August 22, 2015

സമാന്തരം - ഭാഗം 1 (ഒരു സയന്‍സ് ഫിക്ഷന്‍ കഥ)

ചില കാര്യങ്ങള്‍ വിചിത്രങ്ങളാണ്; കേശുവിനു പോലും. കഴിഞ്ഞു പോയ ഒരു ദിവസത്തിലെ തന്‍റെ അനുഭവങ്ങളെ ലോഗ് ബുക്കില്‍ ചേര്‍ക്കാനായി ടെര്‍മിനലിന് മുമ്പില്‍ ഈ ഇരിപ്പ് തുടങ്ങിയിട്ട് തന്നെ മണിക്കൂര്‍ അഞ്ചു കഴിഞ്ഞു. ടൈപ് ചെയ്യുന്നത് രസമുള്ള പണി ആണ്. ഭൂമിയില്‍ നിന്നും യാത്ര തിരിക്കുന്നതിനു മുമ്പ് പട്ടാളം റോഡിലെ ആക്രിക്കടകള്‍ മുഴുവന്‍ തിരഞ്ഞിട്ടാണ് ഒരു പഴയ കീ ബോര്‍ഡ്‌ കിട്ടിയത്. അത് കംപ്യൂട്ടറുമായി ബന്ധിപ്പിക്കാന്‍ പിന്നെയും കുറെ പണിപ്പെടെണ്ടി വന്നു. ക്രമമില്ലാതെ മനസ്സില്‍ തെളിയുന്ന ഓര്‍മകള്‍  വിരലുകളുടെ ഓരോ സ്പര്‍ശനത്തിലും സ്ക്രീനില്‍ തെളിയുന്ന അക്ഷരങ്ങളാകുമ്പോള്‍ ഒരു തരം ആത്മസംതൃപ്തി. അവന്റെ കൂട്ടുകാര്‍ പറയുന്ന പോലെ, കേശു ഒരു പഴഞ്ചനാണ്. 

ഭൂമിയില്‍ നിന്നും ഇപ്പോള്‍ അമ്പത് പ്രകാശ വര്‍ഷങ്ങള്‍ക്കും അപ്പുറമാണ് 'ശിവ'; കേശുവിന്റെ ബഹിരാകാശ പേടകം. ബഹിരാകാശ സഞ്ചാരം സ്വായത്തമാക്കിയത്തിനു പിന്നാലെ തമ്മില്‍ തമ്മില്‍ കലഹിച്ചിരുന്ന ഭൂമിയിലെ രാഷ്ട്രങ്ങള്‍ അവരുടെ യുദ്ധങ്ങള്‍ മറ്റു ഗ്രഹങ്ങളിലേക്ക് പറിച്ചു നടുന്നതിനു മുന്നോടിയായി പുതിയ ഗ്രഹങ്ങള്‍ തേടി, പുതിയ ജീവന്‍ തേടി പ്രപഞ്ചത്തിന്റെ പല ഭാഗത്തേക്കും പേടകങ്ങള്‍ അയച്ചു തുടങ്ങി. അങ്ങനെ ഭാരതത്തില്‍ നിന്നും പുറപ്പെട്ട മൂന്നു പെടകങ്ങളില്‍ ഒന്നാണ് ശിവ. ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാന്‍ സാധിക്കുന്ന ഒരു ചെറിയ വാഹനം.

കോടാനുകോടി നക്ഷത്രങ്ങളും ഗ്രഹങ്ങളും ധൂമാകെതുക്കളും ഒക്കെ ഉണ്ടെങ്കിലും, പ്രപഞ്ചത്തിന്റെ സ്ഥായി ഭാവം ഏകാന്തതയാണ്. മനുഷ്യരുടെ കണക്കുകള്‍ വെച്ചു നോക്കിയാല്‍ വളരെ, വളരെ ഏകാന്തമാണ്. അതുകൊണ്ട് തന്നെ പ്രാകാശത്തേക്കാള്‍ വേഗമേറിയ പേടകങ്ങള്‍ ഉണ്ടെങ്കില്‍ പോലും ബഹിരാകാശ യാത്ര വളരെ വിഷമം പിടിച്ച ഒരു സംഗതിയാണ്. ഏകാന്ത യാത്രയുടെ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനു വേണ്ടി സഞ്ചാരിയെ ക്രയോ സ്ലീപിനു (ഗാഢ നിദ്ര)  വിധേയനാക്കും. ഭൂമിയുടെ ആകര്‍ഷണ വലയം ഭേദിച്ചുകഴിഞ്ഞാല്‍ പിന്നെ പേടകത്തെ നിയന്ത്രിക്കുന്നത് ഒരു സൂപ്പര്‍ കമ്പ്യൂട്ടറാണ്. ഭൂമിയില്‍ നിന്നുമുള്ള സന്ദേശങ്ങളും, യാത്രയുടെ പുരോഗതിയും ക്രമമായ ഇടവേളകളില്‍ സഞ്ചാരിയുടെ തലച്ചോറിലേക്ക് നേരിട്ട് കടത്തിവിടുകയും, അസാധാരണമായ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ സഞ്ചാരിയെ ഉണര്‍ത്തുകയും ചെയ്യും. ശിവയിലെ സൂപ്പര്‍ കമ്പ്യൂട്ടരാണ് കേശുവിനെ കുറച്ചു മണിക്കൂറുകള്‍ മുമ്പ് നിദ്രയില്‍ നിന്നും ഉണര്‍ത്തിയത്.

പാര്‍വതിയുടെ ജനനം ഒരു അദ്ഭുതമാണ്‌. വളരെ നാളത്തെ പരീക്ഷണങ്ങളുടെ അടിത്തറ ഉണ്ടെങ്കിലും എവിടെയോ തെറ്റി എഴുതപ്പെട്ട പ്രോഗ്രാം കോഡുകള്‍ ഒരു യന്ത്രത്തിന് മനുഷ്യ സമാനമായ ബുദ്ധി നല്‍കി. ഭാരതത്തിന്റെ ആദ്യ പേടകമായ ശിവക്ക് കൂട്ടായി പാര്‍വതി തന്നെ മതി എന്ന് തിരുമാനിച്ചത് ഐ.എസ്.ആര്‍.ഓയുടെ തലവന്‍ ഡോക്ടര്‍ കലാം ആയിരുന്നു. ഒരു കാല്പനികമായ ശരി!
    
അസ്വാഭാവികമായ ഗുരുത്വാകര്‍ഷണ ശക്തികളും, വിചിത്രങ്ങളായ വികിരണങ്ങളും പേടകത്തിലെ മാപിനികള്‍ കണ്ടുപിടിച്ചിരിക്കുന്നു: പാര്‍വതി കേശുവിനെ അറിയിച്ചു. തന്റെ മുമ്പില്‍ തെളിയുന്ന സംഖ്യകളും, രേഖാ രൂപങ്ങളും കേശുവിനെ വല്ലാതെ കുഴപ്പിച്ചു. പാര്‍വതിക്ക് ഇവ മനസ്സിലായില്ലെങ്കില്‍ പിന്നെ അല്ലെ തനിക്ക് എന്ന സത്യം സ്ക്രീനില്‍ കണ്ണുകള്‍ ഉറപ്പിച്ചു ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ കേശു മനസ്സിലാക്കി. താനോ പാര്‍വതിയോ മനസ്സിലാക്കിയ ഊര്‍ജ്ജതന്ത്ര നിയമങ്ങളെ കാറ്റില്‍ പരത്തുകയാണ് മുമ്പില്‍ തെളിയുന്ന സംഖ്യകളും അതിലുപരി  മുമ്പിലെ ദൃശ്യവും.

ശിവക്ക് അഭിമുഖമായി അതേ പേരോട് കൂടി അതേ തന്മാത്രകള്‍ കൊണ്ട് നിര്‍മിച്ച ഒരു പേടകവും അതില്‍ കേശുവിന്റെ പ്രതിഭലനവും.

ശിവയിലെമാപിനികള്‍ പതുക്കെ ചുവപ്പിലേക്ക് കടന്നതും, പാര്‍വതിയുടെ അപായ സൂചനകളും കേശു ആ നിമിഷം കേട്ടില്ല!



  

1 comment:

സുധി അറയ്ക്കൽ said...

കൊള്ളാലോ!!!!വേഗം അടുത്ത ഭാഗം വരട്ടെ!!!