംഗാ നദിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ധ്യാനനിമഗ്നനായ പരമശിവന്റെ ശില്‍പം ആണ്. കഴിഞ്ഞ വര്ഷം ശക്തമായ മഴയില്‍ ഈ ശില്പത്തിന്റെ ഒരു ഭാഗം തകര്‍ന്നു പോയത്രേ. പിന്നീട് പുനര്‍നിര്‍മ്മിച്ച ശില്‍പം ആണ് ഇപ്പോള്‍ അവിടെ ഉള്ളത്.


ത്രിസന്ധ്യക്ക് സുവര്‍ണ്ണ ശോഭയില്‍ ആറാടി നില്‍ക്കുന്ന ആകാശത്തിനു താഴെ ശാന്തമായി ഒഴുകുന്ന ഗംഗാ നദിയുടെ മധ്യത്തില്‍ ആരതിക്കായി കൊളുത്തുന്ന വിളക്കുകളുടെ പ്രകാശത്തില്‍ ജ്വലിക്കുന്ന പരമശിവന്റെ രൂപം ഞാന്‍ മനസ്സില്‍ ഓര്‍ത്തു. ഇനി വരുമ്പോള്‍ ഋഷികേശിലെ ആരതിയില്‍ പങ്കെടുക്കണമെന്നു മനസ്സില്‍ കുറിച്ച് ഞങ്ങള്‍ തിരിച്ചു നടക്കാന്‍ തുടങ്ങി. 

ലക്ഷ്മണ്‍ ഝൂലയിലെ ജനത്തിരക്ക് വര്‍ദ്ധിച്ചിരിക്കുന്നു. വൈകുന്നേരത്തെ ആരതിയില്‍ പങ്കുചേരാന്‍ ഭാരതവര്‍ഷത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന തീര്‍ഥാടകര്‍ ആകും, ഞാന്‍ ഓര്‍ത്തു. രാവിലെ സൂര്യശോഭ മറച്ചിരുന്ന കാര്‍മേഘങ്ങള്‍ അപ്പോഴേക്കും ഒഴിഞ്ഞുപോയിരുന്നു. ആ പൊള്ളുന്ന ചൂടില്‍ തിരക്കിലൂടെ ഒരു വിധം തിരക്കിലൂടെ ഞങ്ങള്‍ വണ്ടി പാര്‍ക്ക്‌ ചെയ്തിരുന്ന സ്ഥലത്ത് എത്തി. അതിനടുതുതന്നെയുള്ള മദ്രാസ്‌ കഫേയില്‍ നിന്നും ഉച്ച ഭക്ഷണം കഴിച്ചു, ഞങ്ങള്‍ ഹരിദ്വാറിലേക്ക് തിരിച്ചു, 

Comments

ജനപ്രിയ പോസ്റ്റുകള്‍

കറന്‍സി രഹിത ലോകം

യൂറോപ്യന്‍ രാജ്യമായ സ്വീഡന്‍ 2020ആകുമ്പോഴേക്കും ലോകത്തിലെ ആദ്യ കറന്‍സി രഹിത രാജ്യമായി മാറാന്‍ തയ്യാറെടുക്കുകയാണ്. ബിറ്റ് കോയിന്‍ പോലുള്ള രാജ്യാന്തര-സ്വതന്ത്ര ക്രിപ്ടോകറന്‍സികളും വേരുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. തുടങ്ങിയിരിക്കുന്നു. ഇടപാടുകള്‍ അതിവേഗം നൂതനസംവിധാനങ്ങലിലെക്ക് മാറുകയാണ്. ഇതെല്ലാം കാണാതെ നാം കണ്ണടച്ചു ഇരുന്നാല്‍ രണ്ടോ മൂന്നോ ദശാബ്ദങ്ങള്‍ കൊണ്ട് നമ്മുടെ ലോകം പൊട്ടക്കിണര്‍ മാത്രമായി ചുരുങ്ങും. അതുകൊണ്ട് തന്നെ കറന്‍സി രഹിത സമ്പദ് വ്യവസ്ഥ എന്നത് വിപ്ലവകരമായ, നല്ല ഒരാശയാമാണ്.
ഇന്ത്യയെ പോലെ ഭൂമിശാസ്ത്രപരമായും, ജനസംഘ്യാപരമായും, സാംസ്കാരികമായും വൈവിധ്യമുള്ള ഒരു രാജ്യത്ത് ഇരുപതോ-ഇരുപത്തഞ്ചോ വര്‍ഷംകൊണ്ട് മാത്രമേ ഇത്തരമൊരു നീക്കം സാധ്യമാകു. കൃത്യമായ തയ്യാറെടുപ്പോടെ നടത്തേണ്ട ഒരു വലിയ എക്സര്‍സൈസ് ആണ് കറന്‍സി ഡിജിറ്റൈസേഷന്‍.
എന്താണ് ഈ ഡിജിറ്റല്‍ കറന്‍സി? കറന്‍സി രഹിതം എന്ന് പറയുമ്പോള്‍ 'രൂപ' അപ്രത്യക്ഷമാകാന്‍ പോകുന്നില്ല. ഇപ്പോള്‍ കറന്‍സി നോട്ടായും നാണയങ്ങളായും ഉള്ള പണത്തിന്‍റെ വിനിമയം കുറയ്ക്കുകയാണ് (ആത്യന്തികമായി പൂര്‍ണ്ണമായും ഇല്ലാതാക്കുക) 'കറന്‍സി രഹിതം' എന്നതുകൊണ്…

പറവ

പറവ എന്ന സിനിമ കണ്ടു തീയറ്ററില്‍ നിന്നുമിറങ്ങുമ്പോള്‍ മനസ്സില്‍ ഒരു വിങ്ങലായിരുന്നു; ഒരു പക്ഷെ ശോഭാ മാളിലെ ഐനോക്സില്‍ കണ്ടതുകൊണ്ടാകണം അത്രയും വിങ്ങല്‍ അനുഭവപ്പെട്ടത്. വളരെ കാലത്തിനു ശേഷമാല്ലെങ്കിലും ഒരു കൂതറ പടം തീയറ്ററില്‍ പോയി കണ്ടതിന്‍റെ എല്ലാ വിധ ആത്മനൊമ്പരവും ഇന്നത്തെ സായം സന്ധ്യയില്‍ എന്റെ മനസ്സില്‍ തെളിഞ്ഞു വന്നു.
കുറച്ച് രക്ഷാധികാരി ബൈജു (ക്ലബും, പത്ത് മുപ്പതു വയസ്സായിട്ടും കളിച്ചു നടക്കുന്ന കുറെ ടീംസും), കുറച്ചു ഗപ്പി (ആ രണ്ടു പയ്യന്മാര്‍), കുറച്ചു 1984(ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ട നഷ്ടോള്‍ജിയ),ന്യുജെന്‍ പടങ്ങളുടെ ഈറ്റില്ലമമായ മട്ടാഞ്ചേരി-കൊച്ചി ലൊക്കേഷന്‍ ആന്‍ഡ്‌ സ്ലാങ്ങ്‌,  അങ്ങനെ കണ്ടു മറന്നതും, മറക്കാത്തതുമായ പല സിനിമകളുടെയും പ്രേതങ്ങള്‍ പറവയെ ആവേശിച്ചതായി തോന്നി. ആകെ മൊത്തം എല്ലാം കൂടി ടി പ്രേതങ്ങളുടെ ഒരു ഭാര്‍ഗവിനിലയം!
പറയത്തക്ക കഥ ഒന്നും ഇല്ല; അതും ഈ അടുത്ത കാലത്തെ സിനിമകളുടെ ഒരു പ്രത്യേകതയാണല്ലോ. ഇടക്കാലത്ത് ചില തമിഴ് പടങ്ങളില്‍ കണ്ടിട്ടുള്ള ഒരു ചെറുപ്രദേശത്തെ 'കളി' ഭ്രാന്തും, അതിലെ ചാമ്പ്യന്മാരാകാന്‍ രണ്ടു ഗ്രൂപ്പുകള്‍ നടത്തുന്ന ശ്രമങ്ങളും സിനിമയുടെ ഒ…

ടു ജിയോ ഓര്‍ നോട്ട് ടു ജിയോ

റിലയന്‍സ് ജിയോ ഈ കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ച ഓഫറിന്റെ പൊള്ളത്തരങ്ങള്‍ എണ്ണമിട്ടെഴുതിയ എന്റെ ഒരു സുഹൃത്തിന്റെ ഒരു ലേഖനമാണ് ഇപ്പോള്‍ ഇങ്ങനെ ഒരു വിശകലനം നടത്താന്‍ എന്നെ പ്രേരിപ്പിച്ചത്. ഒറ്റനോട്ടത്തില്‍ വളരെ നല്ലത് എന്ന് തോന്നുമെങ്കിലും കറകളഞ്ഞ വ്യാപാരിയായ മുകേഷ് അംബാനി ഒന്നും കാണാതെ പോതുജനോദ്ധാരണം മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാനുള്ള സാധ്യത വളരെ കുറവാണ് എന്നൊരു തിരിച്ചറിവും നമുക്ക് വേണം. വിഷയത്തിലേക്ക് വരാം:
എന്താണ് ജിയോ ഓഫര്‍? കേവലം 1500 രൂപ ജിയോയില്‍ 'നിക്ഷേപിച്ചാല്‍' മൂന്നു വര്‍ഷത്തേക്ക് ഉപയോഗിക്കാന്‍ ഒരു ഫോണ്‍ അവര്‍ തരുന്നു. കാലാവധി കഴിയുമ്പോള്‍ ഫോണ്‍ തിരികെ നല്‍കിയാല്‍ നിക്ഷേപം തിരികെ തരും. ഈ കാലയളവില്‍ 149രൂപ/309 രൂപ മുതലായ മാസ വരിസംഖ്യ (28 ദിവസം) നല്‍കിയാല്‍ ജിയോ സേവനങ്ങള്‍ ഉപയോഗിക്കാം.
ഒറ്റനോട്ടത്തില്‍ വളരെ നല്ല പ്ലാന്‍. ഇനി നമുക്ക് ഒന്ന് വിശദമായി നോക്കാം:
സൌജന്യ ഫോണ്‍  മൂന്നു വര്‍ഷത്തിനു ശേഷം ഫോണ്‍ തരികെ നല്‍കി ആദ്യം നല്‍കിയ നിക്ഷേപം തിരികെ കിട്ടുമ്പോള്‍ മാത്രമാണ് നിങ്ങള്‍ക്ക് ഫോണ്‍ 'സൌജന്യമായി ലഭിച്ചു' എന്ന് പറയാന്‍ സാധിക്കു. മൂന്നു വര്‍ഷത്തിനുള്ളില്‍ ഫ…