August 29, 2015

വാമനന്‍ 2015

വാമനന്‍ ഇപ്പോഴാണ് മൂന്നടി മണ്ണ് കേരള സര്‍ക്കാരിനോട് ചോദിക്കുന്നത് എങ്കില്‍:
 
1. ജാതി, മതം, എന്നിവ തെളിയിക്കുന്ന വില്ലെജാപ്പീസര്‍ സാക്ഷ്യപെടുത്തിയ സര്‍ട്ടീട്ടിന്‍റെ കോപ്പികള്‍ + ജനറല്‍ ക്വോട്ട കൈക്കൂലി 
2. സംഗതി വാമനന്‍ ന്യൂനപക്ഷമോ, ഭൂരിപക്ഷത്തിലെ ഭൂരിപക്ഷമോ അല്ലാത്തോണ്ടു സര്‍ക്കാര്‍ ഭൂമി പതിച്ചു കിട്ടാന്‍ അപേക്ഷ
3. അപേക്ഷ നല്‍കി ഒന്നാം കൊല്ലം: ഒന്നുമില്ല 
4. അപേക്ഷ നല്‍കി രണ്ടാം കൊല്ലം: ജന സമ്പര്‍ക്കത്തില്‍ ഒന്നൂടെ ഒരു അപേക്ഷ
5. അപേക്ഷ നല്‍കി മൂന്നാം കൊല്ലം: സിക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരം, ചെറിയ രീതിയില്‍ ചാനല്‍ ന്യൂസ്
6. അപേക്ഷ നല്‍കി നാലാം കൊല്ലം: ഭൂമി നല്‍കുന്നതിനെ കുറിച്ച് പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയമിക്കുന്നു
7. അപേക്ഷ നല്‍കി അഞ്ചാം കൊല്ലം: കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പഠിക്കാന്‍ മന്ത്രി വഹ വിദേശ യാത്ര. യാത്ര കഴിഞ്ഞു വന്നപ്പോഴേക്കും മന്ത്രി സഭ കാലാവധി കഴിയുന്നു. എതിര്‍പ്പാര്‍ട്ടിക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഭൂമി വാഗ്ദാനം ചെയ്യുന്നു. 
8. അപേക്ഷ നല്‍കി ആറാം  കൊല്ലം: എതിര്‍പാര്‍ട്ടി അധികാരത്തില്‍ വരുന്നു. സവര്‍ന്നാധിപത്യത്തിനെതിരെ പട പോരുതുന്ന പാര്‍ട്ടി അതിനാല്‍ തന്നെ ഭൂമി നല്‍കല്‍ നിര്‍ത്തി വെക്കുന്നു.
9.  അപേക്ഷ നല്‍കി ഏഴ്, എട്ട്, ഒമ്പത്, പത്ത് കൊല്ലങ്ങള്‍: വാമനന്‍ റോഡ്‌ പണിക്ക് വന്ന ബംഗാളികളുടെ കൂടെ റോഡില്‍ കുഴിയുണ്ടാക്കുന്ന പണിക്ക് പോകുന്നു.
10. വാമനന്‍ ആദ്യം അപേക്ഷ നല്‍കിയ അതേ മുഖ്യന്‍ വീണ്ടും ഭൂമി വാഗ്ദാനം ചെയ്ത് വോട്ടു തെണ്ടി വരുന്നു.

11. തുടര്‍ന്ന്‍ വാമനന്റെ സ്വര്‍ഗാരോഹണം.  

August 27, 2015

ഓണം

നാളെ ഓണമായി എന്ന് പറയുമ്പോള്‍ മനസ്സില്‍ നിറയുന്ന ഒരുതരം സ്നേഹചൂടുണ്ട്. പണ്ട്, സ്വന്തം കാലുകളില്‍ നില്‍ക്കുന്നതിന്റെ അഹങ്കാരം മനസ്സില്‍ നിറയുന്നതിനും മുമ്പ്, മുത്തശ്ശന്‍ പൂജകള്‍ നടത്തി തൃക്കാക്കരപ്പനെ വെക്കുന്നത് കാണാന്‍ വെളുപ്പിന് പാതി തുറന്ന കണ്ണുകളോടെ ഉമ്മറത്ത് സ്ഥാനം പിടിക്കാന്‍ ഉത്സാഹിച്ചും, മുക്കുറ്റിയും, ചെത്തിയും, ചെമ്പരത്തിയും,മന്ദാരവും, വേലിയില്‍ വളരുന്ന പേരറിയാത്ത പൂക്കളും കൊണ്ട് പൂക്കളമിട്ടും, മുത്തശ്ശിയുടെ പുറകെ അമ്പലത്തില്‍ പോയും, അടുക്കളയില്‍ ചിരകി വെച്ച നാളികേരം വാരിത്തിന്നും, പ്രാതലിനു പുഴുങ്ങിയ പഴം പപ്പടം കൂട്ടി തട്ടിയും, ഇടക്ക് ചേട്ടനുമായി തല്ലുകൂടിയും, ഉച്ച വരെ ഇടക്കാലാശ്വാസമായി നിക്കറിന്റെ പോക്കറ്റില്‍ നിറച്ച കായ ഉപ്പേരി തിന്നും നടന്ന ഒരു കാലത്തിന്റെ  ഓര്‍മ്മകളുടെ ചൂട്. ഓണം എന്നാല്‍ ആ ഒരു വികാരമാണ്. കാലം നല്‍കിയ വേര്‍പാടുകള്‍ ആ ഓര്‍മ്മകളില്‍ ഇല്ലാതാകുന്നു. ക്ഷണനേരത്തേക്കെങ്കിലും.


അതാണ്‌ ഓണം!

August 25, 2015

മീനമ്മ


കഴിഞ്ഞ വര്‍ഷം കുളം വറ്റിയപ്പോള്‍ ഉണ്ടായിരുന്ന മീനുകള്‍ എല്ലാം കൊക്കുകള്‍ക്കും നീലപ്പോന്മാനുകള്‍ക്കും ഭക്ഷണമായി പോയി. മഴക്കാലത്ത് കുളം വീണ്ടും നിറഞ്ഞപ്പോള്‍ കുറെ മീനുകളെ കൊണ്ടിട്ടിരുന്നു എങ്കിലും ഭൂരിപക്ഷവും അധികകാലം ജീവിച്ചിരുന്നില്ല. അങ്ങനെ ഇരിക്കെ കഴിഞ്ഞ ആഴ്ചയാണ് ഈ 'മത്സ്യ സമ്പത്ത്' ആഴങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നത്. ഒരായിരം മത്സ്യകുഞ്ഞുങ്ങളും അവക്കു ചുറ്റും ലക്ഷ്മണ രേഖ തീര്‍ക്കുന്ന അമ്മയും!

August 22, 2015

സമാന്തരം - ഭാഗം 1 (ഒരു സയന്‍സ് ഫിക്ഷന്‍ കഥ)

ചില കാര്യങ്ങള്‍ വിചിത്രങ്ങളാണ്; കേശുവിനു പോലും. കഴിഞ്ഞു പോയ ഒരു ദിവസത്തിലെ തന്‍റെ അനുഭവങ്ങളെ ലോഗ് ബുക്കില്‍ ചേര്‍ക്കാനായി ടെര്‍മിനലിന് മുമ്പില്‍ ഈ ഇരിപ്പ് തുടങ്ങിയിട്ട് തന്നെ മണിക്കൂര്‍ അഞ്ചു കഴിഞ്ഞു. ടൈപ് ചെയ്യുന്നത് രസമുള്ള പണി ആണ്. ഭൂമിയില്‍ നിന്നും യാത്ര തിരിക്കുന്നതിനു മുമ്പ് പട്ടാളം റോഡിലെ ആക്രിക്കടകള്‍ മുഴുവന്‍ തിരഞ്ഞിട്ടാണ് ഒരു പഴയ കീ ബോര്‍ഡ്‌ കിട്ടിയത്. അത് കംപ്യൂട്ടറുമായി ബന്ധിപ്പിക്കാന്‍ പിന്നെയും കുറെ പണിപ്പെടെണ്ടി വന്നു. ക്രമമില്ലാതെ മനസ്സില്‍ തെളിയുന്ന ഓര്‍മകള്‍  വിരലുകളുടെ ഓരോ സ്പര്‍ശനത്തിലും സ്ക്രീനില്‍ തെളിയുന്ന അക്ഷരങ്ങളാകുമ്പോള്‍ ഒരു തരം ആത്മസംതൃപ്തി. അവന്റെ കൂട്ടുകാര്‍ പറയുന്ന പോലെ, കേശു ഒരു പഴഞ്ചനാണ്. 

ഭൂമിയില്‍ നിന്നും ഇപ്പോള്‍ അമ്പത് പ്രകാശ വര്‍ഷങ്ങള്‍ക്കും അപ്പുറമാണ് 'ശിവ'; കേശുവിന്റെ ബഹിരാകാശ പേടകം. ബഹിരാകാശ സഞ്ചാരം സ്വായത്തമാക്കിയത്തിനു പിന്നാലെ തമ്മില്‍ തമ്മില്‍ കലഹിച്ചിരുന്ന ഭൂമിയിലെ രാഷ്ട്രങ്ങള്‍ അവരുടെ യുദ്ധങ്ങള്‍ മറ്റു ഗ്രഹങ്ങളിലേക്ക് പറിച്ചു നടുന്നതിനു മുന്നോടിയായി പുതിയ ഗ്രഹങ്ങള്‍ തേടി, പുതിയ ജീവന്‍ തേടി പ്രപഞ്ചത്തിന്റെ പല ഭാഗത്തേക്കും പേടകങ്ങള്‍ അയച്ചു തുടങ്ങി. അങ്ങനെ ഭാരതത്തില്‍ നിന്നും പുറപ്പെട്ട മൂന്നു പെടകങ്ങളില്‍ ഒന്നാണ് ശിവ. ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാന്‍ സാധിക്കുന്ന ഒരു ചെറിയ വാഹനം.

കോടാനുകോടി നക്ഷത്രങ്ങളും ഗ്രഹങ്ങളും ധൂമാകെതുക്കളും ഒക്കെ ഉണ്ടെങ്കിലും, പ്രപഞ്ചത്തിന്റെ സ്ഥായി ഭാവം ഏകാന്തതയാണ്. മനുഷ്യരുടെ കണക്കുകള്‍ വെച്ചു നോക്കിയാല്‍ വളരെ, വളരെ ഏകാന്തമാണ്. അതുകൊണ്ട് തന്നെ പ്രാകാശത്തേക്കാള്‍ വേഗമേറിയ പേടകങ്ങള്‍ ഉണ്ടെങ്കില്‍ പോലും ബഹിരാകാശ യാത്ര വളരെ വിഷമം പിടിച്ച ഒരു സംഗതിയാണ്. ഏകാന്ത യാത്രയുടെ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനു വേണ്ടി സഞ്ചാരിയെ ക്രയോ സ്ലീപിനു (ഗാഢ നിദ്ര)  വിധേയനാക്കും. ഭൂമിയുടെ ആകര്‍ഷണ വലയം ഭേദിച്ചുകഴിഞ്ഞാല്‍ പിന്നെ പേടകത്തെ നിയന്ത്രിക്കുന്നത് ഒരു സൂപ്പര്‍ കമ്പ്യൂട്ടറാണ്. ഭൂമിയില്‍ നിന്നുമുള്ള സന്ദേശങ്ങളും, യാത്രയുടെ പുരോഗതിയും ക്രമമായ ഇടവേളകളില്‍ സഞ്ചാരിയുടെ തലച്ചോറിലേക്ക് നേരിട്ട് കടത്തിവിടുകയും, അസാധാരണമായ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ സഞ്ചാരിയെ ഉണര്‍ത്തുകയും ചെയ്യും. ശിവയിലെ സൂപ്പര്‍ കമ്പ്യൂട്ടരാണ് കേശുവിനെ കുറച്ചു മണിക്കൂറുകള്‍ മുമ്പ് നിദ്രയില്‍ നിന്നും ഉണര്‍ത്തിയത്.

പാര്‍വതിയുടെ ജനനം ഒരു അദ്ഭുതമാണ്‌. വളരെ നാളത്തെ പരീക്ഷണങ്ങളുടെ അടിത്തറ ഉണ്ടെങ്കിലും എവിടെയോ തെറ്റി എഴുതപ്പെട്ട പ്രോഗ്രാം കോഡുകള്‍ ഒരു യന്ത്രത്തിന് മനുഷ്യ സമാനമായ ബുദ്ധി നല്‍കി. ഭാരതത്തിന്റെ ആദ്യ പേടകമായ ശിവക്ക് കൂട്ടായി പാര്‍വതി തന്നെ മതി എന്ന് തിരുമാനിച്ചത് ഐ.എസ്.ആര്‍.ഓയുടെ തലവന്‍ ഡോക്ടര്‍ കലാം ആയിരുന്നു. ഒരു കാല്പനികമായ ശരി!
    
അസ്വാഭാവികമായ ഗുരുത്വാകര്‍ഷണ ശക്തികളും, വിചിത്രങ്ങളായ വികിരണങ്ങളും പേടകത്തിലെ മാപിനികള്‍ കണ്ടുപിടിച്ചിരിക്കുന്നു: പാര്‍വതി കേശുവിനെ അറിയിച്ചു. തന്റെ മുമ്പില്‍ തെളിയുന്ന സംഖ്യകളും, രേഖാ രൂപങ്ങളും കേശുവിനെ വല്ലാതെ കുഴപ്പിച്ചു. പാര്‍വതിക്ക് ഇവ മനസ്സിലായില്ലെങ്കില്‍ പിന്നെ അല്ലെ തനിക്ക് എന്ന സത്യം സ്ക്രീനില്‍ കണ്ണുകള്‍ ഉറപ്പിച്ചു ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ കേശു മനസ്സിലാക്കി. താനോ പാര്‍വതിയോ മനസ്സിലാക്കിയ ഊര്‍ജ്ജതന്ത്ര നിയമങ്ങളെ കാറ്റില്‍ പരത്തുകയാണ് മുമ്പില്‍ തെളിയുന്ന സംഖ്യകളും അതിലുപരി  മുമ്പിലെ ദൃശ്യവും.

ശിവക്ക് അഭിമുഖമായി അതേ പേരോട് കൂടി അതേ തന്മാത്രകള്‍ കൊണ്ട് നിര്‍മിച്ച ഒരു പേടകവും അതില്‍ കേശുവിന്റെ പ്രതിഭലനവും.

ശിവയിലെമാപിനികള്‍ പതുക്കെ ചുവപ്പിലേക്ക് കടന്നതും, പാര്‍വതിയുടെ അപായ സൂചനകളും കേശു ആ നിമിഷം കേട്ടില്ല!



  

August 15, 2015

ഭാരതം, സ്വാതന്ത്ര്യം


ഈ സ്വാതന്ത്ര്യ ദിനത്തില്‍ എന്റെ അമ്മയെയും, അമ്മയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച മക്കളേയും വന്ദിക്കുന്നു!

ഫ്ലാഷ്, ആറു മണിക്കൂര്‍, വികിപീടിയ

August 12, 2015

അവാര്‍ഡ് പ്രീണനം

"അവാര്‍ഡ് ആര്‍ക്കാ കിട്ട്യേ?"
"നിവിനും നസ്രിയക്കും"
"അപ്പൊ ദദ്‌ ദിദന്നെ"
"എന്തന്നെ?"
"ന്യൂനപക്ഷ പ്രീണനം"

"പോടാപ്പ"



വര്‍ഷങ്ങള്‍ക്ക് ശേഷം വായിക്കുന്നവര്‍ക്കായി: രണ്ടു ദിവസം മുമ്പ് പ്രഖ്യാപിച്ച കേരള സംസ്ഥാന സിനിമാ അവാര്‍ഡുകളില്‍ മികച്ച നടന്‍/നടി ആയി നിവിന്‍ പോളിയെയും, നസ്രിയ നസീമിനെയും തിരഞ്ഞെടുത്തത് യോഗ്യരായ പലരെയും തഴഞ്ഞു കൊണ്ടാണ് എന്നു സോഷ്യല്‍ മീഡിയകളില്‍ ഉയര്‍ന്ന പ്രതികരണത്തിന്റെ പാശ്ചാത്തലത്തില്‍...

August 02, 2015

ശ്രീ എപിജെ അബ്ദുല്‍ കലാം (ടൈപോഗ്രഫി)


ടൂള്‍: ഫ്ലാഷ്
സോഴ്സ്: വിക്കിപീടിയ, ഒഫീഷ്യല്‍ സൈറ്റ്, ബ്രയ്നി ക്വോട്ട്സ്
സമയം: ഏകദേശം അഞ്ചു മണിക്കൂര്‍