അവസാനമായി തീയറ്ററില്‍ പോയി കണ്ട രണ്ടു സിനിമകളും സമ്മാനിച്ച ദുരനുഭവത്തില്‍ നിന്നും പൂര്‍ണ്ണമായും മുക്തരായിട്ടില്ല എങ്കിലും ഓണമല്ലേ, ഒരു സിനിമയൊക്കെ കാണണ്ടേ എന്ന് തോന്നിയത് കൊണ്ട് ഇന്നുച്ചക്ക് ഒരെണ്ണം കണ്ടുകളയാം എന്ന് തിരുമാനിക്കുകയായിരുന്നു. യാദൃശ്ചികം എന്നു പറയട്ടെ, മൂന്നാം തവണയും തിരഞ്ഞെടുത്തത് ഇരിങ്ങാലക്കുടക്കാരാന്‍ ടോവീനോയുടെ ഒരു സിനിമ ആയിരുന്നു: തരംഗം എന്നു പേര്‍. കണ്ടു കഴിഞ്ഞപ്പോള്‍ തുടക്കം പ്രതീക്ഷിച്ച അത്ര ബോര്‍ ആയില്ല എന്നുമാത്രമല്ല, ഞാനും വാമവും വായുവില്‍ ഒരു തംസപ്പ് നല്‍കുകയും ചെയ്തു.
ബുജി ഭാഷയില്‍ പറഞ്ഞാല്‍ സറിയലിസത്തിന്‍റെ മേമ്പൊടി ചേര്‍ത്ത സറ്റയറിസ്റ്റിക്ക് ടേക്ക് ഓണ്‍ പ്രസന്റ് സോഷ്യോ-പൊളിറ്റിക്കല്‍ കുന്ത്രാണ്ടം ഓഫ് കേരള എന്നൊക്കെ പറയാം. പക്ഷെ മായാനദി ഒക്കെ ഇറങ്ങിയപ്പോ പലരും ചെയ്തപോലെ വ്യഖ്യാനിച്ച് വ്യഖ്യാനിച്ച് വെറുപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. പേര് തരംഗം എന്നാണെങ്കിലും നല്ല ഒരു 'ഓളം' ഉള്ള സിനിമ. സിനിമയുടെ കഥ അവിശ്വസനീയം ആണെങ്കിലും ഒരിക്കല്‍ പോലും അങ്ങനെ അല്ല എന്ന് സ്ഥാപിക്കാന്‍ സംവിധായകനും, കഥാകൃത്തും ശ്രമിച്ചിട്ടില്ല. പരസ്പരം ബന്ധപ്പെട്ട അവിശ്വസനീയമായ കുറെ സന്ദര്‍ഭങ്ങള്‍ (ചില ഭാഗങ്ങള്‍ മുഴച്ചു നില്‍ക്കുന്നെങ്കിലും) അവസാനം വല്യ കുഴപ്പമില്ലാതെ എല്ലാം കൂടി കൂട്ടി കെട്ടുന്ന കഥ കൊള്ളാം. എടുത്തു പറയേണ്ടത് തമാശകളാണ്. ദ്വയാര്‍ത്ഥ തമാശകള്‍ ഇല്ലാതെ തന്നെ സിനിമ ഉടനീളം ചിരിപ്പിച്ചു.
ടോവീനോ ഇങ്ങനെ ഫുള്‍ ടൈം കോമഡി ചെയ്യുന്നത് ഞാന്‍ ആദ്യമായാണ് കാണുന്നത് (പുള്ളീടെ ചില 'സീരിയസ്' കഥാപാത്രങ്ങള്‍ എനിക്ക് കോമഡി ആയി തോന്നി എങ്കിലും, സംവിധായകന്‍ അങ്ങനെ ഉദ്ദേശിച്ചില്ല എന്ന് ചിലര്‍ എന്നോട് പറഞ്ഞതുകൊണ്ട് ആ പടങ്ങള്‍ ഒക്കെ ഞാന്‍ ഒഴിവാക്കുന്നു). എന്തായാലും വല്യ കുഴപ്പമില്ലാതെ ഒപ്പിച്ചു. പഴയ ലാലേട്ടന്റെ അനായാസത ഒന്നുമില്ലെങ്കിലും വെറുപ്പിച്ചില്ല. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ദിലീഷ് പോത്തന്റെ "ദൈവം" ആണ്. വലിയ കൊട്ടാരവും, കിരീടവും, സിംഹാസനവും ഒന്നുമില്ലാതെ ഒരു "സാദാ മനുഷ്യന്‍" ആയ മതേതര ദൈവം കൊള്ളാം. ഒരു പക്ഷെ ഭൂമിയില്‍ മനുഷ്യ രൂപത്തില്‍ വന്ന ദൈവകോപ്പികളെക്കാള്‍ മാനുഷിക മുഖം പോത്തന്റെ ദൈവത്തിനുള്ളതായി തോന്നി. ഒരു തംസപ്പ് പോത്തന്! ടോവീനോയുടെ സഖാവായി അഭിനയിച്ചവനും കൊള്ളാം. രണ്ടു പേരും കൂടി ഉള്ള സീനുകള്‍ ഇഷ്ടപ്പെട്ടു.
പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ ഇല്ലാത്ത മധ്യാഹ്നത്തില്‍ രണ്ടു മണിക്കൂര്‍ കളയാന്‍, ആര്‍ത്തു ചിരിക്കാന്‍ പറ്റിയ സിനിമ; അത്രയും മതി, കൂടുതല്‍ ഡെക്കറെഷന്‍ ഒന്നും വേണ്ട ഈ സിനിമക്ക്. അതില്‍ കൂടുതല്‍ ഒന്നും ആകാന്‍ ഈ ചിത്രം ശ്രമിച്ചിട്ടുമില്ല.
പോസ്റ്റ് ക്രെഡിറ്റ് സ്പോയ്ലര്‍: ഏറ്റവും ഇഷ്ടപ്പെട്ടത് ദൈവം ടി.വിയില്‍ കാണിച്ചു കൊടുക്കുന്ന ചിത്രങ്ങളാണ്. ക്യാമറ കഥാപാത്രങ്ങളുടെ തലയുടെ നേരെ മുകളില്‍ വെച്ചു ഷൂട്ട് ചെയ്തത് നന്നായി. 'മുകളില്‍' നിന്ന് നോക്കുമ്പോള്‍ അങ്ങനെ അല്ലെ കാണു! ഇരിക്കട്ടെ ഒരു കുതിരപ്പവന്‍ അതിനു മാത്രം!
x
No comments:
Post a Comment