ഒരു ദേശത്ത് ഒരമ്മയും രണ്ടുമക്കളും ഉണ്ടായിരുന്നു. ആ കുട്ടികളും,
കുടുംബം അല്ലലില്ലാതെ കൊണ്ടുനടക്കാവുന്ന ജോലിയും, വീട്ടുപണികളുമായിരുന്നു
അമ്മയുടെ ജീവിതം. അളന്നുകിട്ടുന്ന ശമ്പളത്തിൽ നിന്നും മിച്ചം പിടിക്കുന്ന
ചില്ലറകൾ അലമാരയിലെ ഒരു പഴയ പെട്ടിയിൽ ഭാവിയിലേക്കുള്ള കരുതലായി ആ അമ്മ
സൂക്ഷിച്ചു വെക്കുമായിരുന്നു. പണപ്പെട്ടിക്കു സംസാരിക്കാൻ
സാധിക്കുമായിരുന്നെങ്കിൽ അമ്മ നോറ്റ പഞ്ചാംഗത്തിലില്ലാത്ത
വ്രതങ്ങളെക്കുറിച്ചതു പറഞ്ഞേനെ.
ഇപ്രകാരം ദിനങ്ങൾ പോകെയാണ് അമ്മയുടെ
അനിയൻ അടുത്തുള്ള അമ്പലത്തിലെ പൂരത്തിനു പോകുന്ന വഴി അവിടെ കേറിയത്.
പൂരമെന്നു കേട്ടപ്പോൾ കുട്ടികൾക്കും പോകാനൊരാഗ്രഹം. അങ്ങനെ ചെറ്യമ്മാവനും
കുട്ട്യോളും പൂരത്തിനു പുറപ്പെട്ടു.
അമ്മാവൻ അമ്മയെപ്പോലെ ആയിരുന്നില്ല.വയറു നിറയെ അലുവയും,ഈന്തപ്പഴവും,
അനിയത്തിക്കുട്ടീടെ കൈ നിറയെ കരി വളകളും, വികൃതിക്ക് കളിപ്പാട്ടങ്ങളുമൊക്കെ
വാങ്ങിച്ചു കൊടുത്തു. ഈ അമ്മ ചീത്ത അമ്മ തന്നെ, അവർ ഉറപ്പിച്ചു. അങ്ങനെ
പൂരമൊക്കെ കൂടി, കുട്ടികളെ വീട്ടിലാക്കി ചെറ്യമ്മാൻ മടങ്ങി. പിള്ളേരുടെ
സന്തോഷം കണ്ടപ്പോൾ അമ്മക്കും സന്തോഷമായി.
അന്നുരാത്രി രണ്ടാൾക്കും ദീനമായി. പൂരപ്പറമ്പിലെ അലച്ചിലും മധുരപലഹാരങ്ങളും തന്നെ കാരണം, അമ്മ ഉറപ്പിച്ചു. ആശുപത്രിയിൽ പോകണം. ഡോക്ടർക്കും മരുന്നിനും കൊടുക്കുന്നതിനുള്ള കാശെടുക്കാൻ അലമാരി തുറന്ന അമ്മ കണ്ടത് കാലിയായ പണപ്പെട്ടിയാണ്. ഇതേ സമയം പൂരപ്പറമ്പിൽ നിന്നും വാങ്ങിയ വളകളും മാലയും ഭാര്യയെ അണിയിച്ച് ചേച്ചീടെ കുട്ട്യോൾടെ കൊതിയെ പറ്റി പറഞ്ഞു ചിരിക്കുകയായിരുന്നു ചെറ്യമ്മാൻ.