March 02, 2015

ബിഗ്‌ ഹീറോ 6


പ്രതിബന്ധങ്ങളോടു പൊരുതി വിജയം വരിക്കുന്ന പോരാളികളുടെ കഥകള്‍ പുരാണങ്ങള്‍ തോട്ടിങ്ങോട്ട്‌ മലയാള മനോരമയില്‍ വരെ നമ്മള്‍ വായിച്ചിട്ടുണ്ട്, ഇപ്പോഴും വായിക്കുന്നുമുണ്ട്. ജയം എന്നത് വിദൂരതയിലെ ഒരു മരീചിക മാത്രമായി മാനിഫെസ്റ് ചെയ്യുമ്പോഴും സ്ഥിരോത്സാഹത്തോടെ ലക്ഷ്യത്തിലേക്ക് മുന്നേറുന്ന ഇത്തരക്കാരുടെ കഥകള്‍ മനുഷ്യ മനസ്സിനെ അതിരുകളില്ലാത്ത  അവാച്യമായ ഒരു തലത്തിലേക്ക്, ഒരു ഉയര്‍ന്ന ഡിമന്‍ഷനിലേക്ക്,   ഉയര്‍ത്തുന്നുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമേതുമില്ല എന്നത് സാമാന്യേന എല്ലാവരും സമ്മതിക്കുന്ന ഒരു ഫാക്റ്റ് ആണ്. ഇത്തരം വിഷയങ്ങള്‍ നിയതമായ ഇടവേളകളില്‍ ചലച്ചിത്രങ്ങളാക്കി കുട്ടികളുടെ മുമ്പില്‍ അവതരിപ്പിക്കുന്ന അമേരിക്കന്‍ കോര്‍പ്പരേറ്റ് ഭീമനായ ഡിസ്നി സ്റ്റുഡിയോസിന്റെ ഏറ്റവും പുതിയ ചിത്രമായ ബിഗ്‌ ഹീറോ 6 അത്തരം ശ്രേണിയില്‍ പെട്ട ഒന്നാണ്. കോര്‍പ്പരേറ്റ് ഭീമന്‍ ആയതുകൊണ്ടാണോ സിനിമക്ക് 'ബിഗ്‌ ഹീറോ' എന്ന പേരിട്ടത് എന്ന് നികേഷ് കുമാറോ അരവിന്ദ് ഗോസാമിയോ ചര്‍ച്ച ചെയ്ത് കണ്ടു പിടിക്കുന്നവരെ സിനിമയിലെ ആറു ഹീറോ കഥാപാത്രങ്ങളെ നമുക്ക് വെറുതെ വിടാം. കുട്ടികള്‍ക്ക് എന്ന് ഞാന്‍ ആദ്യം പറഞ്ഞെങ്കിലും മുതിര്‍ന്നവരെ കൂടി ഹഠാദാകര്‍ഷിക്കുന്ന ഒരു ചിത്രമാണ് ബി.ഹീ.6. 

അസാമാന്യ ബുദ്ധിശക്തിക്കുടമയായ ഹിറോ ഹമാദ എന്ന ബാലന്റെയും അവനുമായി സൌഹൃദത്തിലാകുന്ന ബെമാക്സ് എന്ന റോബോട്ടിന്റെയും കഥയാണ്‌ ബി.ഹീ.6. ഹിറോയുടെ സഹോദരന്റെ മരണവും തുടര്‍ന്ന്‍ പ്രത്യക്ഷപ്പെടുന്ന മുഖം മൂടി ധരിച്ച വില്ലനും വില്ലനെ പരാജയപ്പെടുത്താന്‍ ഹിറോ നടത്തുന്ന പോരാട്ടവുമാണ്  ചിത്രത്തിന്റെ ഇതിവൃത്തം. ഒരു ഡേവിഡ്‌ ആന്‍ഡ്‌ ഗോലിയാത്ത് കഥ. എന്നാല്‍ ഈ പോരാട്ടത്തില്‍ ഹിരോയെ സഹായിക്കാന്‍ നാല്  കൂട്ടുകാരും ഒരു റോബോട്ടും കൂടി ഉണ്ടെന്നു മാത്രം. ഇവര്‍ പങ്കുവെക്കുന്ന സൌഹൃദം ഇപ്പോഴത്തെ പുതുതലമുറ കണ്ടു മനസ്സിലാക്കേണ്ടത് തന്നെ ആണ്. ഹിരോയുടെ മനോവിഷമം മാറ്റാന്‍ കുതിച്ചെത്തുന്ന കൂട്ടുകാര്‍ നമ്മെ ഫെസ്ബുക്കും വാട്ട്സപ്പും വരുന്നതിനു മുമ്പുള്ള ഒരു ലോകത്തിലേക്ക് കൂട്ടി കൊണ്ടുപോകുന്നു. മനുഷ്യമനസ്സില്‍ കുഴിച്ചുമൂടപ്പെട്ട വികാരങ്ങളാണ് പ്രതിനായകനെ മുഖം മൂടി ധരിക്കുവാന്‍ നിര്‍ബന്ധിക്കുന്നത് എന്നത് മാനസിക തലത്തില്‍ ചിന്തിക്കുമ്പോള്‍ നമുക്ക് തിരിച്ചറിയാന്‍ സാധിക്കും. അത്തരമൊരു മുഖംമൂടിയായി മാറി പോകാതെ ഹിരോയെ രക്ഷിക്കുന്നത് ഈ കൂട്ടുകാരാണ്. അത്തരത്തില്‍ നോക്കിയാല്‍ സിദ്ദിക്ക് ലാല്‍ സംവിധാനം ചെയ്ത ഫ്രണ്ട്സ് എന്ന ചലച്ചിത്ര കാവ്യത്തിനു ശേഷം സൌഹൃദം ഇത്ര നന്നായി കൈകാര്യം ചെയ്ത വേറെ ഒരു ചിത്രമില്ല എന്ന് തന്നെ പറയേണ്ടി വരും.

മനുഷ്യ ഭാവന കൊണ്ട് നിയന്ത്രിക്കാവുന്ന ചെറിയ മൈക്രോബോട്ടുകളാണ്  ചിത്രത്തിലെ വേറെ ഒരു പ്രധാന കാധാപത്രം(ങ്ങള്‍?). മനുഷ്യന്റെ ഭാവനയുടെ രണ്ടു വശങ്ങള്‍ (ക്രിയെട്ടീവ് ആയ നല്ല വശവും, ഡിസ്ട്രക്ടീവ്  ആയ  ചീത്ത വശവും) ഇതിലൂടെ ചിത്രം നമ്മുടെ മുന്നില്‍ വരച്ചിടുന്നു. രണ്ടു എക്സ്ട്രീമിനുമുള്ള ശേഷി നമ്മുടെ മനസ്സിനുണ്ടെന്നും അതില്‍ ഏതു തിരഞ്ഞെടുക്കണം എന്നത് നമ്മുടെ തിരുമാനം ആണെന്നും ചിത്രം പറയുന്നു.          

ആത്യന്തികമായി വിദ്യാധനം സര്‍വധനാല്‍ പ്രധാനം, ഐക്യമത്യം മഹാബാലം എന്നീ പഴംചോല്ലുകളാണ് സിനിമയുടെ കാതല്‍ എന്ന് ഇത് കണ്ടിറങ്ങുന്ന നമ്മുടെ മനസ്സില്‍ ജ്വലിപ്പിക്കുന്നിടത്ത്  സിനിമ വിജയമാകുന്നു. പഴംചൊല്ലില്‍ പതിരില്ല, അതിപ്പോള്‍ കേരളമായാലും, സിനിമയിലെ കഥ നടക്കുന്ന സാന്‍ ഫ്രോസ്ക്യോ നഗരത്തിലായാലും എന്ന്കൂടി അനുവാചകനെ ബോധ്യപ്പെടുത്തുന്നു ഈ സിനിമയിലൂടെ ഡിസ്നി എന്ന കോര്‍പ്പരേറ്റ് ഭീമന്‍. ഡിസ്നിയുടെ മറ്റു ചിത്രങ്ങളെ പോലെ ഇതും ഒരു പണം വാരി പടം ആകും എന്നതില്‍ സംശയമില്ല.

No comments: