February 01, 2014

ചിത്രകാരന്‍

പുസ്തകത്തിന്റെ തടവില്‍ നിന്നും മോചിതമാക്കപ്പെട്ട തൂവെള്ള കടലാസില്‍ നീല മഷി രേഖകള്‍ ആദ്യം വിചിത്രങ്ങളായ പൂക്കളെയും പിന്നെ പാറി കളിക്കുന്ന പൂമ്പാറ്റകളെയും പറക്കും പക്ഷികളെയും സൃഷ്ടിച്ചു. അതിനു ശേഷം മനുഷ്യരെയും അവര്‍ക്ക് പാര്‍ക്കാന്‍ മരവീടുകളെയും സൃഷ്ടിച്ചു. ഉയരങ്ങളിലിരുന്നു തന്റെ സൃഷ്ടിയെ നിരീക്ഷിച്ചപ്പോള്‍ പേനക്ക്  ആദ്യം സന്തോഷവും പിന്നെ അഹങ്കാരവും തോന്നി. അഹങ്കാരിയായ പേന കടലാസില്‍ ഒരു ആരാധനാലയവും അതിനുള്ളില്‍ തന്റെ രൂപവം വരച്ചു ചേര്‍ത്തു മനുഷ്യരോട് തന്നെ ആരാധിക്കാന്‍ ഉത്തരവിട്ടു. എന്നാല്‍ മനുഷ്യര്‍ പേനയെ അനുസരിക്കാന്‍ വിസമ്മതിച്ചു. മനുഷ്യരുടെ ധാര്‍ഷ്ട്യത്തില്‍ കുപിതനായ പേന അവരെ ശിക്ഷിക്കാനായി ഭീകര രൂപികളായ നരഭോജികളെ വരച്ചു ചേര്‍ത്തു. പതിയെ പതിയെ സുന്ദരമായ ആ ചിത്രത്തില്‍ രക്തവര്‍ണ്ണം പടര്‍ന്ന്‍ മഷിരേഖകള്‍ മായുകയും മനുഷ്യരുടെ വിലാപങ്ങള്‍ അതോടൊപ്പം അലിഞ്ഞു ഇല്ലാതാകുകയും ചെയ്തു. 

ഭംഗി നഷ്ടപ്പെട്ടു ആ ചിത്രത്തെ ചുരുട്ടി ചവറ്റുകുട്ടയിലെക്കിട്ട് ഞാന്‍ പുതിയ ഒരു താളില്‍ വീണ്ടും ചിത്രം വരക്കാന്‍ തുടങ്ങി.

No comments: