September 24, 2014

മംഗളമായി മംഗൾയാൻ

ആകാശം എന്നും നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഭൂമിയെ പുതച്ചുകിടക്കുന്ന മേഘങ്ങൾ തൊട്ട് ദശലക്ഷക്കണക്കിനു യോജനകൾക്കപ്പുറം ജ്വലിക്കുന്ന നക്ഷത്രഗണങ്ങളെവരെ തെല്ലൊരദ്ഭുതത്തോടെയല്ലാതെ ആർക്കും നോക്കിക്കാണാനാവില്ല. നിയതമായ പഥത്തിലൂടെ, മനുഷ്യനു ഇനിയും അപ്രാപ്യമായ അദൃശ്യ ശക്തികൾ മടിത്തട്ടിലൊളിപ്പിച്ച്, കാലാന്തരങ്ങളുടെ ഉദയാസ്തമനങ്ങൾക്കു സാക്ഷിയായി, അനന്തമായ ഈ പ്രപഞ്ചത്തിന്‍റെ ശൂന്യതയാകുന്ന തണുപ്പിലൂടെ സഞ്ചരിക്കുന്ന ഈ ആകാശഗോളങ്ങളാണ് എന്നും നമ്മുടെ ചിന്തകളെ ജ്വലിപ്പിച്ചിട്ടുള്ളത്.

ഭാരതത്തിന്‍റെ പ്രഥമ ഗോളാന്തര പര്യടന വാഹനമായ മംഗൾയാൻ ഇന്നു ചൊവ്വാഗ്രഹത്തിൽ എത്തിയിരിക്കുന്നു: പ്രഥമ ദൗത്യം വിജയപ്പിച്ച പ്രഥമരാജ്യം.

ഇതൊരു തുടക്കമാകട്ടെ. ജാതിയും, മതവും, അഴിമതിയും, ചൂഷണവും, ദാരിദ്ര്യവും വിരിഞ്ഞു മുറുക്കിയ നമ്മുടെ മാതൃരാജ്യത്തിന്‍റെ നെറ്റിയില്‍ തെളിഞ്ഞ സിന്ദൂരതിലകമാകട്ടെ ഈ വിജയം! അമ്മയെ ബന്ധനസ്ഥയാക്കിയ പാശങ്ങളെ നശിപ്പിക്കുന്ന പാശുപതമാകട്ടെ ഈ വിജയം!

പരിമിതികള്‍ക്കിടയില്‍ നിന്നുംകൊണ്ട് ഒരു ജനതക്കു മുന്നില്‍ അറിവിന്‍റെ വാതായനങ്ങള്‍ തുറന്നിടാന്‍ അഹോരാത്രം പരിശ്രമിക്കുന്ന ശാസ്ത്രജ്ഞരെ നമിച്ചുകൊണ്ട്,

വന്ദേ മാതരം!

No comments: